Wednesday, December 16, 2009

കെ. രാഘവന്‍ പദ്മ അര്‍ഹിക്കുന്നു

ബഹുമതികള്‍ക്ക് വിലയുണ്ടാവുന്നത് അത് അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ ചെന്നു ചേരുമ്പോഴാണ്. അത് സര്‍ക്കാര്‍ നല്കുന്ന അവാര്‍ഡ്‌ ആയാലും ശരി , ഏതെങ്കിലും സ്വകാര്യ സംഘടനകള്‍ നല്കുന്ന പുരസ്കാരങ്ങള്‍ ആയാലും ശരി. ജ്ഞാനപീഠം എം. ടി. ക്ക് ലഭിക്കുമ്പോഴും, ഫാല്‍കെ അവാര്‍ഡ്‌ അടൂരിനു നല്കാന്‍ തീരുമാനിക്കുമ്പോഴും ആ പുരസ്കാരങ്ങളുടെ മഹത്വം വര്‍ധിക്കുകയാണ്. അതെ സമയം ജ്ഞാനപീഠം ബഷീറിനു നിഷേധിക്കപ്പെടുംപോഴും , പദ്മരാജന് നല്‍കാതെ ഫാല്‍കെ അവാര്‍ഡ്‌ മറ്റൊരാളിലേക്ക് കൈ മാറുമ്പോഴും സംഭവിക്കുന്നത് അവാര്‍ഡുകളുടെ വിലയിടിച്ചലാണ്. സര്‍ക്കാറിന്റെ മഹത്തായ ഒരു പുരസ്കാരത്തിന് ഇക്കാലത്ത് സംഭവിക്കുന്ന മൂല്യ ച്യുതിയെ കുറിച്ചാണ് ഈ ബ്ലോഗ്. പദ്മ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ ഇനി ഒന്നര മാസം മാത്രം. അവാര്‍ഡ്‌ നിശ്ചയിക്കുന്നതിന്റെ അവസാന ഘട്ട ഒരുക്കങ്ങളില്‍ ആയിരിക്കും സര്‍ക്കാര്‍ പ്രതിനിധികള്‍.പതിവു പോലെ ഒരിക്കലും പ്രതീക്ഷിക്കാത്തവര്‍ക്ക് ഇത്തവണയും അംഗീകാരം ലഭിക്കും. രാജ്യത്തിന്റെ യശസ്സ് ആകാശത്തോളം ഉയര്‍ത്തിയ പ്രതിഭകളെ ആദരിക്കാന്‍ ഏര്‍പ്പെടുത്തപ്പെട്ട പദ്മ പുരസ്കാരങ്ങള്‍ ഈയിടെ ആയി അതിന്റെ ഉദ്ദേശ്യങ്ങളില്‍ നിന്നും അകലുന്ന കാഴ്ച വേദന ജനകമാണ്. പല തരത്തിലുള്ള കൈകടത്തലുകളും , സ്വാധീന ശ്രമങ്ങളും പദ്മ അവാര്‍ഡുകളുടെ വിശുദ്ധി കളങ്കപ്പെടുത്തിയിരിക്കുന്നു. അവാര്‍ഡിന് സര്‍വഥാ അര്‍ഹരായ എത്രയോ പ്രതിഭകള്‍ ഒരിക്കല്‍ പോലും പട്ടികയില്‍ കടന്നു കൂടാതെ പോകുന്നു. ഓരോ സംസ്ഥാന സര്‍ക്കാരും നല്കുന്ന ശുപാര്‍ശയില്‍ നിന്നാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ശുപാര്ശ തീര്ത്തും അനര്‍ഹാരായവര്‍ക്കുള്ള കുഴലൂത്തായി മാറുന്നു. കേരളത്തിന്റെ കാര്യം നോക്കാം. മലയാള ചലച്ചിത്ര സംഗീതത്തെ സൌന്ദര്യത്മകമായ ഒരു അനുഭൂതി തലത്തിലേക്ക് ഉയര്‍ത്തിയ കെ. രാഘവനും, വി. ദക്ഷിനാമൂര്തിക്കും പദ്മ പുരസ്കാരങ്ങളില്‍ ഒന്നു പോലും ലഭിച്ചില്ല എന്ന് അറിയുമ്പോഴാണ് , ഇതിന്റെ പിന്നിലെ ചരട് വലികളെ കുറിച്ചു നാം ചിന്തിച്ചു പോകുന്നത്. തൊണ്ണൂറു കഴിഞ്ഞ ഈ അഭിവന്ദ്യ പ്രതിഭകളെ കണ്ടില്ലെന്നു നടിക്കുന്ന അധികൃതര്‍ ഏത് തരം സാംസ്കാരിക ബോധത്താല്‍ ആണ് പിഴച്ചു പോകുന്നത്? നേരത്തെ ജി. ദേവരാജന്‍ എന്ന മഹാ പ്രതിഭയെ അവഗണിച്ചതും ഈ കേമന്മാര്‍ തന്നെയായിരുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? പ്രതിഭകളെ മാനിക്കാന്‍ നാം എന്നും മറന്നു പോകുന്നതിന്റെ മന ശാസ്ത്രം എന്താണ്?കെ. രാഘവനെ പോലെ ഒരാള്‍ , ഇങ്ങു തലശ്ശേരിയില്‍ നിശബ്ദമായി വിശ്രമ ജീവിതം നയിക്കുന്നത് അറിയാതെ പോയതാണോ ഈ അവഗണനയ്ക്ക് കാരണം? സദാ സമയവും ബഹളം കൂട്ടി നടക്കുന്ന മൂട് താങ്ങികളെ മാത്രമാണോ നമ്മുടെ ലോകം കലാകാരന്മാരായി കാണുന്നത്? എന്നാല്‍ ഒരു സത്യം അറിയുക. യഥാര്ത്ഥ കലാകാരന്മാര്‍ എന്നും നിശബ്ദര്‍ ആയിരിക്കും .അവരുടെ മനസ്സും മസ്തിഷ്കവും സദാപി നൂതനമായ ആശയങ്ങള്‍ തേടി അലയുകയും, അത് ആവിഷ്കരിക്കാന്‍ ഉള്ള പദ്ധതികളെ കുറിച്ച് ആലോചിച്ചു ഉരുകുകയും ചെയ്യും .

മലയാള ചലച്ചിത്ര സംഗീതത്തിന്റെ ദിശ മാറ്റി വരച്ച സംഗീത സംവിധായകന്‍ ആണ് കെ. രാഘവന്‍. ഒഴുക്കിനൊത്ത് നീന്തിപ്പോയ അക്കാലത്തെ മറ്റു സംഗീത സംവിധായകര്‍ തുറന്നിട്ട പാത മാറ്റി വെട്ടി കടന്നുപോയ പ്രതിഭാധനന്‍. അനുകരണം ആണ് സംഗീതം എന്ന വിശ്വാസത്തെ തിരുത്തി എഴുതിയ കലാകാരന്‍. നീലക്കുയില്‍ എന്ന സിനിമയ്ക്ക്‌ മലയാള ചലച്ചിത്ര ലോകത്തുള്ള സ്ഥാനം മുന്തിയ നിരയില്‍ രേഖപ്പെടുത്തുമ്പോള്‍ അതിനു പ്രേരകമാകുന്ന ഘടകങ്ങളില്‍ ആ ചിത്രത്തിലെ സംഗീതവും ഉണ്ടാവും. കേരള സമൂഹത്തിന്റെ നവീകരണം പ്രഥമ പരിഗണന ആയി സ്വീകരിച്ച ആ ചിത്രം മലയാള ചലച്ചിത്ര സംഗീതത്തിലും പുതിയ ഒരു ഉണര്‍വ് സൃഷ്ടിക്കുക ആയിരുന്നു. മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത പാട്ടുകള്‍ ആയിരുന്നു നീലക്കുയിലെത്. ഇന്നും ഒരു വിസ്മയമായി ആ ഗാനങ്ങള്‍ മലയാളിയെ സന്തോഷിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നവരെ നാം എന്നും മാനിക്കണം. സകല ആദരങ്ങള്‍ക്കും അവര്‍ അര്‍ഹരാണ്. എന്നാല്‍ ഇവിടെ ആ ദൌത്യം നമ്മള്‍ മറന്നു പോവുകയാണ്. കെ.രാഘവന്റെ കാരുണ്യ കടാക്ഷം കൊണ്ട് സിനിമയില്‍ രക്ഷപ്പെട്ട ഗായകര്‍ പോലും പദ്മ പുരസ്കാരങ്ങള്‍ നെഞ്ചോടു അടുക്കി പിടിക്കുമ്പോള്‍ അത് ഒരു സാധാരണ മനുഷ്യന് നടുക്കം ആണ് ഉണ്ടാക്കുന്നത്‌. ഇത്തവണ എങ്കിലും ആ തെറ്റ് തിരുത്താന്‍ നാം തയാറാവണം. കേരളത്തിന്റെ ആഭ്യന്തര മന്ത്രി ഒരു തലശേരിക്കാരന്‍ ആണ്. തലശ്ശേരി ഉള്‍പ്പെടുന്ന വടകര മണ്ഡലത്തിന്റെ പ്രതിനിധി ആണ് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ആയ മുല്ലപ്പള്ളി രാമചന്ദ്രന്‍. അധികാരത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ വിരാജിക്കുന്ന ഈ നാട്ടുകാര്‍ ഒന്ന് മനസ്സ് വെച്ചാല്‍ ഇത്തവണത്തെ പദ്മ പുരസ്കാരങ്ങളില്‍ ഒന്ന് തലശേരിയില്‍ എത്തും. പക്ഷെ ഇത് സര്‍കാരിന്റെ ഔദാര്യം അല്ല. കെ. രാഘവന്റെ അവകാശം ആണ്. അത് മനസ്സിലാക്കി സംസ്ഥാന സര്‍ക്കാര്‍ വേണ്ടത് ചെയ്യുക തന്നെ വേണം.

Monday, November 23, 2009

പഴശ്ശി രാജാ -വിവാദങ്ങള്‍ തുടരുമ്പോള്‍











വിവാദങ്ങളുടെ തോഴന്‍ ആയിരുന്നു നാടു ഭരിച്ച പഴശ്ശിരാജാ. ബ്രിട്ടീഷ് ഭരണത്തിന്‍റെ അന്തസാര ശൂന്യതയെ നഖ ശിഖാന്തം എതിര്‍ത്ത ധീരന്‍. ബ്രിട്ടീഷ് അധികാരികള്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ സാമാന്യ ജനതയുടെ സ്വാതന്ത്ര്യത്തിനു ഹാനികരം ആണെന്ന് കണ്ടപ്പോള്‍ അവയെ ആമൂലാഗ്രം എതിര്‍ക്കാനുള്ള ആര്‍ജ്ജവം കാണിച്ച സ്വഭിമാനി. ആ എതിര്‍പ്പുകള്‍ തന്നെയാണ് അക്കാലത്തു വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയത്. ഇപ്പോള്‍, ആ ധീര ദേശാഭിമാനിയുടെ അക്ഷീണ പോരാട്ടങ്ങള്‍ അഭ്ര പാളികളിലേക്ക് പകര്‍ത്തിയപ്പോള്‍ വീണ്ടും വിവാദങ്ങളുടെ പടഹ ധ്വനികള്‍ ഉയര്‍ന്നിരിക്കുന്നു. നിര്‍മ്മാണത്തിന്റെ തുടക്കം തൊട്ടേ വിവാദങ്ങള്‍ പഴശ്ശി രാജയുടെ കൂടപ്പിറപ്പ് ആയിരുന്നു. ഏകദേശം മൂന്നു വര്‍ഷത്തെ യുദ്ധ സമാനമായ സാഹചര്യങ്ങള്‍ തരണം ചെയ്തു ഹരിഹരനും ഗോകുലം ഗോപാലനും കൂടി സിനിമ യാഥാര്‍ത്ഥ്യം ആക്കി. അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷകളെ കവച്ചു വെച്ചു സിനിമ അപൂര്‍വമായ നേട്ടങ്ങള്‍ കൈവരിച്ചു. മലയാള സിനിമ അടുത്ത കാലത്തു എന്നല്ല ചരിത്രത്തില്‍ തന്നെ നേടാത്ത വിജയം സ്വന്തമാക്കി. സിനിമ ശാലകളെ ഉപേക്ഷിച്ചു ടി.വി. കള്‍ക്ക് മുന്‍പില്‍ ഇരിപ്പ് ഉറപ്പിച്ചവരെ പോലും ടാക്കീസുകളിലേക്ക് നടക്കാന്‍ പ്രേരിപ്പിച്ചു . അങ്ങനെ അതിശയങ്ങളുടെ വിളയാട്ട്‌ കേന്ദ്രമായി പഴശ്ശി രാജാ. പടം പുറത്തു വന്നപ്പോള്‍ , പഴശ്ശിയുടെ അന്ത്യ രംഗം ആവിഷ്കരിച്ചതിനെ ചൊല്ലി ആയിരുന്നു വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. പഴശ്ശിയെ ബ്രിട്ടീഷുകാര്‍ വെടി വെച്ചു കൊല്ലുകയായിരുന്നു എ ന്ന ചലച്ചിത്ര ഭാഷ്യം ഇവിടത്തെ പേരു കേട്ട ചരിത്രകാരന്മാര്‍ ഇതു വരെയും വകവെച്ചു കൊടുത്തിട്ടില്ല. എങ്കിലും എം. ടി.യും , ഹരിഹരനും എത്രയോ വര്‍ഷത്തെ ഗവേഷണങ്ങളിലൂടെ നേടിയ അറിവിന്റെ പിന്‍ ബലത്തിലാണ് ഇങ്ങനെയൊരു ക്ലൈമാക്സ്‌ അവതരിപ്പിച്ചത് എന്ന് പറയുമ്പോള്‍ ലഭിക്കുന്ന ആധികാരികതയെ ചോദ്യം ചെയ്യാന്‍ ആര്ക്കും കഴിഞ്ഞിട്ടില്ല. ആ വിവാദം പുകഞ്ഞും പുകയാതെയും കേരളത്തിന്റെ സാംസ്കാരിക അന്തരീക്ഷത്തെ ചൂടു പിടിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് മറ്റൊരു ചര്‍ച്ചയിലേക്ക് പഴശ്ശി വഴി മാറുന്നത്. ഇത്തവണ അത് ആ ചിത്രത്തിലെ പാട്ടുകളുമായി ബന്ധപ്പെട്ടാണ്. തുടങ്ങി വെച്ചതാവട്ടെ ചിത്രത്തിന്റെ സംഗീത സംവിധായകനായ ഇളയരാജയും. ചിത്രത്തില്‍ രണ്ടു പാട്ടുകള്‍ എഴുതിയ ഓ. എന്‍. വി. യുടെ പ്രതിഭയെ , ഈ ചിത്രത്തിലെ അദേഹത്തിന്റെ രചനകളുമായി തട്ടിച്ചു ഇളയരാജ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു , നിഷ്കരുണം ആക്രമിച്ചതാണ് പുതിയ വിവാദങ്ങളുടെ ഉത്ഭവ കാരണം. മലയാളികള്‍ മുഴുവന്‍ ഇതോടെ ഓ.എന്‍.വി. യുടെ പിന്നില്‍ അണിനിരന്നു കഴിഞ്ഞിട്ടുണ്ട്. തമിഴനായ ഇളയരാജയുടെ കാവ്യാ ബോധത്തെ പോലും ആക്ഷേപിച്ചു കൊണ്ടു ഭാഷാവിവേചനം പോലും കാണിച്ചു ഓ.എന്‍.വി.യോടുള്ള സാംസ്കാരിക കേരളത്തിന്റെ വിധേയത്വം പ്രകടിപ്പിക്കാന്‍ സന്നദ്ധരായി സാംസ്കാരിക നായകരും രാഷ്ട്രീയക്കാരും രംഗത്ത് വന്നു കഴിഞ്ഞു . അപ്പോഴും ഒരു കാര്യം മാത്രം നാം ആലോചിക്കുന്നില്ല. എന്തുകൊണ്ട് ഇളയരാജ കവിക്കെതിരെ ഇത്തരം ഒരു ആരോപണവുമായി മുന്നോട്ടു വന്നു? ഓ.എന്‍.വി.യുമായി ചേര്ന്നു മറക്കാന്‍ ആവാത്ത നിരവധി ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകന് ഈ ഒരു ചിത്രത്തോടെ കവിയുമായി സൌന്ദര്യപ്പിണക്കം ഉടലെടുക്കാന്‍ എന്താണ് കാരണം?മറ്റു പല സന്ദര്‍ഭങ്ങളിലും ഓ.എന്‍.വി.യെ വാഴ്ത്താന്‍ ഒരു വൈമനസ്യവും കാണിക്കാതിരുന്ന ഇളയരാജ രൂക്ഷ വിമര്‍ശനങ്ങളും ആയി ഇപ്പോള്‍ രംഗ പ്രവേശം ചെയ്തതിന്റെ പിന്നിലുള്ള രഹസ്യം എന്ത്? ഒരു കാര്യം നാം ഇവിടെ ഓര്‍ക്കണം. ഇളയരാജയുടെ ആദ്യ മലയാള സംഗീതത്തിനു കവിതയുടെ ചിറകുകള്‍ നല്കിയത് ഓ.എന്‍. വി. ആയിരുന്നു. വ്യാമോഹം എന്ന ആ ചിത്രത്തിലെ ' പൂവാടികളില്‍..' എന്ന് തുടങ്ങുന്ന ഗാനം ചലച്ചിത്ര സംഗീത ആസ്വാദകരെ ഇന്നും ആഹ്ലാദിപ്പിക്കുന്ന നല്ലൊരു സൃഷ്ടി ആണ്.




പഴശ്ശി രാജയിലെ ആദിയുഷ സന്ധ്യ എന്ന് തുടങ്ങുന്ന ഗാനത്തെ കുറിച്ചു ആണ് ഇളയരാജ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. താന്‍ ചില ഈണങ്ങള്‍ ഇട്ടു കൊടുത്തപ്പോള്‍ അതിനനുസരിച്ച് ഓ.എന്‍.വി.ക്ക് വരികള്‍ ചമയ്ക്കാന്‍ കഴിഞ്ഞില്ലെന്നും, പഴശ്ശിയുടെ മനോ നൊമ്പരങ്ങള്‍ മേല്‍പ്പറഞ്ഞ പാട്ടില്‍ ആവിഷ്കരിക്കാന്‍ കവിക്ക്‌ കഴിഞ്ഞില്ലെന്നും ഇളയരാജ പറയുന്നു. പിന്നെ എങ്ങനെയാണ് ഹരിഹരന്‍ ആ പാട്ടിനു ഓ.കെ പറഞ്ഞതു ? സംവിധായകന്‍ ഹരിഹരന്റെ കാര്‍ക്കശ്യങ്ങളെ കുറിച്ചു അറിയാവുന്ന ഒരു സാധാരണക്കാരനായ മലയാളി ഇങ്ങനെ ചോദിച്ചു പോയാല്‍ അതിശയിക്കാന്‍ ഇല്ല. ഇതിനിടയില്‍ അണിയറയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേതന്നെ കേട്ട ഒരു കഥ ഇവിടെ ഞാന്‍ ഓര്ത്തു പോകുന്നു. പഴശ്ശി രാജാ എന്ന ചിത്രത്തിന്റെ തുടക്കത്തില്‍ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് ഇളയരാജയും , ഓ.എന്‍.വി. യും കൂടിയാണെന്ന് കേട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്റെ കമ്പോസിംഗ് നടന്നു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഓ.എന്‍.വി.ക്ക് പുറമെ ഗിരീഷ്‌ പുത്തഞ്ചേരിയുടെ പേരും അവിചാരിതമായി കടന്നു വന്നു. പിന്നാലെ കാനേഷ് പൂനൂരും. എന്ത് കൊണ്ടു ഇങ്ങനെ ഒരു മറിമായം? ഓ.എന്‍.വി. എന്ന ഒറ്റയാനില്‍ നിന്നും മറ്റു രണ്ടു നാമങ്ങളിലേക്ക് ഹരിഹരന് മാറി ചിന്തിക്കേണ്ടി വന്നത് എന്ത് കൊണ്ടു? കേട്ടിരുന്നു, എം.ടി.യുടെ ശുപാര്‍ശയില്‍ ആണ് പുത്തഞ്ചേരി കയറിക്കൂടിയത് എന്ന്. അങ്ങനെ ഒരു ശുപാര്ശ നല്കാന്‍ എം. ടി യെ പ്രേരിപ്പിച്ച ഘടകവും, എം. ടി.യോട് ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കാന്‍ ഹരിഹരനെ പ്രകോപിപ്പിച്ച സംഭവവും എന്തായിരുന്നു? പറഞ്ഞു കേള്ക്കുന്ന ഒന്നു രണ്ടു കാരണങ്ങള്‍ ഇതൊക്കെ ആണ്. പരിവാര സമേതനായി , തികച്ചും ദൈവികമായ ഒരു പരിവേഷത്തോടെ കമ്പോസിംഗ് കര്‍മ്മത്തിലേക്കു കടന്നു വന്ന ഇളയരാജയുടെ പക്കാ തമിഴ് മാനറിസങ്ങള്‍ സഹിക്കാന്‍ ആവാതെ ഓ.എന്‍. വി. പ്രതിഷേധത്തിന്റെ അഗ്നി മനസ്സില്‍ സൂക്ഷിച്ചത്രേ. ഇളയരാജയുടെ 'രാജ പാര്‍ട്ട്‌' വേഷംമലയാളത്തിന്റെ ലാളിത്യത്തെ ചൊടിപ്പിച്ചു. അവര്‍ പല സന്ദര്‍ഭങ്ങളിലും പൊരുത്തപ്പെടാന്‍ ആവാത്ത മട്ടില്‍ എടുത്തടിച്ചു നിന്നു. ഇങ്ങനെ പോയാല്‍ പഴശ്ശി നടക്കില്ലെന്നു തോന്നിയ ഹരിഹരന്‍ മറ്റൊരു ഗാന രചയിതാവിനെ ആശ്രയിക്കുകയാണ് ഉണ്ടായത്. പിന്നെ മറ്റൊരു കഥ ഓ.എന്‍.വി.ക്ക് ഈണത്തിന് അനുസരിച്ച് പാട്ടെഴുതാന്‍ കഴിഞ്ഞില്ലത്രേ. അതില്‍ എത്ര വാസ്തവം ഉണ്ട് എന്നറിയില്ല. നേരത്തെ സലില്‍ ചൌധരിക്കും , ശ്യാമിനും, എന്തിനേറെ ഇളയരാജക്ക് തന്നെയും ഓ.എന്‍.വി. പാട്ടു എഴുതിക്കൊടുത്തത് ഈണത്തിന് അനുസരിച്ച് ആയിരുന്നില്ലേ. അപ്പോള്‍ പറഞ്ഞു കേട്ട സൌന്ദര്യ പിണക്ക കഥകളില്‍ ആദ്യത്തേത് തന്നെ ഏറെ വിശ്വസനീയം.




ഇനി വിവാദ വിഷയമായി തീര്‍ന്ന പാട്ടിനെ കുറിച്ചു. ഇളയരാജ പറഞ്ഞതില്‍ ഞാന്‍ കുറച്ചൊക്കെ വസ്തുത കാണുന്നു. ഓഎന്‍.വി. എഴുതിയ വരികള്‍ ഒരു കാരണ വശാലും മോശമല്ല. അത്യുജ്ജ്വലമായ കല്പന കൊണ്ടും , തീക്ഷ്ണമായ ഭാവ ഗരിമ കൊണ്ടും, ഉചിതമായ പദ വിന്യാസം കൊണ്ടും ആദിയുഷസന്ധ്യ തീവ്രമായ ദേശാഭിമാന ബോധം കേള്‍വിക്കാരില്‍ അന്ഗുരിപ്പിക്കാന്‍ പ്രേരകമാണ്.എന്നാല്‍ പഴശ്ശിയുടെ വികാരം തൊട്ടറിയാനുള്ള ഒരവസരം ശ്രോതാക്കള്‍ക്ക് കവി നല്‍കുന്നില്ല. പഴശ്ശിയുടെ പടയൊരുക്കം കവിയല്ല ചിത്രത്തില്‍ ആവിഷ്ക്കരിക്കുന്നത്. സിനിമയുടെ സംവിധായകനാണ്. അത് തിരക്കഥയില്‍ ഉള്ളതാണോ , അതോ ഹരിഹരന്‍ പാട്ടു കേട്ട ശേഷം മാറ്റി ചെയ്തതാണോ എന്നറിയില്ല. തിരക്കഥയില്‍ ഉള്ളതാണ് എങ്കില്‍ പഴശ്ശിയുടെ ആത്മ നൊമ്പരവും , വീര്യവും, പട നയിക്കാനുള്ള ഒരുക്കങ്ങളും എല്ലാം സമന്വയിപ്പിച്ച് കൊണ്ടുള്ള ഒരു ആവിഷ്കാരത്തിനു ആയിരുന്നു കവി തൂലിക എടുക്കേണ്ടിയിരുന്നത്. കവിത ആര്‍ഷ ഭാരതത്തിന്റെ പൈതൃകങ്ങളെ നെഞ്ചില്‍ എന്തുകയാണ്. ആ സംസ്കാരത്തിന്റെ പ്രോജ്വലമായ ഭാവങ്ങളെ തൊട്ടു തലോടുകയാണ്. യോദ്ധാക്കളുടെ സിരകളിലേക്ക് സമര വീര്യം കടത്തി വിടാന്‍ ഈ ഓര്‍മ്മപ്പെടുത്തല്‍ സഹായകരമായി തീരുമോ? എന്നാല്‍ പ്രത്യക്ഷത്തില്‍ അത്തരം ഒരു ആഹ്വാനം കവിതയില്‍ കാണാനും കഴിയുന്നില്ല. ഇതൊക്കെ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആണ്.




ഹരിഹരന്‍ ഇപ്പോഴും ഈ വിവാദത്തെ പ്രതി മൌനം പാലിക്കുകയാണ്. സംവിധായകന്റെ കല ആണ് സിനിമ. തന്റെ സിനിമയ്ക്ക്‌ എന്ത് വേണം എന്ത് വേണ്ട എന്ന് തീരുമാനിക്കേണ്ടത് സംവിധായകന്‍ ആണ്. അയാളുടെ തീരുമാനങ്ങള്‍ ആണ് ആത്യന്തികമായ ശരി. ഓ.എന്‍.വി.യുടെ പാട്ടു തനിക്ക് തൃപ്തികരം ആയിരുന്നോ അല്ലയോ എന്ന് വിധി കല്‍പ്പിക്കേണ്ടത് ഹരിഹരന്‍ ആണ്. അദേഹം മൌനം വെടിഞ്ഞു പ്രതികരിച്ചാല്‍ ഈ പ്രശ്നം അതോടെ തീരും. അത് വരെ സാംസ്കാരിക കേരളത്തിന് നേരം പോക്കാന്‍ ഈ കാര്യം ഇങ്ങനെ ചര്ച്ച ചെയ്തു കൊണ്ടിരിക്കാം

Wednesday, November 11, 2009

വിനയവാനായ ഈ ഞാന്‍ പറയുന്നതു എന്തെന്നാല്‍....

വിനയം കൊണ്ടു ഞാന്‍എന്‍റെ പേരു പറയുന്നില്ല. പക്ഷെ കാര്യം പറഞ്ഞു വരുമ്പോള്‍ നിങ്ങള്‍ക്കെന്നെ മനസ്സിലാവും.
ഈയുള്ളവന്‍ സിനിമ രംഗത്ത് അല്ലറ ചില്ലറ കച്ചവടങ്ങള്‍ ഒക്കെയായി പിഴച്ചു പോരുന്നവനാണ്. സിനിമയില്‍ വരുന്നതിനു മുന്പ് ചില തട്ടിക്കൂട്ട് നാടകങ്ങള്‍ ഒക്കെയായി കലയെ ഉദ്ധരിക്കാന്‍ വേണ്ടി ഒരു പാടു കഷ്ട്ടപ്പെട്ടിട്ടുണ്ട്. വഴി ചെലവു നടന്നു പോവാന്‍ ചെറിയൊരു സര്‍ക്കാര്‍ ജോലി തരപ്പെട്ടത് കൊണ്ടു വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. സിനിമയോടുള്ള അസ്ക്യത കലശലായപ്പോള്‍ നാടകത്തില്‍ നിന്നും ഒരു ചാട്ടം. അന്നേ പൊട്ടന്മാര്‍ ആയിട്ടുള്ള പണക്കാര്‍ ഈ കേരള രാജ്യത്ത് സിനിമ പിടിക്കുക എന്ന ലക്ഷ്യത്തോടെ തെക്കു വടക്കു നടന്നു വെള്ളം ഒലിപ്പിക്കാന്‍ ഉണ്ടായിരുന്നത് കൊണ്ടു ഈയുള്ളവന് ചില സിനിമകളൊക്കെ തരപ്പെടുത്താനായി.
സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരെ സിനിമയുടെ മുഖ്യധാരയിലേക്ക് വലിച്ചിഴച്ചു കൊണ്ടു വന്നു , അവര്ക്കും ഒരു ജീവിതം ഉണ്ടെന്നു പൊതു മനസാക്ഷിയെ ബോധിപ്പിച്ചു കൊടുത്തത് ഈയുള്ളവന്‍ ആണ്. സിനിമയിലെ കേശവദേവ്‌ എന്ന് വിശേഷിപ്പിചാലും വിരോധമില്ല. എത്രയോ കൊടി കെട്ടിയ സംവിധാനികള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. അവരൊക്കെ കുബേര ജന്മങ്ങളുടെ കഥ പറഞ്ഞു പണം തട്ടാനാണ് താത്പര്യം കാണിച്ചത്. പക്ഷെ ഈ വിനയവാന്‍ അങ്ങനെ ചുളുവില്‍ പണം അടിച്ച് മാറ്റിയവന്‍ അല്ല. ഒരുപാടു കണ്ണീര്‍ ഒഴുക്കി തന്നെയാണ് മലയാള സിനിമയിലെ സ്ഥാനം ഉറപ്പിച്ചത്. ഈ നികൃഷ്ട ജന്മങ്ങളെ സ്ക്രീനില്‍ കൊണ്ടു വന്നാല്‍ ഒരു മനുഷ്യ ജീവി കൂടി തിയേറ്റര്‍ പരിസരത്തേക്കു പോലും വരില്ലെന്ന് കട്ടായം പറഞ്ഞവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് സകലമാന ജനങ്ങളെയും ആട്ടി തെളിച്ചു കൊണ്ടു വരാന്‍ ഇവന് കഴിഞ്ഞു . ആ പരിപ്പ് പക്ഷെ അധിക കാലം വെന്തില്ല എന്ന് മാത്രം.
സിനിമയിലൂടെ കാണിച്ച സാമൂഹ്യ പ്രതിബദ്ധത തന്നെയാണ് അതിന് പുറത്തും ഇവന്‍ കാണിക്കാന്‍ ഒരുമ്പെട്ടത്. സിനിമാ രംഗത്ത് പുറം പോക്കിലേക്ക് വലിച്ചെറിയപ്പെട്ട കുറച്ചു തൊഴിലാളികള്‍ക്ക്‌ മാന്യമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക . ഇതു മാത്രം ആയിരുന്നു ചെറിയൊരു ലക്ഷ്യം. അതിന് മഹത്തായ ഒരു സംഘടനയെ പൂര്‍ണ്ണമായും കൈപ്പിടിയില്‍ ഒതുക്കി. അധികാരം ഉണ്ടെങ്കിലേ എന്തും ഈ ലോകത്ത് നടക്കൂ. ഈ പച്ച മനുഷ്യരെ ഉയര്‍ത്തി കൊണ്ടു വരുന്നതു ചില്ലറ പണിയൊന്നും അല്ല. ആരോടൊക്കെ പട വെട്ടി വേണമെന്നോ ആ സാഹസം. ഈ ലോകത്തെ എത്ര വലിയവന്‍ പോലും തിരുവായിക്ക് എതിര്‍ വായില്ലാതെ നില്ക്കുന്ന സൂപ്പര്‍ താരങ്ങള്‍ ആയിരുന്നു ആദ്യ ലക്ഷ്യം. അവര്‍ വീഴണം. അവരുടെ അപ്രമാദിത്വം തകരണം. എങ്കിലേ ഞാനടക്കമുള്ളവര്‍ രക്ഷപ്പെടൂ.
ശ്രമിച്ചു.. അഹോരാത്രം തെറി പറഞ്ഞു... ഒടുവില്‍ അവരുടെ വെറുപ്പ്‌ സമ്പാദിച്ചു. മഹാ ഭാഗ്യം...
പക്ഷെ അധിക കാലം ഒന്നും നീണ്ടു പോയില്ല. സംഘടന പിളര്‍ന്നു. സൂപ്പര്‍ താരങ്ങള്‍ പിളര്‍ത്തി. ഒപ്പം അവരുടെ ഓശാരം പറ്റി പിഴച്ചു പോരുന്ന ചില സംവിധാനികളും. ഇന്നലത്തെ മഴയ്ക്ക്‌ പൊടിച്ച ചില ഉണ്ണിക്കണ്ണന്‍മാരും
സിദ്ധി കൂടിയ ചില വന്കന്മാരും മറ്റും. നടക്കുമോ നമ്മുടെ അടുത്ത് പണി. കാരണം ഒരു പണിയും ഇല്ലാത്തവന്മാര്‍ നമ്മുടെ കൂടെ ഉണ്ടല്ലോ. അവസാനം ഇതാ അവന്മാരും നമ്മളെ വിട്ടു പോയിരിക്കുന്നു. എന്നിട്ടും ഈയുള്ളവന്‍ തളര്‍ന്നിട്ടില്ല
കുറേകാലം വീട്ടില്‍ ഇരുന്നു. സംവിധാനിക്കാന്‍ ആരും വിളിച്ചില്ല. പട്ടിണി കിടന്നു ചത്തു പോകും എന്നായിരിക്കും ശത്രുക്കള്‍ കരുതിയത്‌. എവിടെ? കോടികള്‍ , കോടികള്‍ ഉണ്ടാക്കി വെച്ചിരുന്നല്ലോ ആയ കാലത്തു . ഇപ്പോള്‍ ഇതാ ഈ ശനി ദശ പിടിച്ച നേരത്ത് ഒരു സിനിമ ഒത്തു കിട്ടിയിട്ടുണ്ട്. ഇവിടെ നിലവില്‍ ഉള്ളവര്‍ ഒന്നും സിനിമയുമായി സഹകരിക്കില്ല എന്ന് വാശി പിടിക്കുന്നുണ്ട്. അതുകൊണ്ട് എനിക്ക് എന്താ? നഷ്ടം അവര്ക്കു തന്നെ. ഇവന്‍ പുതിയവരെ ഇറക്കും. അഭിനയിക്കാനും അതെ , പടം പിടിക്കാനും അതെ.
പുതിയവരെ വെച്ചു കളിക്കുമ്പോള്‍ പേടിയുണ്ടോ എന്ന് ചിലരൊക്കെ ചോദിക്കുന്നുണ്ട്. ആര്‍ക്കു പേടി? എന്തെങ്കിലും ഒക്കെ നഷ്ടപ്പെടാന്‍ ഉള്ളവര്‍ക്കല്ലേ പേടി വേണ്ടൂ. ഇനിയിപ്പോ നിര്‍മ്മാതാവിന് പേടി ഉണ്ടോ എന്ന് തിരക്കിയെക്ക്. കാരണം മൂപ്പരുടെയല്ലേ കാശിട്ടു ഈയുള്ളവന്‍ അടിച്ച് പൊളിക്കാന്‍ പോകുന്നത്. പക്ഷെ അങ്ങോര്‍ക്ക് ലക്ഷ്യം വേറെ ആയതു കൊണ്ടു പേടിയൊന്നും തിരിച്ചറിയാന്‍ പറ്റി എന്ന് വരില്ല. ഭാഗ്യം.... വേണ്ട അധികം പറഞ്ഞാല്‍ അയാള്‍ കേള്‍ക്കും. പെട്ടിയും പൂട്ടി മൂപ്പര്‍ സ്ഥലം വിട്ടാല്‍ ഇവന്‍ വീണ്ടും വീട്ടില്‍ വാതില്‍ അടച്ചു ഇരിക്കേണ്ടി വരും. ഇനി അതിന് പറ്റില്ല. ഉള്ള പണമൊക്കെ തീര്ന്നു തുടങ്ങി.... പാവം പിഴച്ചു പൊയ്ക്കോട്ടേ...
പക്ഷെ തൊഴിലാളികളെ പറ്റി പറഞ്ഞാല്‍ ഉണ്ടല്ലോ ----ങാ...

Monday, November 9, 2009

പ്രഭോ, ഈയുള്ളവന്‍ എന്ത് പിഴച്ചു?



പാവം മുരളി. ഇങ്ങനെയൊരു വിധി ഒരു രാഷ്ട്രീയക്കാരനും കൊടുക്കരുത്‌. മാതൃ സംഘടനയിലേക്ക് തിരിച്ചു പോകാനുള്ള ആഗ്രഹവും കൊണ്ടു എത്ര കാലമായി അലയാന്‍ തുടങ്ങിയിട്ട്. കാലാ കാലങ്ങളില്‍ പറഞ്ഞു നടന്ന കോണ്‍ഗ്രസ്സ്‌ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എല്ലാം പിന്‍വലിച്ചു നല്ല കുട്ടിയായി ഹൈകമാണ്ടിന്റെ പടിവാതില്‍ തുറക്കുന്നതും കാത്തു അവന്‍ നില്‍ക്കുകയാണ്‌. ചാണ്ടി- രമേശ്‌ കശ്മലന്മാര്‍ കണ്ണും മിഴിച്ചു, മീശയും പിരിച്ചു നില്‍ക്കുന്നതാണ് മുരളിക്കുട്ടന്റെ ഏറ്റവും വലിയ തടസ്സം. അതുകൊണ്ടാണ് ഡല്‍ഹിയിലേക്ക്‌ കണ്ണും നാട്ടു ഇരിക്കുന്നത്. അവിടെ ഒരു കൈ സഹായത്തിനു എല്ലാം പൊറുക്കുന്നവനും, നന്മ നിറഞ്ഞവനുമായ അന്തോനീസ്‌ പുണ്യവാളനുണ്ട്. കൂടെ അദേഹത്തിന്റെ അരുമ ശിഷ്യനും ആഭ്യന്ദര വകുപ്പിന്റെ ഹൃദയ തുടിപ്പും മുല്ല പോലെ സുഗന്ധ വാഹിയുമായ രാമചന്ദ്രനും ഉണ്ട്. ഇവരൊക്കെ ആണ് ഇനി ഒരു ആശ്വാസം.


കേരളം കനിഞ്ഞില്ലെങ്കില്‍ ദല്‍ഹി. അതാണല്ലോ അച്ഛന്റെ പ്രതാപ കാലം തൊട്ടുള്ള പതിവ്. പക്ഷെ ഇപ്പോള്‍ പഴയ വീരസ്യം പറച്ചിലുകള്‍ക്കൊന്നും വലിയ വിലയില്ല. അച്ചന് അങ്ങ് ഡല്‍ഹിയില്‍ പറയത്തക്ക പ്രകടനങ്ങള്‍ നടത്താനുള്ള ശേഷിയൊന്നും ഇല്ല. ഈ മകന്‍ എന്ന് വളര്ച്ച മുറ്റിയോ അന്ന് തുടങ്ങി അച്ഛന്റെ ശനി ദശ. ഒരു കാലത്ത് ആരെയാണോ ഏറ്റവും തെറി പറഞ്ഞതു അയാളുടെ സഹായം ഇല്ലാതെ ഡല്‍ഹിയില്‍ ഇന്നു ഒരു പടി മുന്നോട്ടു വെക്കാന്‍ ആവില്ല. പാവം അച്ഛന്‍ , ഒരു ധൂര്‍ത്ത പുത്രനെക്കൊണ്ട് പെരുവഴി ശരണം ഗച്ചാമി എന്ന നിലയില്‍ ആയി.


അയിത്തം കല്‍പ്പിച്ചു മാറ്റി നിര്‍ത്താന്‍ ഈ മുരളിക്കെന്താ വല്ല മാറാ രോഗവും ഉണ്ടോ ? പറ. സകലമാന ഇഴ ജീവികളെയും അവരുടെ പൂര്‍വകാല മാഹാത്മ്യം നോക്കാതെ പ്രവേശിപ്പിക്കുന്ന കോണ്‍ഗ്രസ്സ്‌ എന്ന മഹാപ്രസ്ഥാനം എന്തിന് ഈ പാവത്തോട് മാത്രം ഇങ്ങനെ പക്ഷഭേദം കാണിക്കണം? കരുണാകരന്റെ പുത്രന്‍ ആയി പോയതാണോ അപരാധം. ഇല്ല. അച്ഛനോട് ആര്ക്കും ഒരു വിരോധവും ഇല്ല. പാര്‍ട്ടിയെ പിളര്‍ത്താന്‍ കച്ച കെട്ടി ഇറങ്ങിയിട്ടും അച്ഛനെ പാര്‍ട്ടിയില്‍ നിന്നും ആരും പുറത്തു ആക്കിയിട്ടില്ല. സ്നേഹമില്ലാതെ അങ്ങനെ ചെയ്യില്ലല്ലോ . അപ്പോള്‍ അതുമല്ല പ്രശ്നം. പിന്നെ എന്താണ്?


ഇങ്ങനെ ചുഴിഞ്ഞു നോക്കുമ്പോള്‍ വാസ്തവം ബോധ്യമാവും. മറ്റൊന്നും അല്ല. പാര്‍ട്ടി അണികള്‍ക്കിടയില്‍ തനിക്കുള്ള സ്വാധീനം. താന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വന്നാല്‍ ആ സ്വാധീനം കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതൃത്വത്തിന് മനസ്സിലാവും. അവര്‍ക്കത് പിടി കിട്ടിയാല്‍ പിന്നെ കേരളത്തിലെ പല സോപ്പ് കുട്ടപ്പന്മാരുടെയും കാര്യം കട്ടപ്പൊക. അവര്‍ ഇപ്പോള്‍ ഇരുന്നു അരുളുന്ന സാമ്രാജ്യ കോട്ടയില്‍ നിന്നും ഇറങ്ങി നടക്കേണ്ടി വരും. സ്ഥാന മാനങ്ങള്‍ ഇല്ലാത്ത അത്തരക്കാര്‍ക്കു പിന്നില്‍ അണികള്‍ എന്ന വിചിത്ര ജീവികള്‍ അദൃശ്യര്‍ ആയിരിക്കും. വീണ്ടും പഴയത് പോലെ ഈയുള്ളവന്റെ അധികാര പരിധിയിലേക്ക് ഒരു മഹാ പ്രസ്ഥാനത്തിന്റെ സംസ്ഥാന ഘടകം അപ്പടി വന്നു ചേരും. എം. എല്‍. എ., മന്ത്രി, മുഖ്യമന്ത്രി അങ്ങനെ ഒരു കാലത്തു ആശിച്ചു മോഹിച്ചു നടന്ന പദവികള്‍ എല്ലാം ഓരോന്നായി കൈപ്പിടിയില്‍ ഒതുക്കും. ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് ഇപ്പോഴത്തെ കേരള നേതൃത്വം തന്നെ അകറ്റി നിര്‍ത്തുന്നത്.


അപരാധങ്ങള്‍ എല്ലാം പൊറുക്കണം എന്ന് ഒരിക്കല്‍ അപേക്ഷിച്ച് കഴിഞ്ഞു . അത് നിഷ്കരുണം പുറം കാല് കൊണ്ടു തട്ടിക്കളഞ്ഞു. ഇനി ഒരിക്കല്‍ കൂടി അപേക്ഷ എഴുതി കൊടുക്കണം. ഇത്തവണ ഇവിടെ പരിഗണിച്ചില്ലെങ്കില്‍ , അങ്ങ് ഡല്‍ഹിയില്‍ ഒന്നു കൈ കൊണ്ടു തൊട്ടു നോക്കാന്‍ എങ്കിലും ഉള്ള സാധ്യത കാണുന്നുണ്ട്. ങാ. ഒരു കൈ നോക്കിക്കളയാം. സോണിയാജിയുടെ അടുത്തേക്ക് തന്റെ കടലാസ് കഷണം എത്തിക്കാന്‍ ആന്തോണി അദ്യേം കാത്തു നില്‍പ്പുണ്ട്‌. പഴയത് പോലെ മൂപ്പരോട് ആജ്ഞാപിക്കാന്‍ കഴിയില്ല. അങ്ങനെ എങ്ങാനും ചെയ്താല്‍ മൂപ്പര്‍ തോക്കെടുത്ത് കാച്ചിക്കളയും. മുന്തിയ ഇനം ഏതൊക്കെയോ ഗണ്ണുകള്‍ അങ്ങോരുടെ കൈയില്‍ ഉണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. അതൊന്നും മുരളി വിശ്വസിക്കുന്നില്ലെങ്കിലും , മൂപ്പരോട് ഇപ്പോഴത്തെ അവസ്ഥയില്‍ അപേക്ഷ, യാചന തുടങ്ങിയ മുറകള്‍ ഒക്കെ തന്നെ പയറ്റി നോക്കുന്നത് ആയിരിക്കും ഭംഗി.


ങാ... സമയമില്ല. അടുത്ത അപേക്ഷ എഴുതാന്‍ നേരമായി.

Wednesday, November 4, 2009

രാഹുല്‍ ഗാന്ധിയും, എന്റെ ചില ചിന്തകളും-ഭാഗം രണ്ടു

കഴിഞ്ഞ പോസ്റ്റിൽ രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തെക്കുറിച്ചു കുറച്ചു വിശദമായിത്തന്നെ പരാമർശിച്ചിരുന്നല്ലോ. ഭാരതം ഉറ്റ്‌ നോക്കുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ രാഹുലിന്റെ ഇടം സ്വയം അടയാളപ്പെടുത്താൻ അയാൾ നടത്തുന്ന ശ്രമങ്ങൾ ലക്ഷ്യം കാണുന്നുണ്ടു. അതിന്റെ സുചനകൾ ഇപ്പൊൾ തന്നെ വ്യക്തവുമാണു. മഹാരാഷ്ട്രയിൽ , ഹരിയാനയിൽ, അരുണാചലിൽ ഒക്കെ കോൺഗ്രസ്സ്‌ നേടിയ വിജയം രാഹുലിന്റെ സജീവമായ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പരിണിത ഫലമാണു എന്നു വരുത്തി തീർക്കാൻ ആസൂത്രിതമായ പ്രചാര വേലകൾ കോൺഗ്രസ്സ്‌ നേതാക്കന്മാരുടെ ഭാഗത്തു നിന്ന്‌ തന്നെ കണ്ടു വരുന്നുണ്ട്‌. കൃത്യമായ പി. ആർ. ഓ. പ്രവർത്തനങ്ങളിലൂടെ രാഹുലിന്റെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രസക്തി വിളിച്ച്‌ അറിയിക്കാൻ ഒരു വിശേഷപ്പെട്ട സംഘത്തെ കോൺഗ്രസ്സ്‌ നേതൃത്വം തയ്യാറാക്കി നിർത്തിയിട്ടുമുണ്ട്‌. അവർക്കറിയാം റാഹുലിനെ എങ്ങനെ ഇൻഡിയൻ യുവത്വത്തിന്റെ മുൻപിൽ ഒരു രക്ഷാ പുരുഷനായി അവതരിപ്പിക്കണമെന്ന്‌. അതിനുള്ള കൃത്യമായ പ്ലാറ്റ്‌ ഫോം ഒരുക്കിയ ശേഷമാണു സോണിയ ഗാന്ധി രാഹുലിനു കോൺഗ്രസ്സിന്റെ ബഹുമുഖമായ രാഷ്ട്രീയ വ്യവസായത്തിലേക്കു ഇറങ്ങാനുള്ള പച്ചക്കൊടി വീ ശിയത്‌. യുവാക്കൾക്ക്‌ ഒരു പ്രതീക്ഷയുണ്ട്‌. 1980 കളിൽ രാജീവ്‌ ഗാന്ധി ഉണർത്തി വിട്ട സുരഭില സ്വപ്നങ്ങൾക്ക്‌ തുല്യമാണത്‌. പ്രായത്തിന്റെ ആനുകൂല്യത്തിൽ നിന്നും ലഭിക്കുന്ന സുന്ദരമായ പ്രതിച്ഛായ കൂടിയാണത്‌.മറ്റ്‌ പാർട്ടികളിൽ ഒന്നും തന്നെ ഇത്തരം ആനുകൂല്യങ്ങൾ കൽപ്പിച്ചു കിട്ടിയ യുവ താരങ്ങൾ വിരളമാണു. പാർട്ടിയുടെ പതിവ്‌ രാഷ്ട്രീയ ചുറ്റുപാടുകളിൽ ബന്ധിതമാണു അവരുടെ പ്രവർത്തന പദ്ധതികൾ.കോൺഗ്രസ്സിലും കാര്യങ്ങൾ വ്യത്യസ്തമൊന്നുമല്ല. പക്ഷെ രാഹുലിനു ലഭിക്കുന്ന ഒരു പ്രഖ്യാത കുടുംബത്തിന്റെ പശ്ചാത്തലം മറ്റ്‌ യുവ നേതാക്കന്മാരിൽ നിന്നും വ്യത്യസ്തമായി സ്വതന്ത്രമായ ഒരു നിലപാട്‌ രൂപീകരിച്ചു പ്രവർത്തിക്കാനുള്ള അനുമതി പത്രം നൽകുന്നു. ഇവിടെയാണു രാഹുലിനു പ്രസക്തി വർദ്ധിക്കുന്നതും. രാഹുലിനെ ഉറ്റ്‌ നോക്കുന്നവർക്കു പ്രതീക്ഷയുടെ ഒരു തിളക്കം സമ്മാനിക്കുന്നത്‌ മേൽപ്പറഞ്ഞ ആ അനുമതിപത്രത്തെ കുറിച്ചുള്ള ബോധം തന്നെയാണു. രാഷ്ട്രീയ വാർദ്ധക്യങ്ങൾ കൈക്കൊള്ളുന്ന തീരുമാനങ്ങളെ തിരുത്താനുള്ള ഒരു അധികാര പത്രം കൂടിയാണു അത്‌. രാഹുലിന്റെ വാക്കുകൾ തള്ളിക്കളയാൻ മുൻ നിരനേതൃത്വം ഒരിക്കലും തയ്യാറാവില്ല. അതിനു അവർ ശ്രമിച്ചാൽ ഹൈക്കമാന്റിന്റെ കോപതാപങ്ങൾ തങ്ങൾക്ക്‌ മേൽ വർഷിക്കപ്പെടുമെന്ന നല്ല ബോധ്യം അവരെ ഭയപ്പെടുത്തുന്നുണ്ട്‌. ജനങ്ങൾക്കു ഉപകാരപ്രദമായേക്കാവുന്ന നിരവധി കാര്യങ്ങൾ ചെയ്യാനും അതു വഴി കോൺഗ്രസ്സിന്റെ സമകാലിക പ്രസക്തി വർദ്ധിപ്പിക്കാനും രാഹുലിനു കഴിയും. ആസിയാൻ പോലുള്ള പ്രശ്നങ്ങളിൽ പരമ്പരാഗത കോൺഗ്രസ്സ്‌ ഭാഷ മൊഴിയാതെ വേദനിക്കുന്നവരുടെ ഭാഗത്തു നിന്നു കൊണ്ട്‌ കാര്യങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ രാഹുൽ ശ്രമിക്കണം.എങ്കിൽ രാജീവിനേക്കാൾ പ്രസിദ്ധിയും , പ്രതീക്ഷയും ജ്വലിപ്പിക്കാൻ രാഹുലിനു കഴിയും.ഞങ്ങളെപ്പൊലു ള്ള സാധാരണക്കാർ ആഗ്രഹിക്കുന്നതും അതാണു.

Tuesday, October 13, 2009

രാഹുല്‍ ഗാന്ധിയും , എന്റെ ചില ചിന്തകളും[ ഭാഗം-ഒന്നു]


രാഹുല്‍ ഗാന്ധി കഴിഞ്ഞ ആഴ്ച കേരളത്തില്‍ നടത്തിയ സന്ദര്‍ശനം സംസ്ഥാനം ഒട്ടാകെ ചര്‍ച്ച ആയതു പല വിധത്തിലാണ്. ചിലര്‍ ആ സന്ദര്‍ശനത്തെ ഒരു ആഘോഷമാക്കി മാറ്റിയപ്പോള്‍ , മറ്റു ചിലര്‍ അതിനെ ഒരു വിവാദത്തിനുള്ള അസംസ്കൃത വസ്തുവായി കണ്ടു. ഉറങ്ങിക്കിടക്കുന്ന കെ. എസ്. യു. എന്ന പ്രസ്ഥാനത്തിന് ഉണര്‍വിന്റെ പുതിയ ഊര്‍ജം നല്കാന്‍ രാഹുലിന്റെ സന്ദര്‍ശനം കാരണമായി തീര്‍ന്നു എന്ന നിഗമനത്തില്‍ രാഹുലിന്റെ പാര്‍ട്ടിക്കാര്‍ എത്തി ചേര്‍ന്നു. എന്നാല്‍ മറു പക്ഷമാകട്ടെ രാഹുല്‍ നടത്തിയത് വെറും ഒരു റോഡ്‌ ഷോ മാത്രം ആയിരുന്നെന്നും സര്ക്കാരിന്റെ കോടികള്‍ തുലയ്ക്കാന്‍ മാത്രമെ അതുകൊണ്ട് ഉപകരിച്ചുള്ളുവെന്നും ആക്ഷേപിക്കുന്നു. അഭിപ്രായങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും രാഹുലിന്റെ കേരള സന്ദര്‍ശനം ഒരു ഓളമുണ്ടാക്കി എന്നത് അന്ഗീകരിച്ചേ പറ്റൂ.

രാഹുല്‍ പ്രതീക്ഷ നല്കുന്ന ഒരു നേതാവാണ്‌. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരാള്‍. ഇന്നു കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിക്കു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതും അങ്ങനെയൊരു ജനകീയതയുടെ മുഖമാണ്. സോണിയ ഗാന്ധിയും, ഇപ്പോള്‍ രാഹുലും ഒഴിച്ച് നിര്‍ത്തിയാല്‍ ജനങ്ങളെ താല്കാലികമായിട്ടെങ്കിലും ഇളക്കി മറിക്കാന്‍ കഴിയുന്ന ഒരു നേതാവിന്റെ അഭാവം കോണ്‍ഗ്രസ്സിനെ വേട്ടയാടുന്നുണ്ട്‌. നെഹ്‌റു കുടുംബത്തിനെ ആശ്രയിച്ചല്ലാതെ കോണ്‍ഗ്രസ്സിനു മുന്നോട്ടുള്ള പ്രയാണം അസാധ്യമാണ് എന്ന് പറയുന്നതും ജനങ്ങളുടെ ഈയൊരു മനശാസ്ത്രത്തെ അടിസ്ഥാനമാക്കി തന്നെയാണ്. ഇതിനിടയില്‍ ഒരു കാര്യം. കേരളത്തിലും ഒരു നേതാവ് ഉണ്ടായിരുന്നു . ജനങ്ങളുടെ ശരീരത്തെയും , മനസ്സിനെയും ഒരു പോലെ ആവേശ കൊടുമുടിയില്‍ ഉയര്‍ത്താന്‍. മറ്റാരുമായിരുന്നില്ല അത്. നമ്മുടെ കെ. കരുണാകരന്‍ തന്നെ.

പുതിയ തലമുറയുടെ ഇടയില്‍ നിന്നും രാഷ്ട്രീയം വഴി മാറി പോകുന്ന ഒരു സാഹചര്യം ആണിന്നു ഉള്ളത്. വന്‍ നഗരങ്ങളിലെ വമ്പന്‍ ഓഫീസുകളില്‍ മികച്ച ശമ്പളത്തിന് ജോലിയെടുക്കുന്ന , ഉന്നത ജോലി മാത്രം ലക്ഷ്യമാക്കി ആധുനിക ശാസ്ത്ര സാന്‍കേതിക മേഖലയില്‍ വിദ്യാഭാസം നേടുന്ന യുവ തലമുറ യ്ക്കിടയില്‍ ഒരു രാഷ്ട്രീയ ശരീരം തേടുന്നത്‌ അനാവശ്യമാണ്. വളരെ ലളിതമായ മനസ്സും , അന്യവര്ഗ ചിന്ത ഗതികള്‍ക്ക് കൂടൊരുക്കാന്‍ ഇടമില്ലാത്ത തലച്ചോറും കൊണ്ടു അവര്‍ അങ്ങനെ പാറിപ്പറന്നു പോകുന്നു. രാഷ്ട്രീയം അവര്ക്കു നേരം പോക്കിനുള്ള ഉപാധിയാണ്. പത്രം വായിക്കുമ്പോള്‍ തമാശ പറഞ്ഞു ചിരിക്കാന്‍ വക നല്കുന്ന കോമാളികള്‍ ആണ് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാര്‍.

അഴിമതി, സ്വജന പക്ഷപാതം, വര്‍ഗീയത തുടങ്ങിയ സാമൂഹ്യ വിപത്തുകളെ പ്രോല്‍സാഹിപ്പിക്കുകയും , ഒരു തൊഴില്‍ ആക്കി സ്വീകരിക്കുകയും ചെയ്ത രാഷ്ട്രീയ നേതാക്കന്മാരെ പുതിയ തലമുറ കോമാളികള്‍ ആയി കാണുന്നുവെങ്കില്‍ അതില്‍ തെറ്റ് പറയാന്‍ ആര്ക്കും പറ്റില്ല. നമ്മുടെ മാധ്യമങ്ങള്‍ അത്തരം ഒരു ചിത്രം മാത്രമാണ് രാഷ്ട്രീയക്കാരെ കുറിച്ചു നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. മാധ്യമ സ്വാധീനത്തില്‍ അകപ്പെടുന്ന പുതിയ യുവത , മികച്ച പ്രതിച്ഛായ ഉള്ള നേതാക്കന്മാരെ പോലും അക്കാരണം കൊണ്ടു തന്നെ ശ്രദ്ധിക്കുകയോ, ബഹുമാനിക്കുകയോ ചെയ്യുന്നില്ല. പക്ഷെ അവിടെയും ഉണ്ട് ഒരു പ്രശ്നം.

മികച്ച പ്രതിച്ഛായ ഉള്ള നേതാക്കന്മാര്‍ക്ക് മിച്ചം പറയാന്‍ ഈ പ്രതിച്ഛായ മാത്രമെ ഉള്ളു. യുവാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പുതിയ ചിന്തകളോ, ആശയങ്ങളോ ഒന്നും ഇല്ലെന്നു പറയേണ്ടി വരും. നാടിന്റെ വികസനത്തെ കുറിച്ചു വാ തോരാതെ പറയുമെങ്കിലും അത് എങ്ങനെ , താമസം വിന സാധ്യമാക്കാം എന്നതിനെ കുറിച്ചു കൃത്യമായ നിര്‍ദേശങ്ങള്‍ ഒന്നും മുന്നോട്ടു വെക്കാന്‍ ഉണ്ടാവില്ല. പുതിയ കുട്ടികള്ക്ക് വേണ്ടത് ദ്രുത ഗതിയിലുള്ള നടപടികള്‍ ആണ്. പഴഞ്ചന്‍ രീതിയില്‍ ഉള്ള ചുവടു വെപ്പുകള്‍ക്ക് അവരില്‍ സൃഷ്ട്ടിക്കാന്‍ കഴിയുന്നത്‌ വിരസത മാത്രമാണ്. അവിടെയാണ് ചടുലമായ നീക്കങ്ങളുമായി രാഹുല്‍ ശ്രദ്ധേയനാകുന്നത്. പ്രസരിപ്പ് നിറഞ്ഞ മുഖവും , കൃത്യമായ ഉത്തരങ്ങളും രാഹുലിനെ ജനങ്ങള്ക്ക് സുസംമതന്‍ ആക്കുന്നു. ജനങ്ങളില്‍ ഒരാളായി തീരാനുള്ള തന്മയത്വമാര്‍ന്ന ചലനങ്ങള്‍ പ്രത്യേകം എടുത്തു പറയണം. പില്‍ക്കാലത്ത് അച്ഛന്‍ രാജീവ്‌ കൈവരിച്ച ശരീര ഭാഷ രാഹുല്‍ ഇപ്പോഴേ സ്വന്തമാകി കഴിഞ്ഞു . അത് തന്നെയാണ് ലോക സഭ ഇലക്ഷനില്‍ ഉത്തര പ്രദേശില്‍ കോണ്‍ഗ്രസ്സ്‌ തങ്ങളുടെ പ്രതാപ കാലത്തു തിരിച്ചു പോകുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച് തുടങ്ങിയതും. ഇതു തീര്ച്ചയായും ഒരു നല്ല ലക്ഷണമാണ്.

ബാക്കി അടുത്ത പോസ്റ്റില്‍.

Wednesday, September 23, 2009


മനോരമയുടെ വെബ് പേജ് കണ്ടപ്പോഴാണ് സില്‍ക്ക് സ്മിതയെ കുറിച്ചു ഓര്‍മ്മ വന്നത്. സ്മിത ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് പന്ത്രണ്ടു വര്‍ഷം തികയുകയാണത്രേ. സ്മിത എന്‍റെ സജീവമായ ഓര്‍മ്മയില്‍ നിന്നും ബഹിഷ്കരിക്കപ്പെട്ടിരിക്കുന്നു. എന്റേത് മാത്രമാണെന്ന് തോന്നുന്നില്ല. സിനിമയുടെ മികച്ച ആസ്വാദകര്‍ പലരുടെയും മനസ്സില്‍ നിന്നും സ്മിത പുറത്തേയ്ക്കുള്ള വഴിയില്‍ എത്തപ്പെട്ടിരിക്കുന്നു. ക്രൂരമാണ് ഈ മറവി . വെള്ളിത്തിരയിലെ തിളങ്ങുന്ന നക്ഷത്രങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ട ഭീകരമായ ജന നിരാസത്തിന്റെ സൂചന നമ്മുടെയൊക്കെ ഈ മറവിയില്‍ ഉണ്ട്.

സ്മിതയെ എനിക്ക് ഇഷ്ടമായിരുന്നു. എനിക്ക് മാത്രമല്ല എല്ലാ മലയാളികള്‍ക്കും. നമ്മുടെ സദാചാര നിയമമനുസരിച്ച് വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത പടങ്ങളിലെ താരം ആയിരുന്നിട്ടും സ്മിത മലയാളികളുടെ ഇഷ്ടങ്ങളില്‍ ഒന്നായി തീര്‍ന്നു. കാരണം എന്തായിരിക്കാം ? ഒരു ദുരന്ത നായികയുടെ നിഴല്‍ പാളി ആ മുഖത്ത് വീണത്‌ നമ്മുടെ കണ്ണില്‍ നിന്നും മായാതിരുന്നത് കൊണ്ടാണോ? ആട്ടമാടാന്‍ മാത്രം വിധിക്കപ്പെട്ട നടിമാരുടെ ജീവിതത്തെ കുറിച്ചുള്ള ഇരുണ്ട അറിവുകള്‍ പകര്‍ന്ന സഹതാപമാണോ? മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയുംകൂടെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളില്‍ അഭിനയിച്ചത് കൊണ്ടാണോ? അതോ മലയാളി രഹസ്യമായി ആസ്വദിക്കുന്ന ശരീര സൌന്ദര്യത്തെ , അതേ രഹസ്യാത്മകതയോടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചത് കൊണ്ടാണോ? അങ്ങനെയും പറയാം അല്ലെ? സ്മിത ഒരിക്കലും പൂര്ണ്ണ വിവസ്ത്ര ആയില്ല. പാതി മയങ്ങിയ കണ്ണുകളും , അല്പം കറുത്ത്, തുടുത്ത ചുണ്ടുകളും , ഇരു നിറവും , ആഴമേറിയ പൊക്കിള്‍ ചുഴിയും കൊണ്ടു സ്മിത നമ്മെ ആനന്ദിപ്പിച്ചു. സ്ത്രീ വശ്യതയുടെ വനസ്ഥലികള്‍ സ്മിതയില്‍ മലയാളി കണ്ടറിഞ്ഞു. സ്മിതയുടെ ദേഹം കണ്ടു മലയാളിക്ക് ഓക്കാനം വന്നില്ല. വൃത്തിക്കെട്ട ലൈന്ഗീകതയിലും അവന്‍ വീണില്ല. പകരം ഒരു രതി ദേവതയുടെ പരിശുദ്ധിയോടെ അവന്‍ അതിനെ ആരാധിച്ചു. സ്നേഹിച്ചു. ആസ്വദിച്ചു. അതുകൊണ്ടാണല്ലോ ആത്മഹത്യയുടെ ഒരു തുണ്ടം കയറില്‍ ജീവിതത്തെ വരിഞ്ഞു കെട്ടിയിട്ട സ്മിതയുടെ വേര്‍പാടില്‍ ഹൃദയം നൊന്തു മലയാളി ആരുമറിയാതെ വേദനിച്ചത്‌, കവിതകള്‍ കുറിച്ചത്... ഇന്നിപ്പോള്‍ ഞാനീ ബ്ലോഗില്‍ സ്മിതയെ മറന്ന വിഷമത്തില്‍ ചിലതൊക്കെ കുറിച്ചു ഇടുന്നത്.

സ്ഫടികത്തില്‍ ലാലിനൊപ്പം സ്മിത പിഴച്ചവളുടെ ജീവിതം ആദി തിമിര്‍ക്കുന്നത് കണ്ടു രസിച്ചവനാണ് ഞാന്‍. ഒരു പക്ഷെ എന്‍റെ ബാല്യത്തിന്റെ കാഴ്ച പുറങ്ങളില്‍ സ്മിതയുടെ സൌന്ദര്യം ഒരു ദൌര്‍ബല്യമായിരുന്നു. അത് ഒരു വൃത്തികെട്ട ദൌര്‍ബല്യമായിരുന്നില്ലെന്നു മാത്രം. എന്തിനും പോന്ന പെണ്ണ് - വെണ്ണ തോല്‍ക്കുന്ന നായിക ഉടലുകളോട് അത്ര മമത ഉണ്ടായിരുന്നില്ല. പകരം കരുത്തിന്റെ , തന്റെടതിന്റെ കറുത്ത സൌന്ദര്യത്തോട് ഹൃദയം നിറഞ്ഞ സ്നേഹമായിരുന്നു. സ്ഫടികം കണ്ടതോട്‌ കൂടിയാണ് സ്മിത യോട് താത്പര്യം കൂടിയത്. പിന്നെ സ്മിത ലാലിനോടൊപ്പം അഭിനയിച്ചു വരുന്ന ചിത്രം കാണാന്‍ മോഹത്തോടെ കാത്തിരുന്നു. പക്ഷെ പിന്നീട് അവര്‍ ജോഡി ആയില്ല. ആ ദുഃഖം തീര്‍ക്കാന്‍ അവര്‍ ഒരുമിച്ചു നേരത്തെ അഭിനയിച്ച ചിത്രങ്ങള്‍ തിരഞ്ഞു പിടിച്ചു കണ്ടു. എണ്ണ ത്തില്‍ കുറവ് ആയിരുന്നെങ്കിലും ആ ചിത്രങ്ങള്‍ എന്‍റെ ബാല- കൌമാര മനസ്സിനെ തൃപ്തിപ്പെടുത്തി. എന്നാല്‍ ആയിടയ്ക്ക് ആയിരുന്നു സ്മിതയുടെ ദുരന്ത വാര്ത്ത നമ്മെ തേടി വന്നത്. ജീവിത നൈരാശ്യം മൂത്ത് സ്മിത ആത്മഹത്യ ചെയ്തിരിക്കുന്നു.

നമ്മെ ഒരു പാടു ആനന്ദിപ്പിച്ച , മോഹിപ്പിച്ച , ജീവിതത്തെ കുറിച്ചു പ്രതീക്ഷകള്‍ നല്കിയ സ്മിത ജീവിതം വെറുത്തു, ആനന്ദം നഷ്ടപ്പെട്ടു ,മോഹങ്ങളാല്‍ വന്ചിക്കപ്പെട്ടു ലോകം ഉപേക്ഷിച്ചു പോയി. ഇപ്പോഴും ജീവിചിരിപ്പുന്ടെന്കില്‍ മധ്യ വയസ്കയുടെ ടിപ്പിക്കല്‍ വേഷങ്ങളില്‍ മുഖ്യ ധാരാ സിനിമയുടെ ചുട്ടു വട്ടത്തു സ്മിത പമ്മി നില്‍പ്പുണ്ടാകുമായിരുന്നു. വൃദ്ധയായി അഭിനയിച്ചാലും മലയാളി സ്മിതയെ ഇഷ്ടപ്പെടും. കാരണം മലയാളി സ്നേഹിച്ചത് സ്മിതയുടെ ബാഹ്യ സൌന്ദര്യത്തെ ആയിരുന്നില്ല. അവളിലെ സ്ത്രീയെ ആയിരുന്നു.

Thursday, September 17, 2009

പൈങ്കിളിയുടെ സായാഹ്ന സവാരി


പത്ര ലോകത്തെ പൈങ്കിളികള്‍ ആണ് സായാഹ്ന പത്രങ്ങള്‍. സത്യം പറയാലോ ഒരു ദിവസം ഇവ വായിച്ചില്ല എങ്കില്‍ എനിക്ക് ഇരിക്ക പൊറുതി കിട്ടില്ല. നാഗരികനായ ഓരോ മലയാളിയുടെയും അവസ്ഥയാണിത്. അവന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന പൈങ്കിളി കുട്ടന്‍റെ സടകുടഞ്ഞുള്ള എഴുന്നെല്പ്പ് ആണത്. പാതിരാ വരെ ഇരുന്നു ടി. വി. കണ്ടാലും , പിറ്റേന്ന് പുലര്‍ച്ചയ്ക്ക് എഴുന്നേറ്റു പത്രം വിടര്‍ത്തി ആര്‍ത്തിയോടെ വായിക്കുന്ന സ്വഭാവ വിശേഷത്തിന്റെ സായാഹ്ന പതിപ്പ്.

ടി. വി. യില്‍ ഇരുപത്തിനാല് മണിക്കൂര്‍ നേരവും വാര്‍ത്ത ചൂടോടെ സ്ക്രോള്‍ ചെയ്തു പോയാലും , മലയാളി ,മണി ഒരു രണ്ടു രണ്ടര ആവുമ്പോഴേക്കും സായാഹ്ന പത്രത്തിനായി ഇടം കണ്ണിട്ടു നോക്കി നില്‍പ്പ് തുടങ്ങും . അത് എത്തിച്ചേരാന്‍ വൈകും തോറും അവനില്‍ അക്ഷമ പതയും. പത്രം എത്തിച്ചു തരുന്നവന്റെ തന്തയ്ക്കു വിളിക്കും. സഹി കെടുമ്പോള്‍ റോഡിലേക്ക് ഇറങ്ങി ചെന്നു സ്വയം വാങ്ങി വായിക്കും. ഹൊ , വല്ലാത്ത ഒരു അവസ്ഥയാണ് അത്. തിടുക്കം , വെപ്രാളം, അക്ഷമ.... വികാരങ്ങളുടെ കടല്‍ പ്രവാഹം.


ഇതറിയാവുന്ന പത്ര ലോകം മലയാളിയുടെ സായാഹ്ന വായനയ്ക്കായി പത്രങ്ങളുടെ ഒരു മഹോത്സവം തന്നെ കൊണ്ടാടുന്നുണ്ട്. പല പേരുകളില്‍ , പല രൂപത്തില്‍. പ്രഭാത പത്രങ്ങളിലെ തമ്പുരാക്കന്മാര്‍ വരെ സായാഹ്ന സവാരി നടത്തി മിടുക്കന്മാര്‍ ആണ് തങ്ങളെന്ന് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.

ആഗോള വാര്‍ത്തകള്‍ വായിക്കാനുള്ള മലയാളിയുടെ രാഷ്ട്രീയ വാന്ച്ച ഒന്നുമല്ല ഈ അത്യാര്തിക്ക് കാരണം. ബലാല്‍സംഗം, ഒളിച്ചോട്ടം, മതില്ചാട്ടം , മോഷണം, പ്രണയം തുടങ്ങിയ ഇക്കിളിപ്പെടുത്തുന്ന വാര്‍ത്തകളുടെ നനുത്ത സ്പര്‍ശം അനുഭവിക്കാനാണ് അവന്റെ ഈ തിടുക്കം. നമ്മുടെയൊക്കെ ഉള്ളിലെ മാലിന്യങ്ങള്‍ ഇത്തരം അവസരങ്ങളിലാണ് നാം പ്രദര്‍ശിപ്പിക്കുന്നത്. എല്ലാം മറച്ചുവെച്ചു മാന്യതയുടെ വെള്ള വസ്ത്രത്തിന് പുറത്തു വെളുക്കെ ചിരിച്ചു സംസ്കാര സമ്പന്നന്‍ ചമയാന്‍ ആക്രാന്തപ്പെട്ട്‌ പായുന്ന മലയാളിയുടെ ആത്മ ഭാവം ജീര്‍നമാണ് എന്നതിന്റെ തെളിവാണ് സായാഹ്ന പത്രങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മധ്യാഹ്ന- സായാഹ്ന പത്രങ്ങള്‍ അച്ചടിച്ചു പുറത്തിറങ്ങുന്നത് കേരളത്തിലാണ് എന്ന വസ്തുത അതിന് സാക്ഷ്യം പറയുന്നു.

എന്തൊക്കെ പറഞ്ഞാലും മലയാളി അവന്റെ ശീലം മറക്കില്ല. എത്ര വലിയവനും , ചെറിയവനും അവന്റെ അക ലോകങ്ങളെ തൃപ്തിപ്പെടുത്താന്‍ എന്ത് നെറികേടും കാണിക്കും. സായാഹ്ന പത്ര വായന നെറികെട്ട ഒന്നാണ് എന്ന് ഞാന്‍ പറയുന്നില്ല. അങ്ങനെ ആണെങ്കില്‍ ഏറ്റവും വലിയ വൃത്തികെട്ടവന്‍ ഞാന്‍ ആയിരിക്കും. കാരണം എന്റെ ഓഫീസില്‍ സായാഹ്ന പത്രം വായിക്കാന്‍ ഏറ്റവും താത്പര്യം കാണിക്കുന്നത് എന്റെ മാറ്റാനാവാത്ത ഒരു ശീലമാണ്. അത് വായിക്കുമ്പോള്‍ കിട്ടുന്ന വികാര വിരേചന സുഖം , കാലത്തു എഴുന്നേറ്റു ചായയും കുടിച്ചു വയറും തടവി മറപ്പുരയില്‍ പോയി ഇരുന്നാല്‍ പോലും കിട്ടില്ല.

വായന നശിച്ചു പോവാതിരിക്കാന്‍ ഈ ശീലം നമുക്കു മറക്കാതിരിക്കാം. മ പ്രസിദ്ധീകരണങ്ങള്‍ ഒരു കാലത്തു മലയാളിയുടെ വായന ശീലത്തെ പിടിച്ചു കെട്ടിയിട്ടത് പോലെ , പുതിയ തലമുറയുടെ വായനയോടുള്ള ആഭിമുഖ്യത്തെ സംരക്ഷിക്കാന്‍ സായാഹ്ന പത്രങ്ങള്‍ മുന്‍കൈ എടുക്കുന്നത് നല്ലതാണ്. അങ്ങനെ എങ്കിലും മലയാളി അറിവുകള്‍ കൊണ്ടു സമ്പന്നന്‍ ആകട്ടെ. മനസ്സിന്റെ ഇക്കിളി , പതുക്കെ പതുക്കെ നമ്മുടെ ബുദ്ധിയുടെയും ഇക്കിളി ആയി മാറട്ടെ.

Wednesday, September 16, 2009

കരിയിലകള്‍ക്ക് കാറ്റു പിടിക്കുമ്പോള്‍

കെ. ജി . ശങ്കരപ്പിള്ളയുടെ ബംഗാള്‍ എന്ന കവിത ഇന്നു പ്രസക്തമാകുന്നത് , ആ പേരില്‍ അറിയപ്പെടുന്ന സംസ്ഥാനത്തിന്റെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചു ആലോചിക്കുമ്പോഴാണ്. കരിയിലകള്‍ക്ക് കാറ്റു പിടിക്കുന്ന ഒരു ബിംബ കല്പന ആ കവിതയുടെ ശക്തി സൌന്ദര്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു സന്ദര്‍ഭം ഉണ്ട്. തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലത്തില്‍ ആണ് ആ കവിത രൂപം കൊണ്ടതെന്കിലും , ബംഗാളിന്റെ ഇന്നത്തെ സാഹചര്യം കെ. ജി. എസിന്റെ വരികളെ ഓര്‍ക്കുന്നത് അനിവാര്യമായ ഒരു പ്രക്രിയ ആക്കുന്നു.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക് നിസ്സീമമായ ജനപിന്തുണ ഉണ്ടായിരുന്ന സംസ്ഥാനമായിരുന്നു ബംഗാള്‍. മുപ്പതു വര്‍ഷത്തോളം ഇടതുപക്ഷത്തിന്റെ കൈകളില്‍ ഭദ്രമായിരുന്ന ബംഗാളിന്റെ ഭരണം ഇന്നു ശക്തമായ ഭീഷണി നേരിടുകയാണ് എന്ന് പറഞ്ഞാല്‍ കേരളത്തിലെ മാര്‍ക്സിസ്റ്റുകാര്‍ തിന്നാന്‍ വന്നേക്കരുത്. യഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ വൈമനസ്യം കാണിച്ചാല്‍ ഉറ്റു നോക്കുന്ന ദുരന്തത്തെ നേരിടാന്‍ പറ്റാതെ പരാജയം സമ്മതിച്ചു ഒടുക്കം കീഴടങ്ങേണ്ടാതായി വരും. ചുവന്ന ബംഗാളിന്റെ മഹാ പാരമ്പര്യം മമത ബനെര്‍ജിയും , ഏതാനും ചില മാവോയിസ്റ്റ് വന്യ ശക്തികളും കൂടി തകര്ത്തു തരിപ്പണമാക്കാന്‍ ജനകീയവും സാമ്പത്തികവുമായ ശക്തി ഉപയോഗിച്ചു പരിശ്രമിക്കുകയാണ്.
ബംഗാളിലെ ഇടതുപക്ഷത്തിന് എവിടെയാണ് പിഴച്ചത്? സിന്ഗൂരിലും നന്ദിഗ്രാമിലും പറ്റിയ പിഴവിന്റെ കൂലിയാണ് ഇപ്പോള്‍ ഒടുക്കുന്നതെന്ന് ഒറ്റ നോട്ടത്തിലെ കാഴ്ച കണ്ടു പറഞ്ഞു പോകാം. പക്ഷെ അത് ഉപരിപ്ലവമായ ഒരു വിലയിരുത്തല്‍ മാത്രം. സിന്ഗൂരും , നന്ദിഗ്രാമും ഇടതുപക്ഷത്തിനെതിരെ തീവ്രമായി പ്രതികരിക്കുന്നതിനു സഹായകമായ ഒരു അവസ്ഥ അതിന് മുന്പ് തന്നെ രൂപപ്പെട്ടിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. മുപ്പതിലധികം വര്ഷത്തെ എതിരാളികളില്ലാത്ത തികച്ചും ഏകാധിപത്യം എന്ന് തന്നെ വിളിക്കാവുന്ന ഒരു ഭരണ വ്യവസ്ഥ സൃഷ്‌ടിച്ച അരാജകാവസ്ഥ ബംഗാളിന്റെ വിധി മാറ്റിയെഴുതാന്‍ ഇന്നു ഒരുമ്പെടുകയാണ്.
മടുപ്പിന്റെ അങ്ങേത്തലയ്ക്കല്‍ എത്തിച്ചേര്‍ന്ന ജനത ഒരു മാറ്റം ആഗ്രഹിക്കുന്നു. ആ ആഗ്രഹത്തെ ത്വരിതപ്പെടുത്തുന്ന അന്തരീക്ഷമാണ് മാര്‍ക്സിസ്റ്റുകാര്‍ ബംഗാളില്‍ ഒരുക്കി വെച്ചതും. വികസനം വ്യവസായത്തിലൂടെ മാത്രമെ സാധ്യമാവൂ എന്ന ഒരു നിലപാടില്‍ ബംഗാള്‍ സര്‍ക്കാര്‍ ഭൂരിപക്ഷത്തിന്റെ അതിജീവനോപധിയായ കൃഷിയെ പാടെ വിസ്മരിച്ചതില്‍ നിന്നും തുടങ്ങുന്നു ഇടതുപക്ഷ ബംഗാളിന്റെ തളര്‍ച്ച. ജനങ്ങള്‍ ഇച്ച്ചിച്ചത് ഒന്നു. സര്‍ക്കാര്‍ കൊണ്ടുപിടിച്ചു നടപ്പിലാക്കാന്‍ ശ്രമിച്ചത് മറ്റൊന്ന്. കാലത്തിന്റെ പരിണാമ വഴികളില്‍ ഒരിക്കലും എത്തിച്ചേരാന്‍ ആവാത്ത വിധം , പ്രാരാബ്ധങ്ങളില്‍ പെട്ടുഴലുന്ന ഒരു സമൂഹത്തിനു കമ്പ്യൂട്ടറും , കാറും മൂന്നു നേരത്തെ ആഹാരം ഊട്ടി സന്തോഷിപ്പിക്കല്ല എന്ന സത്യം ബംഗാള്‍ സര്‍ക്കാര്‍ തിരിച്ചറിയാന്‍ വൈകിപ്പോയി.
ഒരു മാര്‍ക്സിസ്റ്റുകാരന്‍ എങ്ങനെയാവരുത് എന്ന് കണ്ടു പഠിക്കണമെങ്കില്‍ ബംഗാളില്‍ ചെല്ലണം. ധാര്‍ഷ്ട്യം, പുച്ഛം, ആര്‍ത്തി തുടങ്ങിയ മ്ലേച്ച മൂല്യങ്ങളുടെ സര്‍വാധിപത്യം ബംഗാളിലെ ഏറ്റവും താഴെ കിടയിലുള്ള പാര്‍ട്ടി പ്രവര്തകനെപ്പോലും ദുഷിപ്പിചിചിരിക്കുന്നു. ചോദ്യം ചെയ്യാന്‍ ആരും ഇല്ലാത്തതിന്റെ ഭയ രാഹിത്യം അവനെ അലസനും തണ്ടനും ആക്കി മാറ്റിയിരിക്കുന്നു. ഗുണ്ടകളും, കള്ളപ്പണക്കാരും, അധോലക ശക്തികളും ഒക്കെയാണ് അവന്റെ സംരക്ഷകര്‍, അല്ലെങ്കില്‍ ഇഷ്ട്ടക്കാര്‍.
സാധാരണക്കാരില്‍ നിന്നും പാര്‍ട്ടിയും നേതാക്കന്മാരും അകന്നു എന്നത് പാര്‍ട്ടി തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞ സത്യം. പാര്‍ട്ടിയെ പാര്‍ട്ടി ആക്കിയ ബംഗാളിന്റെ മണ്ണില്‍ നിന്നും മാര്‍ക്സിസ്റ്റുകാര്‍ ദന്ത ഗോപുരങ്ങളിലേക്ക് യാത്ര പോകരുതായിരുന്നു. അടിയുറപ്പ് ഇല്ലാത്ത ഏത് താജ് മഹാളിനും ഒടിഞ്ഞു കുത്തി വീഴാന്‍ വലിയ പ്രയാസമില്ല എന്ന സത്യം മനസ്സില്‍ ഓര്‍ക്കേണ്ടതാണ്. തന്റെ നേര്‍ക്ക്‌ നടന്നു വരുന്ന പാവപ്പെട്ടവന്റെ മുഖത്ത് നോക്കി ഒരു ചെറു ചിരി. ഒറ്റവാക്കില്‍ ഒരു കുശലം. അവന് അത് മതി. ഹൃദ്യമായി ചിരിക്കാന്‍ മറന്നു പോയതാണ് ബംഗാളിലെ മാര്‍ക്സിസ്ട്ടുകാരന് പറ്റിയ ഏറ്റവും വലിയ പിഴവ്. ഗാന്ധിജിയെ നമ്മള്‍ മറക്കാത്തത് ആ മുഖത്ത്തെളിഞ്ഞു കാണാറുള്ള മന്ദഹാസത്തിന്റെ പ്രഭ നമ്മുടെ മനസ്സിനെ തൊട്ടു തലോടുന്നത് കൊണ്ടാണ്. ചിരിക്കാന്‍ കഴിവുള്ള ഏക ജന്തു മനുഷ്യന്‍ മാത്രമാണ്. എന്ന് വെച്ചു ആ ചിരി അപരന്റെ ഹൃദയത്തെ കുത്തി മലര്‍ത്താന്‍ ഉള്ളതാവരുത്.
കഴിഞ്ഞ ലോകസഭ ഇലക്ഷന്‍ , ഉപ തെരഞ്ഞെടുപ്പുകള്‍, തദേശ തെരഞ്ഞെടുപ്പുകള്‍ എന്നിവയില്‍ എല്ലാം മാര്‍ക്സിസ്റ്റു പാര്‍ട്ടി ബംഗാളില്‍ പരാജയം സമ്മതിച്ചു പിന്മാരിയിരിക്കുന്നു. ഈ കാഴ്ച അസഹ്യമാണ്. ഇടതുപക്ഷം തോല്‍വി സമ്മതിച്ചു പിന്മാറി നില്ക്കുന്ന ഒഴിവിലേക്ക് കടന്നു വരുന്നതു ദുഷ്ട ശക്തികള്‍ ആയിരിക്കും. നാടിനോടും നാട്ടുകാരോടും സ്ഥായിയായ കൂറില്ലാത്ത , സ്ഥാപിത താല്പര്യങ്ങളുടെ പ്രത്യശാസ്ത്രത്തെ പിന്‍ തുണച്ചു ഭരണം നടത്താന്‍ ശ്രമിക്കുന്നവര്‍. അവര്‍ ഒരു കാലത്തും രാജ്യത്തിന്റെ അഖണ്ഡമായ ബോധത്തെ സാക്ഷാല്‍ക്കരിക്കാന്‍ ഉത്സുകര്‍ ആയിരിക്കില്ല.
ബംഗാളിലെ ഇടതുപക്ഷത്തിന് തെറ്റ് തിരുത്താന്‍ ഇനിയും സമയമുണ്ട്. തെരഞ്ഞെടുപ്പിനു രണ്ടു വര്ഷം ബാക്കിയുണ്ട്. ജനോപകാരപ്രദമായ ഭരണ നടപടികള്‍ സ്വീകരിച്ചു നഷ്ടപ്പെട്ടുപോയ സുന്ദര മുഖം തിരിച്ചു പിടിക്കാന്‍ കഴിയേണ്ടതാണ്. ഇല്ലെങ്കില്‍ കാലം നിങ്ങള്ക്ക് ഒരിക്കലും മാപ്പു തരില്ല.

Wednesday, August 5, 2009

സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ



കേരളത്തിന്റെ സൌന്ദര്യ മത്സരം ഇന്നു നടക്കും. കൊച്ചിയാണ് വേദി. ഇതിനകം തന്നെ സംഭവം ഒരു വിവാദമായി കഴിഞ്ഞു . കൊച്ചിക്കാരന്‍ ഒരു വക്കീല്‍ അരസികന്‍ ഹൈക്കോടതിയില്‍ നല്കിയ ഒരു പൊതു താല്പര്യ ഹരജി പരിഗണിച്ചു, നീതി പീടവും മത്സരത്തില്‍ ഇടപെട്ട് കഴിഞ്ഞു . കോടതി നിയമിച്ച പ്രത്യേക സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കണം മത്സരം സംഘടിപ്പിക്കേണ്ടത്‌ എന്നാണു വിധി. കോടതി വിധിക്ക് പുറമെ, സദാചാര സംരക്ഷണത്തിന്റെ ആലഭാരം മുഴുവന്‍ ഏറ്റെടുത്തിരിക്കുന്ന ചില മത -സാമൂഹ്യ സംഘടനകളും സൌന്ദര്യ മത്സര വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും പോലീസിന് പണിയായി. സുന്ദരിമാര്‍ കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ ബുദ്ധിയും ശരീരവും കൊഴുപ്പിച്ചു സമ്മാനവും വാങ്ങി തടി തപ്പും. പാവം പോലീസുകാരും , സമരക്കാരും. കൊച്ചിയിലെ പൊടിയും നാറ്റവും സഹിച്ചു ഉന്തും തല്ലും നടത്തി വിയര്‍ത്തും പൊട്ടിയും വീട് പിടിക്കേണ്ടി വരും.


ലോക സൌന്ദര്യ മത്സരം സംവിധാനം ചെയ്തു ശ്രദ്ധ പിടിച്ചുപറ്റിയ നമ്മുടെ പ്രിയദര്‍ശന്‍ കൊച്ചിയില്‍ വിധി കര്‍ത്താവായി വരുന്നുണ്ട്. ബംഗലൂരുവില്‍ മുന്പ് അമിതാ ബച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തിയ ആ വിവാദ സൌന്ദര്യ മത്സരം നമുക്കു ഓര്‍മ്മയുണ്ടാവും. അത് ലോക സൌന്ദര്യ മത്സരമായിരുന്നു. അന്ന് ഉയര്ന്നു വന്ന ആരോപണങ്ങളും , സമരങ്ങളും , സംഘാടകരെ കൂടുതല്‍ ആവേശ ഭരിതരാക്കുകയാണ് ചെയ്തത്. അഞ്ചു പൈസ മുടക്കാതെ ചുളുവില്‍ പബ്ലിസിറ്റി കിട്ടാന്‍ വിവാദ വ്യവസായം കൊണ്ടു കഴിയും. പക്ഷെ മത്സരം അവസാനിച്ചു പൊടി അടങ്ങിയപ്പോള്‍ , അമിതാബ് എണ്ണ നടന്‍പാപ്പരായത് മാത്രമായിരുന്നു മിച്ചം. മത്സരത്തില്‍ പങ്കെടുത്തു സമ്മാനം വാങ്ങിയ തരുണീമണി പലവഴി കോടികള്‍ സമ്പാദിച്ചു ലോക ശ്രദ്ധയില്‍ നിന്നു തന്നെ തല്‍ക്ഷണം നിഷ്ക്രമിച്ചു. ആ സുന്ദരിയെ ലോകം പോയിട്ട്, ഇന്ത്യ പോയിട്ട്, ആസുര താളത്തില്‍ മിന്നി മറയുന്ന നഗരം പോലും ഓര്‍ക്കുന്നുണ്ടോ എന്ന് സംശയം. അതുവരെ ഇന്ത്യക്കാരായ കുറച്ചു സുന്ദരിമാര്‍ക്ക് സൌന്ദര്യ പട്ടം നല്കി , രാജ്യമാകമാനം സുന്ദരികളെ സൃഷ്ടിക്കാനുള്ള വ്യാമോഹങ്ങളുടെ ഒരു പ്ലാറ്റ് ഫോം ഒരുക്കി , നമ്മുടെ പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ അകപ്പെടുത്താനുള്ള ഒരു സാമ്രാജ്യത്വ അജണ്ട നടപ്പിലാകിയ ലോക വ്യവസായ ഭീമന്മാര്‍ , ബാംഗ്ലൂരില്‍ അതിന്റെ അവസാന ഘട്ട റിഹേഴ്സല്‍ ,നടത്തി തങ്ങളുടെ മോഹം സാധിക്കുകയായിരുന്നു. അതോടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും സൌന്ദര്യ മത്സരങ്ങളുടെ വിപണി കൊഴുത്തു പടര്ന്നു. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ബിസിനസ്സുകാര്‍ തങ്ങളുടെ ആസ്തി കോടികളില്‍ നിന്നും കോടികളിലേക്ക് വര്‍ധിപ്പിച്ചു. പാവം പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ നഷ്ട സ്വപ്നങ്ങളുടെ തീരത്ത് കുടില് കെട്ടി പാര്‍ത്തു. പണവും പോയി, മാനവും പോയി , ഉള്ളതെല്ലാം പഞ്ച നക്ഷത്ര ഹോട്ടലുകളുടെ പിന്നാം പുറത്തു ദുര്‍ഗന്ധം പടര്‍ത്തി അഴിഞ്ഞു വീണും പോയി. രക്ഷപ്പെട്ട ചുരുക്കം ചിലര്‍ വിട് വായത്തം മൂലധനമാക്കി എങ്ങനെയൊക്കെയോ പിടിച്ചു നിന്നു.


ഇവിടെ കേരളത്തിലെ പുതു തലമുറയും സൌന്ദര്യ മല്‍സരങ്ങളുടെ വര്‍ണ്ണ പകിട്ടില്‍ ആന്ധ്യം ബാധിച്ചു ദിക്കരിയാത്തവര്‍ ആയി പട്ടു പോയിരിക്കുന്നു. പെണ്‍കുട്ടികള്‍ രണ്ടും കല്‍പ്പിച്ചാണ്. തോട് പൊട്ടി പുറത്തു വരാനുള്ള കാലം പോലും ആയിട്ടില്ലാത്ത കുട്ടികള്‍ നഗ്നാരായും , പച്ച ചിരി ചിരിച്ചും ക്യാമറകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ കാലത്തിന്റെ അഗ്നി പ്രവാഹത്തില്‍ മനസ്സും നന്മയും ഉരുക്കി കലയാത്തവര്‍ നടുങ്ങി നില്‍ക്കുകയാണ്‌. തങ്ങളുടെ കുട്ടികളുടെ ശരീരത്തിന്റെ അഴക്‌ കാമപ്പനി പിടിച്ച പുരുഷ കേസരികളുടെ നയന ഭോഗത്തിന് വിധേയമായി അഴുകിക്കൊണ്ടിരിക്കുകയാനെന്ന സത്യം രക്ഷിതാക്കള്‍ തിരിച്ചറിയാതെ പോകുന്നു. അറിഞ്ഞാലും അവഗണിക്കുന്നു. കാരണം ഇത്തരം സംരംഭങ്ങള്‍ വഴി മക്കളെ പ്രദര്‍ശന വസ്തുക്കള്‍ ആക്കി , ലക്ഷങ്ങള്‍ സമ്പാദിച്ചു ശേഷിച്ച കാലം അല്ലാലോ അലട്ടോ ഇല്ലാതെ ജീവിക്കാം എന്നതാണല്ലോ ഒരു മലയാളിയുടെയും വ്യാമോഹം. ഇതു ഒരു കോടതിക്കും , സംഘടനയ്ക്കും തടയാനോ, തകര്‍ക്കാനോ കഴിയാത്ത വ്യാധി ആണ്. ഓരോ നിമിഷം കൂടും തോറും ഈ രോഗം വര്‍ദ്ധിച്ചു കൊണ്ടിരിക്കും. എന്നെങ്കിലും ഒരു തിരിച്ചു പോക്ക് സാധ്യമാകുകയാണ് എങ്കില്‍ , അന്ന് അവര്‍ മനസ്സിലാക്കും ഒരു പാടു വൈകിപ്പോയി എന്ന്.

Monday, August 3, 2009

ഋതു- ഗാനങ്ങള്‍ തെറ്റുമ്പോള്‍

ഋതു - ശ്യാമപ്രസാദിന്റെ പുതിയ സിനിമ .യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് , മാറുന്ന ലോകത്തിന്റെ ചില പ്രവണതകള്‍ വരച്ചുകാട്ടുകയാണ് തന്റെ ദൌത്യമെന്ന് ചിത്രത്തെ കുറിച്ചു ശ്യാം പറയുന്നു. അഭിനയിക്കുന്നവരില്‍ മിക്കതും പുതു മുഖങ്ങളാണ്. അണിയറയിലും നവാഗതര്‍ക്ക് തന്നെയാണ് പ്രാമുഖ്യം. പക്ഷെ സംഗീത സംവിധായകനും, ഗാന രചയിതാവും മാത്രം മലയാളത്തില്‍ ഇതിനകം പേരെടുത്തു കഴിഞ്ഞവരാണ് . രാഹുല്‍ രാജും, റഫീഖ് അഹമ്മദും.

ശ്യാമപ്രസാദിന്റെ സിനിമകളില്‍ സംഗീതത്തിനു സവിശേഷമായ പ്രാധാന്യം പൊതുവെ കൊടുത്തു കാണാറുണ്ട്‌. ആദ്യ ചിത്രമായ അഗ്നിസാക്ഷി തന്നെ കൈതപ്രത്തിന്റെ ആര്‍ദ്രവും , ഭാരതീയവുമായ ഈണങ്ങള്‍ കൊണ്ടു സമ്പന്നമായിരുന്നു. കല്ലുകൊണ്ടൊരു പെണ്ണ് എണ്ണ ചിത്രത്തിലും പാട്ടുകള്‍ ഉണടായിരുന്നെന്കിലും, അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നില്‍ ഇളയരാജ ആയിട്ട് പോലും. അല്ലെങ്കില്‍ തന്നെ ആ ചിത്രം ശ്യാമിന്റെ ഒരു രചനയാണ് എന്ന് പറയുന്നതു പോലും ക്രൂരതയാണ്. പിന്നീട് വന്ന അകലെ, ഒരേ കടല്‍ എന്നീ ചിത്രങ്ങളിലെ പാട്ടുകളെല്ലാം ഒന്നിനൊന്നു മികച്ചതും , ശ്രദ്ധേയവും ആയിരുന്നു. ഒരു പക്ഷെ സിനിമകളേക്കാള്‍ ആയുസ്സ് അതിലെ പാട്ടുകള്‍ക്ക് ആയിരിക്കും. മാത്രമല്ല അകലെ എന്ന ചിത്രത്തിലെ പാട്ടുകള്‍ വിവാദം സൃഷ്ടിച്ചതും മറക്കാന്‍ കഴിയില്ല. പാട്ടുകളുടെ ഈണം സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ മോഷ്ടിച്ചതാണെന്ന ആരോപണവും, പാട്ടുകള്‍ ചിത്രത്തില്‍ ഉള്പ്പെടുത്താതിരുന്നതും അക്കാലത്തെ മൂല്യമുള്ള ചൂടേറിയ വാര്‍ത്തയായിരുന്നു. സംവിധായകന്‍ , തന്റെ ചിത്രത്തിലെ മറ്റു കലാകാരന്മാര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കുന്നതിനു വിഘാതം സൃഷ്ടിച്ചത് ആ വര്ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പുറത്തു വന്നപ്പോള്‍ വലിയ ചര്‍ച്ചയ്ക്ക് വിധേയമായി. എന്ത് തന്നെ ആയാലും ശ്യാം ആ ചെയ്തത് മറ്റൊരു കലാകാരനോട്‌ കാണിക്കാവുന്ന ഏറ്റവും വലിയ അവഗണന തന്നെ ആയിരുന്നു.

ഇനി രിതുവിലേക്ക് വരാം. ആദ്യ കേള്‍വിയില്‍ തന്നെ ഗാനങ്ങള്‍ മടുപ്പിച്ചു എന്ന് പറഞ്ഞാല്‍ ശ്യാം മുഷിയരുതു. രാഹുല്‍ രാജാണ് ഗാനങ്ങള്‍ക്ക് പിന്നില്‍ എന്നറിഞ്ഞപ്പോള്‍ തന്നെ അത്ര പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. കേട്ടപ്പോള്‍ പ്രതീക്ഷ നല്‍കാതിരുന്നത് നന്നായെന്നു തോന്നി. യുവാക്കള്‍ക്ക് പ്രാധാന്യം നല്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരു യുവ സംഗീത സംവിധായകന്‍ തന്നെ വേണമെന്നത് ശ്യാമിന്റെ ആഗ്രഹമായിരുന്നിരിക്കാം. പക്ഷെ ഒരു സത്യം പറയട്ടെ. മലയാള സിനിമയുടെ ഗാന ലോകത്ത് രാഹുല്‍ ഒരു ശിശുവാണ്. പിച്ച വെക്കാന്‍ പോയിട്ട് കമിഴ്ന്നു വീഴാന്‍ പോലും പ്രായമായിട്ടില്ലാത്ത ശിശു. എന്തിന് ശ്യാം ഈ കുട്ടിയെ ഒരു മഹത്തായ കര്‍ത്തവ്യം ഏല്പിച്ചു ? ശ്യാമിന്റെ ഗുരുവിനു രാഹുല്‍ ശിഷ്യപ്പെട്ടത്തിന്റെ ഉപകാരമാണോ? ശൂന്യതയില്‍ നിന്നും എടുക്കാവുന്ന വെറും വിഭൂതിയല്ല സംഗീതം. അതിന് ജന്മസിദ്ധമായ പ്രതിഭയും , മനനം ചെയ്യാനുള്ള മനസ്സും, ആവശ്യമാണ്‌. ഈ പ്രത്യേകതകളൊന്നും രാഹുല്‍ എന്ന സംഗീത സംവിധായകന് ഇല്ലെന്നു ഖേദ പൂര്‍വ്വം പറയട്ടെ.

സംഗീതം ചെയ്തു മാത്രമല്ല പാടിയും കൊന്നിരിക്കുന്നു രാഹുല്‍. നേരത്തെ മലബാര്‍ കല്യാണത്തില്‍ രാഹുല്‍ പാടി നശിപ്പിച്ച ഒരു പാട്ടുണ്ട്. അതുപോലെ ഒരെണ്ണം ഇതാ ഋതുവിലും. വേനല്‍ കാറ്റില്‍ എന്നാണു തുടക്കം. വേനലില്‍ അല്ല തീ കാട്ടിലാണ് ആ പാട്ടു കേട്ടാല്‍ നാം എത്തുക. കുറച്ചു ഭേദപ്പെട്ട ഒരു ഗാനം ഈ ചിത്രത്തില്‍ ചൂണ്ടിക്കാട്ടാന്‍ ഉണ്ടെങ്കില്‍ അത് ഗായത്രിയും, സുചിത്‌ സുരേഷും ചേര്ന്നു പാടിയ പുലരുമോ എന്ന് തുടങ്ങുന്ന പാട്ടു മാത്രമാണ്.

ഒരു കാര്യം ഉറപ്പു. ഈ പാട്ടുകള്‍ ഒന്നും യുവാക്കള്‍ ഏറ്റെടുക്കും എന്ന് എനിക്ക് തീരെ പ്രതീക്ഷയില്ല. ശ്യാമിന്റെ പരീക്ഷണം പാട്ടുകളെ സംബന്ധിച്ച് ഒരു വന്‍ പരാജയം തന്നെയെന്ന്‌ പറയാം.

Wednesday, July 8, 2009

പെണ്ണായ നിന്നെയിഹ- അവസാന ഭാഗം

മാളു ടീച്ചര്‍ പ്രതീക്ഷിച്ച പോലെ ബെന്നിയുടെ ഫോണ്‍ അന്നും വന്നു. സമയം ഏകദേശം പത്തുമണി കഴിഞ്ഞു കാണും. ടീച്ചര്‍ അടുക്കളയില്‍ പാചകത്തിനുള്ള ഒരുക്കത്തിലായിരുന്നു. എല്ലാ ഞായറാഴ്ചയും പതിവുള്ള പോലെ ചന്ദ്രന്‍ മാഷ്‌ കോഴി ഇറച്ചി കൊണ്ടു വന്നിട്ടുണ്ടായിരുന്നു. അത് കറിവെക്കാനുള്ള പ്രാഥമികമായ തയ്യാറെടുപ്പിലായിരുന്നു ടീച്ചര്‍. മാത്രമല്ല വീട്ടില്‍ ആരും ഉണ്ടായിരുന്നുമില്ല. മാഷ്‌ തന്റെ അനുജന്റെ വീട്ടില്‍ പതിവു സന്ദര്‍ശനത്തിനായി , പ്രാതലും കഴിച്ചു ഇറങ്ങിയിരുന്നു. മകള്‍ ആകട്ടെ ഡാന്‍സ് ക്ലാസ്സിനും പോയിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ടീച്ചര്‍ ഒറ്റയ്ക്ക് ആയിരുന്നു, അന്ന്.

മൊബൈലിന്റെ റിംഗ് ടോണ്‍ കേട്ടപ്പോള്‍ ടീച്ചര്‍ ഒന്നു നടുങ്ങി. അവന്‍ തന്നെ.
പ്രതീക്ഷിച്ചതാണ്. അറുത്തു മുറിച്ചിടാന്‍ തീരുമാനിച്ചതുമാണ്. പക്ഷെ അവിടെയെത്തുമ്പോള്‍ ഒരു വിറ ... മറവി... തളര്‍ച്ച... എന്ത് ചെയ്യും ?

പറയാന്‍ കരുതിയതൊക്കെ വിസ്മരിച്ചു ടീച്ചര്‍ ഫോണ്‍ എടുക്കാനായി അകത്തേക്ക് ചെന്നു. ഡിസ്പ്ലയില്‍ അവന്റെ നമ്പര്‍ തന്നെ. ടീച്ചര്‍ ഫോണിലേക്ക് ഉറ്റു നോക്കി കുറച്ചു നേരം നിന്നു. റിംഗ് ടോണിന്റെ ശബ്ദം അസഹ്യമായപ്പോള്‍ , അത് ഓണ്‍ ചെയ്തു കാതോട് ചേര്‍ത്തു.

ബെന്നിയുടെ തരളമായ സ്വരം ടീച്ചര്‍ കേട്ടു. ടീച്ചര്‍ എന്ത് മറുപടി പറയും ?
പുളിച്ച തെറി പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്യുമോ? തന്റെ നിസ്സഹായാവസ്ഥ ബെന്നിയെ പറഞ്ഞു ബോധ്യപ്പെടുത്തി , അവനെ ഈ വഴി വിട്ട പ്രവര്‍ത്തിയില്‍ നിന്നും പിന്തിരിപ്പിക്കുമോ ? അന്യന്റെ ഭാര്യയെ മോഹിക്കുകയോ, കാമിക്കുകയോ ചെയ്യരുത് എന്‍ന സദാചാര വചനം തെര്യപ്പെടുത്തി അവനെ ഉദ്ബുധ്ധനാക്കുമോ ? വിവാഹിതന്‍ അല്ലെങ്കില്‍ , എത്രയുംപെട്ടെന്ന് ഒരു പെണ്ണിനെ കണ്ടുപിടിച്ചു ജീവിതത്തിന്റെ ഭാഗമാക്കുകയും , അങ്ങനെ അവളിലേക്ക്‌ തന്റെ സ്നേഹവും , കാമവും ഒക്കെ വഴിതിരിച്ചു വിടുകയും ചെയ്യുക എന്ന് ബെന്നിയെ ഉപദേശിക്കുമോ ? തനിക്ക് നല്കാവുന്നതിലും വലിയ ജീവിത സൌഭാഗ്യങ്ങളുടെ നടുവിലാണ് തന്റെ ഇപ്പോഴത്തെ ജീവിതം എന്ന് വീമ്പു പറഞ്ഞു അവനെ നാണം കെടുത്തുകയും, അസ്തപ്രജ്ഞാനാക്കുകയും ചെയ്യുമോ ? എന്താണ് ടീച്ചറുടെ ഭാവം ?

ഞാന്‍ ഏതായാലും ടീച്ചറെ ഇവിടെ ഉപേക്ഷിക്കുന്നു. വല്ലാത്ത ഒരു പ്രതിസന്ധിയില്‍ മാളു ടീച്ചറെ അകപ്പെടുത്തി ഞാന്‍ തടിതപ്പുകയാണ് എന്ന് നിങ്ങളില്‍ പലരും കരുതുന്നുണ്ടാവും. അതെ , ഞാന്‍ അത് സമ്മതിക്കുന്നു.
പഠിപ്പും വിവരവുമുള്ള ഒരു സ്ത്രീയാണ് അവര്‍. ഏത് സന്നിഗ്ധാവസ്ഥയില്‍ നിന്നും രക്ഷപ്പെട്ടു വരാനുള്ള തന്റേടം കാണിക്കേണ്ടത് ഒരു ആധുനിക സ്ത്രീയുടെ ഉത്തരവാദിത്തമാണ്. ആണ്‍ പിറന്നവന്റെ രക്ഷ എല്ലാ കാലത്തും പ്രതീക്ഷിക്കുന്നത് ഏറ്റവും വലിയ തെറ്റ്. വില്ലനായും നായകനായും പുരുഷന്‍ തന്നെ നിറഞ്ഞു നില്‍ക്കുമ്പോള്‍ സ്ത്രീയുടെ രക്ഷ സ്ത്രീ തന്നെ നോക്കണം. പിന്നെ ഏത് കാര്യത്തിലും ആത്യന്തികമായി ഒരു തീരുമാനം അവകാശം , ആ കാര്യത്തിന്റെ ഗുണഭോക്താവ് ആരാണോ അവര്ക്കു തന്നെയാണ്, ഫലം പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും . ഗുഡ് ബൈ

Tuesday, July 7, 2009

പെണ്ണായ നിന്നെയിഹ- രണ്ടാം ഭാഗം

നമുക്കു കഥ തുടരാം.

മാളു ടീച്ചര്‍ വിഷമിച്ചത് വേറൊന്നും കൊണ്ടല്ല. ടീച്ചര്‍ക്ക് ആയിടെയായി ഒരു അജ്ഞാതന്റെ ഫോണ്‍കാള്‍ നിരന്തരമായി വന്നു കൊണ്ടിരിക്കുന്നു. അതും ടീച്ചറുടെ മൊബൈല് ഫോണിലേക്ക്.

വിളി വരാന്‍ തുടങ്ങിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. ഏറിയാല്‍ രണ്ടോ മൂന്നോ ആഴ്ച. പത്തോ പന്ത്രണ്ടോ കോളുകള്‍ ഇതിനകം വന്നു കാണും. ആദ്യം അയാള്‍ വിളിച്ചത് റോങ്ങ്‌ നമ്പര്‍ ആയാണ്. ഏതോ ഒരു ജ്യോതിയെ അന്വേഷിച്ചു കൊണ്ട്. താന്‍ അന്വേഷിക്കുന്ന ആള്‍ അല്ലെന്നു അറിഞ്ഞപ്പോള്‍ സോറി പറഞ്ഞു അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു. അന്നൊരു ഞായറാഴ്ച ആയിരുന്നു. അന്ന് രാത്രി തന്നെ വീണ്ടും അയാളുടെ കാള്‍ വന്നു. ജ്യോതിയാണോ എന്ന് ചോദിച്ചു കൊണ്ട് തന്നെ. കുറച്ചു കടുത്ത സ്വരത്തില്‍ അല്ലെന്നു അറിയിച്ചപ്പോള്‍ അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു. പക്ഷെ അപ്പോഴും ക്ഷമ ചോദിക്കാന്‍ മറന്നില്ല.

പിന്നീട് അയാളുടെ വിളി വന്നത് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ , ഒരു ഉച്ച നേരത്തായിരുന്നു. ഊണ് കഴിഞ്ഞു സ്കൂള്‍ ലൈബ്രറിയില്‍ ഇരുന്ന് അന്നത്തെ പത്രങ്ങള്‍ മറിച്ചുനോക്കുമ്പോള്‍ ആയിരുന്നു അത്. അത്തവണ അയാള്‍ ജ്യോതിയെ ചോദിച്ചില്ല. ചോദിച്ചത് മാളു ടീച്ചര്‍ അല്ലെ എന്ന് തന്നെ ആയിരുന്നു. ടീച്ചര്‍ ശരിക്കും ഞെട്ടിപ്പോയി. മിണ്ടാന്‍ പോലും ആവാതെ ടീച്ചര്‍ പതറി. വളരെ സൌമ്യമായി , സ്നേഹപൂര്വ്വം അയാള്‍ സംസാരിച്ചു. ഏതാനും നിമിഷങ്ങള്‍ ആ സംസാരം നീണ്ടു നിന്നു. ഒരബോധാവസ്ഥയില്‍ എന്നോണം ടീച്ചര്‍ പ്രതികരിച്ചു. ഫോണ്‍ അയാള്‍ കട്ട്‌ ചെയ്ത ശേഷവും അനങ്ങാനാവാതെ ടീച്ചര്‍ ഇരുന്നുപോയി. ആരാണ് അവന്‍ ? എന്താണവന്‍ പറഞ്ഞതു ? അവനോട് ഞാന്‍ എങ്ങനെയാണ് ഇത്ര നേരവും ക്ഷമാപൂര്‍വ്വം പെരുമാറിയത് ? അവന് എങ്ങനെയാണ് എന്റെ നമ്പര്‍ കിട്ടിയത് ? മാത്രമല്ല എന്റെ പേരു പോലും അവന്‍ അറിഞ്ഞിരിക്കുന്നു . എങ്ങനെ ഇതൊക്കെ ..... ടീച്ചര്‍ തല കറങ്ങി നിലത്തു വീണില്ല എന്നെ ഉള്ളു.

അന്ന് രാത്ര‌ി ടീച്ചര്‍ ഉറങ്ങിയില്ല. അവന്‍ വീണ്ടും വിളിക്കുമോ എന്ന ആശങ്കയായിരുന്നു അവര്ക്കു. പക്ഷെ ഭാഗ്യമെന്നു പറയട്ടെ അന്ന് അവന്റെ ഫോണ്‍ കാള്‍ പിന്നെ വന്നില്ല. എന്നാല്‍ ടീച്ചറുടെ ദയനീയാവസ്ഥ ഒന്നും അറിയാതെ ചന്ദ്രന്‍ മാഷ്‌ സുഖമായി ഉറങ്ങി.

പിന്നീട് വീണ്ടുമൊരു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വിളി ആവര്‍ത്തിച്ചു. അത് ഇപ്പോഴും തുടരുന്നു. ഇതിനിടയില്‍ അവന്‍ തന്റെ പേരും സ്ഥലവും ജോലിയും ഒക്കെ വെളിപ്പെടുത്തിയിരുന്നു. പേരു ബെന്നി. സ്ഥലം ടീച്ചറുടെ വീടിനു കുറച്ചു അടുത്തുള്ള ഇടം തന്നെ. ജോലി കമ്പ്യൂട്ടര്‍ മെക്കാനിക്ക്. ടീച്ചറുടെ ഓര്‍മ്മകളില്‍ ഈ സംഭവം ഒരു തീമഴയായി പെയ്തിറങ്ങുന്നു.

തുടര്‍ന്നുള്ള അവന്റെ വിളികളില്‍ മുഴുവന്‍ ടീച്ചര്‍ നടുങ്ങി... വിളറി.. പ്രതികരണ ശേഷി അറ്റ് സ്വയം നഷ്ടപ്പെട്ടു നിന്നു.

ബെന്നിയുടെ കോളുകള്‍, ദിവസം ഓരോന്നും കഴിയുന്നതിനു അനുസരിച്ച് മാന്യമായ ഭാഷയില്‍ നിന്നും തീര്ത്തും അശ്ലീലത്തിന്റെ അഴുക്കിലെക്ക്‌ വീഴാന്‍ തുടങ്ങിയിരുന്നു. ഇതിനിടയില്‍ എപ്പോഴോ ടീച്ചറുടെ മനസ്സു ബെന്നിയുടെ വാക്കുകളില്‍ നിന്നും രസനീയതയുടെ പുതിയ ഒരു മധുരം നുണയാന്‍ പരുവപ്പെട്ടു കഴിഞ്ഞിരുന്നു.

ഇന്നും ഒരു ഞായറാഴ്ചയാണ്. ടീച്ചര്‍ക്ക് അവധിയാണ്. അവര്‍ ബെന്നിയുടെ ഫോണ്‍ പ്രതീക്ഷിക്കുന്നുണ്ട്. ആരെയും മയക്കുന്ന അസാധാരണമായ വാക്ക്‌ ചാതുരി ബെന്നിയുടെ സവിശേഷതയാണ്. ചന്ദ്രന്‍ മാഷില്‍ നിന്നും ഇതുവരെ ലഭിക്കാത്ത അനുഭൂതി അവര്ക്കു ബെന്നിയില്‍ നിന്നും ലഭിക്കുന്നു. എങ്കിലും ടീച്ചര്‍ ഭയ ചകിതയാണ്. തന്നിലുള്ള നിയന്ത്രണം തനിക്ക് നഷ്ടപ്പെടുന്നുണ്ടോ എന്ന് അവര്‍ ഭയക്കുന്നു.

[തുടരും]

പെണ്ണായ നിന്നെയിഹ - ഒന്നാം ഭാഗം.

ഇത്തവണ ഞാന്‍ ഒരു കഥ പറയാം. ഈ കഥ കേരളത്തില്‍ എവിടെയെങ്കിലും , എന്നെങ്കിലും നടന്നിട്ടുള്ളതാവാം. ഇനി ഒരു പക്ഷെ നക്കാനിടയുല്ലതാവാം. എന്ത് തന്നെ ആയാലും ഈ കഥയ്ക്ക്‌ സമകാലിക കേരളത്തില്‍ പ്രസക്തിയുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മലയാളിയുടെ ജീവിതം ഒരിക്കലും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് വഴി തെറ്റി അലയുമ്പോള്‍ ഇങ്ങനെ ഒരു അനുഭവത്തിന് ദുരന്തങ്ങളുടെ ദിശാസൂചിക ആവാന്‍ കഴിയും.
മാളു അധ്യാപികയാണ്. പ്രായം ഒരു മുപ്പത്തിയഞ്ച്. വിവാഹിതയും , അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണ്. ഭര്‍ത്താവിനും ജോലി അധ്യാപനം തന്നെ. സന്തുഷ്ടവും , അസൂയാ വഹവുമായ ഒരു ജീവിതം നയിക്കുന്ന മാതൃക ദമ്പതികള്‍.
എന്നാല്‍ ഞാന്‍ ഈ കഥ പറയാന്‍ തുടങ്ങുന്ന സന്ദര്‍ഭത്തില്‍ തീര്‍ത്തും ഏകപക്ഷീയമായ ഒരു അസ്വസ്ഥത മാളു ടീച്ചറെ അലട്ടുന്നുണ്ട്. തന്റെ മനസ്സിന്റെ ആ സുഖമില്ലാത്ത അവസ്ഥയെ ഭര്‍ത്താവിനു മുന്നില്‍ തുറന്നു കാട്ടാന്‍ ടീച്ചര്‍ക്ക് ഇതു വരെയായും കഴിഞ്ഞിട്ടില്ല. ചന്ദ്രന്‍- അതാണ്‌ ഭര്‍ത്താവിന്റെ പേര്. മാഷ്‌ ആളൊരു പാവമാണ്. നടന്നു പോകുന്ന വഴി കാലിനടിയിലെങ്ങാനും ഒരു ഉറുമ്പ് ചവിട്ടി അരയ്ക്കപ്പെടാന്‍ സാധ്യത ഉണ്ട് എന്നറിഞ്ഞാല്‍ , അയാള്‍ ആ വഴിയുള്ള യാത്ര മാറ്റിവെക്കും. അത്രയ്ക്ക് പാവം. ഒരു പരോപകാരി. എന്നിട്ടും ടീച്ചര്‍ എന്തുകൊണ്ട് തന്റെ അസ്വസ്ഥത മാഷില്‍ നിന്നും മറച്ചു വെച്ചു എന്നതൊരു ചോദ്യമാണ്.
ഏതൊരു ഭാര്യയും പേടിക്കുന്നത് പോലെ ടീച്ചറും പേടിച്ചു. തന്റെ ഉള്ളിലുള്ള കാര്യമെങ്ങാനും മാഷ്‌ അറിഞ്ഞാല്‍ കുടുംബ ജീവിതത്തിനു എന്തെങ്കിലും അപകടം സംഭവിച്ചാലോ ? മാഷ്‌ പിണങ്ങിയാല്‍, ശുദ്ധ ഹൃദയനായ അദ്ദേഹം അരുതാത്തത് എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍, തന്റെ മകള്‍, താന്‍ ഒക്കെയും അനാഥര്‍ ആവില്ലേ ? സഹിക്കാനാവില്ല ആ അവസ്ഥ. സ്നേഹം കൊണ്ടു മൂടുന്ന മനുഷ്യന്‍. ഒരു ശകാരമോ, ഇഷ്ടമില്ലാത്ത ഒരു വാക്കോ ഒന്നും ഇതു വരെയും ആ നാവില്‍ നിന്നും ഞങ്ങളുടെ നേര്‍ക്ക്‌ വന്നിട്ടില്ല. അങ്ങനെയുള്ള ഒരാളോട് തന്നെ അലട്ടുന്ന ഒരു വിഷമത്തിന്റെ നിജസ്ഥിതി പറയുന്നതു ഒരിക്കലും പ്രായോഗികമല്ല എന്നൊരു ചിന്തയാണ് സത്യം മറച്ചു വെക്കാന്‍ ടീച്ചറെ പ്രേരിപ്പിച്ചത്. ഇതു തനിക്ക് തന്നെ കൈകാര്യം ചെയ്യാവുതാണ്. ഒന്നുമില്ലെങ്കിലും ഒരു പോലീസ് ഇന്‍സ്പെക്ടറുടെ മകളല്ലേ താന്‍. പോരാത്തതിന് ചെറിയ തോതിലോക്കെ രാഷ്ട്രീയവും ഉണ്ടായിരുന്നു, മുന്പ് കോളേജ് കാലത്തു . ഇപ്പോഴും അധ്യാപക സംഘടനയുടെ വനിതാ യുനിട്ടിന്റെ ഭാരവാഹിയും ആണ്. അതുകൊണ്ട് ഈ സംഭവത്തിനു ഒരു അവസാനമുണ്ടാക്കാന്‍ താന്‍ തന്നെ മതി. മാളു ടീച്ചര്‍ അങ്ങനെ തീരുമാനിച്ചു.
എന്താണ് ആ സംഭവം ? ഞാന്‍ ഇതുവരെ പറഞ്ഞില്ല, അല്ലെ ? പറയാം .ഇപ്പോഴല്ല. അടുത്ത പോസ്റ്റില്‍.

Monday, July 6, 2009

ഞാന്‍ എന്തിന് ബ്ലോഗറായി ?

കടലാസ്സില്‍ എഴുതുന്നവന്‍ പഴഞ്ചനാണ് എന്ന ഒരു ധാരണ സമൂഹത്തില്‍ ഉണ്ടോ എന്നറിയില്ല. മാറിയ കാലത്തിന്‍റെ ഏറ്റവും മികച്ച മാധ്യമം ഏത് എന്ന ചോദ്യം, കമ്പ്യൂട്ടര്‍ എന്ന ഉത്തരത്തില്‍ കലാശിക്കുമ്പോള്‍ മേല്‍ പറഞ്ഞ എന്‍റെ സംശയം സാധൂകരിക്കപ്പെടും. കമ്പ്യൂട്ടറിന്‍റ സാധ്യതകള്‍ പ്രയോജനപ്പെടുത്താത്തവന്‍ ഈ കാലത്തിനു ഒരു ബാധ്യതയാണ്. ഏതായാലും അങ്ങനെയൊരു ബാധ്യതയാവാന്‍ എനിക്ക് താല്പര്യമില്ല. എഴുതാനുള്ള വാസന പണ്ടേയുണ്ട്. പക്ഷെ മടിയാണ്. പേനയും, കടലാസും എടുത്തു മേശമേല്‍ വെക്കുമ്പോഴേക്കും പഴയ ആവേശം തണുത്തിരിക്കും. ഈ അടുത്ത കാലത്തായിട്ടാണ് ഇങ്ങനെ ഒരു വൈമനസ്യം ബാധിച്ചു തുടങ്ങിയത്. ഏഴുതാന്‍ തുടങ്ങുമ്പോള്‍ ഉചിതമായ വാക്കുകള്‍ കിട്ടാത്ത അവസ്ഥയാണ് ഒന്നാമത്തെ പ്രശ്നം. വാക്കുകള്‍ ഒരായിരമെങ്കിലും മനസ്സിലുണ്ട്. പക്ഷെ വേണ്ടുന്ന സമയത്തു അവയൊന്നും നേരെ ചൊവ്വേ പുറത്തേക്ക് വരുന്നില്ല. വാക്കുകള്‍ അനര്‍ഗളം പ്രവഹിക്കുമ്പോള്‍ മാത്രമാണ് ക്ളിഷ്ടമല്ലാത്ത നല്ലൊരു രചന പിറക്കുന്നത്‌. എന്‍റെ കടലാസ് ശ്രമങ്ങള്‍ പരാജയമാണെന്ന തിരിച്ചറിവ് എന്നെ നിരാശനാക്കി. ആയിടയ്ക്കാണ് ബ്ലോഗിന്‍റെ സാധ്യതകളെ കുറിച്ചു ഞാന്‍ ചിന്തിക്കുന്നത്. മനസ്സിലെ ആശയങ്ങള്‍ ഏത് സമയത്തും ആവിഷ്കരിക്കാന്‍ ബ്ലോഗിലൂടെ കഴിയും. പുതിയൊരു സാധ്യത തുറന്നു തരുന്ന ആഹ്ലാദം മനസ്സിനെ കൂടുതല്‍ വിശാലമാക്കും. വാക്കുകള്‍ പിടി തരാതെ ഒളിച്ചു കളിക്കില്ല. മനസ്സു തുറക്കുമ്പോള്‍ ആശയങ്ങളും വാക്കുകളും ഒന്നിന് പിറകെ ഒന്നായി പ്രാണ രക്ഷാര്‍ത്ഥം പുറത്തേക്ക് ഇറങ്ങിയോടും. പിടിക്കാന്‍ ഇന്റര്നെറ്റ് വലയുമായി ബ്ലോഗന്‍ നില്‍പ്പുണ്ടാവും. ഇതു തന്നെ കിട്ടിയ അവസരം . ഞാന്‍ ആ അവസരം ഇങ്ങു എടുക്കുകയാണ്. ഇനി കമ്പ്യൂട്ടര്‍ സ്ക്രീനില്‍ എന്റെ വാക്കുകള്‍ ചിതറി തെറിക്കും. നിങ്ങള്‍ക്കും പ്രതികരിക്കാം...