നമുക്കു കഥ തുടരാം.
മാളു ടീച്ചര്‍ വിഷമിച്ചത് വേറൊന്നും കൊണ്ടല്ല. ടീച്ചര്‍ക്ക് ആയിടെയായി ഒരു അജ്ഞാതന്റെ ഫോണ്‍കാള്‍ നിരന്തരമായി വന്നു കൊണ്ടിരിക്കുന്നു. അതും ടീച്ചറുടെ മൊബൈല് ഫോണിലേക്ക്.
വിളി വരാന്‍ തുടങ്ങിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. ഏറിയാല്‍ രണ്ടോ മൂന്നോ ആഴ്ച. പത്തോ പന്ത്രണ്ടോ കോളുകള്‍ ഇതിനകം വന്നു കാണും. ആദ്യം അയാള്‍ വിളിച്ചത് റോങ്ങ് നമ്പര്‍ ആയാണ്. ഏതോ ഒരു ജ്യോതിയെ അന്വേഷിച്ചു കൊണ്ട്. താന്‍ അന്വേഷിക്കുന്ന ആള്‍ അല്ലെന്നു അറിഞ്ഞപ്പോള്‍ സോറി പറഞ്ഞു അയാള്‍ ഫോണ്‍ കട്ട് ചെയ്തു. അന്നൊരു ഞായറാഴ്ച ആയിരുന്നു. അന്ന് രാത്രി തന്നെ വീണ്ടും അയാളുടെ കാള്‍ വന്നു. ജ്യോതിയാണോ എന്ന് ചോദിച്ചു കൊണ്ട് തന്നെ. കുറച്ചു കടുത്ത സ്വരത്തില്‍ അല്ലെന്നു അറിയിച്ചപ്പോള്‍ അയാള്‍ ഫോണ്‍ കട്ട് ചെയ്തു. പക്ഷെ അപ്പോഴും ക്ഷമ ചോദിക്കാന്‍ മറന്നില്ല.
പിന്നീട് അയാളുടെ വിളി വന്നത് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ , ഒരു ഉച്ച നേരത്തായിരുന്നു. ഊണ് കഴിഞ്ഞു സ്കൂള്‍ ലൈബ്രറിയില്‍ ഇരുന്ന് അന്നത്തെ പത്രങ്ങള്‍ മറിച്ചുനോക്കുമ്പോള്‍ ആയിരുന്നു അത്. അത്തവണ അയാള്‍ ജ്യോതിയെ ചോദിച്ചില്ല. ചോദിച്ചത് മാളു ടീച്ചര്‍ അല്ലെ എന്ന് തന്നെ ആയിരുന്നു. ടീച്ചര്‍ ശരിക്കും ഞെട്ടിപ്പോയി. മിണ്ടാന്‍ പോലും ആവാതെ ടീച്ചര്‍ പതറി. വളരെ സൌമ്യമായി , സ്നേഹപൂര്വ്വം അയാള്‍ സംസാരിച്ചു. ഏതാനും നിമിഷങ്ങള്‍ ആ സംസാരം നീണ്ടു നിന്നു. ഒരബോധാവസ്ഥയില്‍ എന്നോണം ടീച്ചര്‍ പ്രതികരിച്ചു. ഫോണ്‍ അയാള്‍ കട്ട് ചെയ്ത ശേഷവും അനങ്ങാനാവാതെ ടീച്ചര്‍ ഇരുന്നുപോയി. ആരാണ് അവന്‍ ? എന്താണവന്‍ പറഞ്ഞതു ? അവനോട് ഞാന്‍ എങ്ങനെയാണ് ഇത്ര നേരവും ക്ഷമാപൂര്‍വ്വം പെരുമാറിയത് ? അവന് എങ്ങനെയാണ് എന്റെ നമ്പര്‍ കിട്ടിയത് ? മാത്രമല്ല എന്റെ പേരു പോലും അവന്‍ അറിഞ്ഞിരിക്കുന്നു . എങ്ങനെ ഇതൊക്കെ ..... ടീച്ചര്‍ തല കറങ്ങി നിലത്തു വീണില്ല എന്നെ ഉള്ളു.
അന്ന് രാത്രി ടീച്ചര്‍ ഉറങ്ങിയില്ല. അവന്‍ വീണ്ടും വിളിക്കുമോ എന്ന ആശങ്കയായിരുന്നു അവര്ക്കു. പക്ഷെ ഭാഗ്യമെന്നു പറയട്ടെ അന്ന് അവന്റെ ഫോണ്‍ കാള്‍ പിന്നെ വന്നില്ല. എന്നാല്‍ ടീച്ചറുടെ ദയനീയാവസ്ഥ ഒന്നും അറിയാതെ ചന്ദ്രന്‍ മാഷ് സുഖമായി ഉറങ്ങി.
പിന്നീട് വീണ്ടുമൊരു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വിളി ആവര്‍ത്തിച്ചു. അത് ഇപ്പോഴും തുടരുന്നു. ഇതിനിടയില്‍ അവന്‍ തന്റെ പേരും സ്ഥലവും ജോലിയും ഒക്കെ വെളിപ്പെടുത്തിയിരുന്നു. പേരു ബെന്നി. സ്ഥലം ടീച്ചറുടെ വീടിനു കുറച്ചു അടുത്തുള്ള ഇടം തന്നെ. ജോലി കമ്പ്യൂട്ടര്‍ മെക്കാനിക്ക്. ടീച്ചറുടെ ഓര്‍മ്മകളില്‍ ഈ സംഭവം ഒരു തീമഴയായി പെയ്തിറങ്ങുന്നു.
തുടര്‍ന്നുള്ള അവന്റെ വിളികളില്‍ മുഴുവന്‍ ടീച്ചര്‍ നടുങ്ങി... വിളറി.. പ്രതികരണ ശേഷി അറ്റ് സ്വയം നഷ്ടപ്പെട്ടു നിന്നു.
ബെന്നിയുടെ കോളുകള്‍, ദിവസം ഓരോന്നും കഴിയുന്നതിനു അനുസരിച്ച് മാന്യമായ ഭാഷയില്‍ നിന്നും തീര്ത്തും അശ്ലീലത്തിന്റെ അഴുക്കിലെക്ക് വീഴാന്‍ തുടങ്ങിയിരുന്നു. ഇതിനിടയില്‍ എപ്പോഴോ ടീച്ചറുടെ മനസ്സു ബെന്നിയുടെ വാക്കുകളില്‍ നിന്നും രസനീയതയുടെ പുതിയ ഒരു മധുരം നുണയാന്‍ പരുവപ്പെട്ടു കഴിഞ്ഞിരുന്നു.
ഇന്നും ഒരു ഞായറാഴ്ചയാണ്. ടീച്ചര്‍ക്ക് അവധിയാണ്. അവര്‍ ബെന്നിയുടെ ഫോണ്‍ പ്രതീക്ഷിക്കുന്നുണ്ട്. ആരെയും മയക്കുന്ന അസാധാരണമായ വാക്ക് ചാതുരി ബെന്നിയുടെ സവിശേഷതയാണ്. ചന്ദ്രന്‍ മാഷില്‍ നിന്നും ഇതുവരെ ലഭിക്കാത്ത അനുഭൂതി അവര്ക്കു ബെന്നിയില്‍ നിന്നും ലഭിക്കുന്നു. എങ്കിലും ടീച്ചര്‍ ഭയ ചകിതയാണ്. തന്നിലുള്ള നിയന്ത്രണം തനിക്ക് നഷ്ടപ്പെടുന്നുണ്ടോ എന്ന് അവര്‍ ഭയക്കുന്നു.
[തുടരും]
No comments:
Post a Comment