മാളു ടീച്ചര്‍ പ്രതീക്ഷിച്ച പോലെ ബെന്നിയുടെ ഫോണ്‍ അന്നും വന്നു. സമയം ഏകദേശം പത്തുമണി കഴിഞ്ഞു കാണും. ടീച്ചര്‍ അടുക്കളയില്‍ പാചകത്തിനുള്ള ഒരുക്കത്തിലായിരുന്നു. എല്ലാ ഞായറാഴ്ചയും പതിവുള്ള പോലെ ചന്ദ്രന്‍ മാഷ് കോഴി ഇറച്ചി കൊണ്ടു വന്നിട്ടുണ്ടായിരുന്നു. അത് കറിവെക്കാനുള്ള പ്രാഥമികമായ തയ്യാറെടുപ്പിലായിരുന്നു ടീച്ചര്‍. മാത്രമല്ല വീട്ടില്‍ ആരും ഉണ്ടായിരുന്നുമില്ല. മാഷ് തന്റെ അനുജന്റെ വീട്ടില്‍ പതിവു സന്ദര്‍ശനത്തിനായി , പ്രാതലും കഴിച്ചു ഇറങ്ങിയിരുന്നു. മകള്‍ ആകട്ടെ ഡാന്‍സ് ക്ലാസ്സിനും പോയിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ടീച്ചര്‍ ഒറ്റയ്ക്ക് ആയിരുന്നു, അന്ന്.
മൊബൈലിന്റെ റിംഗ് ടോണ്‍ കേട്ടപ്പോള്‍ ടീച്ചര്‍ ഒന്നു നടുങ്ങി. അവന്‍ തന്നെ.
പ്രതീക്ഷിച്ചതാണ്. അറുത്തു മുറിച്ചിടാന്‍ തീരുമാനിച്ചതുമാണ്. പക്ഷെ അവിടെയെത്തുമ്പോള്‍ ഒരു വിറ ... മറവി... തളര്‍ച്ച... എന്ത് ചെയ്യും ?
പറയാന്‍ കരുതിയതൊക്കെ വിസ്മരിച്ചു ടീച്ചര്‍ ഫോണ്‍ എടുക്കാനായി അകത്തേക്ക് ചെന്നു. ഡിസ്പ്ലയില്‍ അവന്റെ നമ്പര്‍ തന്നെ. ടീച്ചര്‍ ഫോണിലേക്ക് ഉറ്റു നോക്കി കുറച്ചു നേരം നിന്നു. റിംഗ് ടോണിന്റെ ശബ്ദം അസഹ്യമായപ്പോള്‍ , അത് ഓണ്‍ ചെയ്തു കാതോട് ചേര്‍ത്തു.
ബെന്നിയുടെ തരളമായ സ്വരം ടീച്ചര്‍ കേട്ടു. ടീച്ചര്‍ എന്ത് മറുപടി പറയും ?
പുളിച്ച തെറി പറഞ്ഞു ഫോണ്‍ കട്ട് ചെയ്യുമോ? തന്റെ നിസ്സഹായാവസ്ഥ ബെന്നിയെ പറഞ്ഞു ബോധ്യപ്പെടുത്തി , അവനെ ഈ വഴി വിട്ട പ്രവര്‍ത്തിയില്‍ നിന്നും പിന്തിരിപ്പിക്കുമോ ? അന്യന്റെ ഭാര്യയെ മോഹിക്കുകയോ, കാമിക്കുകയോ ചെയ്യരുത് എന്‍ന സദാചാര വചനം തെര്യപ്പെടുത്തി അവനെ ഉദ്ബുധ്ധനാക്കുമോ ? വിവാഹിതന്‍ അല്ലെങ്കില്‍ , എത്രയുംപെട്ടെന്ന് ഒരു പെണ്ണിനെ കണ്ടുപിടിച്ചു ജീവിതത്തിന്റെ ഭാഗമാക്കുകയും , അങ്ങനെ അവളിലേക്ക് തന്റെ സ്നേഹവും , കാമവും ഒക്കെ വഴിതിരിച്ചു വിടുകയും ചെയ്യുക എന്ന് ബെന്നിയെ ഉപദേശിക്കുമോ ? തനിക്ക് നല്കാവുന്നതിലും വലിയ ജീവിത സൌഭാഗ്യങ്ങളുടെ നടുവിലാണ് തന്റെ ഇപ്പോഴത്തെ ജീവിതം എന്ന് വീമ്പു പറഞ്ഞു അവനെ നാണം കെടുത്തുകയും, അസ്തപ്രജ്ഞാനാക്കുകയും ചെയ്യുമോ ? എന്താണ് ടീച്ചറുടെ ഭാവം ?
ഞാന്‍ ഏതായാലും ടീച്ചറെ ഇവിടെ ഉപേക്ഷിക്കുന്നു. വല്ലാത്ത ഒരു പ്രതിസന്ധിയില്‍ മാളു ടീച്ചറെ അകപ്പെടുത്തി ഞാന്‍ തടിതപ്പുകയാണ് എന്ന് നിങ്ങളില്‍ പലരും കരുതുന്നുണ്ടാവും. അതെ , ഞാന്‍ അത് സമ്മതിക്കുന്നു.
പഠിപ്പും വിവരവുമുള്ള ഒരു സ്ത്രീയാണ് അവര്‍. ഏത് സന്നിഗ്ധാവസ്ഥയില്‍ നിന്നും രക്ഷപ്പെട്ടു വരാനുള്ള തന്റേടം കാണിക്കേണ്ടത് ഒരു ആധുനിക സ്ത്രീയുടെ ഉത്തരവാദിത്തമാണ്. ആണ്‍ പിറന്നവന്റെ രക്ഷ എല്ലാ കാലത്തും പ്രതീക്ഷിക്കുന്നത് ഏറ്റവും വലിയ തെറ്റ്. വില്ലനായും നായകനായും പുരുഷന്‍ തന്നെ നിറഞ്ഞു നില്‍ക്കുമ്പോള്‍ സ്ത്രീയുടെ രക്ഷ സ്ത്രീ തന്നെ നോക്കണം. പിന്നെ ഏത് കാര്യത്തിലും ആത്യന്തികമായി ഒരു തീരുമാനം അവകാശം , ആ കാര്യത്തിന്റെ ഗുണഭോക്താവ് ആരാണോ അവര്ക്കു തന്നെയാണ്, ഫലം പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും . ഗുഡ് ബൈ
Subscribe to:
Post Comments (Atom)
No comments:
Post a Comment