Monday, August 3, 2009

ഋതു- ഗാനങ്ങള്‍ തെറ്റുമ്പോള്‍

ഋതു - ശ്യാമപ്രസാദിന്റെ പുതിയ സിനിമ .യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് , മാറുന്ന ലോകത്തിന്റെ ചില പ്രവണതകള്‍ വരച്ചുകാട്ടുകയാണ് തന്റെ ദൌത്യമെന്ന് ചിത്രത്തെ കുറിച്ചു ശ്യാം പറയുന്നു. അഭിനയിക്കുന്നവരില്‍ മിക്കതും പുതു മുഖങ്ങളാണ്. അണിയറയിലും നവാഗതര്‍ക്ക് തന്നെയാണ് പ്രാമുഖ്യം. പക്ഷെ സംഗീത സംവിധായകനും, ഗാന രചയിതാവും മാത്രം മലയാളത്തില്‍ ഇതിനകം പേരെടുത്തു കഴിഞ്ഞവരാണ് . രാഹുല്‍ രാജും, റഫീഖ് അഹമ്മദും.

ശ്യാമപ്രസാദിന്റെ സിനിമകളില്‍ സംഗീതത്തിനു സവിശേഷമായ പ്രാധാന്യം പൊതുവെ കൊടുത്തു കാണാറുണ്ട്‌. ആദ്യ ചിത്രമായ അഗ്നിസാക്ഷി തന്നെ കൈതപ്രത്തിന്റെ ആര്‍ദ്രവും , ഭാരതീയവുമായ ഈണങ്ങള്‍ കൊണ്ടു സമ്പന്നമായിരുന്നു. കല്ലുകൊണ്ടൊരു പെണ്ണ് എണ്ണ ചിത്രത്തിലും പാട്ടുകള്‍ ഉണടായിരുന്നെന്കിലും, അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നില്‍ ഇളയരാജ ആയിട്ട് പോലും. അല്ലെങ്കില്‍ തന്നെ ആ ചിത്രം ശ്യാമിന്റെ ഒരു രചനയാണ് എന്ന് പറയുന്നതു പോലും ക്രൂരതയാണ്. പിന്നീട് വന്ന അകലെ, ഒരേ കടല്‍ എന്നീ ചിത്രങ്ങളിലെ പാട്ടുകളെല്ലാം ഒന്നിനൊന്നു മികച്ചതും , ശ്രദ്ധേയവും ആയിരുന്നു. ഒരു പക്ഷെ സിനിമകളേക്കാള്‍ ആയുസ്സ് അതിലെ പാട്ടുകള്‍ക്ക് ആയിരിക്കും. മാത്രമല്ല അകലെ എന്ന ചിത്രത്തിലെ പാട്ടുകള്‍ വിവാദം സൃഷ്ടിച്ചതും മറക്കാന്‍ കഴിയില്ല. പാട്ടുകളുടെ ഈണം സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ മോഷ്ടിച്ചതാണെന്ന ആരോപണവും, പാട്ടുകള്‍ ചിത്രത്തില്‍ ഉള്പ്പെടുത്താതിരുന്നതും അക്കാലത്തെ മൂല്യമുള്ള ചൂടേറിയ വാര്‍ത്തയായിരുന്നു. സംവിധായകന്‍ , തന്റെ ചിത്രത്തിലെ മറ്റു കലാകാരന്മാര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കുന്നതിനു വിഘാതം സൃഷ്ടിച്ചത് ആ വര്ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പുറത്തു വന്നപ്പോള്‍ വലിയ ചര്‍ച്ചയ്ക്ക് വിധേയമായി. എന്ത് തന്നെ ആയാലും ശ്യാം ആ ചെയ്തത് മറ്റൊരു കലാകാരനോട്‌ കാണിക്കാവുന്ന ഏറ്റവും വലിയ അവഗണന തന്നെ ആയിരുന്നു.

ഇനി രിതുവിലേക്ക് വരാം. ആദ്യ കേള്‍വിയില്‍ തന്നെ ഗാനങ്ങള്‍ മടുപ്പിച്ചു എന്ന് പറഞ്ഞാല്‍ ശ്യാം മുഷിയരുതു. രാഹുല്‍ രാജാണ് ഗാനങ്ങള്‍ക്ക് പിന്നില്‍ എന്നറിഞ്ഞപ്പോള്‍ തന്നെ അത്ര പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. കേട്ടപ്പോള്‍ പ്രതീക്ഷ നല്‍കാതിരുന്നത് നന്നായെന്നു തോന്നി. യുവാക്കള്‍ക്ക് പ്രാധാന്യം നല്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരു യുവ സംഗീത സംവിധായകന്‍ തന്നെ വേണമെന്നത് ശ്യാമിന്റെ ആഗ്രഹമായിരുന്നിരിക്കാം. പക്ഷെ ഒരു സത്യം പറയട്ടെ. മലയാള സിനിമയുടെ ഗാന ലോകത്ത് രാഹുല്‍ ഒരു ശിശുവാണ്. പിച്ച വെക്കാന്‍ പോയിട്ട് കമിഴ്ന്നു വീഴാന്‍ പോലും പ്രായമായിട്ടില്ലാത്ത ശിശു. എന്തിന് ശ്യാം ഈ കുട്ടിയെ ഒരു മഹത്തായ കര്‍ത്തവ്യം ഏല്പിച്ചു ? ശ്യാമിന്റെ ഗുരുവിനു രാഹുല്‍ ശിഷ്യപ്പെട്ടത്തിന്റെ ഉപകാരമാണോ? ശൂന്യതയില്‍ നിന്നും എടുക്കാവുന്ന വെറും വിഭൂതിയല്ല സംഗീതം. അതിന് ജന്മസിദ്ധമായ പ്രതിഭയും , മനനം ചെയ്യാനുള്ള മനസ്സും, ആവശ്യമാണ്‌. ഈ പ്രത്യേകതകളൊന്നും രാഹുല്‍ എന്ന സംഗീത സംവിധായകന് ഇല്ലെന്നു ഖേദ പൂര്‍വ്വം പറയട്ടെ.

സംഗീതം ചെയ്തു മാത്രമല്ല പാടിയും കൊന്നിരിക്കുന്നു രാഹുല്‍. നേരത്തെ മലബാര്‍ കല്യാണത്തില്‍ രാഹുല്‍ പാടി നശിപ്പിച്ച ഒരു പാട്ടുണ്ട്. അതുപോലെ ഒരെണ്ണം ഇതാ ഋതുവിലും. വേനല്‍ കാറ്റില്‍ എന്നാണു തുടക്കം. വേനലില്‍ അല്ല തീ കാട്ടിലാണ് ആ പാട്ടു കേട്ടാല്‍ നാം എത്തുക. കുറച്ചു ഭേദപ്പെട്ട ഒരു ഗാനം ഈ ചിത്രത്തില്‍ ചൂണ്ടിക്കാട്ടാന്‍ ഉണ്ടെങ്കില്‍ അത് ഗായത്രിയും, സുചിത്‌ സുരേഷും ചേര്ന്നു പാടിയ പുലരുമോ എന്ന് തുടങ്ങുന്ന പാട്ടു മാത്രമാണ്.

ഒരു കാര്യം ഉറപ്പു. ഈ പാട്ടുകള്‍ ഒന്നും യുവാക്കള്‍ ഏറ്റെടുക്കും എന്ന് എനിക്ക് തീരെ പ്രതീക്ഷയില്ല. ശ്യാമിന്റെ പരീക്ഷണം പാട്ടുകളെ സംബന്ധിച്ച് ഒരു വന്‍ പരാജയം തന്നെയെന്ന്‌ പറയാം.

No comments:

Post a Comment