Monday, July 6, 2009

ഞാന്‍ എന്തിന് ബ്ലോഗറായി ?

കടലാസ്സില്‍ എഴുതുന്നവന്‍ പഴഞ്ചനാണ് എന്ന ഒരു ധാരണ സമൂഹത്തില്‍ ഉണ്ടോ എന്നറിയില്ല. മാറിയ കാലത്തിന്‍റെ ഏറ്റവും മികച്ച മാധ്യമം ഏത് എന്ന ചോദ്യം, കമ്പ്യൂട്ടര്‍ എന്ന ഉത്തരത്തില്‍ കലാശിക്കുമ്പോള്‍ മേല്‍ പറഞ്ഞ എന്‍റെ സംശയം സാധൂകരിക്കപ്പെടും. കമ്പ്യൂട്ടറിന്‍റ സാധ്യതകള്‍ പ്രയോജനപ്പെടുത്താത്തവന്‍ ഈ കാലത്തിനു ഒരു ബാധ്യതയാണ്. ഏതായാലും അങ്ങനെയൊരു ബാധ്യതയാവാന്‍ എനിക്ക് താല്പര്യമില്ല. എഴുതാനുള്ള വാസന പണ്ടേയുണ്ട്. പക്ഷെ മടിയാണ്. പേനയും, കടലാസും എടുത്തു മേശമേല്‍ വെക്കുമ്പോഴേക്കും പഴയ ആവേശം തണുത്തിരിക്കും. ഈ അടുത്ത കാലത്തായിട്ടാണ് ഇങ്ങനെ ഒരു വൈമനസ്യം ബാധിച്ചു തുടങ്ങിയത്. ഏഴുതാന്‍ തുടങ്ങുമ്പോള്‍ ഉചിതമായ വാക്കുകള്‍ കിട്ടാത്ത അവസ്ഥയാണ് ഒന്നാമത്തെ പ്രശ്നം. വാക്കുകള്‍ ഒരായിരമെങ്കിലും മനസ്സിലുണ്ട്. പക്ഷെ വേണ്ടുന്ന സമയത്തു അവയൊന്നും നേരെ ചൊവ്വേ പുറത്തേക്ക് വരുന്നില്ല. വാക്കുകള്‍ അനര്‍ഗളം പ്രവഹിക്കുമ്പോള്‍ മാത്രമാണ് ക്ളിഷ്ടമല്ലാത്ത നല്ലൊരു രചന പിറക്കുന്നത്‌. എന്‍റെ കടലാസ് ശ്രമങ്ങള്‍ പരാജയമാണെന്ന തിരിച്ചറിവ് എന്നെ നിരാശനാക്കി. ആയിടയ്ക്കാണ് ബ്ലോഗിന്‍റെ സാധ്യതകളെ കുറിച്ചു ഞാന്‍ ചിന്തിക്കുന്നത്. മനസ്സിലെ ആശയങ്ങള്‍ ഏത് സമയത്തും ആവിഷ്കരിക്കാന്‍ ബ്ലോഗിലൂടെ കഴിയും. പുതിയൊരു സാധ്യത തുറന്നു തരുന്ന ആഹ്ലാദം മനസ്സിനെ കൂടുതല്‍ വിശാലമാക്കും. വാക്കുകള്‍ പിടി തരാതെ ഒളിച്ചു കളിക്കില്ല. മനസ്സു തുറക്കുമ്പോള്‍ ആശയങ്ങളും വാക്കുകളും ഒന്നിന് പിറകെ ഒന്നായി പ്രാണ രക്ഷാര്‍ത്ഥം പുറത്തേക്ക് ഇറങ്ങിയോടും. പിടിക്കാന്‍ ഇന്റര്നെറ്റ് വലയുമായി ബ്ലോഗന്‍ നില്‍പ്പുണ്ടാവും. ഇതു തന്നെ കിട്ടിയ അവസരം . ഞാന്‍ ആ അവസരം ഇങ്ങു എടുക്കുകയാണ്. ഇനി കമ്പ്യൂട്ടര്‍ സ്ക്രീനില്‍ എന്റെ വാക്കുകള്‍ ചിതറി തെറിക്കും. നിങ്ങള്‍ക്കും പ്രതികരിക്കാം...

No comments:

Post a Comment