Wednesday, November 4, 2009

രാഹുല്‍ ഗാന്ധിയും, എന്റെ ചില ചിന്തകളും-ഭാഗം രണ്ടു

കഴിഞ്ഞ പോസ്റ്റിൽ രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തെക്കുറിച്ചു കുറച്ചു വിശദമായിത്തന്നെ പരാമർശിച്ചിരുന്നല്ലോ. ഭാരതം ഉറ്റ്‌ നോക്കുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ രാഹുലിന്റെ ഇടം സ്വയം അടയാളപ്പെടുത്താൻ അയാൾ നടത്തുന്ന ശ്രമങ്ങൾ ലക്ഷ്യം കാണുന്നുണ്ടു. അതിന്റെ സുചനകൾ ഇപ്പൊൾ തന്നെ വ്യക്തവുമാണു. മഹാരാഷ്ട്രയിൽ , ഹരിയാനയിൽ, അരുണാചലിൽ ഒക്കെ കോൺഗ്രസ്സ്‌ നേടിയ വിജയം രാഹുലിന്റെ സജീവമായ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പരിണിത ഫലമാണു എന്നു വരുത്തി തീർക്കാൻ ആസൂത്രിതമായ പ്രചാര വേലകൾ കോൺഗ്രസ്സ്‌ നേതാക്കന്മാരുടെ ഭാഗത്തു നിന്ന്‌ തന്നെ കണ്ടു വരുന്നുണ്ട്‌. കൃത്യമായ പി. ആർ. ഓ. പ്രവർത്തനങ്ങളിലൂടെ രാഹുലിന്റെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രസക്തി വിളിച്ച്‌ അറിയിക്കാൻ ഒരു വിശേഷപ്പെട്ട സംഘത്തെ കോൺഗ്രസ്സ്‌ നേതൃത്വം തയ്യാറാക്കി നിർത്തിയിട്ടുമുണ്ട്‌. അവർക്കറിയാം റാഹുലിനെ എങ്ങനെ ഇൻഡിയൻ യുവത്വത്തിന്റെ മുൻപിൽ ഒരു രക്ഷാ പുരുഷനായി അവതരിപ്പിക്കണമെന്ന്‌. അതിനുള്ള കൃത്യമായ പ്ലാറ്റ്‌ ഫോം ഒരുക്കിയ ശേഷമാണു സോണിയ ഗാന്ധി രാഹുലിനു കോൺഗ്രസ്സിന്റെ ബഹുമുഖമായ രാഷ്ട്രീയ വ്യവസായത്തിലേക്കു ഇറങ്ങാനുള്ള പച്ചക്കൊടി വീ ശിയത്‌. യുവാക്കൾക്ക്‌ ഒരു പ്രതീക്ഷയുണ്ട്‌. 1980 കളിൽ രാജീവ്‌ ഗാന്ധി ഉണർത്തി വിട്ട സുരഭില സ്വപ്നങ്ങൾക്ക്‌ തുല്യമാണത്‌. പ്രായത്തിന്റെ ആനുകൂല്യത്തിൽ നിന്നും ലഭിക്കുന്ന സുന്ദരമായ പ്രതിച്ഛായ കൂടിയാണത്‌.മറ്റ്‌ പാർട്ടികളിൽ ഒന്നും തന്നെ ഇത്തരം ആനുകൂല്യങ്ങൾ കൽപ്പിച്ചു കിട്ടിയ യുവ താരങ്ങൾ വിരളമാണു. പാർട്ടിയുടെ പതിവ്‌ രാഷ്ട്രീയ ചുറ്റുപാടുകളിൽ ബന്ധിതമാണു അവരുടെ പ്രവർത്തന പദ്ധതികൾ.കോൺഗ്രസ്സിലും കാര്യങ്ങൾ വ്യത്യസ്തമൊന്നുമല്ല. പക്ഷെ രാഹുലിനു ലഭിക്കുന്ന ഒരു പ്രഖ്യാത കുടുംബത്തിന്റെ പശ്ചാത്തലം മറ്റ്‌ യുവ നേതാക്കന്മാരിൽ നിന്നും വ്യത്യസ്തമായി സ്വതന്ത്രമായ ഒരു നിലപാട്‌ രൂപീകരിച്ചു പ്രവർത്തിക്കാനുള്ള അനുമതി പത്രം നൽകുന്നു. ഇവിടെയാണു രാഹുലിനു പ്രസക്തി വർദ്ധിക്കുന്നതും. രാഹുലിനെ ഉറ്റ്‌ നോക്കുന്നവർക്കു പ്രതീക്ഷയുടെ ഒരു തിളക്കം സമ്മാനിക്കുന്നത്‌ മേൽപ്പറഞ്ഞ ആ അനുമതിപത്രത്തെ കുറിച്ചുള്ള ബോധം തന്നെയാണു. രാഷ്ട്രീയ വാർദ്ധക്യങ്ങൾ കൈക്കൊള്ളുന്ന തീരുമാനങ്ങളെ തിരുത്താനുള്ള ഒരു അധികാര പത്രം കൂടിയാണു അത്‌. രാഹുലിന്റെ വാക്കുകൾ തള്ളിക്കളയാൻ മുൻ നിരനേതൃത്വം ഒരിക്കലും തയ്യാറാവില്ല. അതിനു അവർ ശ്രമിച്ചാൽ ഹൈക്കമാന്റിന്റെ കോപതാപങ്ങൾ തങ്ങൾക്ക്‌ മേൽ വർഷിക്കപ്പെടുമെന്ന നല്ല ബോധ്യം അവരെ ഭയപ്പെടുത്തുന്നുണ്ട്‌. ജനങ്ങൾക്കു ഉപകാരപ്രദമായേക്കാവുന്ന നിരവധി കാര്യങ്ങൾ ചെയ്യാനും അതു വഴി കോൺഗ്രസ്സിന്റെ സമകാലിക പ്രസക്തി വർദ്ധിപ്പിക്കാനും രാഹുലിനു കഴിയും. ആസിയാൻ പോലുള്ള പ്രശ്നങ്ങളിൽ പരമ്പരാഗത കോൺഗ്രസ്സ്‌ ഭാഷ മൊഴിയാതെ വേദനിക്കുന്നവരുടെ ഭാഗത്തു നിന്നു കൊണ്ട്‌ കാര്യങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ രാഹുൽ ശ്രമിക്കണം.എങ്കിൽ രാജീവിനേക്കാൾ പ്രസിദ്ധിയും , പ്രതീക്ഷയും ജ്വലിപ്പിക്കാൻ രാഹുലിനു കഴിയും.ഞങ്ങളെപ്പൊലു ള്ള സാധാരണക്കാർ ആഗ്രഹിക്കുന്നതും അതാണു.

No comments:

Post a Comment