Wednesday, November 11, 2009

വിനയവാനായ ഈ ഞാന്‍ പറയുന്നതു എന്തെന്നാല്‍....

വിനയം കൊണ്ടു ഞാന്‍എന്‍റെ പേരു പറയുന്നില്ല. പക്ഷെ കാര്യം പറഞ്ഞു വരുമ്പോള്‍ നിങ്ങള്‍ക്കെന്നെ മനസ്സിലാവും.
ഈയുള്ളവന്‍ സിനിമ രംഗത്ത് അല്ലറ ചില്ലറ കച്ചവടങ്ങള്‍ ഒക്കെയായി പിഴച്ചു പോരുന്നവനാണ്. സിനിമയില്‍ വരുന്നതിനു മുന്പ് ചില തട്ടിക്കൂട്ട് നാടകങ്ങള്‍ ഒക്കെയായി കലയെ ഉദ്ധരിക്കാന്‍ വേണ്ടി ഒരു പാടു കഷ്ട്ടപ്പെട്ടിട്ടുണ്ട്. വഴി ചെലവു നടന്നു പോവാന്‍ ചെറിയൊരു സര്‍ക്കാര്‍ ജോലി തരപ്പെട്ടത് കൊണ്ടു വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. സിനിമയോടുള്ള അസ്ക്യത കലശലായപ്പോള്‍ നാടകത്തില്‍ നിന്നും ഒരു ചാട്ടം. അന്നേ പൊട്ടന്മാര്‍ ആയിട്ടുള്ള പണക്കാര്‍ ഈ കേരള രാജ്യത്ത് സിനിമ പിടിക്കുക എന്ന ലക്ഷ്യത്തോടെ തെക്കു വടക്കു നടന്നു വെള്ളം ഒലിപ്പിക്കാന്‍ ഉണ്ടായിരുന്നത് കൊണ്ടു ഈയുള്ളവന് ചില സിനിമകളൊക്കെ തരപ്പെടുത്താനായി.
സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരെ സിനിമയുടെ മുഖ്യധാരയിലേക്ക് വലിച്ചിഴച്ചു കൊണ്ടു വന്നു , അവര്ക്കും ഒരു ജീവിതം ഉണ്ടെന്നു പൊതു മനസാക്ഷിയെ ബോധിപ്പിച്ചു കൊടുത്തത് ഈയുള്ളവന്‍ ആണ്. സിനിമയിലെ കേശവദേവ്‌ എന്ന് വിശേഷിപ്പിചാലും വിരോധമില്ല. എത്രയോ കൊടി കെട്ടിയ സംവിധാനികള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. അവരൊക്കെ കുബേര ജന്മങ്ങളുടെ കഥ പറഞ്ഞു പണം തട്ടാനാണ് താത്പര്യം കാണിച്ചത്. പക്ഷെ ഈ വിനയവാന്‍ അങ്ങനെ ചുളുവില്‍ പണം അടിച്ച് മാറ്റിയവന്‍ അല്ല. ഒരുപാടു കണ്ണീര്‍ ഒഴുക്കി തന്നെയാണ് മലയാള സിനിമയിലെ സ്ഥാനം ഉറപ്പിച്ചത്. ഈ നികൃഷ്ട ജന്മങ്ങളെ സ്ക്രീനില്‍ കൊണ്ടു വന്നാല്‍ ഒരു മനുഷ്യ ജീവി കൂടി തിയേറ്റര്‍ പരിസരത്തേക്കു പോലും വരില്ലെന്ന് കട്ടായം പറഞ്ഞവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് സകലമാന ജനങ്ങളെയും ആട്ടി തെളിച്ചു കൊണ്ടു വരാന്‍ ഇവന് കഴിഞ്ഞു . ആ പരിപ്പ് പക്ഷെ അധിക കാലം വെന്തില്ല എന്ന് മാത്രം.
സിനിമയിലൂടെ കാണിച്ച സാമൂഹ്യ പ്രതിബദ്ധത തന്നെയാണ് അതിന് പുറത്തും ഇവന്‍ കാണിക്കാന്‍ ഒരുമ്പെട്ടത്. സിനിമാ രംഗത്ത് പുറം പോക്കിലേക്ക് വലിച്ചെറിയപ്പെട്ട കുറച്ചു തൊഴിലാളികള്‍ക്ക്‌ മാന്യമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക . ഇതു മാത്രം ആയിരുന്നു ചെറിയൊരു ലക്ഷ്യം. അതിന് മഹത്തായ ഒരു സംഘടനയെ പൂര്‍ണ്ണമായും കൈപ്പിടിയില്‍ ഒതുക്കി. അധികാരം ഉണ്ടെങ്കിലേ എന്തും ഈ ലോകത്ത് നടക്കൂ. ഈ പച്ച മനുഷ്യരെ ഉയര്‍ത്തി കൊണ്ടു വരുന്നതു ചില്ലറ പണിയൊന്നും അല്ല. ആരോടൊക്കെ പട വെട്ടി വേണമെന്നോ ആ സാഹസം. ഈ ലോകത്തെ എത്ര വലിയവന്‍ പോലും തിരുവായിക്ക് എതിര്‍ വായില്ലാതെ നില്ക്കുന്ന സൂപ്പര്‍ താരങ്ങള്‍ ആയിരുന്നു ആദ്യ ലക്ഷ്യം. അവര്‍ വീഴണം. അവരുടെ അപ്രമാദിത്വം തകരണം. എങ്കിലേ ഞാനടക്കമുള്ളവര്‍ രക്ഷപ്പെടൂ.
ശ്രമിച്ചു.. അഹോരാത്രം തെറി പറഞ്ഞു... ഒടുവില്‍ അവരുടെ വെറുപ്പ്‌ സമ്പാദിച്ചു. മഹാ ഭാഗ്യം...
പക്ഷെ അധിക കാലം ഒന്നും നീണ്ടു പോയില്ല. സംഘടന പിളര്‍ന്നു. സൂപ്പര്‍ താരങ്ങള്‍ പിളര്‍ത്തി. ഒപ്പം അവരുടെ ഓശാരം പറ്റി പിഴച്ചു പോരുന്ന ചില സംവിധാനികളും. ഇന്നലത്തെ മഴയ്ക്ക്‌ പൊടിച്ച ചില ഉണ്ണിക്കണ്ണന്‍മാരും
സിദ്ധി കൂടിയ ചില വന്കന്മാരും മറ്റും. നടക്കുമോ നമ്മുടെ അടുത്ത് പണി. കാരണം ഒരു പണിയും ഇല്ലാത്തവന്മാര്‍ നമ്മുടെ കൂടെ ഉണ്ടല്ലോ. അവസാനം ഇതാ അവന്മാരും നമ്മളെ വിട്ടു പോയിരിക്കുന്നു. എന്നിട്ടും ഈയുള്ളവന്‍ തളര്‍ന്നിട്ടില്ല
കുറേകാലം വീട്ടില്‍ ഇരുന്നു. സംവിധാനിക്കാന്‍ ആരും വിളിച്ചില്ല. പട്ടിണി കിടന്നു ചത്തു പോകും എന്നായിരിക്കും ശത്രുക്കള്‍ കരുതിയത്‌. എവിടെ? കോടികള്‍ , കോടികള്‍ ഉണ്ടാക്കി വെച്ചിരുന്നല്ലോ ആയ കാലത്തു . ഇപ്പോള്‍ ഇതാ ഈ ശനി ദശ പിടിച്ച നേരത്ത് ഒരു സിനിമ ഒത്തു കിട്ടിയിട്ടുണ്ട്. ഇവിടെ നിലവില്‍ ഉള്ളവര്‍ ഒന്നും സിനിമയുമായി സഹകരിക്കില്ല എന്ന് വാശി പിടിക്കുന്നുണ്ട്. അതുകൊണ്ട് എനിക്ക് എന്താ? നഷ്ടം അവര്ക്കു തന്നെ. ഇവന്‍ പുതിയവരെ ഇറക്കും. അഭിനയിക്കാനും അതെ , പടം പിടിക്കാനും അതെ.
പുതിയവരെ വെച്ചു കളിക്കുമ്പോള്‍ പേടിയുണ്ടോ എന്ന് ചിലരൊക്കെ ചോദിക്കുന്നുണ്ട്. ആര്‍ക്കു പേടി? എന്തെങ്കിലും ഒക്കെ നഷ്ടപ്പെടാന്‍ ഉള്ളവര്‍ക്കല്ലേ പേടി വേണ്ടൂ. ഇനിയിപ്പോ നിര്‍മ്മാതാവിന് പേടി ഉണ്ടോ എന്ന് തിരക്കിയെക്ക്. കാരണം മൂപ്പരുടെയല്ലേ കാശിട്ടു ഈയുള്ളവന്‍ അടിച്ച് പൊളിക്കാന്‍ പോകുന്നത്. പക്ഷെ അങ്ങോര്‍ക്ക് ലക്ഷ്യം വേറെ ആയതു കൊണ്ടു പേടിയൊന്നും തിരിച്ചറിയാന്‍ പറ്റി എന്ന് വരില്ല. ഭാഗ്യം.... വേണ്ട അധികം പറഞ്ഞാല്‍ അയാള്‍ കേള്‍ക്കും. പെട്ടിയും പൂട്ടി മൂപ്പര്‍ സ്ഥലം വിട്ടാല്‍ ഇവന്‍ വീണ്ടും വീട്ടില്‍ വാതില്‍ അടച്ചു ഇരിക്കേണ്ടി വരും. ഇനി അതിന് പറ്റില്ല. ഉള്ള പണമൊക്കെ തീര്ന്നു തുടങ്ങി.... പാവം പിഴച്ചു പൊയ്ക്കോട്ടേ...
പക്ഷെ തൊഴിലാളികളെ പറ്റി പറഞ്ഞാല്‍ ഉണ്ടല്ലോ ----ങാ...

No comments:

Post a Comment