Monday, November 23, 2009

പഴശ്ശി രാജാ -വിവാദങ്ങള്‍ തുടരുമ്പോള്‍











വിവാദങ്ങളുടെ തോഴന്‍ ആയിരുന്നു നാടു ഭരിച്ച പഴശ്ശിരാജാ. ബ്രിട്ടീഷ് ഭരണത്തിന്‍റെ അന്തസാര ശൂന്യതയെ നഖ ശിഖാന്തം എതിര്‍ത്ത ധീരന്‍. ബ്രിട്ടീഷ് അധികാരികള്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ സാമാന്യ ജനതയുടെ സ്വാതന്ത്ര്യത്തിനു ഹാനികരം ആണെന്ന് കണ്ടപ്പോള്‍ അവയെ ആമൂലാഗ്രം എതിര്‍ക്കാനുള്ള ആര്‍ജ്ജവം കാണിച്ച സ്വഭിമാനി. ആ എതിര്‍പ്പുകള്‍ തന്നെയാണ് അക്കാലത്തു വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയത്. ഇപ്പോള്‍, ആ ധീര ദേശാഭിമാനിയുടെ അക്ഷീണ പോരാട്ടങ്ങള്‍ അഭ്ര പാളികളിലേക്ക് പകര്‍ത്തിയപ്പോള്‍ വീണ്ടും വിവാദങ്ങളുടെ പടഹ ധ്വനികള്‍ ഉയര്‍ന്നിരിക്കുന്നു. നിര്‍മ്മാണത്തിന്റെ തുടക്കം തൊട്ടേ വിവാദങ്ങള്‍ പഴശ്ശി രാജയുടെ കൂടപ്പിറപ്പ് ആയിരുന്നു. ഏകദേശം മൂന്നു വര്‍ഷത്തെ യുദ്ധ സമാനമായ സാഹചര്യങ്ങള്‍ തരണം ചെയ്തു ഹരിഹരനും ഗോകുലം ഗോപാലനും കൂടി സിനിമ യാഥാര്‍ത്ഥ്യം ആക്കി. അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷകളെ കവച്ചു വെച്ചു സിനിമ അപൂര്‍വമായ നേട്ടങ്ങള്‍ കൈവരിച്ചു. മലയാള സിനിമ അടുത്ത കാലത്തു എന്നല്ല ചരിത്രത്തില്‍ തന്നെ നേടാത്ത വിജയം സ്വന്തമാക്കി. സിനിമ ശാലകളെ ഉപേക്ഷിച്ചു ടി.വി. കള്‍ക്ക് മുന്‍പില്‍ ഇരിപ്പ് ഉറപ്പിച്ചവരെ പോലും ടാക്കീസുകളിലേക്ക് നടക്കാന്‍ പ്രേരിപ്പിച്ചു . അങ്ങനെ അതിശയങ്ങളുടെ വിളയാട്ട്‌ കേന്ദ്രമായി പഴശ്ശി രാജാ. പടം പുറത്തു വന്നപ്പോള്‍ , പഴശ്ശിയുടെ അന്ത്യ രംഗം ആവിഷ്കരിച്ചതിനെ ചൊല്ലി ആയിരുന്നു വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. പഴശ്ശിയെ ബ്രിട്ടീഷുകാര്‍ വെടി വെച്ചു കൊല്ലുകയായിരുന്നു എ ന്ന ചലച്ചിത്ര ഭാഷ്യം ഇവിടത്തെ പേരു കേട്ട ചരിത്രകാരന്മാര്‍ ഇതു വരെയും വകവെച്ചു കൊടുത്തിട്ടില്ല. എങ്കിലും എം. ടി.യും , ഹരിഹരനും എത്രയോ വര്‍ഷത്തെ ഗവേഷണങ്ങളിലൂടെ നേടിയ അറിവിന്റെ പിന്‍ ബലത്തിലാണ് ഇങ്ങനെയൊരു ക്ലൈമാക്സ്‌ അവതരിപ്പിച്ചത് എന്ന് പറയുമ്പോള്‍ ലഭിക്കുന്ന ആധികാരികതയെ ചോദ്യം ചെയ്യാന്‍ ആര്ക്കും കഴിഞ്ഞിട്ടില്ല. ആ വിവാദം പുകഞ്ഞും പുകയാതെയും കേരളത്തിന്റെ സാംസ്കാരിക അന്തരീക്ഷത്തെ ചൂടു പിടിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് മറ്റൊരു ചര്‍ച്ചയിലേക്ക് പഴശ്ശി വഴി മാറുന്നത്. ഇത്തവണ അത് ആ ചിത്രത്തിലെ പാട്ടുകളുമായി ബന്ധപ്പെട്ടാണ്. തുടങ്ങി വെച്ചതാവട്ടെ ചിത്രത്തിന്റെ സംഗീത സംവിധായകനായ ഇളയരാജയും. ചിത്രത്തില്‍ രണ്ടു പാട്ടുകള്‍ എഴുതിയ ഓ. എന്‍. വി. യുടെ പ്രതിഭയെ , ഈ ചിത്രത്തിലെ അദേഹത്തിന്റെ രചനകളുമായി തട്ടിച്ചു ഇളയരാജ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു , നിഷ്കരുണം ആക്രമിച്ചതാണ് പുതിയ വിവാദങ്ങളുടെ ഉത്ഭവ കാരണം. മലയാളികള്‍ മുഴുവന്‍ ഇതോടെ ഓ.എന്‍.വി. യുടെ പിന്നില്‍ അണിനിരന്നു കഴിഞ്ഞിട്ടുണ്ട്. തമിഴനായ ഇളയരാജയുടെ കാവ്യാ ബോധത്തെ പോലും ആക്ഷേപിച്ചു കൊണ്ടു ഭാഷാവിവേചനം പോലും കാണിച്ചു ഓ.എന്‍.വി.യോടുള്ള സാംസ്കാരിക കേരളത്തിന്റെ വിധേയത്വം പ്രകടിപ്പിക്കാന്‍ സന്നദ്ധരായി സാംസ്കാരിക നായകരും രാഷ്ട്രീയക്കാരും രംഗത്ത് വന്നു കഴിഞ്ഞു . അപ്പോഴും ഒരു കാര്യം മാത്രം നാം ആലോചിക്കുന്നില്ല. എന്തുകൊണ്ട് ഇളയരാജ കവിക്കെതിരെ ഇത്തരം ഒരു ആരോപണവുമായി മുന്നോട്ടു വന്നു? ഓ.എന്‍.വി.യുമായി ചേര്ന്നു മറക്കാന്‍ ആവാത്ത നിരവധി ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകന് ഈ ഒരു ചിത്രത്തോടെ കവിയുമായി സൌന്ദര്യപ്പിണക്കം ഉടലെടുക്കാന്‍ എന്താണ് കാരണം?മറ്റു പല സന്ദര്‍ഭങ്ങളിലും ഓ.എന്‍.വി.യെ വാഴ്ത്താന്‍ ഒരു വൈമനസ്യവും കാണിക്കാതിരുന്ന ഇളയരാജ രൂക്ഷ വിമര്‍ശനങ്ങളും ആയി ഇപ്പോള്‍ രംഗ പ്രവേശം ചെയ്തതിന്റെ പിന്നിലുള്ള രഹസ്യം എന്ത്? ഒരു കാര്യം നാം ഇവിടെ ഓര്‍ക്കണം. ഇളയരാജയുടെ ആദ്യ മലയാള സംഗീതത്തിനു കവിതയുടെ ചിറകുകള്‍ നല്കിയത് ഓ.എന്‍. വി. ആയിരുന്നു. വ്യാമോഹം എന്ന ആ ചിത്രത്തിലെ ' പൂവാടികളില്‍..' എന്ന് തുടങ്ങുന്ന ഗാനം ചലച്ചിത്ര സംഗീത ആസ്വാദകരെ ഇന്നും ആഹ്ലാദിപ്പിക്കുന്ന നല്ലൊരു സൃഷ്ടി ആണ്.




പഴശ്ശി രാജയിലെ ആദിയുഷ സന്ധ്യ എന്ന് തുടങ്ങുന്ന ഗാനത്തെ കുറിച്ചു ആണ് ഇളയരാജ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. താന്‍ ചില ഈണങ്ങള്‍ ഇട്ടു കൊടുത്തപ്പോള്‍ അതിനനുസരിച്ച് ഓ.എന്‍.വി.ക്ക് വരികള്‍ ചമയ്ക്കാന്‍ കഴിഞ്ഞില്ലെന്നും, പഴശ്ശിയുടെ മനോ നൊമ്പരങ്ങള്‍ മേല്‍പ്പറഞ്ഞ പാട്ടില്‍ ആവിഷ്കരിക്കാന്‍ കവിക്ക്‌ കഴിഞ്ഞില്ലെന്നും ഇളയരാജ പറയുന്നു. പിന്നെ എങ്ങനെയാണ് ഹരിഹരന്‍ ആ പാട്ടിനു ഓ.കെ പറഞ്ഞതു ? സംവിധായകന്‍ ഹരിഹരന്റെ കാര്‍ക്കശ്യങ്ങളെ കുറിച്ചു അറിയാവുന്ന ഒരു സാധാരണക്കാരനായ മലയാളി ഇങ്ങനെ ചോദിച്ചു പോയാല്‍ അതിശയിക്കാന്‍ ഇല്ല. ഇതിനിടയില്‍ അണിയറയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേതന്നെ കേട്ട ഒരു കഥ ഇവിടെ ഞാന്‍ ഓര്ത്തു പോകുന്നു. പഴശ്ശി രാജാ എന്ന ചിത്രത്തിന്റെ തുടക്കത്തില്‍ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് ഇളയരാജയും , ഓ.എന്‍.വി. യും കൂടിയാണെന്ന് കേട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്റെ കമ്പോസിംഗ് നടന്നു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഓ.എന്‍.വി.ക്ക് പുറമെ ഗിരീഷ്‌ പുത്തഞ്ചേരിയുടെ പേരും അവിചാരിതമായി കടന്നു വന്നു. പിന്നാലെ കാനേഷ് പൂനൂരും. എന്ത് കൊണ്ടു ഇങ്ങനെ ഒരു മറിമായം? ഓ.എന്‍.വി. എന്ന ഒറ്റയാനില്‍ നിന്നും മറ്റു രണ്ടു നാമങ്ങളിലേക്ക് ഹരിഹരന് മാറി ചിന്തിക്കേണ്ടി വന്നത് എന്ത് കൊണ്ടു? കേട്ടിരുന്നു, എം.ടി.യുടെ ശുപാര്‍ശയില്‍ ആണ് പുത്തഞ്ചേരി കയറിക്കൂടിയത് എന്ന്. അങ്ങനെ ഒരു ശുപാര്ശ നല്കാന്‍ എം. ടി യെ പ്രേരിപ്പിച്ച ഘടകവും, എം. ടി.യോട് ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കാന്‍ ഹരിഹരനെ പ്രകോപിപ്പിച്ച സംഭവവും എന്തായിരുന്നു? പറഞ്ഞു കേള്ക്കുന്ന ഒന്നു രണ്ടു കാരണങ്ങള്‍ ഇതൊക്കെ ആണ്. പരിവാര സമേതനായി , തികച്ചും ദൈവികമായ ഒരു പരിവേഷത്തോടെ കമ്പോസിംഗ് കര്‍മ്മത്തിലേക്കു കടന്നു വന്ന ഇളയരാജയുടെ പക്കാ തമിഴ് മാനറിസങ്ങള്‍ സഹിക്കാന്‍ ആവാതെ ഓ.എന്‍. വി. പ്രതിഷേധത്തിന്റെ അഗ്നി മനസ്സില്‍ സൂക്ഷിച്ചത്രേ. ഇളയരാജയുടെ 'രാജ പാര്‍ട്ട്‌' വേഷംമലയാളത്തിന്റെ ലാളിത്യത്തെ ചൊടിപ്പിച്ചു. അവര്‍ പല സന്ദര്‍ഭങ്ങളിലും പൊരുത്തപ്പെടാന്‍ ആവാത്ത മട്ടില്‍ എടുത്തടിച്ചു നിന്നു. ഇങ്ങനെ പോയാല്‍ പഴശ്ശി നടക്കില്ലെന്നു തോന്നിയ ഹരിഹരന്‍ മറ്റൊരു ഗാന രചയിതാവിനെ ആശ്രയിക്കുകയാണ് ഉണ്ടായത്. പിന്നെ മറ്റൊരു കഥ ഓ.എന്‍.വി.ക്ക് ഈണത്തിന് അനുസരിച്ച് പാട്ടെഴുതാന്‍ കഴിഞ്ഞില്ലത്രേ. അതില്‍ എത്ര വാസ്തവം ഉണ്ട് എന്നറിയില്ല. നേരത്തെ സലില്‍ ചൌധരിക്കും , ശ്യാമിനും, എന്തിനേറെ ഇളയരാജക്ക് തന്നെയും ഓ.എന്‍.വി. പാട്ടു എഴുതിക്കൊടുത്തത് ഈണത്തിന് അനുസരിച്ച് ആയിരുന്നില്ലേ. അപ്പോള്‍ പറഞ്ഞു കേട്ട സൌന്ദര്യ പിണക്ക കഥകളില്‍ ആദ്യത്തേത് തന്നെ ഏറെ വിശ്വസനീയം.




ഇനി വിവാദ വിഷയമായി തീര്‍ന്ന പാട്ടിനെ കുറിച്ചു. ഇളയരാജ പറഞ്ഞതില്‍ ഞാന്‍ കുറച്ചൊക്കെ വസ്തുത കാണുന്നു. ഓഎന്‍.വി. എഴുതിയ വരികള്‍ ഒരു കാരണ വശാലും മോശമല്ല. അത്യുജ്ജ്വലമായ കല്പന കൊണ്ടും , തീക്ഷ്ണമായ ഭാവ ഗരിമ കൊണ്ടും, ഉചിതമായ പദ വിന്യാസം കൊണ്ടും ആദിയുഷസന്ധ്യ തീവ്രമായ ദേശാഭിമാന ബോധം കേള്‍വിക്കാരില്‍ അന്ഗുരിപ്പിക്കാന്‍ പ്രേരകമാണ്.എന്നാല്‍ പഴശ്ശിയുടെ വികാരം തൊട്ടറിയാനുള്ള ഒരവസരം ശ്രോതാക്കള്‍ക്ക് കവി നല്‍കുന്നില്ല. പഴശ്ശിയുടെ പടയൊരുക്കം കവിയല്ല ചിത്രത്തില്‍ ആവിഷ്ക്കരിക്കുന്നത്. സിനിമയുടെ സംവിധായകനാണ്. അത് തിരക്കഥയില്‍ ഉള്ളതാണോ , അതോ ഹരിഹരന്‍ പാട്ടു കേട്ട ശേഷം മാറ്റി ചെയ്തതാണോ എന്നറിയില്ല. തിരക്കഥയില്‍ ഉള്ളതാണ് എങ്കില്‍ പഴശ്ശിയുടെ ആത്മ നൊമ്പരവും , വീര്യവും, പട നയിക്കാനുള്ള ഒരുക്കങ്ങളും എല്ലാം സമന്വയിപ്പിച്ച് കൊണ്ടുള്ള ഒരു ആവിഷ്കാരത്തിനു ആയിരുന്നു കവി തൂലിക എടുക്കേണ്ടിയിരുന്നത്. കവിത ആര്‍ഷ ഭാരതത്തിന്റെ പൈതൃകങ്ങളെ നെഞ്ചില്‍ എന്തുകയാണ്. ആ സംസ്കാരത്തിന്റെ പ്രോജ്വലമായ ഭാവങ്ങളെ തൊട്ടു തലോടുകയാണ്. യോദ്ധാക്കളുടെ സിരകളിലേക്ക് സമര വീര്യം കടത്തി വിടാന്‍ ഈ ഓര്‍മ്മപ്പെടുത്തല്‍ സഹായകരമായി തീരുമോ? എന്നാല്‍ പ്രത്യക്ഷത്തില്‍ അത്തരം ഒരു ആഹ്വാനം കവിതയില്‍ കാണാനും കഴിയുന്നില്ല. ഇതൊക്കെ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആണ്.




ഹരിഹരന്‍ ഇപ്പോഴും ഈ വിവാദത്തെ പ്രതി മൌനം പാലിക്കുകയാണ്. സംവിധായകന്റെ കല ആണ് സിനിമ. തന്റെ സിനിമയ്ക്ക്‌ എന്ത് വേണം എന്ത് വേണ്ട എന്ന് തീരുമാനിക്കേണ്ടത് സംവിധായകന്‍ ആണ്. അയാളുടെ തീരുമാനങ്ങള്‍ ആണ് ആത്യന്തികമായ ശരി. ഓ.എന്‍.വി.യുടെ പാട്ടു തനിക്ക് തൃപ്തികരം ആയിരുന്നോ അല്ലയോ എന്ന് വിധി കല്‍പ്പിക്കേണ്ടത് ഹരിഹരന്‍ ആണ്. അദേഹം മൌനം വെടിഞ്ഞു പ്രതികരിച്ചാല്‍ ഈ പ്രശ്നം അതോടെ തീരും. അത് വരെ സാംസ്കാരിക കേരളത്തിന് നേരം പോക്കാന്‍ ഈ കാര്യം ഇങ്ങനെ ചര്ച്ച ചെയ്തു കൊണ്ടിരിക്കാം

No comments:

Post a Comment