
പാവം മുരളി. ഇങ്ങനെയൊരു വിധി ഒരു രാഷ്ട്രീയക്കാരനും കൊടുക്കരുത്. മാതൃ സംഘടനയിലേക്ക് തിരിച്ചു പോകാനുള്ള ആഗ്രഹവും കൊണ്ടു എത്ര കാലമായി അലയാന്‍ തുടങ്ങിയിട്ട്. കാലാ കാലങ്ങളില്‍ പറഞ്ഞു നടന്ന കോണ്‍ഗ്രസ്സ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ എല്ലാം പിന്‍വലിച്ചു നല്ല കുട്ടിയായി ഹൈകമാണ്ടിന്റെ പടിവാതില്‍ തുറക്കുന്നതും കാത്തു അവന്‍ നില്‍ക്കുകയാണ്. ചാണ്ടി- രമേശ് കശ്മലന്മാര്‍ കണ്ണും മിഴിച്ചു, മീശയും പിരിച്ചു നില്‍ക്കുന്നതാണ് മുരളിക്കുട്ടന്റെ ഏറ്റവും വലിയ തടസ്സം. അതുകൊണ്ടാണ് ഡല്‍ഹിയിലേക്ക് കണ്ണും നാട്ടു ഇരിക്കുന്നത്. അവിടെ ഒരു കൈ സഹായത്തിനു എല്ലാം പൊറുക്കുന്നവനും, നന്മ നിറഞ്ഞവനുമായ അന്തോനീസ് പുണ്യവാളനുണ്ട്. കൂടെ അദേഹത്തിന്റെ അരുമ ശിഷ്യനും ആഭ്യന്ദര വകുപ്പിന്റെ ഹൃദയ തുടിപ്പും മുല്ല പോലെ സുഗന്ധ വാഹിയുമായ രാമചന്ദ്രനും ഉണ്ട്. ഇവരൊക്കെ ആണ് ഇനി ഒരു ആശ്വാസം.
കേരളം കനിഞ്ഞില്ലെങ്കില്‍ ദല്‍ഹി. അതാണല്ലോ അച്ഛന്റെ പ്രതാപ കാലം തൊട്ടുള്ള പതിവ്. പക്ഷെ ഇപ്പോള്‍ പഴയ വീരസ്യം പറച്ചിലുകള്‍ക്കൊന്നും വലിയ വിലയില്ല. അച്ചന് അങ്ങ് ഡല്‍ഹിയില്‍ പറയത്തക്ക പ്രകടനങ്ങള്‍ നടത്താനുള്ള ശേഷിയൊന്നും ഇല്ല. ഈ മകന്‍ എന്ന് വളര്ച്ച മുറ്റിയോ അന്ന് തുടങ്ങി അച്ഛന്റെ ശനി ദശ. ഒരു കാലത്ത് ആരെയാണോ ഏറ്റവും തെറി പറഞ്ഞതു അയാളുടെ സഹായം ഇല്ലാതെ ഡല്‍ഹിയില്‍ ഇന്നു ഒരു പടി മുന്നോട്ടു വെക്കാന്‍ ആവില്ല. പാവം അച്ഛന്‍ , ഒരു ധൂര്‍ത്ത പുത്രനെക്കൊണ്ട് പെരുവഴി ശരണം ഗച്ചാമി എന്ന നിലയില്‍ ആയി.
അയിത്തം കല്‍പ്പിച്ചു മാറ്റി നിര്‍ത്താന്‍ ഈ മുരളിക്കെന്താ വല്ല മാറാ രോഗവും ഉണ്ടോ ? പറ. സകലമാന ഇഴ ജീവികളെയും അവരുടെ പൂര്‍വകാല മാഹാത്മ്യം നോക്കാതെ പ്രവേശിപ്പിക്കുന്ന കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനം എന്തിന് ഈ പാവത്തോട് മാത്രം ഇങ്ങനെ പക്ഷഭേദം കാണിക്കണം? കരുണാകരന്റെ പുത്രന്‍ ആയി പോയതാണോ അപരാധം. ഇല്ല. അച്ഛനോട് ആര്ക്കും ഒരു വിരോധവും ഇല്ല. പാര്‍ട്ടിയെ പിളര്‍ത്താന്‍ കച്ച കെട്ടി ഇറങ്ങിയിട്ടും അച്ഛനെ പാര്‍ട്ടിയില്‍ നിന്നും ആരും പുറത്തു ആക്കിയിട്ടില്ല. സ്നേഹമില്ലാതെ അങ്ങനെ ചെയ്യില്ലല്ലോ . അപ്പോള്‍ അതുമല്ല പ്രശ്നം. പിന്നെ എന്താണ്?
ഇങ്ങനെ ചുഴിഞ്ഞു നോക്കുമ്പോള്‍ വാസ്തവം ബോധ്യമാവും. മറ്റൊന്നും അല്ല. പാര്‍ട്ടി അണികള്‍ക്കിടയില്‍ തനിക്കുള്ള സ്വാധീനം. താന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വന്നാല്‍ ആ സ്വാധീനം കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതൃത്വത്തിന് മനസ്സിലാവും. അവര്‍ക്കത് പിടി കിട്ടിയാല്‍ പിന്നെ കേരളത്തിലെ പല സോപ്പ് കുട്ടപ്പന്മാരുടെയും കാര്യം കട്ടപ്പൊക. അവര്‍ ഇപ്പോള്‍ ഇരുന്നു അരുളുന്ന സാമ്രാജ്യ കോട്ടയില്‍ നിന്നും ഇറങ്ങി നടക്കേണ്ടി വരും. സ്ഥാന മാനങ്ങള്‍ ഇല്ലാത്ത അത്തരക്കാര്‍ക്കു പിന്നില്‍ അണികള്‍ എന്ന വിചിത്ര ജീവികള്‍ അദൃശ്യര്‍ ആയിരിക്കും. വീണ്ടും പഴയത് പോലെ ഈയുള്ളവന്റെ അധികാര പരിധിയിലേക്ക് ഒരു മഹാ പ്രസ്ഥാനത്തിന്റെ സംസ്ഥാന ഘടകം അപ്പടി വന്നു ചേരും. എം. എല്‍. എ., മന്ത്രി, മുഖ്യമന്ത്രി അങ്ങനെ ഒരു കാലത്തു ആശിച്ചു മോഹിച്ചു നടന്ന പദവികള്‍ എല്ലാം ഓരോന്നായി കൈപ്പിടിയില്‍ ഒതുക്കും. ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് ഇപ്പോഴത്തെ കേരള നേതൃത്വം തന്നെ അകറ്റി നിര്‍ത്തുന്നത്.
അപരാധങ്ങള്‍ എല്ലാം പൊറുക്കണം എന്ന് ഒരിക്കല്‍ അപേക്ഷിച്ച് കഴിഞ്ഞു . അത് നിഷ്കരുണം പുറം കാല് കൊണ്ടു തട്ടിക്കളഞ്ഞു. ഇനി ഒരിക്കല്‍ കൂടി അപേക്ഷ എഴുതി കൊടുക്കണം. ഇത്തവണ ഇവിടെ പരിഗണിച്ചില്ലെങ്കില്‍ , അങ്ങ് ഡല്‍ഹിയില്‍ ഒന്നു കൈ കൊണ്ടു തൊട്ടു നോക്കാന്‍ എങ്കിലും ഉള്ള സാധ്യത കാണുന്നുണ്ട്. ങാ. ഒരു കൈ നോക്കിക്കളയാം. സോണിയാജിയുടെ അടുത്തേക്ക് തന്റെ കടലാസ് കഷണം എത്തിക്കാന്‍ ആന്തോണി അദ്യേം കാത്തു നില്‍പ്പുണ്ട്. പഴയത് പോലെ മൂപ്പരോട് ആജ്ഞാപിക്കാന്‍ കഴിയില്ല. അങ്ങനെ എങ്ങാനും ചെയ്താല്‍ മൂപ്പര്‍ തോക്കെടുത്ത് കാച്ചിക്കളയും. മുന്തിയ ഇനം ഏതൊക്കെയോ ഗണ്ണുകള്‍ അങ്ങോരുടെ കൈയില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതൊന്നും മുരളി വിശ്വസിക്കുന്നില്ലെങ്കിലും , മൂപ്പരോട് ഇപ്പോഴത്തെ അവസ്ഥയില്‍ അപേക്ഷ, യാചന തുടങ്ങിയ മുറകള്‍ ഒക്കെ തന്നെ പയറ്റി നോക്കുന്നത് ആയിരിക്കും ഭംഗി.
ങാ... സമയമില്ല. അടുത്ത അപേക്ഷ എഴുതാന്‍ നേരമായി.
No comments:
Post a Comment