
മനോരമയുടെ വെബ് പേജ് കണ്ടപ്പോഴാണ് സില്‍ക്ക് സ്മിതയെ കുറിച്ചു ഓര്‍മ്മ വന്നത്. സ്മിത ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് പന്ത്രണ്ടു വര്‍ഷം തികയുകയാണത്രേ. സ്മിത എന്‍റെ സജീവമായ ഓര്‍മ്മയില്‍ നിന്നും ബഹിഷ്കരിക്കപ്പെട്ടിരിക്കുന്നു. എന്റേത് മാത്രമാണെന്ന് തോന്നുന്നില്ല. സിനിമയുടെ മികച്ച ആസ്വാദകര്‍ പലരുടെയും മനസ്സില്‍ നിന്നും സ്മിത പുറത്തേയ്ക്കുള്ള വഴിയില്‍ എത്തപ്പെട്ടിരിക്കുന്നു. ക്രൂരമാണ് ഈ മറവി . വെള്ളിത്തിരയിലെ തിളങ്ങുന്ന നക്ഷത്രങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ട ഭീകരമായ ജന നിരാസത്തിന്റെ സൂചന നമ്മുടെയൊക്കെ ഈ മറവിയില്‍ ഉണ്ട്.
സ്മിതയെ എനിക്ക് ഇഷ്ടമായിരുന്നു. എനിക്ക് മാത്രമല്ല എല്ലാ മലയാളികള്‍ക്കും. നമ്മുടെ സദാചാര നിയമമനുസരിച്ച് വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത പടങ്ങളിലെ താരം ആയിരുന്നിട്ടും സ്മിത മലയാളികളുടെ ഇഷ്ടങ്ങളില്‍ ഒന്നായി തീര്‍ന്നു. കാരണം എന്തായിരിക്കാം ? ഒരു ദുരന്ത നായികയുടെ നിഴല്‍ പാളി ആ മുഖത്ത് വീണത് നമ്മുടെ കണ്ണില്‍ നിന്നും മായാതിരുന്നത് കൊണ്ടാണോ? ആട്ടമാടാന്‍ മാത്രം വിധിക്കപ്പെട്ട നടിമാരുടെ ജീവിതത്തെ കുറിച്ചുള്ള ഇരുണ്ട അറിവുകള്‍ പകര്‍ന്ന സഹതാപമാണോ? മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയുംകൂടെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളില്‍ അഭിനയിച്ചത് കൊണ്ടാണോ? അതോ മലയാളി രഹസ്യമായി ആസ്വദിക്കുന്ന ശരീര സൌന്ദര്യത്തെ , അതേ രഹസ്യാത്മകതയോടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചത് കൊണ്ടാണോ? അങ്ങനെയും പറയാം അല്ലെ? സ്മിത ഒരിക്കലും പൂര്ണ്ണ വിവസ്ത്ര ആയില്ല. പാതി മയങ്ങിയ കണ്ണുകളും , അല്പം കറുത്ത്, തുടുത്ത ചുണ്ടുകളും , ഇരു നിറവും , ആഴമേറിയ പൊക്കിള്‍ ചുഴിയും കൊണ്ടു സ്മിത നമ്മെ ആനന്ദിപ്പിച്ചു. സ്ത്രീ വശ്യതയുടെ വനസ്ഥലികള്‍ സ്മിതയില്‍ മലയാളി കണ്ടറിഞ്ഞു. സ്മിതയുടെ ദേഹം കണ്ടു മലയാളിക്ക് ഓക്കാനം വന്നില്ല. വൃത്തിക്കെട്ട ലൈന്ഗീകതയിലും അവന്‍ വീണില്ല. പകരം ഒരു രതി ദേവതയുടെ പരിശുദ്ധിയോടെ അവന്‍ അതിനെ ആരാധിച്ചു. സ്നേഹിച്ചു. ആസ്വദിച്ചു. അതുകൊണ്ടാണല്ലോ ആത്മഹത്യയുടെ ഒരു തുണ്ടം കയറില്‍ ജീവിതത്തെ വരിഞ്ഞു കെട്ടിയിട്ട സ്മിതയുടെ വേര്‍പാടില്‍ ഹൃദയം നൊന്തു മലയാളി ആരുമറിയാതെ വേദനിച്ചത്, കവിതകള്‍ കുറിച്ചത്... ഇന്നിപ്പോള്‍ ഞാനീ ബ്ലോഗില്‍ സ്മിതയെ മറന്ന വിഷമത്തില്‍ ചിലതൊക്കെ കുറിച്ചു ഇടുന്നത്.
സ്ഫടികത്തില്‍ ലാലിനൊപ്പം സ്മിത പിഴച്ചവളുടെ ജീവിതം ആദി തിമിര്‍ക്കുന്നത് കണ്ടു രസിച്ചവനാണ് ഞാന്‍. ഒരു പക്ഷെ എന്‍റെ ബാല്യത്തിന്റെ കാഴ്ച പുറങ്ങളില്‍ സ്മിതയുടെ സൌന്ദര്യം ഒരു ദൌര്‍ബല്യമായിരുന്നു. അത് ഒരു വൃത്തികെട്ട ദൌര്‍ബല്യമായിരുന്നില്ലെന്നു മാത്രം. എന്തിനും പോന്ന പെണ്ണ് - വെണ്ണ തോല്‍ക്കുന്ന നായിക ഉടലുകളോട് അത്ര മമത ഉണ്ടായിരുന്നില്ല. പകരം കരുത്തിന്റെ , തന്റെടതിന്റെ കറുത്ത സൌന്ദര്യത്തോട് ഹൃദയം നിറഞ്ഞ സ്നേഹമായിരുന്നു. സ്ഫടികം കണ്ടതോട് കൂടിയാണ് സ്മിത യോട് താത്പര്യം കൂടിയത്. പിന്നെ സ്മിത ലാലിനോടൊപ്പം അഭിനയിച്ചു വരുന്ന ചിത്രം കാണാന്‍ മോഹത്തോടെ കാത്തിരുന്നു. പക്ഷെ പിന്നീട് അവര്‍ ജോഡി ആയില്ല. ആ ദുഃഖം തീര്‍ക്കാന്‍ അവര്‍ ഒരുമിച്ചു നേരത്തെ അഭിനയിച്ച ചിത്രങ്ങള്‍ തിരഞ്ഞു പിടിച്ചു കണ്ടു. എണ്ണ ത്തില്‍ കുറവ് ആയിരുന്നെങ്കിലും ആ ചിത്രങ്ങള്‍ എന്‍റെ ബാല- കൌമാര മനസ്സിനെ തൃപ്തിപ്പെടുത്തി. എന്നാല്‍ ആയിടയ്ക്ക് ആയിരുന്നു സ്മിതയുടെ ദുരന്ത വാര്ത്ത നമ്മെ തേടി വന്നത്. ജീവിത നൈരാശ്യം മൂത്ത് സ്മിത ആത്മഹത്യ ചെയ്തിരിക്കുന്നു.
നമ്മെ ഒരു പാടു ആനന്ദിപ്പിച്ച , മോഹിപ്പിച്ച , ജീവിതത്തെ കുറിച്ചു പ്രതീക്ഷകള്‍ നല്കിയ സ്മിത ജീവിതം വെറുത്തു, ആനന്ദം നഷ്ടപ്പെട്ടു ,മോഹങ്ങളാല്‍ വന്ചിക്കപ്പെട്ടു ലോകം ഉപേക്ഷിച്ചു പോയി. ഇപ്പോഴും ജീവിചിരിപ്പുന്ടെന്കില്‍ മധ്യ വയസ്കയുടെ ടിപ്പിക്കല്‍ വേഷങ്ങളില്‍ മുഖ്യ ധാരാ സിനിമയുടെ ചുട്ടു വട്ടത്തു സ്മിത പമ്മി നില്‍പ്പുണ്ടാകുമായിരുന്നു. വൃദ്ധയായി അഭിനയിച്ചാലും മലയാളി സ്മിതയെ ഇഷ്ടപ്പെടും. കാരണം മലയാളി സ്നേഹിച്ചത് സ്മിതയുടെ ബാഹ്യ സൌന്ദര്യത്തെ ആയിരുന്നില്ല. അവളിലെ സ്ത്രീയെ ആയിരുന്നു.
No comments:
Post a Comment