
പത്ര ലോകത്തെ പൈങ്കിളികള്‍ ആണ് സായാഹ്ന പത്രങ്ങള്‍. സത്യം പറയാലോ ഒരു ദിവസം ഇവ വായിച്ചില്ല എങ്കില്‍ എനിക്ക് ഇരിക്ക പൊറുതി കിട്ടില്ല. നാഗരികനായ ഓരോ മലയാളിയുടെയും അവസ്ഥയാണിത്. അവന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന പൈങ്കിളി കുട്ടന്‍റെ സടകുടഞ്ഞുള്ള എഴുന്നെല്പ്പ് ആണത്. പാതിരാ വരെ ഇരുന്നു ടി. വി. കണ്ടാലും , പിറ്റേന്ന് പുലര്‍ച്ചയ്ക്ക് എഴുന്നേറ്റു പത്രം വിടര്‍ത്തി ആര്‍ത്തിയോടെ വായിക്കുന്ന സ്വഭാവ വിശേഷത്തിന്റെ സായാഹ്ന പതിപ്പ്.
ടി. വി. യില്‍ ഇരുപത്തിനാല് മണിക്കൂര്‍ നേരവും വാര്‍ത്ത ചൂടോടെ സ്ക്രോള്‍ ചെയ്തു പോയാലും , മലയാളി ,മണി ഒരു രണ്ടു രണ്ടര ആവുമ്പോഴേക്കും സായാഹ്ന പത്രത്തിനായി ഇടം കണ്ണിട്ടു നോക്കി നില്‍പ്പ് തുടങ്ങും . അത് എത്തിച്ചേരാന്‍ വൈകും തോറും അവനില്‍ അക്ഷമ പതയും. പത്രം എത്തിച്ചു തരുന്നവന്റെ തന്തയ്ക്കു വിളിക്കും. സഹി കെടുമ്പോള്‍ റോഡിലേക്ക് ഇറങ്ങി ചെന്നു സ്വയം വാങ്ങി വായിക്കും. ഹൊ , വല്ലാത്ത ഒരു അവസ്ഥയാണ് അത്. തിടുക്കം , വെപ്രാളം, അക്ഷമ.... വികാരങ്ങളുടെ കടല്‍ പ്രവാഹം.
ഇതറിയാവുന്ന പത്ര ലോകം മലയാളിയുടെ സായാഹ്ന വായനയ്ക്കായി പത്രങ്ങളുടെ ഒരു മഹോത്സവം തന്നെ കൊണ്ടാടുന്നുണ്ട്. പല പേരുകളില്‍ , പല രൂപത്തില്‍. പ്രഭാത പത്രങ്ങളിലെ തമ്പുരാക്കന്മാര്‍ വരെ സായാഹ്ന സവാരി നടത്തി മിടുക്കന്മാര്‍ ആണ് തങ്ങളെന്ന് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.
ആഗോള വാര്‍ത്തകള്‍ വായിക്കാനുള്ള മലയാളിയുടെ രാഷ്ട്രീയ വാന്ച്ച ഒന്നുമല്ല ഈ അത്യാര്തിക്ക് കാരണം. ബലാല്‍സംഗം, ഒളിച്ചോട്ടം, മതില്ചാട്ടം , മോഷണം, പ്രണയം തുടങ്ങിയ ഇക്കിളിപ്പെടുത്തുന്ന വാര്‍ത്തകളുടെ നനുത്ത സ്പര്‍ശം അനുഭവിക്കാനാണ് അവന്റെ ഈ തിടുക്കം. നമ്മുടെയൊക്കെ ഉള്ളിലെ മാലിന്യങ്ങള്‍ ഇത്തരം അവസരങ്ങളിലാണ് നാം പ്രദര്‍ശിപ്പിക്കുന്നത്. എല്ലാം മറച്ചുവെച്ചു മാന്യതയുടെ വെള്ള വസ്ത്രത്തിന് പുറത്തു വെളുക്കെ ചിരിച്ചു സംസ്കാര സമ്പന്നന്‍ ചമയാന്‍ ആക്രാന്തപ്പെട്ട് പായുന്ന മലയാളിയുടെ ആത്മ ഭാവം ജീര്‍നമാണ് എന്നതിന്റെ തെളിവാണ് സായാഹ്ന പത്രങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മധ്യാഹ്ന- സായാഹ്ന പത്രങ്ങള്‍ അച്ചടിച്ചു പുറത്തിറങ്ങുന്നത് കേരളത്തിലാണ് എന്ന വസ്തുത അതിന് സാക്ഷ്യം പറയുന്നു.
എന്തൊക്കെ പറഞ്ഞാലും മലയാളി അവന്റെ ശീലം മറക്കില്ല. എത്ര വലിയവനും , ചെറിയവനും അവന്റെ അക ലോകങ്ങളെ തൃപ്തിപ്പെടുത്താന്‍ എന്ത് നെറികേടും കാണിക്കും. സായാഹ്ന പത്ര വായന നെറികെട്ട ഒന്നാണ് എന്ന് ഞാന്‍ പറയുന്നില്ല. അങ്ങനെ ആണെങ്കില്‍ ഏറ്റവും വലിയ വൃത്തികെട്ടവന്‍ ഞാന്‍ ആയിരിക്കും. കാരണം എന്റെ ഓഫീസില്‍ സായാഹ്ന പത്രം വായിക്കാന്‍ ഏറ്റവും താത്പര്യം കാണിക്കുന്നത് എന്റെ മാറ്റാനാവാത്ത ഒരു ശീലമാണ്. അത് വായിക്കുമ്പോള്‍ കിട്ടുന്ന വികാര വിരേചന സുഖം , കാലത്തു എഴുന്നേറ്റു ചായയും കുടിച്ചു വയറും തടവി മറപ്പുരയില്‍ പോയി ഇരുന്നാല്‍ പോലും കിട്ടില്ല.
വായന നശിച്ചു പോവാതിരിക്കാന്‍ ഈ ശീലം നമുക്കു മറക്കാതിരിക്കാം. മ പ്രസിദ്ധീകരണങ്ങള്‍ ഒരു കാലത്തു മലയാളിയുടെ വായന ശീലത്തെ പിടിച്ചു കെട്ടിയിട്ടത് പോലെ , പുതിയ തലമുറയുടെ വായനയോടുള്ള ആഭിമുഖ്യത്തെ സംരക്ഷിക്കാന്‍ സായാഹ്ന പത്രങ്ങള്‍ മുന്‍കൈ എടുക്കുന്നത് നല്ലതാണ്. അങ്ങനെ എങ്കിലും മലയാളി അറിവുകള്‍ കൊണ്ടു സമ്പന്നന്‍ ആകട്ടെ. മനസ്സിന്റെ ഇക്കിളി , പതുക്കെ പതുക്കെ നമ്മുടെ ബുദ്ധിയുടെയും ഇക്കിളി ആയി മാറട്ടെ.
ചില സായ്ഹാനപ്ത്രങ്ങള്‍ പുറംപേജ് മാത്രം മാറ്റി രണ്ടും മൂന്നും ന്പ്രാഗ്വുന്ശ്യം ഇറങ്ങുന്നുണ്ട്...
ReplyDelete