Wednesday, August 5, 2009

സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ



കേരളത്തിന്റെ സൌന്ദര്യ മത്സരം ഇന്നു നടക്കും. കൊച്ചിയാണ് വേദി. ഇതിനകം തന്നെ സംഭവം ഒരു വിവാദമായി കഴിഞ്ഞു . കൊച്ചിക്കാരന്‍ ഒരു വക്കീല്‍ അരസികന്‍ ഹൈക്കോടതിയില്‍ നല്കിയ ഒരു പൊതു താല്പര്യ ഹരജി പരിഗണിച്ചു, നീതി പീടവും മത്സരത്തില്‍ ഇടപെട്ട് കഴിഞ്ഞു . കോടതി നിയമിച്ച പ്രത്യേക സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കണം മത്സരം സംഘടിപ്പിക്കേണ്ടത്‌ എന്നാണു വിധി. കോടതി വിധിക്ക് പുറമെ, സദാചാര സംരക്ഷണത്തിന്റെ ആലഭാരം മുഴുവന്‍ ഏറ്റെടുത്തിരിക്കുന്ന ചില മത -സാമൂഹ്യ സംഘടനകളും സൌന്ദര്യ മത്സര വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും പോലീസിന് പണിയായി. സുന്ദരിമാര്‍ കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ ബുദ്ധിയും ശരീരവും കൊഴുപ്പിച്ചു സമ്മാനവും വാങ്ങി തടി തപ്പും. പാവം പോലീസുകാരും , സമരക്കാരും. കൊച്ചിയിലെ പൊടിയും നാറ്റവും സഹിച്ചു ഉന്തും തല്ലും നടത്തി വിയര്‍ത്തും പൊട്ടിയും വീട് പിടിക്കേണ്ടി വരും.


ലോക സൌന്ദര്യ മത്സരം സംവിധാനം ചെയ്തു ശ്രദ്ധ പിടിച്ചുപറ്റിയ നമ്മുടെ പ്രിയദര്‍ശന്‍ കൊച്ചിയില്‍ വിധി കര്‍ത്താവായി വരുന്നുണ്ട്. ബംഗലൂരുവില്‍ മുന്പ് അമിതാ ബച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തിയ ആ വിവാദ സൌന്ദര്യ മത്സരം നമുക്കു ഓര്‍മ്മയുണ്ടാവും. അത് ലോക സൌന്ദര്യ മത്സരമായിരുന്നു. അന്ന് ഉയര്ന്നു വന്ന ആരോപണങ്ങളും , സമരങ്ങളും , സംഘാടകരെ കൂടുതല്‍ ആവേശ ഭരിതരാക്കുകയാണ് ചെയ്തത്. അഞ്ചു പൈസ മുടക്കാതെ ചുളുവില്‍ പബ്ലിസിറ്റി കിട്ടാന്‍ വിവാദ വ്യവസായം കൊണ്ടു കഴിയും. പക്ഷെ മത്സരം അവസാനിച്ചു പൊടി അടങ്ങിയപ്പോള്‍ , അമിതാബ് എണ്ണ നടന്‍പാപ്പരായത് മാത്രമായിരുന്നു മിച്ചം. മത്സരത്തില്‍ പങ്കെടുത്തു സമ്മാനം വാങ്ങിയ തരുണീമണി പലവഴി കോടികള്‍ സമ്പാദിച്ചു ലോക ശ്രദ്ധയില്‍ നിന്നു തന്നെ തല്‍ക്ഷണം നിഷ്ക്രമിച്ചു. ആ സുന്ദരിയെ ലോകം പോയിട്ട്, ഇന്ത്യ പോയിട്ട്, ആസുര താളത്തില്‍ മിന്നി മറയുന്ന നഗരം പോലും ഓര്‍ക്കുന്നുണ്ടോ എന്ന് സംശയം. അതുവരെ ഇന്ത്യക്കാരായ കുറച്ചു സുന്ദരിമാര്‍ക്ക് സൌന്ദര്യ പട്ടം നല്കി , രാജ്യമാകമാനം സുന്ദരികളെ സൃഷ്ടിക്കാനുള്ള വ്യാമോഹങ്ങളുടെ ഒരു പ്ലാറ്റ് ഫോം ഒരുക്കി , നമ്മുടെ പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ അകപ്പെടുത്താനുള്ള ഒരു സാമ്രാജ്യത്വ അജണ്ട നടപ്പിലാകിയ ലോക വ്യവസായ ഭീമന്മാര്‍ , ബാംഗ്ലൂരില്‍ അതിന്റെ അവസാന ഘട്ട റിഹേഴ്സല്‍ ,നടത്തി തങ്ങളുടെ മോഹം സാധിക്കുകയായിരുന്നു. അതോടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും സൌന്ദര്യ മത്സരങ്ങളുടെ വിപണി കൊഴുത്തു പടര്ന്നു. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ബിസിനസ്സുകാര്‍ തങ്ങളുടെ ആസ്തി കോടികളില്‍ നിന്നും കോടികളിലേക്ക് വര്‍ധിപ്പിച്ചു. പാവം പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ നഷ്ട സ്വപ്നങ്ങളുടെ തീരത്ത് കുടില് കെട്ടി പാര്‍ത്തു. പണവും പോയി, മാനവും പോയി , ഉള്ളതെല്ലാം പഞ്ച നക്ഷത്ര ഹോട്ടലുകളുടെ പിന്നാം പുറത്തു ദുര്‍ഗന്ധം പടര്‍ത്തി അഴിഞ്ഞു വീണും പോയി. രക്ഷപ്പെട്ട ചുരുക്കം ചിലര്‍ വിട് വായത്തം മൂലധനമാക്കി എങ്ങനെയൊക്കെയോ പിടിച്ചു നിന്നു.


ഇവിടെ കേരളത്തിലെ പുതു തലമുറയും സൌന്ദര്യ മല്‍സരങ്ങളുടെ വര്‍ണ്ണ പകിട്ടില്‍ ആന്ധ്യം ബാധിച്ചു ദിക്കരിയാത്തവര്‍ ആയി പട്ടു പോയിരിക്കുന്നു. പെണ്‍കുട്ടികള്‍ രണ്ടും കല്‍പ്പിച്ചാണ്. തോട് പൊട്ടി പുറത്തു വരാനുള്ള കാലം പോലും ആയിട്ടില്ലാത്ത കുട്ടികള്‍ നഗ്നാരായും , പച്ച ചിരി ചിരിച്ചും ക്യാമറകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ കാലത്തിന്റെ അഗ്നി പ്രവാഹത്തില്‍ മനസ്സും നന്മയും ഉരുക്കി കലയാത്തവര്‍ നടുങ്ങി നില്‍ക്കുകയാണ്‌. തങ്ങളുടെ കുട്ടികളുടെ ശരീരത്തിന്റെ അഴക്‌ കാമപ്പനി പിടിച്ച പുരുഷ കേസരികളുടെ നയന ഭോഗത്തിന് വിധേയമായി അഴുകിക്കൊണ്ടിരിക്കുകയാനെന്ന സത്യം രക്ഷിതാക്കള്‍ തിരിച്ചറിയാതെ പോകുന്നു. അറിഞ്ഞാലും അവഗണിക്കുന്നു. കാരണം ഇത്തരം സംരംഭങ്ങള്‍ വഴി മക്കളെ പ്രദര്‍ശന വസ്തുക്കള്‍ ആക്കി , ലക്ഷങ്ങള്‍ സമ്പാദിച്ചു ശേഷിച്ച കാലം അല്ലാലോ അലട്ടോ ഇല്ലാതെ ജീവിക്കാം എന്നതാണല്ലോ ഒരു മലയാളിയുടെയും വ്യാമോഹം. ഇതു ഒരു കോടതിക്കും , സംഘടനയ്ക്കും തടയാനോ, തകര്‍ക്കാനോ കഴിയാത്ത വ്യാധി ആണ്. ഓരോ നിമിഷം കൂടും തോറും ഈ രോഗം വര്‍ദ്ധിച്ചു കൊണ്ടിരിക്കും. എന്നെങ്കിലും ഒരു തിരിച്ചു പോക്ക് സാധ്യമാകുകയാണ് എങ്കില്‍ , അന്ന് അവര്‍ മനസ്സിലാക്കും ഒരു പാടു വൈകിപ്പോയി എന്ന്.

Monday, August 3, 2009

ഋതു- ഗാനങ്ങള്‍ തെറ്റുമ്പോള്‍

ഋതു - ശ്യാമപ്രസാദിന്റെ പുതിയ സിനിമ .യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് , മാറുന്ന ലോകത്തിന്റെ ചില പ്രവണതകള്‍ വരച്ചുകാട്ടുകയാണ് തന്റെ ദൌത്യമെന്ന് ചിത്രത്തെ കുറിച്ചു ശ്യാം പറയുന്നു. അഭിനയിക്കുന്നവരില്‍ മിക്കതും പുതു മുഖങ്ങളാണ്. അണിയറയിലും നവാഗതര്‍ക്ക് തന്നെയാണ് പ്രാമുഖ്യം. പക്ഷെ സംഗീത സംവിധായകനും, ഗാന രചയിതാവും മാത്രം മലയാളത്തില്‍ ഇതിനകം പേരെടുത്തു കഴിഞ്ഞവരാണ് . രാഹുല്‍ രാജും, റഫീഖ് അഹമ്മദും.

ശ്യാമപ്രസാദിന്റെ സിനിമകളില്‍ സംഗീതത്തിനു സവിശേഷമായ പ്രാധാന്യം പൊതുവെ കൊടുത്തു കാണാറുണ്ട്‌. ആദ്യ ചിത്രമായ അഗ്നിസാക്ഷി തന്നെ കൈതപ്രത്തിന്റെ ആര്‍ദ്രവും , ഭാരതീയവുമായ ഈണങ്ങള്‍ കൊണ്ടു സമ്പന്നമായിരുന്നു. കല്ലുകൊണ്ടൊരു പെണ്ണ് എണ്ണ ചിത്രത്തിലും പാട്ടുകള്‍ ഉണടായിരുന്നെന്കിലും, അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നില്‍ ഇളയരാജ ആയിട്ട് പോലും. അല്ലെങ്കില്‍ തന്നെ ആ ചിത്രം ശ്യാമിന്റെ ഒരു രചനയാണ് എന്ന് പറയുന്നതു പോലും ക്രൂരതയാണ്. പിന്നീട് വന്ന അകലെ, ഒരേ കടല്‍ എന്നീ ചിത്രങ്ങളിലെ പാട്ടുകളെല്ലാം ഒന്നിനൊന്നു മികച്ചതും , ശ്രദ്ധേയവും ആയിരുന്നു. ഒരു പക്ഷെ സിനിമകളേക്കാള്‍ ആയുസ്സ് അതിലെ പാട്ടുകള്‍ക്ക് ആയിരിക്കും. മാത്രമല്ല അകലെ എന്ന ചിത്രത്തിലെ പാട്ടുകള്‍ വിവാദം സൃഷ്ടിച്ചതും മറക്കാന്‍ കഴിയില്ല. പാട്ടുകളുടെ ഈണം സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ മോഷ്ടിച്ചതാണെന്ന ആരോപണവും, പാട്ടുകള്‍ ചിത്രത്തില്‍ ഉള്പ്പെടുത്താതിരുന്നതും അക്കാലത്തെ മൂല്യമുള്ള ചൂടേറിയ വാര്‍ത്തയായിരുന്നു. സംവിധായകന്‍ , തന്റെ ചിത്രത്തിലെ മറ്റു കലാകാരന്മാര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കുന്നതിനു വിഘാതം സൃഷ്ടിച്ചത് ആ വര്ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പുറത്തു വന്നപ്പോള്‍ വലിയ ചര്‍ച്ചയ്ക്ക് വിധേയമായി. എന്ത് തന്നെ ആയാലും ശ്യാം ആ ചെയ്തത് മറ്റൊരു കലാകാരനോട്‌ കാണിക്കാവുന്ന ഏറ്റവും വലിയ അവഗണന തന്നെ ആയിരുന്നു.

ഇനി രിതുവിലേക്ക് വരാം. ആദ്യ കേള്‍വിയില്‍ തന്നെ ഗാനങ്ങള്‍ മടുപ്പിച്ചു എന്ന് പറഞ്ഞാല്‍ ശ്യാം മുഷിയരുതു. രാഹുല്‍ രാജാണ് ഗാനങ്ങള്‍ക്ക് പിന്നില്‍ എന്നറിഞ്ഞപ്പോള്‍ തന്നെ അത്ര പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. കേട്ടപ്പോള്‍ പ്രതീക്ഷ നല്‍കാതിരുന്നത് നന്നായെന്നു തോന്നി. യുവാക്കള്‍ക്ക് പ്രാധാന്യം നല്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരു യുവ സംഗീത സംവിധായകന്‍ തന്നെ വേണമെന്നത് ശ്യാമിന്റെ ആഗ്രഹമായിരുന്നിരിക്കാം. പക്ഷെ ഒരു സത്യം പറയട്ടെ. മലയാള സിനിമയുടെ ഗാന ലോകത്ത് രാഹുല്‍ ഒരു ശിശുവാണ്. പിച്ച വെക്കാന്‍ പോയിട്ട് കമിഴ്ന്നു വീഴാന്‍ പോലും പ്രായമായിട്ടില്ലാത്ത ശിശു. എന്തിന് ശ്യാം ഈ കുട്ടിയെ ഒരു മഹത്തായ കര്‍ത്തവ്യം ഏല്പിച്ചു ? ശ്യാമിന്റെ ഗുരുവിനു രാഹുല്‍ ശിഷ്യപ്പെട്ടത്തിന്റെ ഉപകാരമാണോ? ശൂന്യതയില്‍ നിന്നും എടുക്കാവുന്ന വെറും വിഭൂതിയല്ല സംഗീതം. അതിന് ജന്മസിദ്ധമായ പ്രതിഭയും , മനനം ചെയ്യാനുള്ള മനസ്സും, ആവശ്യമാണ്‌. ഈ പ്രത്യേകതകളൊന്നും രാഹുല്‍ എന്ന സംഗീത സംവിധായകന് ഇല്ലെന്നു ഖേദ പൂര്‍വ്വം പറയട്ടെ.

സംഗീതം ചെയ്തു മാത്രമല്ല പാടിയും കൊന്നിരിക്കുന്നു രാഹുല്‍. നേരത്തെ മലബാര്‍ കല്യാണത്തില്‍ രാഹുല്‍ പാടി നശിപ്പിച്ച ഒരു പാട്ടുണ്ട്. അതുപോലെ ഒരെണ്ണം ഇതാ ഋതുവിലും. വേനല്‍ കാറ്റില്‍ എന്നാണു തുടക്കം. വേനലില്‍ അല്ല തീ കാട്ടിലാണ് ആ പാട്ടു കേട്ടാല്‍ നാം എത്തുക. കുറച്ചു ഭേദപ്പെട്ട ഒരു ഗാനം ഈ ചിത്രത്തില്‍ ചൂണ്ടിക്കാട്ടാന്‍ ഉണ്ടെങ്കില്‍ അത് ഗായത്രിയും, സുചിത്‌ സുരേഷും ചേര്ന്നു പാടിയ പുലരുമോ എന്ന് തുടങ്ങുന്ന പാട്ടു മാത്രമാണ്.

ഒരു കാര്യം ഉറപ്പു. ഈ പാട്ടുകള്‍ ഒന്നും യുവാക്കള്‍ ഏറ്റെടുക്കും എന്ന് എനിക്ക് തീരെ പ്രതീക്ഷയില്ല. ശ്യാമിന്റെ പരീക്ഷണം പാട്ടുകളെ സംബന്ധിച്ച് ഒരു വന്‍ പരാജയം തന്നെയെന്ന്‌ പറയാം.

Wednesday, July 8, 2009

പെണ്ണായ നിന്നെയിഹ- അവസാന ഭാഗം

മാളു ടീച്ചര്‍ പ്രതീക്ഷിച്ച പോലെ ബെന്നിയുടെ ഫോണ്‍ അന്നും വന്നു. സമയം ഏകദേശം പത്തുമണി കഴിഞ്ഞു കാണും. ടീച്ചര്‍ അടുക്കളയില്‍ പാചകത്തിനുള്ള ഒരുക്കത്തിലായിരുന്നു. എല്ലാ ഞായറാഴ്ചയും പതിവുള്ള പോലെ ചന്ദ്രന്‍ മാഷ്‌ കോഴി ഇറച്ചി കൊണ്ടു വന്നിട്ടുണ്ടായിരുന്നു. അത് കറിവെക്കാനുള്ള പ്രാഥമികമായ തയ്യാറെടുപ്പിലായിരുന്നു ടീച്ചര്‍. മാത്രമല്ല വീട്ടില്‍ ആരും ഉണ്ടായിരുന്നുമില്ല. മാഷ്‌ തന്റെ അനുജന്റെ വീട്ടില്‍ പതിവു സന്ദര്‍ശനത്തിനായി , പ്രാതലും കഴിച്ചു ഇറങ്ങിയിരുന്നു. മകള്‍ ആകട്ടെ ഡാന്‍സ് ക്ലാസ്സിനും പോയിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ടീച്ചര്‍ ഒറ്റയ്ക്ക് ആയിരുന്നു, അന്ന്.

മൊബൈലിന്റെ റിംഗ് ടോണ്‍ കേട്ടപ്പോള്‍ ടീച്ചര്‍ ഒന്നു നടുങ്ങി. അവന്‍ തന്നെ.
പ്രതീക്ഷിച്ചതാണ്. അറുത്തു മുറിച്ചിടാന്‍ തീരുമാനിച്ചതുമാണ്. പക്ഷെ അവിടെയെത്തുമ്പോള്‍ ഒരു വിറ ... മറവി... തളര്‍ച്ച... എന്ത് ചെയ്യും ?

പറയാന്‍ കരുതിയതൊക്കെ വിസ്മരിച്ചു ടീച്ചര്‍ ഫോണ്‍ എടുക്കാനായി അകത്തേക്ക് ചെന്നു. ഡിസ്പ്ലയില്‍ അവന്റെ നമ്പര്‍ തന്നെ. ടീച്ചര്‍ ഫോണിലേക്ക് ഉറ്റു നോക്കി കുറച്ചു നേരം നിന്നു. റിംഗ് ടോണിന്റെ ശബ്ദം അസഹ്യമായപ്പോള്‍ , അത് ഓണ്‍ ചെയ്തു കാതോട് ചേര്‍ത്തു.

ബെന്നിയുടെ തരളമായ സ്വരം ടീച്ചര്‍ കേട്ടു. ടീച്ചര്‍ എന്ത് മറുപടി പറയും ?
പുളിച്ച തെറി പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്യുമോ? തന്റെ നിസ്സഹായാവസ്ഥ ബെന്നിയെ പറഞ്ഞു ബോധ്യപ്പെടുത്തി , അവനെ ഈ വഴി വിട്ട പ്രവര്‍ത്തിയില്‍ നിന്നും പിന്തിരിപ്പിക്കുമോ ? അന്യന്റെ ഭാര്യയെ മോഹിക്കുകയോ, കാമിക്കുകയോ ചെയ്യരുത് എന്‍ന സദാചാര വചനം തെര്യപ്പെടുത്തി അവനെ ഉദ്ബുധ്ധനാക്കുമോ ? വിവാഹിതന്‍ അല്ലെങ്കില്‍ , എത്രയുംപെട്ടെന്ന് ഒരു പെണ്ണിനെ കണ്ടുപിടിച്ചു ജീവിതത്തിന്റെ ഭാഗമാക്കുകയും , അങ്ങനെ അവളിലേക്ക്‌ തന്റെ സ്നേഹവും , കാമവും ഒക്കെ വഴിതിരിച്ചു വിടുകയും ചെയ്യുക എന്ന് ബെന്നിയെ ഉപദേശിക്കുമോ ? തനിക്ക് നല്കാവുന്നതിലും വലിയ ജീവിത സൌഭാഗ്യങ്ങളുടെ നടുവിലാണ് തന്റെ ഇപ്പോഴത്തെ ജീവിതം എന്ന് വീമ്പു പറഞ്ഞു അവനെ നാണം കെടുത്തുകയും, അസ്തപ്രജ്ഞാനാക്കുകയും ചെയ്യുമോ ? എന്താണ് ടീച്ചറുടെ ഭാവം ?

ഞാന്‍ ഏതായാലും ടീച്ചറെ ഇവിടെ ഉപേക്ഷിക്കുന്നു. വല്ലാത്ത ഒരു പ്രതിസന്ധിയില്‍ മാളു ടീച്ചറെ അകപ്പെടുത്തി ഞാന്‍ തടിതപ്പുകയാണ് എന്ന് നിങ്ങളില്‍ പലരും കരുതുന്നുണ്ടാവും. അതെ , ഞാന്‍ അത് സമ്മതിക്കുന്നു.
പഠിപ്പും വിവരവുമുള്ള ഒരു സ്ത്രീയാണ് അവര്‍. ഏത് സന്നിഗ്ധാവസ്ഥയില്‍ നിന്നും രക്ഷപ്പെട്ടു വരാനുള്ള തന്റേടം കാണിക്കേണ്ടത് ഒരു ആധുനിക സ്ത്രീയുടെ ഉത്തരവാദിത്തമാണ്. ആണ്‍ പിറന്നവന്റെ രക്ഷ എല്ലാ കാലത്തും പ്രതീക്ഷിക്കുന്നത് ഏറ്റവും വലിയ തെറ്റ്. വില്ലനായും നായകനായും പുരുഷന്‍ തന്നെ നിറഞ്ഞു നില്‍ക്കുമ്പോള്‍ സ്ത്രീയുടെ രക്ഷ സ്ത്രീ തന്നെ നോക്കണം. പിന്നെ ഏത് കാര്യത്തിലും ആത്യന്തികമായി ഒരു തീരുമാനം അവകാശം , ആ കാര്യത്തിന്റെ ഗുണഭോക്താവ് ആരാണോ അവര്ക്കു തന്നെയാണ്, ഫലം പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും . ഗുഡ് ബൈ

Tuesday, July 7, 2009

പെണ്ണായ നിന്നെയിഹ- രണ്ടാം ഭാഗം

നമുക്കു കഥ തുടരാം.

മാളു ടീച്ചര്‍ വിഷമിച്ചത് വേറൊന്നും കൊണ്ടല്ല. ടീച്ചര്‍ക്ക് ആയിടെയായി ഒരു അജ്ഞാതന്റെ ഫോണ്‍കാള്‍ നിരന്തരമായി വന്നു കൊണ്ടിരിക്കുന്നു. അതും ടീച്ചറുടെ മൊബൈല് ഫോണിലേക്ക്.

വിളി വരാന്‍ തുടങ്ങിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. ഏറിയാല്‍ രണ്ടോ മൂന്നോ ആഴ്ച. പത്തോ പന്ത്രണ്ടോ കോളുകള്‍ ഇതിനകം വന്നു കാണും. ആദ്യം അയാള്‍ വിളിച്ചത് റോങ്ങ്‌ നമ്പര്‍ ആയാണ്. ഏതോ ഒരു ജ്യോതിയെ അന്വേഷിച്ചു കൊണ്ട്. താന്‍ അന്വേഷിക്കുന്ന ആള്‍ അല്ലെന്നു അറിഞ്ഞപ്പോള്‍ സോറി പറഞ്ഞു അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു. അന്നൊരു ഞായറാഴ്ച ആയിരുന്നു. അന്ന് രാത്രി തന്നെ വീണ്ടും അയാളുടെ കാള്‍ വന്നു. ജ്യോതിയാണോ എന്ന് ചോദിച്ചു കൊണ്ട് തന്നെ. കുറച്ചു കടുത്ത സ്വരത്തില്‍ അല്ലെന്നു അറിയിച്ചപ്പോള്‍ അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു. പക്ഷെ അപ്പോഴും ക്ഷമ ചോദിക്കാന്‍ മറന്നില്ല.

പിന്നീട് അയാളുടെ വിളി വന്നത് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ , ഒരു ഉച്ച നേരത്തായിരുന്നു. ഊണ് കഴിഞ്ഞു സ്കൂള്‍ ലൈബ്രറിയില്‍ ഇരുന്ന് അന്നത്തെ പത്രങ്ങള്‍ മറിച്ചുനോക്കുമ്പോള്‍ ആയിരുന്നു അത്. അത്തവണ അയാള്‍ ജ്യോതിയെ ചോദിച്ചില്ല. ചോദിച്ചത് മാളു ടീച്ചര്‍ അല്ലെ എന്ന് തന്നെ ആയിരുന്നു. ടീച്ചര്‍ ശരിക്കും ഞെട്ടിപ്പോയി. മിണ്ടാന്‍ പോലും ആവാതെ ടീച്ചര്‍ പതറി. വളരെ സൌമ്യമായി , സ്നേഹപൂര്വ്വം അയാള്‍ സംസാരിച്ചു. ഏതാനും നിമിഷങ്ങള്‍ ആ സംസാരം നീണ്ടു നിന്നു. ഒരബോധാവസ്ഥയില്‍ എന്നോണം ടീച്ചര്‍ പ്രതികരിച്ചു. ഫോണ്‍ അയാള്‍ കട്ട്‌ ചെയ്ത ശേഷവും അനങ്ങാനാവാതെ ടീച്ചര്‍ ഇരുന്നുപോയി. ആരാണ് അവന്‍ ? എന്താണവന്‍ പറഞ്ഞതു ? അവനോട് ഞാന്‍ എങ്ങനെയാണ് ഇത്ര നേരവും ക്ഷമാപൂര്‍വ്വം പെരുമാറിയത് ? അവന് എങ്ങനെയാണ് എന്റെ നമ്പര്‍ കിട്ടിയത് ? മാത്രമല്ല എന്റെ പേരു പോലും അവന്‍ അറിഞ്ഞിരിക്കുന്നു . എങ്ങനെ ഇതൊക്കെ ..... ടീച്ചര്‍ തല കറങ്ങി നിലത്തു വീണില്ല എന്നെ ഉള്ളു.

അന്ന് രാത്ര‌ി ടീച്ചര്‍ ഉറങ്ങിയില്ല. അവന്‍ വീണ്ടും വിളിക്കുമോ എന്ന ആശങ്കയായിരുന്നു അവര്ക്കു. പക്ഷെ ഭാഗ്യമെന്നു പറയട്ടെ അന്ന് അവന്റെ ഫോണ്‍ കാള്‍ പിന്നെ വന്നില്ല. എന്നാല്‍ ടീച്ചറുടെ ദയനീയാവസ്ഥ ഒന്നും അറിയാതെ ചന്ദ്രന്‍ മാഷ്‌ സുഖമായി ഉറങ്ങി.

പിന്നീട് വീണ്ടുമൊരു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വിളി ആവര്‍ത്തിച്ചു. അത് ഇപ്പോഴും തുടരുന്നു. ഇതിനിടയില്‍ അവന്‍ തന്റെ പേരും സ്ഥലവും ജോലിയും ഒക്കെ വെളിപ്പെടുത്തിയിരുന്നു. പേരു ബെന്നി. സ്ഥലം ടീച്ചറുടെ വീടിനു കുറച്ചു അടുത്തുള്ള ഇടം തന്നെ. ജോലി കമ്പ്യൂട്ടര്‍ മെക്കാനിക്ക്. ടീച്ചറുടെ ഓര്‍മ്മകളില്‍ ഈ സംഭവം ഒരു തീമഴയായി പെയ്തിറങ്ങുന്നു.

തുടര്‍ന്നുള്ള അവന്റെ വിളികളില്‍ മുഴുവന്‍ ടീച്ചര്‍ നടുങ്ങി... വിളറി.. പ്രതികരണ ശേഷി അറ്റ് സ്വയം നഷ്ടപ്പെട്ടു നിന്നു.

ബെന്നിയുടെ കോളുകള്‍, ദിവസം ഓരോന്നും കഴിയുന്നതിനു അനുസരിച്ച് മാന്യമായ ഭാഷയില്‍ നിന്നും തീര്ത്തും അശ്ലീലത്തിന്റെ അഴുക്കിലെക്ക്‌ വീഴാന്‍ തുടങ്ങിയിരുന്നു. ഇതിനിടയില്‍ എപ്പോഴോ ടീച്ചറുടെ മനസ്സു ബെന്നിയുടെ വാക്കുകളില്‍ നിന്നും രസനീയതയുടെ പുതിയ ഒരു മധുരം നുണയാന്‍ പരുവപ്പെട്ടു കഴിഞ്ഞിരുന്നു.

ഇന്നും ഒരു ഞായറാഴ്ചയാണ്. ടീച്ചര്‍ക്ക് അവധിയാണ്. അവര്‍ ബെന്നിയുടെ ഫോണ്‍ പ്രതീക്ഷിക്കുന്നുണ്ട്. ആരെയും മയക്കുന്ന അസാധാരണമായ വാക്ക്‌ ചാതുരി ബെന്നിയുടെ സവിശേഷതയാണ്. ചന്ദ്രന്‍ മാഷില്‍ നിന്നും ഇതുവരെ ലഭിക്കാത്ത അനുഭൂതി അവര്ക്കു ബെന്നിയില്‍ നിന്നും ലഭിക്കുന്നു. എങ്കിലും ടീച്ചര്‍ ഭയ ചകിതയാണ്. തന്നിലുള്ള നിയന്ത്രണം തനിക്ക് നഷ്ടപ്പെടുന്നുണ്ടോ എന്ന് അവര്‍ ഭയക്കുന്നു.

[തുടരും]

പെണ്ണായ നിന്നെയിഹ - ഒന്നാം ഭാഗം.

ഇത്തവണ ഞാന്‍ ഒരു കഥ പറയാം. ഈ കഥ കേരളത്തില്‍ എവിടെയെങ്കിലും , എന്നെങ്കിലും നടന്നിട്ടുള്ളതാവാം. ഇനി ഒരു പക്ഷെ നക്കാനിടയുല്ലതാവാം. എന്ത് തന്നെ ആയാലും ഈ കഥയ്ക്ക്‌ സമകാലിക കേരളത്തില്‍ പ്രസക്തിയുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മലയാളിയുടെ ജീവിതം ഒരിക്കലും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് വഴി തെറ്റി അലയുമ്പോള്‍ ഇങ്ങനെ ഒരു അനുഭവത്തിന് ദുരന്തങ്ങളുടെ ദിശാസൂചിക ആവാന്‍ കഴിയും.
മാളു അധ്യാപികയാണ്. പ്രായം ഒരു മുപ്പത്തിയഞ്ച്. വിവാഹിതയും , അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണ്. ഭര്‍ത്താവിനും ജോലി അധ്യാപനം തന്നെ. സന്തുഷ്ടവും , അസൂയാ വഹവുമായ ഒരു ജീവിതം നയിക്കുന്ന മാതൃക ദമ്പതികള്‍.
എന്നാല്‍ ഞാന്‍ ഈ കഥ പറയാന്‍ തുടങ്ങുന്ന സന്ദര്‍ഭത്തില്‍ തീര്‍ത്തും ഏകപക്ഷീയമായ ഒരു അസ്വസ്ഥത മാളു ടീച്ചറെ അലട്ടുന്നുണ്ട്. തന്റെ മനസ്സിന്റെ ആ സുഖമില്ലാത്ത അവസ്ഥയെ ഭര്‍ത്താവിനു മുന്നില്‍ തുറന്നു കാട്ടാന്‍ ടീച്ചര്‍ക്ക് ഇതു വരെയായും കഴിഞ്ഞിട്ടില്ല. ചന്ദ്രന്‍- അതാണ്‌ ഭര്‍ത്താവിന്റെ പേര്. മാഷ്‌ ആളൊരു പാവമാണ്. നടന്നു പോകുന്ന വഴി കാലിനടിയിലെങ്ങാനും ഒരു ഉറുമ്പ് ചവിട്ടി അരയ്ക്കപ്പെടാന്‍ സാധ്യത ഉണ്ട് എന്നറിഞ്ഞാല്‍ , അയാള്‍ ആ വഴിയുള്ള യാത്ര മാറ്റിവെക്കും. അത്രയ്ക്ക് പാവം. ഒരു പരോപകാരി. എന്നിട്ടും ടീച്ചര്‍ എന്തുകൊണ്ട് തന്റെ അസ്വസ്ഥത മാഷില്‍ നിന്നും മറച്ചു വെച്ചു എന്നതൊരു ചോദ്യമാണ്.
ഏതൊരു ഭാര്യയും പേടിക്കുന്നത് പോലെ ടീച്ചറും പേടിച്ചു. തന്റെ ഉള്ളിലുള്ള കാര്യമെങ്ങാനും മാഷ്‌ അറിഞ്ഞാല്‍ കുടുംബ ജീവിതത്തിനു എന്തെങ്കിലും അപകടം സംഭവിച്ചാലോ ? മാഷ്‌ പിണങ്ങിയാല്‍, ശുദ്ധ ഹൃദയനായ അദ്ദേഹം അരുതാത്തത് എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍, തന്റെ മകള്‍, താന്‍ ഒക്കെയും അനാഥര്‍ ആവില്ലേ ? സഹിക്കാനാവില്ല ആ അവസ്ഥ. സ്നേഹം കൊണ്ടു മൂടുന്ന മനുഷ്യന്‍. ഒരു ശകാരമോ, ഇഷ്ടമില്ലാത്ത ഒരു വാക്കോ ഒന്നും ഇതു വരെയും ആ നാവില്‍ നിന്നും ഞങ്ങളുടെ നേര്‍ക്ക്‌ വന്നിട്ടില്ല. അങ്ങനെയുള്ള ഒരാളോട് തന്നെ അലട്ടുന്ന ഒരു വിഷമത്തിന്റെ നിജസ്ഥിതി പറയുന്നതു ഒരിക്കലും പ്രായോഗികമല്ല എന്നൊരു ചിന്തയാണ് സത്യം മറച്ചു വെക്കാന്‍ ടീച്ചറെ പ്രേരിപ്പിച്ചത്. ഇതു തനിക്ക് തന്നെ കൈകാര്യം ചെയ്യാവുതാണ്. ഒന്നുമില്ലെങ്കിലും ഒരു പോലീസ് ഇന്‍സ്പെക്ടറുടെ മകളല്ലേ താന്‍. പോരാത്തതിന് ചെറിയ തോതിലോക്കെ രാഷ്ട്രീയവും ഉണ്ടായിരുന്നു, മുന്പ് കോളേജ് കാലത്തു . ഇപ്പോഴും അധ്യാപക സംഘടനയുടെ വനിതാ യുനിട്ടിന്റെ ഭാരവാഹിയും ആണ്. അതുകൊണ്ട് ഈ സംഭവത്തിനു ഒരു അവസാനമുണ്ടാക്കാന്‍ താന്‍ തന്നെ മതി. മാളു ടീച്ചര്‍ അങ്ങനെ തീരുമാനിച്ചു.
എന്താണ് ആ സംഭവം ? ഞാന്‍ ഇതുവരെ പറഞ്ഞില്ല, അല്ലെ ? പറയാം .ഇപ്പോഴല്ല. അടുത്ത പോസ്റ്റില്‍.

Monday, July 6, 2009

ഞാന്‍ എന്തിന് ബ്ലോഗറായി ?

കടലാസ്സില്‍ എഴുതുന്നവന്‍ പഴഞ്ചനാണ് എന്ന ഒരു ധാരണ സമൂഹത്തില്‍ ഉണ്ടോ എന്നറിയില്ല. മാറിയ കാലത്തിന്‍റെ ഏറ്റവും മികച്ച മാധ്യമം ഏത് എന്ന ചോദ്യം, കമ്പ്യൂട്ടര്‍ എന്ന ഉത്തരത്തില്‍ കലാശിക്കുമ്പോള്‍ മേല്‍ പറഞ്ഞ എന്‍റെ സംശയം സാധൂകരിക്കപ്പെടും. കമ്പ്യൂട്ടറിന്‍റ സാധ്യതകള്‍ പ്രയോജനപ്പെടുത്താത്തവന്‍ ഈ കാലത്തിനു ഒരു ബാധ്യതയാണ്. ഏതായാലും അങ്ങനെയൊരു ബാധ്യതയാവാന്‍ എനിക്ക് താല്പര്യമില്ല. എഴുതാനുള്ള വാസന പണ്ടേയുണ്ട്. പക്ഷെ മടിയാണ്. പേനയും, കടലാസും എടുത്തു മേശമേല്‍ വെക്കുമ്പോഴേക്കും പഴയ ആവേശം തണുത്തിരിക്കും. ഈ അടുത്ത കാലത്തായിട്ടാണ് ഇങ്ങനെ ഒരു വൈമനസ്യം ബാധിച്ചു തുടങ്ങിയത്. ഏഴുതാന്‍ തുടങ്ങുമ്പോള്‍ ഉചിതമായ വാക്കുകള്‍ കിട്ടാത്ത അവസ്ഥയാണ് ഒന്നാമത്തെ പ്രശ്നം. വാക്കുകള്‍ ഒരായിരമെങ്കിലും മനസ്സിലുണ്ട്. പക്ഷെ വേണ്ടുന്ന സമയത്തു അവയൊന്നും നേരെ ചൊവ്വേ പുറത്തേക്ക് വരുന്നില്ല. വാക്കുകള്‍ അനര്‍ഗളം പ്രവഹിക്കുമ്പോള്‍ മാത്രമാണ് ക്ളിഷ്ടമല്ലാത്ത നല്ലൊരു രചന പിറക്കുന്നത്‌. എന്‍റെ കടലാസ് ശ്രമങ്ങള്‍ പരാജയമാണെന്ന തിരിച്ചറിവ് എന്നെ നിരാശനാക്കി. ആയിടയ്ക്കാണ് ബ്ലോഗിന്‍റെ സാധ്യതകളെ കുറിച്ചു ഞാന്‍ ചിന്തിക്കുന്നത്. മനസ്സിലെ ആശയങ്ങള്‍ ഏത് സമയത്തും ആവിഷ്കരിക്കാന്‍ ബ്ലോഗിലൂടെ കഴിയും. പുതിയൊരു സാധ്യത തുറന്നു തരുന്ന ആഹ്ലാദം മനസ്സിനെ കൂടുതല്‍ വിശാലമാക്കും. വാക്കുകള്‍ പിടി തരാതെ ഒളിച്ചു കളിക്കില്ല. മനസ്സു തുറക്കുമ്പോള്‍ ആശയങ്ങളും വാക്കുകളും ഒന്നിന് പിറകെ ഒന്നായി പ്രാണ രക്ഷാര്‍ത്ഥം പുറത്തേക്ക് ഇറങ്ങിയോടും. പിടിക്കാന്‍ ഇന്റര്നെറ്റ് വലയുമായി ബ്ലോഗന്‍ നില്‍പ്പുണ്ടാവും. ഇതു തന്നെ കിട്ടിയ അവസരം . ഞാന്‍ ആ അവസരം ഇങ്ങു എടുക്കുകയാണ്. ഇനി കമ്പ്യൂട്ടര്‍ സ്ക്രീനില്‍ എന്റെ വാക്കുകള്‍ ചിതറി തെറിക്കും. നിങ്ങള്‍ക്കും പ്രതികരിക്കാം...