കൂടംകുളം സമരത്തിന് പിന്നില്‍ അമേരിക്കയാണെന്നും, വിദേശ പണം പറ്റിയാണ് ആണവ വിരുദ്ധ സമരസമിതി പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി തന്നെ പ്രസ്താവിച്ചിരിക്കുന്നു. താമസംവിന സര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ പോലീസ് നടപടിയും തുടങ്ങിക്കഴിഞ്ഞു. ഫണ്ടിംഗ് ഏജന്‍സികളെ കുറിച്ചും അവര്‍ സമരത്തിന് വേണ്ടി ഒഴുക്കിയെന്നു പറയപ്പെടുന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ചും കൊണ്ടുപിടിച്ച അന്വേഷണം നടക്കുകയാണിപ്പോള്‍. രാജ്യദ്രോഹക്കുറ്റം ചുമത്തി ആണവ വിരുദ്ധ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാവപ്പെട്ട കൂടംകുളം നിവാസികളെ പ്രക്ഷോഭത്തില്‍ നിന്നുംപിന്തിരിപ്പിക്കാനുള്ള അവസാന തന്ത്രം പയറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍.
തങ്ങളുടെ വരുതിയില്‍ ഒതുങ്ങില്ല എന്നുറപ്പുള്ളവരെ നേരിടാനുള്ള ഏറ്റവും നല്ല വഴിയാണ് അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുക എന്നത്. ഇവിടെയും സംഭവിച്ചിരിക്കുന്നത് അത് തന്നെ.
ലോകം മുഴുവന്‍ ആണവ വൈദ്യുതി നിലയങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുക്കുമ്പോഴാണ് ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഉയര്‍ന്നു വരുന്നത്. ഫുക്കുഷിമയും ചെര്നോബിലും ഒക്കെ ആണവ ദുരന്തങ്ങളുടെ ഭീകര കാഴ്ചകളായി ലോക മനസാക്ഷിയെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ
ആണവ സാമ്രാജ്യത്തിന്റെ തലതൊട്ടപ്പനാവാന്‍ മത്സരിക്കുന്നത്. അര്‍ത്ഥവത്തായ സമരം നടത്തുന്നവര്‍ അധികാരികള്‍ക്ക് എന്നും പേടി സ്വപ്നമാണ്.
മണിപ്പൂരിലെ ഇറോം ശര്‍മിലയും സംഘവും ഭരണകൂട വേട്ടയുടെ ജീവിച്ചിരിക്കുന്ന തെളിവുകള്‍ ആണല്ലോ. ഇവിടെ കൂടംകുളത്തെ ആണവ വിരുദ്ധ പ്രവര്‍ത്തകരും സമാനമായ വിധിയെ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏതു സന്നദ്ധ സംഘടനയാണ് വിദേശ പണം സ്വീകരിക്കാത്തത്? ഇത് സര്‍ക്കാരിന് അറിയാത്ത കാര്യമല്ല. മാത്രമല്ല, കുറച്ചു
നാളുകള്‍ക്കു മുന്‍പ് അന്ന ഹസാരയും സംഘവും കാട്ടിക്കൂട്ടിയ സമരാഭാസങ്ങള്‍ക്ക് നേരെ എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ തയാറായില്ല? സത്യത്തില്‍ ആ സമരം വിദേശ ഫണ്ടിംഗ് ഏജന്‍സികളുടെയും, ഇന്ത്യയില്‍ തന്നെയുള്ള കോര്‍പ്പറേറ്റ് ശക്തികളുടെയും ധനസഹായത്തോടെ നടത്തിയ ഭരണകൂട അട്ടിമറി ശ്രമം തന്നെ ആയിരുന്നില്ലേ. ഇന്ത്യയുടെ ഭരണഘടനയെയും ജന സഭകളെയും വെല്ലുവിളിച്ച ആ സമരം സത്യത്തില്‍ രാജ്യദ്രോഹമായിരുന്നില്ലേ?
ഹസാരെയുടെ സമരം താല്‍ക്കാലിക പ്രശ്നങ്ങള്‍ മാത്രമേ സൃഷ്ടിക്കുകയുള്ളുവെന്നു സര്‍ക്കാര്‍ മനസ്സിലാക്കിയിരിക്കണം. അതൊരു മീഡിയ വിപ്ലവം ആയിരുന്നുവല്ലോ.
മാധ്യമങ്ങളുടെ മുഖം മൂടിയിട്ട സ്ഥാപിത താല്പര്യങ്ങളും , വ്യക്തമായ രാഷ്ട്രീയ വിദ്യാഭ്യാസം ലഭിക്കാത്ത നഗര കേന്ദ്രിത യുവത്വങ്ങളുടെ എടുത്തുചാട്ടവും, ഇന്റര്‍നെറ്റ്
എന്ന പുതിയ മീഡിയ നല്‍കിയ സൌകര്യങ്ങളോടുള്ള ആവേശവും ഒക്കെയായിരുന്നല്ലോ ഹസാരെ സമരനാടകത്തിന്റെ പിന്നിലെ പ്രചോദനങ്ങള്‍. ഇവര്‍ക്കുവേണ്ടി സാമ്പത്തിക
സഹായം വാരിക്കോരി ചൊരിഞ്ഞതാകട്ടെ ഇവിടത്തെ കോര്‍പ്പറേറ്റ് ഭീമന്മാരും. ആ ഭീമന്മാര്‍ എത്ര കാലം ഹസാരെയുടെ പിന്നാലെ പോകുമെന്ന കൃത്യമായ കണക്കുകൂട്ടല്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായിരുന്നു.
അവര്‍ക്ക് ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍,ഹസരെയേ പോലുള്ള ഒരു അരാഷ്ട്രീയവാദിയുടെ സഹായം കൊണ്ട് തങ്ങളുടെ വ്യാവസായിക സ്വപ്നങ്ങളും, കോടീശ്വര മോഹങ്ങളും ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിയില്ലെന്ന് ആരെക്കാളും മുന്നേ ഇവിടത്തെ രാഷ്ട്രീയക്കാര്‍ മനസ്സിലാക്കിയിരുന്നതാണ്. തങ്ങളെ തല്‍ക്കാലത്തേക്ക് ഒന്ന് വിരട്ടാന്‍ മാത്രമാണ് ഈ വ്യവസായികളുടെ ശ്രമമെന്ന് തിരിച്ചറിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഹസാരെ നടത്തിയ സമര നാടകത്തിനു നേര്‍ക്ക് മിക്കപ്പോഴും അലസമായ ഒരു സമീപനം പുലര്‍ത്താന്‍ തയ്യാറായതും.
എന്നാല്‍ കൂടംകുളത്തെ സമരം അത്തരമൊരു അര്‍ത്ഥശൂന്യമായ പ്രതിരോധ പ്രകടനമല്ല എന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ അപൂര്‍വമായ ഒരു നടപടിയിലേക്ക് നീങ്ങിയത്. പക്ഷെ ഈ നീക്കം അധികൃതരുടെ വ്യാമോഹം മാത്രമായി തീരണം എന്നാണ് ഞാന്‍ പ്രത്യാശിക്കുന്നത്. കൂടംകുളം സമരം മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമാണ്.
No comments:
Post a Comment