Monday, March 1, 2010
ലീഗിന്റെ വ്യാമോഹം
രാജ്യസഭയിലേക്ക് ഒഴിവു വരാന്‍ പോകുന്ന മൂന്നു സീറ്റുകളില്‍, യു. ഡി. എഫിന് അവകാശപ്പെട്ട ഒരേ ഒരു സീറ്റിനെ ചൊല്ലിയാണ് കേരള രാഷ്ട്രീയ കടലില്‍ സുമിയുടെ കോള്‍ രൂപം കൊള്ളാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കാലാവധി തീരുന്ന മൂന്നു അംഗങ്ങളില്‍ രണ്ടു പേര്‍ യു.ഡി.എഫ് പ്രതിനിധികള്‍ ആണ്. ഒന്ന്, കോണ്ഗ്രസ്സിന്റെ കേന്ദ്ര മന്ത്രി എ. കെ. ആന്റണിയും , മറ്റൊന്ന് ലീഗിന്റെ കോടീശ്വരന്‍ അബ്ദുല്‍ വഹാബും. രാഷ്ടീയ പരമായും അധികാര പരമായും ഇവിടെ പ്രസക്തന്‍ ആരാണെന്ന് നമുക്ക് വ്യക്തമാണ്. എ. കെ. ആന്റണി അല്ലാതെ മറ്റൊരു പേര് കൊണ്ഗ്രസ്സിണോ, സാധാരണ ജനങ്ങള്‍ക്കോ സങ്കല്‍പ്പിക്കാന്‍ അസാധ്യം. ഈ സത്യം ലീഗിനും അറിയാം . പിന്നെന്തിനു പോയ് വെടി വെച്ച് അന്തരീക്ഷം മലീമസമാക്കുന്നു? നേതാക്കന്മാരുടെ മുഖത്ത് നോക്കി ചോദിക്കാന്‍ മടിക്കരുത് കൊണ്ഗ്രസ്സുകാര്‍ .
ആയിരത്തി തൊള്ളായിരത്തി അറുപതുകള്‍ തൊട്ടു ഒരു രാജ്യസഭാ മെമ്പര്‍ സ്ഥാനം തങ്ങള്‍ കൈവശം വെച്ച് പോരുന്നതാനെന്നു ലീഗ് അവകാശപ്പെടുന്നു. എന്നാല്‍ വഹാബ് സ്ഥാനം ഒഴിയുന്നതിന് പകരം ഒരു സീറ്റ് ലഭിച്ചില്ലെങ്കില്‍ , രാജ്യസഭയിലെ തങ്ങളുടെ പ്രസക്തി തന്നെ നഷ്ട്ടപ്പെടും എന്നാണു ലീഗിന്റെ വാദം. എന്താണ് ഈ വാദത്തിന്റെ പ്രസക്തി? രാജ്യസഭയിലെ മെംബെര്‍ഷിപ് ആണോ ലീഗിന്റെ രാഷ്ട്രീയ അസ്ഥിത്വം നിര്‍ണ്ണയിക്കുന്നത്? പാര്‍ട്ടിക്കും നേതാക്കന്മാര്‍ക്കും വേണ്ടപ്പെട്ട ഒരു കോടീശ്വരനെ അധികാരത്തിന്റെ മര്‍മ്മ സ്ഥാനത്ത് കൊണ്ടിരുത്താനുള്ള ലീഗിന്റെ തന്ത്രം മാത്രമാണ് ഈ അവകാശ വാദം. വഹാബിന്റെ ഇത്രയും കാലത്തെ രാജ്യസഭാ സ്ഥാനം കൊണ്ട് പാര്‍ട്ടിക്കും, വഹാബിന് തന്നെയും നേട്ടം ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കോ? ഏതെങ്കിലും ഒരു തരത്തിലുള്ള വികസന പ്രവര്‍ത്തനം , അല്ലെങ്കില്‍ ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന ഒരു ഭരണ നടപടി , അങ്ങനെ എന്തെങ്കിലും ഒന്ന് വഹാബിന്റെ ഇടപെടല്‍ കൊണ്ട് കേരളത്തിന് ലഭിച്ചിട്ടുണ്ടോ എന്ന് നാം ചിന്തിക്കണം. പ്രവര്‍ത്തന പാരമ്പര്യമുള്ള നിരവധി നേതാക്കന്മാരെ തഴഞ്ഞിട്ടാണ് വഹാബിന് എം. പി. സ്ഥാനം നല്‍കാന്‍ പാര്‍ട്ടി തയ്യാറായത്. ആ സ്ഥാനം നിലനിര്‍ത്തേണ്ടത് ഒരു പക്ഷെ ആ പാര്‍ട്ടിയുടെയോ, അല്ലെങ്കില്‍ വഹാബിന്റെ തന്നെയോ ആവശ്യമായിരിക്കാം. എന്നാല്‍ സാധാരണ ജനത്തിന് ആ വിഴുപ്പു ഭാണ്ഡം പെരേണ്ട ബാധ്യത ഇല്ല. അവര്‍ക്ക് പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ, തങ്ങളെ മാനിക്കുന്ന ഒരു ജന നായകനെ , തങ്ങളുടെ ദൈനംനിന ജീവിതത്തിനു ക്ഷേമ ഐശ്വര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു നല്ല ഭരണാധികാരിയെ ആണ് ആവശ്യം. എ. കെ ആന്റണി ഈ പറഞ്ഞ പ്രത്യേകതകള്‍ ഉള്ള , ചുരുക്കി പറഞ്ഞാല്‍ മനുഷ്യത്വം ഉള്ള ഒരു നേതാവാണെന്ന് തെളിയിച്ചിട്ടുള്ള ആള്‍ ആണ്. പിന്നെ എന്തിനു നാം ഇതേക്കുറിച്ച് കൂലംകഷമായി ചര്‍ച്ച ചെയ്യണം. രാജ്യസഭാ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പൊതു ജനത്തിന് കാര്യമായ റോള് ഇല്ല എന്നതുകൊണ്ട് എങ്ങനെയും ആ പല്ലവി പാടി തീര്‍ക്കാം എന്ന് യു. ഡി. എഫ് ചിന്തിച്ചു കളയരുത്. ലീഗിനോട് തീര്‍ത്തു പറഞ്ഞേക്ക് കൊണ്ഗ്രസ്സെ , ഈ സീറ്റ് ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന്. വരാന്‍ പോകുന്ന പഞ്ചായത്ത്- നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള വില പേശല്‍ തന്ത്രങ്ങള്‍ മാത്രമാണിത്. രാജ്യസഭാ സീറ്റ് നിഷേടിക്കപ്പെട്ട കാരണം പറഞ്ഞു കൂടുതല്‍ ആനുകൂല്യങ്ങള്‍ മുന്നണി നേതൃത്വത്തില്‍ നിന്നും കൈപ്പിടിയില്‍ ഒതുക്കാനുള്ള രാഷ്ട്രീയ തന്ത്രം. പക്ഷെ ആന്റണിയെ പ്രതിരോധിച്ചു കൊണ്ട് വേണ്ടിയിരുന്നില്ല തന്ത്രങ്ങളുടെ വേട്ട. ഒരു മുന്നണിയിലെ രണ്ടു കക്ഷികള്‍ക്കും ഒരു പോലെ നഷ്ടം സംഭവിക്കുന്ന സമയത്ത്, അവശേഷിക്കുന്ന ഒരേ ഒരു സീറ്റിനു മുന്നണിയിലെ പ്രബല കക്ഷി തന്നെ അവകാശി. പ്രത്യേകിച്ച് ആ കക്ഷിയിലെ ഏറ്റവും ശക്തനും, ജന സംമതനും ആയുള്ള ഒരു നേതാവ് കൈവശം വെച്ച് കൊണ്ടിരിക്കുന്ന ഒരു സീറ്റ് കൂടി ആകുമ്പോള്‍. ലീഗ് തങ്ങളുടെ അവകാശ വാദത്തിലൂടെ സത്യത്തില്‍ അപമാനിചിരിക്കുന്നത് കൊണ്ഗ്രസ്സിനെ മാത്രം അല്ല; കേരളത്തിലെ ജനങ്ങളെ ഒന്നാകെയാണ്.
Wednesday, February 24, 2010
ലാലും മാഷും
തിലകന്‍ ഉയര്‍ത്തിവിട്ട ചില ചോദ്യങ്ങളും പ്രശ്നങ്ങളും കേരളത്തിന്റെ സാംസ്കാരിക ചിന്തയ്ക്ക് സംവാദത്തിന്റെ പുതിയ ആകാശങ്ങള്‍ നല്‍കിക്കൊണ്ട് അനുദിനം ശക്തിയാര്‍ജ്ജിക്കുകയാണ്. അത് കേരളത്തിന്റെ ഒരു സാംസ്കാരിക പ്രശ്നമായി പരിണമിച്ചിരിക്കുന്നു. കേരളം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വലിയ വ്യക്തിത്വങ്ങള്‍ പോരിന്റെ മൂര്‍ച്ചയില്‍ തങ്ങളുടെ സവിശേഷമായ സ്ഥാന മാനങ്ങള്‍ മറക്കുന്നു. ചളി വാരി എറിയുന്നു. തിലകന്‍ എന്ന മഹാനായ അഭിനേതാവ് ഉയര്‍ത്തിയ തൊഴില്‍ നിഷേധത്തിന്റെ മൌലിക പ്രശ്നങ്ങള്‍ പിന്നാക്കം പോവുകയും പകരം മറ്റു പലതും ഉയര്‍ന്നു വരികയും ചെയ്തിരിക്കുന്നു.
സുകുമാര്‍ അഴീക്കോട് എന്ന മഹാനായ സാഹിത്യകാരനും പ്രഭാഷകനും, മോഹന്‍ ലാല്‍ എന്ന അതുല്യനായ നടനും തമ്മിലാണ് പോരിന്റെ പുതിയ മുഖങ്ങള്‍ തുറന്നിരിക്കുന്നത്. സത്യത്തില്‍ ഞാന്‍ ഇപ്പോള്‍ കണ്‍ഫ്യുഷനില്‍ ആണ്. രണ്ടു പേരും എനിക്ക് ഇഷ്ടപ്പെട്ടവര്‍. ഇവിടെ എനിക്ക് പ്രത്യേകിച്ച് ഒരാളുടെ പക്ഷം പിടിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എങ്കിലും ഗുരു നിന്ദ പാടില്ല. അത് ചെറിയവരും വലിയവരും ഒരു പോലെ പാലിക്കേണ്ട തത്വം. പക്ഷെ മോഹന്‍ ലാല്‍ അത് ഇവിടെ തെറ്റിച്ചു. അത്ര പെട്ടെന്നൊന്നും പ്രകൊപിതന്‍ ആവാത്ത ലാല്‍ ഇത്തവണ ശരിക്കും പൊട്ടിത്തെറിച്ചു. അഴീക്കോടിനെ അയാള്‍ എന്ന് വിളിച്ചു. അയാള്‍ തികച്ചും ഒരു ആക്ഷേപ ധ്വനി തന്നെ. മതിഭ്രമം എന്ന് അധിക്ഷേപിച്ചു. തിലകനും ആയി ഒരു മേശയ്ക്കു ചുറ്റും ഇരുന്നു സംസാരിക്കാന്‍ താന്‍ തയ്യാറാണ് എന്ന് ലാല്‍ തന്നെ വിളിച്ചപ്പോള്‍ സമ്മതിച്ചതായി മാഷ് പറഞ്ഞാതാണ് ഈ പ്രകോപനം മുഴുവന്‍ സൃഷ്ടിച്ചത്. ലാല്‍ മാഷെ നിഷേധിക്കുകയും തീക്ഷണമായി പ്രതികരിക്കുകയും ചെയ്തു. ആ പ്രതികരണം പക്ഷെ ഗുരു നിന്ദയായി എന്ന് മാത്രം. സത്യത്തില്‍ ലാല്‍ ഗുരുവര്യരെ മാനിക്കുകയും , പ്രായം കൂടിയവരോടു വളരെ ബഹുമാനം നിറഞ്ഞ സമീപനം പുലര്‍ത്തുകയും ചെയ്യുന്ന ഒരാള്‍ ആണ്. അദ്ധേഹത്തിന്റെ അഭിമുഖങ്ങളും, ചില ബ്ലോഗ് രചനകളും അത് വിളിച്ചു പറയുകയും ചെയ്യുന്നു. എന്നാല്‍ ആ ലാല്‍ ഇവിടെ തികച്ചും വ്യത്യസ്തനായ ഒരാള്‍ ആയി. ആ പുതിയ ലാല്‍ വേഷം എന്നെ കുറച്ചു വിഷമിപ്പിച്ചു .
ലാലിന് പിന്നണി പാടാന്‍ സിനിമയിലെയും സാഹിത്യത്തിലേയും കുലപതികള്‍ ഓടിപ്പിടഞ്ഞെത്തി. തിലകന് കൊടുക്കാത്ത പിന്തുണ ലാലിന് പ്രഖ്യാപിക്കാന്‍ മത്സരമായിരുന്നു. സിനിമാ പ്രശ്നത്തില്‍ ഇടപെടാന്‍ അഴീക്കോടിന് എന്തവകാശം എന്നായി ചോദ്യം. ഈ ചോദ്യം വിവരമില്ലായ്മയുടെതാണ്. ഓരോ മേഖലയിലെയും പ്രശ്നങ്ങളില്‍ ഇടപെടാന്‍ അതാതു മേഖലയില്‍ ഉള്ളവര്‍ക്ക് മാത്രമേ അവകാശം ഉള്ളു എന്ന്നു പറഞ്ഞാല്‍ അത് എന്ത് ന്യായം? ജനാധിപത്യത്തിന്റെ തിരസ്കാരം ആണത്. ഈ നയം നടപ്പിലായാല്‍ വിഷമിക്കുക സിനിമ പ്രവര്‍ത്തകര്‍ തന്നെ ആയിരിക്കും. രാഷ്ട്രീയം, മാധ്യമം, സാഹിത്യം തുടങ്ങിയ ബഹുവിധ കാര്യങ്ങള്‍ കഥ തന്തുക്കള്‍ ആയി സ്വീകരിച്ചു സിനിമ കഥ മെനയാന്‍ ഉള്ള സ്വാതന്ത്ര്യം ഒറ്റ അടിക്കങ്ങു പോയിപ്പോവും. ഈ ജനാധിപത്യ രാജ്യത്തില്‍ ആര്‍ക്കും ഇതു പ്രശ്നത്തില്‍ ഇടപെടാനും അഭിപ്രായം പറയാനും ഉള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. പ്രത്യേകിച്ച് അഴീക്കൊടിനുണ്ട്. കേരളം വായ തുറക്കാന്‍ മടിച്ചു നിന്ന സന്ദര്‍ഭങ്ങളില്‍ ഒക്കെയും തീക്ഷ്ണ പ്രതികരണങ്ങളിലൂടെ മലയാളിയുടെ മാനം രക്ഷിച്ച മഹാന്‍ ആണ് അദേഹം. തളരാത്ത ധീരതയുടെ പ്രതീകം. ഈ അവകാശം കേരളം അദേഹത്തിന് പതിച്ചു നല്‍കിയതാണ്. ആ അഭിപ്രായങ്ങളോട് നിങ്ങള്ക്ക് വിസമ്മതം ആണ് എങ്കില്‍ അത് സ്വീകരിക്കേണ്ടതില്ല. പക്ഷെ അതിനെ അവമാതിക്കരുത്. പൊട്ട ചോദ്യങ്ങള്‍ ചോദിച്ചു സ്വയം അപഹാസ്യര്‍ ആവരുത്.
അഴീക്കോട് ഇഷ്ടപ്പെടുന്ന നടന്‍ മോഹന്‍ ലാല്‍ ആണ്. ചില സ്വകാര്യ സംഭാഷണ വേളകളില്‍ അദേഹം അത് വ്യക്തമാക്കിയിട്ടുണ്ട്. ലാലിന്റെ അഭിനയത്തിന്റെ പ്രത്യേകതകളെ കുറിച്ച് തികച്ചും താത്വികമായ ചില നിരീക്ഷണങ്ങള്‍ അദേഹം നടത്തിയതും ഞാന്‍ ഓര്‍ക്കുന്നു. പിന്നെ ഇവിടെ പെട്ടന്നുള്ള ഒരു പ്രകോപന ഹേതു ലാലിന്റെ പരസ്യങ്ങളിലെ അഭിനയത്തെ മാഷ് വിമര്‍ശിച്ച്ചതാവാം. പണത്തില്‍ തൊട്ടു കളിച്ചപ്പോള്‍ ലാല്‍ പിണങ്ങി. ഭൌതിക സൌകര്യന്ളില്‍ നിന്നും വിടുതല്‍ നേടി ജീവിക്കുന്ന അഴീക്കോടും, അതില്‍ ആണ്ടു മുങ്ങി ജീവിക്കുന്ന ലാലും തമ്മിലുള്ള വ്യത്യാസം സ്പഷ്ടം. അഴീക്കോട് കളിച്ചു ജയിച്ചു വന്ന വഴി വേറെ. ലാല്‍ വന്ന വഴി വേറെ. പൊള്ളും ചില അസ്വസ്ഥമായ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍, ലാലിന് ആയാലും, മമ്മൂട്ടിക്ക് ആയാലും. അതുകൊണ്ട് വിട്ടുകള... പൊറുക്കാന്‍ ലാലും അഴീക്കോടും തയ്യാറാവണം. അഴീക്കൊടിനോട് എതിര്‍ത്തവര്‍ ആരായാലും, അവര്‍ പിന്നീട് ആ മനുഷ്യന്റെ കാല്‍ക്കല്‍ അടിയറവു പറഞ്ഞിട്ടുണ്ട്. സൗഹൃദം കൂടിയിട്ടുണ്ട്. പ്രായത്തെ ബഹുമാനിക്കാന്‍ മറക്കരുത് ലാല്‍.
Monday, February 8, 2010
അഭിനയിക്കാന്‍ തിലകന് അവകാശമുണ്ട്

Friday, January 1, 2010
രണ്ടായിരത്തി ഒന്‍പതിലെ മലയാള ചലച്ചിത്രങ്ങളിലെ ഏറ്റവും മികവുറ്റ ചില കാഴ്ചകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. തികച്ചും വ്യക്തിപരമായ ഒരു നിരീക്ഷണം. എന്നുവെച്ചു എന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ തനി നിറം പൂണ്ടു പ്രകടമാവുകയല്ല. മികച്ചതിനെ തിരഞ്ഞെടുക്കല്‍ ദുഷ്കരമല്ല. എന്റെ ചലച്ചിത്ര ബോധങ്ങളെ തൃപ്തിപ്പെടുത്തിയ , ആവേശം കൊള്ളിച്ച സൃഷ്ടികളേയും , അവയ്ക്ക് പിന്നില്‍ അണിനിരന്ന കലാകാരന്മാരെയും ചൂണ്ടി കാട്ടാനുള്ള ഒരു ശ്രമം. ഒരു അവാര്‍ഡ് നിര്‍ണയം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നതാണ്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡില്‍ ഉള്‍പ്പെടുന്ന ചലച്ചിത്ര വിഭാഗങ്ങളെ ആണ് ഇവിടെ ഞാനും അവലംബിച്ചിരിക്കുന്നത്.
ചായാഗ്രഹണം---- അജയന്‍ വിന്‍സെന്റ് [ഭ്രമരം]
കലാസംവിധാനം--- മുത്തുരാജ് [ പഴശ്ശി രാജാ ]
സംഗീത സംവിധായകന്‍ ----ഇളയരാജ- [ആദിയുഷ സന്ധ്യ ---- പഴശ്ശി രാജാ
സ്വപ്‌നങ്ങള്‍ --- ഭാഗ്യദേവത ]
ഗാനരചന----- ഓ.എന്‍.വി.[ കുന്നത്തെ--- പഴശ്ശി രാജാ]
ഗായകന്‍---ശങ്കര്‍ മഹാദേവന്‍-[ പിച്ചവെച്ച --പുതിയമുഖം]
ഗായിക--- ചിത്ര [ കുന്നത്തെ --- പഴശ്ശി രാജാ]
കഥാകൃത്ത് --ടെന്നിസ് ജോസഫ് [ പത്താം നിലയിലെ തീവണ്ടി]
തിരക്കഥ---സത്യന്‍ അന്തിക്കാട്- [ഭാഗ്യദേവത]
ഹാസ്യനടന്‍- സലിം കുമാര്‍[ വിവിധ ചിത്രങ്ങള്‍]
സഹ നടന്‍-- ജഗതി ശ്രീകുമാര്‍[ രാമാനം, പാസഞ്ചര്‍ ]
സഹനടി-- ശാന്താദേവി [ കേരള കഫെ]
നടി- പദ്മപ്രിയ [ പഴശ്ശി രാജാ]
നടന്‍-മോഹന്‍ലാല്‍[ ഭ്രമരം]
നവാഗത സംവിധായകന്‍- രഞ്ജിത്ത് ശങ്കര്‍[ പാസഞ്ചര്‍]
സംവിധായകന്‍-ഹരിഹരന്‍ [ പഴശ്ശി രാജാ]
ജനപ്രീതി നേടിയ ചിത്രം- ഭാഗ്യദേവത
രണ്ടാമത്തെ ചിത്രം--പത്താം നിലയിലെ തീവണ്ടി
ചിത്രം--- പഴശ്ശി രാജാ
Wednesday, December 16, 2009
കെ. രാഘവന്‍ പദ്മ അര്‍ഹിക്കുന്നു
ബഹുമതികള്‍ക്ക് വിലയുണ്ടാവുന്നത് അത് അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ ചെന്നു ചേരുമ്പോഴാണ്. അത് സര്‍ക്കാര്‍ നല്കുന്ന അവാര്‍ഡ് ആയാലും ശരി , ഏതെങ്കിലും സ്വകാര്യ സംഘടനകള്‍ നല്കുന്ന പുരസ്കാരങ്ങള്‍ ആയാലും ശരി. ജ്ഞാനപീഠം എം. ടി. ക്ക് ലഭിക്കുമ്പോഴും, ഫാല്‍കെ അവാര്‍ഡ് അടൂരിനു നല്കാന്‍ തീരുമാനിക്കുമ്പോഴും ആ പുരസ്കാരങ്ങളുടെ മഹത്വം വര്‍ധിക്കുകയാണ്. അതെ സമയം ജ്ഞാനപീഠം ബഷീറിനു നിഷേധിക്കപ്പെടുംപോഴും , പദ്മരാജന് നല്‍കാതെ ഫാല്‍കെ അവാര്‍ഡ് മറ്റൊരാളിലേക്ക് കൈ മാറുമ്പോഴും സംഭവിക്കുന്നത് അവാര്‍ഡുകളുടെ വിലയിടിച്ചലാണ്. സര്‍ക്കാറിന്റെ മഹത്തായ ഒരു പുരസ്കാരത്തിന് ഇക്കാലത്ത് സംഭവിക്കുന്ന മൂല്യ ച്യുതിയെ കുറിച്ചാണ് ഈ ബ്ലോഗ്. പദ്മ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ ഇനി ഒന്നര മാസം മാത്രം. അവാര്‍ഡ് നിശ്ചയിക്കുന്നതിന്റെ അവസാന ഘട്ട ഒരുക്കങ്ങളില്‍ ആയിരിക്കും സര്‍ക്കാര്‍ പ്രതിനിധികള്‍.പതിവു പോലെ ഒരിക്കലും പ്രതീക്ഷിക്കാത്തവര്‍ക്ക് ഇത്തവണയും അംഗീകാരം ലഭിക്കും. രാജ്യത്തിന്റെ യശസ്സ് ആകാശത്തോളം ഉയര്‍ത്തിയ പ്രതിഭകളെ ആദരിക്കാന്‍ ഏര്‍പ്പെടുത്തപ്പെട്ട പദ്മ പുരസ്കാരങ്ങള്‍ ഈയിടെ ആയി അതിന്റെ ഉദ്ദേശ്യങ്ങളില്‍ നിന്നും അകലുന്ന കാഴ്ച വേദന ജനകമാണ്. പല തരത്തിലുള്ള കൈകടത്തലുകളും , സ്വാധീന ശ്രമങ്ങളും പദ്മ അവാര്‍ഡുകളുടെ വിശുദ്ധി കളങ്കപ്പെടുത്തിയിരിക്കുന്നു. അവാര്‍ഡിന് സര്‍വഥാ അര്‍ഹരായ എത്രയോ പ്രതിഭകള്‍ ഒരിക്കല്‍ പോലും പട്ടികയില്‍ കടന്നു കൂടാതെ പോകുന്നു. ഓരോ സംസ്ഥാന സര്‍ക്കാരും നല്കുന്ന ശുപാര്‍ശയില്‍ നിന്നാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ശുപാര്ശ തീര്ത്തും അനര്‍ഹാരായവര്‍ക്കുള്ള കുഴലൂത്തായി മാറുന്നു. കേരളത്തിന്റെ കാര്യം നോക്കാം. മലയാള ചലച്ചിത്ര സംഗീതത്തെ സൌന്ദര്യത്മകമായ ഒരു അനുഭൂതി തലത്തിലേക്ക് ഉയര്‍ത്തിയ കെ. രാഘവനും, വി. ദക്ഷിനാമൂര്തിക്കും പദ്മ പുരസ്കാരങ്ങളില്‍ ഒന്നു പോലും ലഭിച്ചില്ല എന്ന് അറിയുമ്പോഴാണ് , ഇതിന്റെ പിന്നിലെ ചരട് വലികളെ കുറിച്ചു നാം ചിന്തിച്ചു പോകുന്നത്. തൊണ്ണൂറു കഴിഞ്ഞ ഈ അഭിവന്ദ്യ പ്രതിഭകളെ കണ്ടില്ലെന്നു നടിക്കുന്ന അധികൃതര്‍ ഏത് തരം സാംസ്കാരിക ബോധത്താല്‍ ആണ് പിഴച്ചു പോകുന്നത്? നേരത്തെ ജി. ദേവരാജന്‍ എന്ന മഹാ പ്രതിഭയെ അവഗണിച്ചതും ഈ കേമന്മാര്‍ തന്നെയായിരുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? പ്രതിഭകളെ മാനിക്കാന്‍ നാം എന്നും മറന്നു പോകുന്നതിന്റെ മന ശാസ്ത്രം എന്താണ്?കെ. രാഘവനെ പോലെ ഒരാള്‍ , ഇങ്ങു തലശ്ശേരിയില്‍ നിശബ്ദമായി വിശ്രമ ജീവിതം നയിക്കുന്നത് അറിയാതെ പോയതാണോ ഈ അവഗണനയ്ക്ക് കാരണം? സദാ സമയവും ബഹളം കൂട്ടി നടക്കുന്ന മൂട് താങ്ങികളെ മാത്രമാണോ നമ്മുടെ ലോകം കലാകാരന്മാരായി കാണുന്നത്? എന്നാല്‍ ഒരു സത്യം അറിയുക. യഥാര്ത്ഥ കലാകാരന്മാര്‍ എന്നും നിശബ്ദര്‍ ആയിരിക്കും .അവരുടെ മനസ്സും മസ്തിഷ്കവും സദാപി നൂതനമായ ആശയങ്ങള്‍ തേടി അലയുകയും, അത് ആവിഷ്കരിക്കാന്‍ ഉള്ള പദ്ധതികളെ കുറിച്ച് ആലോചിച്ചു ഉരുകുകയും ചെയ്യും .
മലയാള ചലച്ചിത്ര സംഗീതത്തിന്റെ ദിശ മാറ്റി വരച്ച സംഗീത സംവിധായകന്‍ ആണ് കെ. രാഘവന്‍. ഒഴുക്കിനൊത്ത് നീന്തിപ്പോയ അക്കാലത്തെ മറ്റു സംഗീത സംവിധായകര്‍ തുറന്നിട്ട പാത മാറ്റി വെട്ടി കടന്നുപോയ പ്രതിഭാധനന്‍. അനുകരണം ആണ് സംഗീതം എന്ന വിശ്വാസത്തെ തിരുത്തി എഴുതിയ കലാകാരന്‍. നീലക്കുയില്‍ എന്ന സിനിമയ്ക്ക് മലയാള ചലച്ചിത്ര ലോകത്തുള്ള സ്ഥാനം മുന്തിയ നിരയില്‍ രേഖപ്പെടുത്തുമ്പോള്‍ അതിനു പ്രേരകമാകുന്ന ഘടകങ്ങളില്‍ ആ ചിത്രത്തിലെ സംഗീതവും ഉണ്ടാവും. കേരള സമൂഹത്തിന്റെ നവീകരണം പ്രഥമ പരിഗണന ആയി സ്വീകരിച്ച ആ ചിത്രം മലയാള ചലച്ചിത്ര സംഗീതത്തിലും പുതിയ ഒരു ഉണര്‍വ് സൃഷ്ടിക്കുക ആയിരുന്നു. മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത പാട്ടുകള്‍ ആയിരുന്നു നീലക്കുയിലെത്. ഇന്നും ഒരു വിസ്മയമായി ആ ഗാനങ്ങള്‍ മലയാളിയെ സന്തോഷിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നവരെ നാം എന്നും മാനിക്കണം. സകല ആദരങ്ങള്‍ക്കും അവര്‍ അര്‍ഹരാണ്. എന്നാല്‍ ഇവിടെ ആ ദൌത്യം നമ്മള്‍ മറന്നു പോവുകയാണ്. കെ.രാഘവന്റെ കാരുണ്യ കടാക്ഷം കൊണ്ട് സിനിമയില്‍ രക്ഷപ്പെട്ട ഗായകര്‍ പോലും പദ്മ പുരസ്കാരങ്ങള്‍ നെഞ്ചോടു അടുക്കി പിടിക്കുമ്പോള്‍ അത് ഒരു സാധാരണ മനുഷ്യന് നടുക്കം ആണ് ഉണ്ടാക്കുന്നത്. ഇത്തവണ എങ്കിലും ആ തെറ്റ് തിരുത്താന്‍ നാം തയാറാവണം. കേരളത്തിന്റെ ആഭ്യന്തര മന്ത്രി ഒരു തലശേരിക്കാരന്‍ ആണ്. തലശ്ശേരി ഉള്‍പ്പെടുന്ന വടകര മണ്ഡലത്തിന്റെ പ്രതിനിധി ആണ് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ആയ മുല്ലപ്പള്ളി രാമചന്ദ്രന്‍. അധികാരത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ വിരാജിക്കുന്ന ഈ നാട്ടുകാര്‍ ഒന്ന് മനസ്സ് വെച്ചാല്‍ ഇത്തവണത്തെ പദ്മ പുരസ്കാരങ്ങളില്‍ ഒന്ന് തലശേരിയില്‍ എത്തും. പക്ഷെ ഇത് സര്‍കാരിന്റെ ഔദാര്യം അല്ല. കെ. രാഘവന്റെ അവകാശം ആണ്. അത് മനസ്സിലാക്കി സംസ്ഥാന സര്‍ക്കാര്‍ വേണ്ടത് ചെയ്യുക തന്നെ വേണം.
Monday, November 23, 2009
പഴശ്ശി രാജാ -വിവാദങ്ങള്‍ തുടരുമ്പോള്‍



വിവാദങ്ങളുടെ തോഴന്‍ ആയിരുന്നു നാടു ഭരിച്ച പഴശ്ശിരാജാ. ബ്രിട്ടീഷ് ഭരണത്തിന്‍റെ അന്തസാര ശൂന്യതയെ നഖ ശിഖാന്തം എതിര്‍ത്ത ധീരന്‍. ബ്രിട്ടീഷ് അധികാരികള്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ സാമാന്യ ജനതയുടെ സ്വാതന്ത്ര്യത്തിനു ഹാനികരം ആണെന്ന് കണ്ടപ്പോള്‍ അവയെ ആമൂലാഗ്രം എതിര്‍ക്കാനുള്ള ആര്‍ജ്ജവം കാണിച്ച സ്വഭിമാനി. ആ എതിര്‍പ്പുകള്‍ തന്നെയാണ് അക്കാലത്തു വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയത്. ഇപ്പോള്‍, ആ ധീര ദേശാഭിമാനിയുടെ അക്ഷീണ പോരാട്ടങ്ങള്‍ അഭ്ര പാളികളിലേക്ക് പകര്‍ത്തിയപ്പോള്‍ വീണ്ടും വിവാദങ്ങളുടെ പടഹ ധ്വനികള്‍ ഉയര്‍ന്നിരിക്കുന്നു. നിര്‍മ്മാണത്തിന്റെ തുടക്കം തൊട്ടേ വിവാദങ്ങള്‍ പഴശ്ശി രാജയുടെ കൂടപ്പിറപ്പ് ആയിരുന്നു. ഏകദേശം മൂന്നു വര്‍ഷത്തെ യുദ്ധ സമാനമായ സാഹചര്യങ്ങള്‍ തരണം ചെയ്തു ഹരിഹരനും ഗോകുലം ഗോപാലനും കൂടി സിനിമ യാഥാര്‍ത്ഥ്യം ആക്കി. അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷകളെ കവച്ചു വെച്ചു സിനിമ അപൂര്‍വമായ നേട്ടങ്ങള്‍ കൈവരിച്ചു. മലയാള സിനിമ അടുത്ത കാലത്തു എന്നല്ല ചരിത്രത്തില്‍ തന്നെ നേടാത്ത വിജയം സ്വന്തമാക്കി. സിനിമ ശാലകളെ ഉപേക്ഷിച്ചു ടി.വി. കള്‍ക്ക് മുന്‍പില്‍ ഇരിപ്പ് ഉറപ്പിച്ചവരെ പോലും ടാക്കീസുകളിലേക്ക് നടക്കാന്‍ പ്രേരിപ്പിച്ചു . അങ്ങനെ അതിശയങ്ങളുടെ വിളയാട്ട് കേന്ദ്രമായി പഴശ്ശി രാജാ. പടം പുറത്തു വന്നപ്പോള്‍ , പഴശ്ശിയുടെ അന്ത്യ രംഗം ആവിഷ്കരിച്ചതിനെ ചൊല്ലി ആയിരുന്നു വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. പഴശ്ശിയെ ബ്രിട്ടീഷുകാര്‍ വെടി വെച്ചു കൊല്ലുകയായിരുന്നു എ ന്ന ചലച്ചിത്ര ഭാഷ്യം ഇവിടത്തെ പേരു കേട്ട ചരിത്രകാരന്മാര്‍ ഇതു വരെയും വകവെച്ചു കൊടുത്തിട്ടില്ല. എങ്കിലും എം. ടി.യും , ഹരിഹരനും എത്രയോ വര്‍ഷത്തെ ഗവേഷണങ്ങളിലൂടെ നേടിയ അറിവിന്റെ പിന്‍ ബലത്തിലാണ് ഇങ്ങനെയൊരു ക്ലൈമാക്സ് അവതരിപ്പിച്ചത് എന്ന് പറയുമ്പോള്‍ ലഭിക്കുന്ന ആധികാരികതയെ ചോദ്യം ചെയ്യാന്‍ ആര്ക്കും കഴിഞ്ഞിട്ടില്ല. ആ വിവാദം പുകഞ്ഞും പുകയാതെയും കേരളത്തിന്റെ സാംസ്കാരിക അന്തരീക്ഷത്തെ ചൂടു പിടിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് മറ്റൊരു ചര്‍ച്ചയിലേക്ക് പഴശ്ശി വഴി മാറുന്നത്. ഇത്തവണ അത് ആ ചിത്രത്തിലെ പാട്ടുകളുമായി ബന്ധപ്പെട്ടാണ്. തുടങ്ങി വെച്ചതാവട്ടെ ചിത്രത്തിന്റെ സംഗീത സംവിധായകനായ ഇളയരാജയും. ചിത്രത്തില്‍ രണ്ടു പാട്ടുകള്‍ എഴുതിയ ഓ. എന്‍. വി. യുടെ പ്രതിഭയെ , ഈ ചിത്രത്തിലെ അദേഹത്തിന്റെ രചനകളുമായി തട്ടിച്ചു ഇളയരാജ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു , നിഷ്കരുണം ആക്രമിച്ചതാണ് പുതിയ വിവാദങ്ങളുടെ ഉത്ഭവ കാരണം. മലയാളികള്‍ മുഴുവന്‍ ഇതോടെ ഓ.എന്‍.വി. യുടെ പിന്നില്‍ അണിനിരന്നു കഴിഞ്ഞിട്ടുണ്ട്. തമിഴനായ ഇളയരാജയുടെ കാവ്യാ ബോധത്തെ പോലും ആക്ഷേപിച്ചു കൊണ്ടു ഭാഷാവിവേചനം പോലും കാണിച്ചു ഓ.എന്‍.വി.യോടുള്ള സാംസ്കാരിക കേരളത്തിന്റെ വിധേയത്വം പ്രകടിപ്പിക്കാന്‍ സന്നദ്ധരായി സാംസ്കാരിക നായകരും രാഷ്ട്രീയക്കാരും രംഗത്ത് വന്നു കഴിഞ്ഞു . അപ്പോഴും ഒരു കാര്യം മാത്രം നാം ആലോചിക്കുന്നില്ല. എന്തുകൊണ്ട് ഇളയരാജ കവിക്കെതിരെ ഇത്തരം ഒരു ആരോപണവുമായി മുന്നോട്ടു വന്നു? ഓ.എന്‍.വി.യുമായി ചേര്ന്നു മറക്കാന്‍ ആവാത്ത നിരവധി ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകന് ഈ ഒരു ചിത്രത്തോടെ കവിയുമായി സൌന്ദര്യപ്പിണക്കം ഉടലെടുക്കാന്‍ എന്താണ് കാരണം?മറ്റു പല സന്ദര്‍ഭങ്ങളിലും ഓ.എന്‍.വി.യെ വാഴ്ത്താന്‍ ഒരു വൈമനസ്യവും കാണിക്കാതിരുന്ന ഇളയരാജ രൂക്ഷ വിമര്‍ശനങ്ങളും ആയി ഇപ്പോള്‍ രംഗ പ്രവേശം ചെയ്തതിന്റെ പിന്നിലുള്ള രഹസ്യം എന്ത്? ഒരു കാര്യം നാം ഇവിടെ ഓര്‍ക്കണം. ഇളയരാജയുടെ ആദ്യ മലയാള സംഗീതത്തിനു കവിതയുടെ ചിറകുകള്‍ നല്കിയത് ഓ.എന്‍. വി. ആയിരുന്നു. വ്യാമോഹം എന്ന ആ ചിത്രത്തിലെ ' പൂവാടികളില്‍..' എന്ന് തുടങ്ങുന്ന ഗാനം ചലച്ചിത്ര സംഗീത ആസ്വാദകരെ ഇന്നും ആഹ്ലാദിപ്പിക്കുന്ന നല്ലൊരു സൃഷ്ടി ആണ്.
പഴശ്ശി രാജയിലെ ആദിയുഷ സന്ധ്യ എന്ന് തുടങ്ങുന്ന ഗാനത്തെ കുറിച്ചു ആണ് ഇളയരാജ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. താന്‍ ചില ഈണങ്ങള്‍ ഇട്ടു കൊടുത്തപ്പോള്‍ അതിനനുസരിച്ച് ഓ.എന്‍.വി.ക്ക് വരികള്‍ ചമയ്ക്കാന്‍ കഴിഞ്ഞില്ലെന്നും, പഴശ്ശിയുടെ മനോ നൊമ്പരങ്ങള്‍ മേല്‍പ്പറഞ്ഞ പാട്ടില്‍ ആവിഷ്കരിക്കാന്‍ കവിക്ക് കഴിഞ്ഞില്ലെന്നും ഇളയരാജ പറയുന്നു. പിന്നെ എങ്ങനെയാണ് ഹരിഹരന്‍ ആ പാട്ടിനു ഓ.കെ പറഞ്ഞതു ? സംവിധായകന്‍ ഹരിഹരന്റെ കാര്‍ക്കശ്യങ്ങളെ കുറിച്ചു അറിയാവുന്ന ഒരു സാധാരണക്കാരനായ മലയാളി ഇങ്ങനെ ചോദിച്ചു പോയാല്‍ അതിശയിക്കാന്‍ ഇല്ല. ഇതിനിടയില്‍ അണിയറയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേതന്നെ കേട്ട ഒരു കഥ ഇവിടെ ഞാന്‍ ഓര്ത്തു പോകുന്നു. പഴശ്ശി രാജാ എന്ന ചിത്രത്തിന്റെ തുടക്കത്തില്‍ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് ഇളയരാജയും , ഓ.എന്‍.വി. യും കൂടിയാണെന്ന് കേട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്റെ കമ്പോസിംഗ് നടന്നു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഓ.എന്‍.വി.ക്ക് പുറമെ ഗിരീഷ് പുത്തഞ്ചേരിയുടെ പേരും അവിചാരിതമായി കടന്നു വന്നു. പിന്നാലെ കാനേഷ് പൂനൂരും. എന്ത് കൊണ്ടു ഇങ്ങനെ ഒരു മറിമായം? ഓ.എന്‍.വി. എന്ന ഒറ്റയാനില്‍ നിന്നും മറ്റു രണ്ടു നാമങ്ങളിലേക്ക് ഹരിഹരന് മാറി ചിന്തിക്കേണ്ടി വന്നത് എന്ത് കൊണ്ടു? കേട്ടിരുന്നു, എം.ടി.യുടെ ശുപാര്‍ശയില്‍ ആണ് പുത്തഞ്ചേരി കയറിക്കൂടിയത് എന്ന്. അങ്ങനെ ഒരു ശുപാര്ശ നല്കാന്‍ എം. ടി യെ പ്രേരിപ്പിച്ച ഘടകവും, എം. ടി.യോട് ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കാന്‍ ഹരിഹരനെ പ്രകോപിപ്പിച്ച സംഭവവും എന്തായിരുന്നു? പറഞ്ഞു കേള്ക്കുന്ന ഒന്നു രണ്ടു കാരണങ്ങള്‍ ഇതൊക്കെ ആണ്. പരിവാര സമേതനായി , തികച്ചും ദൈവികമായ ഒരു പരിവേഷത്തോടെ കമ്പോസിംഗ് കര്‍മ്മത്തിലേക്കു കടന്നു വന്ന ഇളയരാജയുടെ പക്കാ തമിഴ് മാനറിസങ്ങള്‍ സഹിക്കാന്‍ ആവാതെ ഓ.എന്‍. വി. പ്രതിഷേധത്തിന്റെ അഗ്നി മനസ്സില്‍ സൂക്ഷിച്ചത്രേ. ഇളയരാജയുടെ 'രാജ പാര്‍ട്ട്' വേഷംമലയാളത്തിന്റെ ലാളിത്യത്തെ ചൊടിപ്പിച്ചു. അവര്‍ പല സന്ദര്‍ഭങ്ങളിലും പൊരുത്തപ്പെടാന്‍ ആവാത്ത മട്ടില്‍ എടുത്തടിച്ചു നിന്നു. ഇങ്ങനെ പോയാല്‍ പഴശ്ശി നടക്കില്ലെന്നു തോന്നിയ ഹരിഹരന്‍ മറ്റൊരു ഗാന രചയിതാവിനെ ആശ്രയിക്കുകയാണ് ഉണ്ടായത്. പിന്നെ മറ്റൊരു കഥ ഓ.എന്‍.വി.ക്ക് ഈണത്തിന് അനുസരിച്ച് പാട്ടെഴുതാന്‍ കഴിഞ്ഞില്ലത്രേ. അതില്‍ എത്ര വാസ്തവം ഉണ്ട് എന്നറിയില്ല. നേരത്തെ സലില്‍ ചൌധരിക്കും , ശ്യാമിനും, എന്തിനേറെ ഇളയരാജക്ക് തന്നെയും ഓ.എന്‍.വി. പാട്ടു എഴുതിക്കൊടുത്തത് ഈണത്തിന് അനുസരിച്ച് ആയിരുന്നില്ലേ. അപ്പോള്‍ പറഞ്ഞു കേട്ട സൌന്ദര്യ പിണക്ക കഥകളില്‍ ആദ്യത്തേത് തന്നെ ഏറെ വിശ്വസനീയം.
ഇനി വിവാദ വിഷയമായി തീര്‍ന്ന പാട്ടിനെ കുറിച്ചു. ഇളയരാജ പറഞ്ഞതില്‍ ഞാന്‍ കുറച്ചൊക്കെ വസ്തുത കാണുന്നു. ഓഎന്‍.വി. എഴുതിയ വരികള്‍ ഒരു കാരണ വശാലും മോശമല്ല. അത്യുജ്ജ്വലമായ കല്പന കൊണ്ടും , തീക്ഷ്ണമായ ഭാവ ഗരിമ കൊണ്ടും, ഉചിതമായ പദ വിന്യാസം കൊണ്ടും ആദിയുഷസന്ധ്യ തീവ്രമായ ദേശാഭിമാന ബോധം കേള്‍വിക്കാരില്‍ അന്ഗുരിപ്പിക്കാന്‍ പ്രേരകമാണ്.എന്നാല്‍ പഴശ്ശിയുടെ വികാരം തൊട്ടറിയാനുള്ള ഒരവസരം ശ്രോതാക്കള്‍ക്ക് കവി നല്‍കുന്നില്ല. പഴശ്ശിയുടെ പടയൊരുക്കം കവിയല്ല ചിത്രത്തില്‍ ആവിഷ്ക്കരിക്കുന്നത്. സിനിമയുടെ സംവിധായകനാണ്. അത് തിരക്കഥയില്‍ ഉള്ളതാണോ , അതോ ഹരിഹരന്‍ പാട്ടു കേട്ട ശേഷം മാറ്റി ചെയ്തതാണോ എന്നറിയില്ല. തിരക്കഥയില്‍ ഉള്ളതാണ് എങ്കില്‍ പഴശ്ശിയുടെ ആത്മ നൊമ്പരവും , വീര്യവും, പട നയിക്കാനുള്ള ഒരുക്കങ്ങളും എല്ലാം സമന്വയിപ്പിച്ച് കൊണ്ടുള്ള ഒരു ആവിഷ്കാരത്തിനു ആയിരുന്നു കവി തൂലിക എടുക്കേണ്ടിയിരുന്നത്. കവിത ആര്‍ഷ ഭാരതത്തിന്റെ പൈതൃകങ്ങളെ നെഞ്ചില്‍ എന്തുകയാണ്. ആ സംസ്കാരത്തിന്റെ പ്രോജ്വലമായ ഭാവങ്ങളെ തൊട്ടു തലോടുകയാണ്. യോദ്ധാക്കളുടെ സിരകളിലേക്ക് സമര വീര്യം കടത്തി വിടാന്‍ ഈ ഓര്‍മ്മപ്പെടുത്തല്‍ സഹായകരമായി തീരുമോ? എന്നാല്‍ പ്രത്യക്ഷത്തില്‍ അത്തരം ഒരു ആഹ്വാനം കവിതയില്‍ കാണാനും കഴിയുന്നില്ല. ഇതൊക്കെ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആണ്.
ഹരിഹരന്‍ ഇപ്പോഴും ഈ വിവാദത്തെ പ്രതി മൌനം പാലിക്കുകയാണ്. സംവിധായകന്റെ കല ആണ് സിനിമ. തന്റെ സിനിമയ്ക്ക് എന്ത് വേണം എന്ത് വേണ്ട എന്ന് തീരുമാനിക്കേണ്ടത് സംവിധായകന്‍ ആണ്. അയാളുടെ തീരുമാനങ്ങള്‍ ആണ് ആത്യന്തികമായ ശരി. ഓ.എന്‍.വി.യുടെ പാട്ടു തനിക്ക് തൃപ്തികരം ആയിരുന്നോ അല്ലയോ എന്ന് വിധി കല്‍പ്പിക്കേണ്ടത് ഹരിഹരന്‍ ആണ്. അദേഹം മൌനം വെടിഞ്ഞു പ്രതികരിച്ചാല്‍ ഈ പ്രശ്നം അതോടെ തീരും. അത് വരെ സാംസ്കാരിക കേരളത്തിന് നേരം പോക്കാന്‍ ഈ കാര്യം ഇങ്ങനെ ചര്ച്ച ചെയ്തു കൊണ്ടിരിക്കാം
Wednesday, November 11, 2009
വിനയവാനായ ഈ ഞാന്‍ പറയുന്നതു എന്തെന്നാല്‍....
ഈയുള്ളവന് സിനിമ രംഗത്ത് അല്ലറ ചില്ലറ കച്ചവടങ്ങള്‍ ഒക്കെയായി പിഴച്ചു പോരുന്നവനാണ്. സിനിമയില്‍ വരുന്നതിനു മുന്പ് ചില തട്ടിക്കൂട്ട് നാടകങ്ങള്‍ ഒക്കെയായി കലയെ ഉദ്ധരിക്കാന്‍ വേണ്ടി ഒരു പാടു കഷ്ട്ടപ്പെട്ടിട്ടുണ്ട്. വഴി ചെലവു നടന്നു പോവാന്‍ ചെറിയൊരു സര്‍ക്കാര്‍ ജോലി തരപ്പെട്ടത് കൊണ്ടു വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. സിനിമയോടുള്ള അസ്ക്യത കലശലായപ്പോള്‍ നാടകത്തില്‍ നിന്നും ഒരു ചാട്ടം. അന്നേ പൊട്ടന്മാര്‍ ആയിട്ടുള്ള പണക്കാര്‍ ഈ കേരള രാജ്യത്ത് സിനിമ പിടിക്കുക എന്ന ലക്ഷ്യത്തോടെ തെക്കു വടക്കു നടന്നു വെള്ളം ഒലിപ്പിക്കാന്‍ ഉണ്ടായിരുന്നത് കൊണ്ടു ഈയുള്ളവന് ചില സിനിമകളൊക്കെ തരപ്പെടുത്താനായി.
സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരെ സിനിമയുടെ മുഖ്യധാരയിലേക്ക് വലിച്ചിഴച്ചു കൊണ്ടു വന്നു , അവര്ക്കും ഒരു ജീവിതം ഉണ്ടെന്നു പൊതു മനസാക്ഷിയെ ബോധിപ്പിച്ചു കൊടുത്തത് ഈയുള്ളവന്‍ ആണ്. സിനിമയിലെ കേശവദേവ് എന്ന് വിശേഷിപ്പിചാലും വിരോധമില്ല. എത്രയോ കൊടി കെട്ടിയ സംവിധാനികള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. അവരൊക്കെ കുബേര ജന്മങ്ങളുടെ കഥ പറഞ്ഞു പണം തട്ടാനാണ് താത്പര്യം കാണിച്ചത്. പക്ഷെ ഈ വിനയവാന്‍ അങ്ങനെ ചുളുവില്‍ പണം അടിച്ച് മാറ്റിയവന്‍ അല്ല. ഒരുപാടു കണ്ണീര്‍ ഒഴുക്കി തന്നെയാണ് മലയാള സിനിമയിലെ സ്ഥാനം ഉറപ്പിച്ചത്. ഈ നികൃഷ്ട ജന്മങ്ങളെ സ്ക്രീനില്‍ കൊണ്ടു വന്നാല്‍ ഒരു മനുഷ്യ ജീവി കൂടി തിയേറ്റര്‍ പരിസരത്തേക്കു പോലും വരില്ലെന്ന് കട്ടായം പറഞ്ഞവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് സകലമാന ജനങ്ങളെയും ആട്ടി തെളിച്ചു കൊണ്ടു വരാന്‍ ഇവന് കഴിഞ്ഞു . ആ പരിപ്പ് പക്ഷെ അധിക കാലം വെന്തില്ല എന്ന് മാത്രം.
സിനിമയിലൂടെ കാണിച്ച സാമൂഹ്യ പ്രതിബദ്ധത തന്നെയാണ് അതിന് പുറത്തും ഇവന്‍ കാണിക്കാന്‍ ഒരുമ്പെട്ടത്. സിനിമാ രംഗത്ത് പുറം പോക്കിലേക്ക് വലിച്ചെറിയപ്പെട്ട കുറച്ചു തൊഴിലാളികള്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക . ഇതു മാത്രം ആയിരുന്നു ചെറിയൊരു ലക്ഷ്യം. അതിന് മഹത്തായ ഒരു സംഘടനയെ പൂര്‍ണ്ണമായും കൈപ്പിടിയില്‍ ഒതുക്കി. അധികാരം ഉണ്ടെങ്കിലേ എന്തും ഈ ലോകത്ത് നടക്കൂ. ഈ പച്ച മനുഷ്യരെ ഉയര്‍ത്തി കൊണ്ടു വരുന്നതു ചില്ലറ പണിയൊന്നും അല്ല. ആരോടൊക്കെ പട വെട്ടി വേണമെന്നോ ആ സാഹസം. ഈ ലോകത്തെ എത്ര വലിയവന്‍ പോലും തിരുവായിക്ക് എതിര്‍ വായില്ലാതെ നില്ക്കുന്ന സൂപ്പര്‍ താരങ്ങള്‍ ആയിരുന്നു ആദ്യ ലക്ഷ്യം. അവര്‍ വീഴണം. അവരുടെ അപ്രമാദിത്വം തകരണം. എങ്കിലേ ഞാനടക്കമുള്ളവര്‍ രക്ഷപ്പെടൂ.
ശ്രമിച്ചു.. അഹോരാത്രം തെറി പറഞ്ഞു... ഒടുവില്‍ അവരുടെ വെറുപ്പ് സമ്പാദിച്ചു. മഹാ ഭാഗ്യം...
പക്ഷെ അധിക കാലം ഒന്നും നീണ്ടു പോയില്ല. സംഘടന പിളര്‍ന്നു. സൂപ്പര്‍ താരങ്ങള്‍ പിളര്‍ത്തി. ഒപ്പം അവരുടെ ഓശാരം പറ്റി പിഴച്ചു പോരുന്ന ചില സംവിധാനികളും. ഇന്നലത്തെ മഴയ്ക്ക് പൊടിച്ച ചില ഉണ്ണിക്കണ്ണന്‍മാരും
സിദ്ധി കൂടിയ ചില വന്കന്മാരും മറ്റും. നടക്കുമോ നമ്മുടെ അടുത്ത് പണി. കാരണം ഒരു പണിയും ഇല്ലാത്തവന്മാര്‍ നമ്മുടെ കൂടെ ഉണ്ടല്ലോ. അവസാനം ഇതാ അവന്മാരും നമ്മളെ വിട്ടു പോയിരിക്കുന്നു. എന്നിട്ടും ഈയുള്ളവന്‍ തളര്‍ന്നിട്ടില്ല
കുറേകാലം വീട്ടില്‍ ഇരുന്നു. സംവിധാനിക്കാന്‍ ആരും വിളിച്ചില്ല. പട്ടിണി കിടന്നു ചത്തു പോകും എന്നായിരിക്കും ശത്രുക്കള്‍ കരുതിയത്. എവിടെ? കോടികള്‍ , കോടികള്‍ ഉണ്ടാക്കി വെച്ചിരുന്നല്ലോ ആയ കാലത്തു . ഇപ്പോള്‍ ഇതാ ഈ ശനി ദശ പിടിച്ച നേരത്ത് ഒരു സിനിമ ഒത്തു കിട്ടിയിട്ടുണ്ട്. ഇവിടെ നിലവില്‍ ഉള്ളവര്‍ ഒന്നും സിനിമയുമായി സഹകരിക്കില്ല എന്ന് വാശി പിടിക്കുന്നുണ്ട്. അതുകൊണ്ട് എനിക്ക് എന്താ? നഷ്ടം അവര്ക്കു തന്നെ. ഇവന്‍ പുതിയവരെ ഇറക്കും. അഭിനയിക്കാനും അതെ , പടം പിടിക്കാനും അതെ.
പുതിയവരെ വെച്ചു കളിക്കുമ്പോള്‍ പേടിയുണ്ടോ എന്ന് ചിലരൊക്കെ ചോദിക്കുന്നുണ്ട്. ആര്‍ക്കു പേടി? എന്തെങ്കിലും ഒക്കെ നഷ്ടപ്പെടാന്‍ ഉള്ളവര്‍ക്കല്ലേ പേടി വേണ്ടൂ. ഇനിയിപ്പോ നിര്‍മ്മാതാവിന് പേടി ഉണ്ടോ എന്ന് തിരക്കിയെക്ക്. കാരണം മൂപ്പരുടെയല്ലേ കാശിട്ടു ഈയുള്ളവന്‍ അടിച്ച് പൊളിക്കാന്‍ പോകുന്നത്. പക്ഷെ അങ്ങോര്‍ക്ക് ലക്ഷ്യം വേറെ ആയതു കൊണ്ടു പേടിയൊന്നും തിരിച്ചറിയാന്‍ പറ്റി എന്ന് വരില്ല. ഭാഗ്യം.... വേണ്ട അധികം പറഞ്ഞാല്‍ അയാള്‍ കേള്‍ക്കും. പെട്ടിയും പൂട്ടി മൂപ്പര്‍ സ്ഥലം വിട്ടാല്‍ ഇവന്‍ വീണ്ടും വീട്ടില്‍ വാതില്‍ അടച്ചു ഇരിക്കേണ്ടി വരും. ഇനി അതിന് പറ്റില്ല. ഉള്ള പണമൊക്കെ തീര്ന്നു തുടങ്ങി.... പാവം പിഴച്ചു പൊയ്ക്കോട്ടേ...
പക്ഷെ തൊഴിലാളികളെ പറ്റി പറഞ്ഞാല്‍ ഉണ്ടല്ലോ ----ങാ...