
വിലക്കിന്റെ ഭീഷണിയിലാണ് നടന്‍ തിലകന്‍. മലയാള സിനിമാ കുടുംബത്തില്‍ നിന്നും പുറപ്പെട്ടു പോയ വിനയന്റെ പുതിയ പടത്തില്‍മുഖം കാണിച്ചതാണ് തിലകന് ഇപ്പോള്‍ വിനയായിരിക്കുന്നത്. ജോഷിയുടെ പുതിയ മള്‍ടിസ്റ്റാര്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രതെര്സില്‍നിന്നും തിലകന്‍ പുറത്തായതാണ് മലയാള സിനിമയിലെ ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സത്യത്തില്‍ ആ സിനിമയില്‍ നിന്നുമുള്ള തിലകന്റെ പുറത്താകല്‍ നിമിത്തം നഷ്ടം സംഭവിച്ചിരിക്കുന്നത് മലയാള സിനിമ പ്രേക്ഷകര്‍ക്ക് ആണ്. ലാല്‍- തിലകന്‍ കൂട്ട് കെട്ടിന്റെ അതുല്യമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാണാനുള്ള ഭാഗ്യം നമുക്ക് ഇല്ലാതായിരിക്കുന്നു.
തന്റെ വിലക്കിന് പിന്നില്‍ മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ വൃത്തികെട്ട കളികള്‍ ആണെന്ന് തിലകന്‍ തുറന്നു പറഞ്ഞിരിക്കുന്നു. ആ താരം ആരാണ് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പത്ര പ്രവര്‍ത്തകരുടെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്‍ നാലുപാടു നിന്നും ഉതിര്‍ന്നു വീണിട്ടും തിലകന്‍ പിടി കൊടുത്തിട്ടില്ല. പക്ഷെ വരികള്‍ക്കിടയില്‍ ആ സൂപ്പര്‍ താരത്തിന്റെ പേര് ഒളിപ്പിച്ചു വെച്ച് ചില പൊട്ടിത്തെറികള്‍ തിലകന്‍ നടത്തിയത് ശ്രദ്ധേയം ആയിരുന്നു. മമ്മൂട്ടി ആണ് ആ നടന്‍ എന്ന് മലയാള സിനിമ പ്രേമികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. എന്താണ് തിലകനും മമ്മൂട്ടിക്കും ഇടയില്‍ നടന്നത്? തിലകന്റെ പരോക്ഷമായ ആരോപണങ്ങള്‍ ലക്‌ഷ്യം വെക്കുന്നത് മമ്മൂട്ടി എന്ന നടനെ തന്നെ ആണെങ്കില്‍ , ഏതു സാഹചര്യത്തിന്റെ പുറത്തായിരിക്കും തിലകന്‍ മമ്മൂട്ടിക്കെതിരെ ഇങ്ങനെ ഒരു നിലപാട് കൈക്കൊണ്ടത്? മമ്മൂട്ടിയെ അല്ലെങ്കില്‍ തിലകനെ പരസ്പരം ആരാണ് തെറ്റിദ്ധരിപ്പിച്ചത്? ഉത്തരം കിട്ടാന്‍ കുറച്ചു പ്രയാസം തന്നെ. മമ്മൂട്ടിയുടെ മൌനം സംഗതി കൂടുതല്‍ സങ്കീര്‍ണ്ണം ആക്കുന്നു.
ഒരു നടനെ വിലക്കാന്‍ ഏതെങ്കിലും സംഘടനയ്ക്ക്, അല്ലെങ്കില്‍ ഏതെങ്കിലും ഒരു വ്യക്തിക്ക് അവകാശം ഉണ്ടോ? പ്രത്യേകിച്ച് ജനങ്ങള്‍ ഇപ്പോഴും കാണാന്‍ ഇഷ്ടപ്പെടുന്ന , അസൂയാവഹമായ അഭിനയ പാടവം ഉള്ള ഒരു നടനെ? കൃത്യമായി പറഞ്ഞാല്‍ ഏകദേശം പത്ത് വര്‍ഷത്തോളം ആയി , വിവിധ കാലഘട്ടങ്ങളില്‍ തിലകന്‍ താര സംഘടന ആയ അമ്മയ്ക്കെതിരെ ഇത്തരം ആരോപണങ്ങളും ആയി വരാന്‍ തുടങ്ങിയിട്ട്. പല തവണ സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നേരിട്ട ഒരാള്‍ ആണ് താന്‍ എന്ന് തിലകന്‍ വ്യത്യസ്ത കാലങ്ങളില്‍ പരാതിപ്പെട്ടിട്ടുണ്ട്. ആ പരാതി ഏറെക്കുറെ സത്യമാണെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെട്ടതും ആണ്. ചില പ്രത്യേക കാലങ്ങളില്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകളില്‍ നിന്നും തിലകന്‍ എന്ന നടന്‍ പൂര്‍ണ്ണമായും അപ്രത്യക്ഷനായിരുന്നു. തിലകന്റെ അഭിനയം കാണാന്‍ കൊതിച്ചു പോയ ചില സന്ദര്‍ഭങ്ങള്‍ പോലും എനിക്ക് ഉണ്ടായിട്ടുണ്ട്. ചില നടന്മാരുടെ ഒപ്പം തിലകന്‍ സ്ക്രീനില്‍ തിളച്ചു മറിയുന്നത് കാണാന്‍ ആശ പൂണ്ടു നടന്നപ്പോള്‍, സമാശ്വാസം നല്‍കിയത് ആ നടന്മാരുടെ ഒപ്പം തിലകന്‍ നേരത്തെ അഭിനയിച്ച ചിത്രങ്ങളുടെ ടി. വി. സംപ്രേഷണം ആയിരുന്നു. ഇടക്കാലത്തിനു ശേഷം കുറച്ചു സിനിമകളിലൂടെ തിലകന്‍ സജീവമായപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഞാന്‍ ഇഷ്ടപ്പെടുന്ന മോഹന്‍ ലാലിനേക്കാള്‍ കൂടുതല്‍ , തിലകനെ ഞാന്‍ ഇഷ്ടപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്.
അഭിനയം അത് എന്താണെന്ന് മലയാളിയെ പടിപ്പിച്ചവരുടെ കൂട്ടത്തില്‍ തിലകന് ഒന്നാം സ്ഥാനം കൊടുക്കണം. നോട്ടത്തില്‍, മൂളലില്‍ , ചിരിയില്‍ തുടിക്കുന്ന ഭാവ പ്രകാശത്തിന്റെ ഊഷ്മളത ഏതു മലയാളിയെ ആണ് രോമാഞ്ചം കൊള്ളിക്കാത്തത്? വില്ലന്‍ , തമാശക്കാരന്‍, ശ്രുന്കാര ലോലുപനായ കാമുകന്‍ , സ്നേഹധനനായ അച്ഛന്‍ , കര്‍ക്കശക്കാരന്‍ ആയ കാരണവര്‍ തുടങ്ങി മനുഷ്യ ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ ഭാവ വിശേഷങ്ങളെ അവതരിപ്പിക്കാന്‍ തിലകന് ഉള്ള മിടുക്ക് വേറെ ആര്‍ക്കുണ്ട്? ജീവിക്കുകയാണ് സ്ക്രീനില്‍ ആ നടന്‍. സിനിമ കാണുന്നവന്റെ ഹൃദയത്തിലേക്ക് അധികാര പൂര്‍വ്വം , സ്ക്രീനില്‍ നിന്നും നടന്നു കയറി വരികയാണ് . ഹൃദയത്തിന്റെ വാതിലില്‍ ചെറുതായി പോലും ഒന്ന് മുട്ടി അനുവാദം ചോദിക്കാതെ കടന്നു വരാനുള്ള അവകാശം നമ്മള്‍ തിലകന് കൊടുത്തിട്ടുണ്ട്. അത് അദ്ദേഹം പിടിച്ചു വാങ്ങിയത് അഭിനയിക്കാന്‍ ഉള്ള തന്റെ കഴിവ് ഉപയോഗിച്ചു മാത്രമാണ്. അതുകൊണ്ട് തന്നെ ആര് വിചാരിച്ചാലും തിലകനെ മലയാള സിനിമയില്‍ നിന്നും പര്‍ജു ചെയ്തു കളയാന്‍ ആവില്ല.
ഒരു നടനെ വിലക്കാന്‍ ഒരു സംഘടനയ്ക്കും അധികാരം ഇല്ല. ആ അധികാരം സിനിമ കാണുന്ന പ്രേക്ഷകന് മാത്രമാണ്. ഒരു നടന്റെ അഭിനയം മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ആ നടന്‍ പിന്നെ സിനിമയില്‍ ഇല്ല തന്നെ. പ്രേക്ഷകരുടെ അനിഷ്ടം അനുഭവിച്ചു സിനിമയുടെ ആകാശത്ത് നിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷരായ നടന്മാര്‍ എത്രയെങ്കിലും ഉണ്ട് മലയാളത്തില്‍. പക്ഷെ തിലകന്‍ ആ കൂട്ടത്തില്‍ ഒരിക്കലും പെടില്ല. മലയാള സിനിമയെ താങ്ങി നിര്‍ത്തുന്ന പ്രേക്ഷകര്‍ തിലകന് ഒപ്പം എന്നുമുണ്ട്. ആ കലാകാരന് അതറിയാം. ആ അറിവ് തന്നെ ആണ് തിലകന്‍ നടത്തുന്ന പോരാട്ടത്തിനു ശക്തി പകരുന്നതും. ഒരു കലാകാരന്റെ അവകാശങ്ങളെ നിഷേധിച്ചു, ആ കലാകാരനെ തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല.
No comments:
Post a Comment