Wednesday, March 7, 2012

കൂടംകുളം എന്ന പ്രതീകം

അനുദിനം ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന കൂടംകുളത്തെ ആണവ വിരുദ്ധ സമരം ഇന്ന് കേന്ദ്ര സര്‍ക്കാരിനെ ശരിക്കും വിറളി പിടിപ്പിച്ചിരിക്കുകയാണ്. എത്രയോ ദിവസങ്ങളായി ഒരു പ്രദേശത്തെ ജനത പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന ഈ സമരം അക്രമ മാര്‍ഗങ്ങളിലേക്ക് തിരിയാതെ സഹനത്തിന്റെ പാതയിലൂടെ അധികാര കേന്ദ്രങ്ങളെ വിഭ്രമിപ്പിച്ചുകൊണ്ട് തുടരുന്നു. നേരിടാന്‍ സര്‍ക്കാര്‍ പല വഴികളും നോക്കി. പരാജയമായിരുന്നു ഫലം. ഒടുവിലിതാ ബ്രമാസ്ത്രം തന്നെ തൊടുത്തു വിട്ടിരിക്കുന്നു.
കൂടംകുളം സമരത്തിന്‌ പിന്നില്‍ അമേരിക്കയാണെന്നും, വിദേശ പണം പറ്റിയാണ് ആണവ വിരുദ്ധ സമരസമിതി പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി തന്നെ പ്രസ്താവിച്ചിരിക്കുന്നു. താമസംവിന സര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ പോലീസ് നടപടിയും തുടങ്ങിക്കഴിഞ്ഞു. ഫണ്ടിംഗ് ഏജന്‍സികളെ കുറിച്ചും അവര്‍ സമരത്തിന്‌ വേണ്ടി ഒഴുക്കിയെന്നു പറയപ്പെടുന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ചും കൊണ്ടുപിടിച്ച അന്വേഷണം നടക്കുകയാണിപ്പോള്‍. രാജ്യദ്രോഹക്കുറ്റം ചുമത്തി ആണവ വിരുദ്ധ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാവപ്പെട്ട കൂടംകുളം നിവാസികളെ പ്രക്ഷോഭത്തില്‍ നിന്നുംപിന്തിരിപ്പിക്കാനുള്ള അവസാന തന്ത്രം പയറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍.



തങ്ങളുടെ വരുതിയില്‍ ഒതുങ്ങില്ല എന്നുറപ്പുള്ളവരെ നേരിടാനുള്ള ഏറ്റവും നല്ല വഴിയാണ് അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുക എന്നത്. ഇവിടെയും സംഭവിച്ചിരിക്കുന്നത് അത് തന്നെ.
ലോകം മുഴുവന്‍ ആണവ വൈദ്യുതി നിലയങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുക്കുമ്പോഴാണ് ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഉയര്‍ന്നു വരുന്നത്. ഫുക്കുഷിമയും ചെര്നോബിലും ഒക്കെ ആണവ ദുരന്തങ്ങളുടെ ഭീകര കാഴ്ചകളായി ലോക മനസാക്ഷിയെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ
ആണവ സാമ്രാജ്യത്തിന്റെ തലതൊട്ടപ്പനാവാന്‍ മത്സരിക്കുന്നത്. അര്‍ത്ഥവത്തായ സമരം നടത്തുന്നവര്‍ അധികാരികള്‍ക്ക് എന്നും പേടി സ്വപ്നമാണ്.
മണിപ്പൂരിലെ ഇറോം ശര്‍മിലയും സംഘവും ഭരണകൂട വേട്ടയുടെ ജീവിച്ചിരിക്കുന്ന തെളിവുകള്‍ ആണല്ലോ. ഇവിടെ കൂടംകുളത്തെ ആണവ വിരുദ്ധ പ്രവര്‍ത്തകരും സമാനമായ വിധിയെ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏതു സന്നദ്ധ സംഘടനയാണ് വിദേശ പണം സ്വീകരിക്കാത്തത്? ഇത് സര്‍ക്കാരിന് അറിയാത്ത കാര്യമല്ല. മാത്രമല്ല, കുറച്ചു
നാളുകള്‍ക്കു മുന്‍പ് അന്ന ഹസാരയും സംഘവും കാട്ടിക്കൂട്ടിയ സമരാഭാസങ്ങള്‍ക്ക് നേരെ എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ തയാറായില്ല? സത്യത്തില്‍ ആ സമരം വിദേശ ഫണ്ടിംഗ് ഏജന്‍സികളുടെയും, ഇന്ത്യയില്‍ തന്നെയുള്ള കോര്‍പ്പറേറ്റ് ശക്തികളുടെയും ധനസഹായത്തോടെ നടത്തിയ ഭരണകൂട അട്ടിമറി ശ്രമം തന്നെ ആയിരുന്നില്ലേ. ഇന്ത്യയുടെ ഭരണഘടനയെയും ജന സഭകളെയും വെല്ലുവിളിച്ച ആ സമരം സത്യത്തില്‍ രാജ്യദ്രോഹമായിരുന്നില്ലേ?


ഹസാരെയുടെ സമരം താല്‍ക്കാലിക പ്രശ്നങ്ങള്‍ മാത്രമേ സൃഷ്ടിക്കുകയുള്ളുവെന്നു സര്‍ക്കാര്‍ മനസ്സിലാക്കിയിരിക്കണം. അതൊരു മീഡിയ വിപ്ലവം ആയിരുന്നുവല്ലോ.
മാധ്യമങ്ങളുടെ മുഖം മൂടിയിട്ട സ്ഥാപിത താല്പര്യങ്ങളും , വ്യക്തമായ രാഷ്ട്രീയ വിദ്യാഭ്യാസം ലഭിക്കാത്ത നഗര കേന്ദ്രിത യുവത്വങ്ങളുടെ എടുത്തുചാട്ടവും, ഇന്റര്‍നെറ്റ്‌
എന്ന പുതിയ മീഡിയ നല്‍കിയ സൌകര്യങ്ങളോടുള്ള ആവേശവും ഒക്കെയായിരുന്നല്ലോ ഹസാരെ സമരനാടകത്തിന്റെ പിന്നിലെ പ്രചോദനങ്ങള്‍. ഇവര്‍ക്കുവേണ്ടി സാമ്പത്തിക
സഹായം വാരിക്കോരി ചൊരിഞ്ഞതാകട്ടെ ഇവിടത്തെ കോര്‍പ്പറേറ്റ് ഭീമന്മാരും. ആ ഭീമന്മാര്‍ എത്ര കാലം ഹസാരെയുടെ പിന്നാലെ പോകുമെന്ന കൃത്യമായ കണക്കുകൂട്ടല്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായിരുന്നു.
അവര്‍ക്ക് ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍,ഹസരെയേ പോലുള്ള ഒരു അരാഷ്ട്രീയവാദിയുടെ സഹായം കൊണ്ട് തങ്ങളുടെ വ്യാവസായിക സ്വപ്നങ്ങളും, കോടീശ്വര മോഹങ്ങളും ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിയില്ലെന്ന് ആരെക്കാളും മുന്നേ ഇവിടത്തെ രാഷ്ട്രീയക്കാര്‍ മനസ്സിലാക്കിയിരുന്നതാണ്. തങ്ങളെ തല്‍ക്കാലത്തേക്ക് ഒന്ന് വിരട്ടാന്‍ മാത്രമാണ് ഈ വ്യവസായികളുടെ ശ്രമമെന്ന് തിരിച്ചറിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഹസാരെ നടത്തിയ സമര നാടകത്തിനു നേര്‍ക്ക്‌ മിക്കപ്പോഴും അലസമായ ഒരു സമീപനം പുലര്‍ത്താന്‍ തയ്യാറായതും.
എന്നാല്‍ കൂടംകുളത്തെ സമരം അത്തരമൊരു അര്‍ത്ഥശൂന്യമായ പ്രതിരോധ പ്രകടനമല്ല എന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ അപൂര്‍വമായ ഒരു നടപടിയിലേക്ക് നീങ്ങിയത്. പക്ഷെ ഈ നീക്കം അധികൃതരുടെ വ്യാമോഹം മാത്രമായി തീരണം എന്നാണ് ഞാന്‍ പ്രത്യാശിക്കുന്നത്. കൂടംകുളം സമരം മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമാണ്.

Monday, February 13, 2012

ചിലര്‍ക്കത് വേണ്ടതാണ്



ചന്ദ്രപ്പന്‍ ഉദ്ദേശിച്ചത് ഏതായാലും നടന്നു. സി.പി.എം. സമ്മേളനത്തിന് മാത്രമായി





ഒതുങ്ങിപ്പോയ മാധ്യമ ശ്രദ്ധ കുറച്ചെങ്കിലും സി. പി. ഐ. സമ്മേളനത്തിനും നേടിയെടുക്കാന്‍ ചന്ദ്രപ്പന്റെ ഉണ്ടായില്ല വെടികൊണ്ട് സാധിച്ചിരിക്കുന്നു. കൊല്ലത്തിന്റെ കശുവണ്ടിപ്പെരുമ അസ്തമിച്ചു പോയതുപോലെ , തിളക്കം നഷ്ടപ്പെട്ടു വഴിപാടു സമ്മേളനം ആകേണ്ടിയിരുന്ന സി.പി.ഐ. സംസ്ഥാനാ സമ്മേളനം അങ്ങനെ ജോറാക്കിമാറ്റാന്‍ ചന്ദ്രപ്പന്റെ വളരെ ചെറിയ ഒരു അഭിമുഖത്തിനു സാധിച്ചിരിക്കുന്നു. ഇത്രയും കാലത്തെ പാര്‍ട്ടിയുടെ രാഷ്ട്രീയ ചരിത്രത്തില്‍ സമുന്നതരായ മറ്റു നേതാക്കന്മാര്‍ക്കൊന്നും നേടാന്‍ കഴിയാതെ പോയ അപൂര്‍വമായ ആ അംഗീകാരം ചന്ദ്രപ്പന്‍ സ്വന്തമാക്കിയിരിക്കുന്നു. സി.പി.ഐ.യുടെ ജീര്‍ണ്ണിച്ച ഒരു ചരിത്ര കാലത്തോട് സൗഹാര്‍ദത്തിന്റെ ഒരു നീണ്ട കൈ വര്‍ത്തമാനകാലത്തു നിന്നും വീണ്ടും അടുപ്പം കാണിച്ചിരിക്കുന്നു.





യാതൊരു പ്രകോപനവും ഇല്ലാതെ ചന്ദ്രപ്പന്‍ ഒരു സുപ്രഭാതത്തില്‍ തികച്ചും ആക്ഷേപകരമായ വാക്കുകളുമായി സി.പി.എമ്മിനെതിരെ ചാടി വീണതിന്റെ പൊരുള്‍ ആണ് രാഷ്ട്രീയ കേരളത്തിന്‌ മനസ്സിലാവാതെ പോയത്. ഇവന്റ് മാനേജുമെന്റ് ഗ്രൂപ്പാണ് പോലും സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മാത്രമല്ല സി.പി.എമ്മിലെ വിഭാഗീയതയാണത്രെ ഇത്തവണ ഇടതുപക്ഷത്തിനു സംസ്ഥാന ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയത് പോലും. സി.പി.ഐ. യുടെ പഴയകാല നേതാക്കന്മാര്‍ ചെയ്തത് പോലെ അഴിമതി ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ പിണറായി വിജയന്‍ പാര്‍ട്ടി സ്ഥാനം രാജിവെക്കണമായിരുന്നു പോലും. കേള്‍ക്കാന്‍ രസമുള്ളതാണ്‌. സി.പി.എം. തുലഞ്ഞു കാണാന്‍ ആഗ്രഹിക്കുന്ന കടുത്ത വലതുപക്ഷ മനസ്സുകള്‍ ചന്ദ്രപ്പന്റെ കുഞ്ഞു വായിലെ വലിയ വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ തന്നെ ആനന്ദസാഗരത്തില്‍ ആറാടി തുടങ്ങും. എന്നാല്‍ അത്തരം ഒരവസരം ഇടതുപക്ഷ ശത്രുക്കള്‍ക്ക് എറിഞ്ഞു കൊടുക്കാന്‍ ബുദ്ധിയുള്ള ഒരു രാഷ്ട്രീയ നേതാവ് തയ്യാറാകുമോ? പക്ഷെ ചന്ദ്രപ്പന്‍ ഇവിടെ അതിനു തയ്യാറായി. ഒരു മുന്നണിക്കുള്ളില്‍ നിന്നുകൊണ്ട് അതിനെ നയിക്കുന്ന ഒരു വലിയ പാര്‍ട്ടിയെയും, അതിന്റെ നേതാക്കന്മാരെയും അധിക്ഷേപിക്കാന്‍ മറ്റൊരു കക്ഷി ശ്രമിച്ചത് അങ്ങേയറ്റം അപലപനീയമല്ലേ. ചന്ദ്രപ്പന്റെ ഈ പടുവാക്കുകള്‍ കേട്ട് മൌനം ജപിച്ചിരിക്കാന്‍ സി.പി.എം. ആ പാര്‍ട്ടി അല്ലാതാവണം. മറുപടി കിട്ടിയപ്പോള്‍ ഭാഷയുടെ മാന്യതയെ കുറിച്ച് പറഞ്ഞു സംസ്കൃത ചിത്തരാകാന്‍ ചന്ദ്രപ്പനും പാര്‍ട്ടിയും കണ്ണുപൊത്തിക്കളി കളിക്കുന്നു. അതിനുള്ള അര്‍ഹത ആ പാര്‍ട്ടിക്കും, ചന്ദ്രപ്പന്‍ ഉള്‍പ്പെടെയുള്ള അതിന്റെ നേതാക്കന്മാര്‍ക്കും ഉണ്ടോ എന്ന് അവര്‍ പരിശോധിക്കുന്നത് നന്നായിരിക്കും.



ഭൂതകാലത്തിന്റെ പിഴവുകളോട് ക്ഷമ ചൊല്ലി പുതിയൊരു രാഷ്ട്രീയ അതിജീവനം സി.പി.ഐ.ക്ക് സാധ്യമായത്, ആ പാര്‍ട്ടി സി.പി.എമ്മുമായി ചേര്‍ന്ന് ഇടതുപക്ഷ മുന്നണി രൂപീകരിച്ചതിനു ശേഷമാണ്. കേരളം ഭീതിയോടെ ഓര്‍ക്കുന്ന ഒരു കറുത്ത കാലത്തിന്റെ
ചോര ചിതറിയ താളുകളില്‍ സി.പി.ഐ യുടെ ചിത്രം ഒറ്റുകാരന്റെയും കൂട്ടിക്കൊടുപ്പുകാരന്റെയുമാണ്. കേരളം ആ ചിത്രം മറക്കാന്‍ ഇടയായത്, സി.പി.ഐ. അതിന്റെ പ്രത്യശാസ്ത്ര ലക്‌ഷ്യം തിരിച്ചറിഞ്ഞു മാനവിക രാഷ്ട്രീയത്തിന്റെ പച്ചപ്പുകളെ പുല്‍കാന്‍ തീരുമാനിച്ചതോടെയാണ്. അതിനു അവരെ സഹായിച്ചത് സി.പി.എം ആണെന്ന സത്യം സി.പി.ഐ. മറക്കാതിരിക്കുക.
പിന്നെ കഴിഞ്ഞ സര്‍ക്കാര്‍ ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്തതുകൊണ്ടാണ് ഒരു വന്‍ തകര്‍ച്ചയുടെ ആഴക്കടലില്‍ നിന്ന് ഇടതുമുന്നണി രക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പിന്റെ സമയത്ത് ഇടതുമുന്നണി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. അതൊന്നും ഇനി ഒരു കീറി മുറിക്കലിന് വിധേയമാക്കാതിരിക്കുന്നതായിരിക്കും നല്ലത്. നേരിയ ഭൂരിപക്ഷത്തിനു ഭരണം നഷ്ടപ്പെട്ടത് കേരളത്തില്‍ സംഭവിച്ച ന്യുനപക്ഷ വിഭാഗങ്ങളുടെ ഏകോപനം കാരണമാണെന്നും മനസ്സിലാക്കണം. അഞ്ചു വര്‍ഷക്കാലം അധികാരത്തിന്റെ മിച്ചമൂല്യ സമാഹരണത്തില്‍ നിന്നും ഒഴിച്ച് നിര്‍ത്തപ്പെട്ട ന്യുനപക്ഷ പാര്‍ട്ടികള്‍ ഭരണം ലക്ഷ്യമാക്കി മതത്തെ കൂട്ടുപിടിച്ച് സാധാരണക്കാരായ ജനങ്ങളുടെ മനസ്സില്‍ ഇടതുപക്ഷ വിരോധം കുത്തിവെച്ചാണ് നേരിയ ഭൂരിപക്ഷത്തിനു യു. ഡി. എഫിനെ ഭരണത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്.ഇതൊക്കെ ഈ ഒരു വര്‍ഷക്കാലത്തിനിടയില്‍ എത്രയോ തവണ ചര്‍ച്ച ചെയ്തു തള്ളിയ കാര്യങ്ങള്‍. എന്നിട്ടും സി.പി.ഐ. പരാജയ കാരണം സി.പി.എമ്മില്‍ ആരോപിച്ചു മാന്യത ചമയുകയാണ്. കഴിഞ്ഞ മന്ത്രി സഭയില്‍ പേരുദോഷം കേള്‍പ്പിച്ച മന്ത്രിമാരുടെ പട്ടികയില്‍ സി.പി.ഐ യിലെ രണ്ടോ മൂന്നോ മന്ത്രിമാര്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നുന്ടെന്നു ഒരിക്കലും മറന്നു പോവരുത്.
ഇടതുപക്ഷ ഐക്യം നാട് ആഗ്രഹിക്കുന്ന ഒരു കാലമാണിത്. സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മ, അത് സാധ്യമാവാന്‍ സി.പി.എമ്മും സി.പി.ഐയും ആണ് മുന്‍കൈ എടുക്കേണ്ടത്. ജനപക്ഷ രാഷ്ട്രീയത്തിന്റെ പുതിയ സിദ്ധാന്തം പ്രാവര്‍ത്തികമാക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. അതിനിടയില്‍ ഇത്തരത്തിലുള്ള അസ്വാരസ്യങ്ങള്‍ രാഷ്ട്രീയ കേരളത്തിന്‌ മടുപ്പ് ഉളവാക്കും. ഇരന്നു മേടിച്ച അടി സി.പി.ഐക്ക് ശരിക്കും ഏറ്റു കഴിഞ്ഞു. ഇനി മൌനം പാലിക്കുക. ഒപ്പം സി.പി.എമ്മും.

Monday, May 31, 2010

പൊള്ളുന്ന ഭൂമി

മണ്ണിനോടുള്ള മനുഷ്യന്‍റെ ആര്‍ത്തിക്കു അനാദികാലം തൊട്ടുള്ള പഴക്കമുണ്ട്.മനുഷ്യ വംശത്തിന്റെ നിലനില്‍പ്പിനും അതിജീവനത്തിനും മണ്ണിന്റെ പിന്‍ബലം അനിവാര്യമായിരുന്നു, ഏതു കാലഘട്ടത്തിലും. മഹാസംസ്കാരങ്ങള്‍ പിറവിയെടുത്തു വിരാജിച്ചതും ,അസ്തമിച്ചു ഒടുങ്ങിയതും മണ്ണിന്റെ നിറവിലേക്ക് ആയിരുന്നു. മനുഷ്യന്‍റെ മോഹങ്ങളെയും, ഇഷ്ടങ്ങളെയും, വാസനകളെയും കോപ താപങ്ങളെയും കണ്ണീരിനെയും ഒളിപ്പിച്ചു വെച്ചിരിക്കുന്നത് മണ്ണില്‍ ആണ്. മണ്ണിന്റെ ആന്തര സത്യമായ ഭൂമിയിലാണ്. ഭൂമിക്കു വേണ്ടിയുള്ള കലാപങ്ങള്‍ മനുഷ്യ ചരിത്രത്തിന്റെ മഹാകാലങ്ങളില്‍ എന്നും രക്ത ചൊരിച്ചലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ചക്രവര്‍ത്തിമാരും രാജാക്കന്മാരും പടയോട്ടം നടത്തിയതും തളര്‍ന്നു വീണതും അധികാരത്തിന്റെ ചെങ്കോല്‍ വീശിയതും മണ്ണിനു വേണ്ടിയായിരുന്നു. അതിന്റെ നിതാന്തമായ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അത്തരം പടയോട്ടങ്ങളെ ജീവന്‍ കൊടുത്തും , ശത്രു രാജ്യത്തിന്റെ സാധാരണക്കാരായ പൌരന്മാര്‍ തകര്‍ക്കാന്‍ ശ്രമിച്ചതും തങ്ങളുടെ നിലനില്‍പ്പിനു ആധാരമായ മണ്ണിന്റെ സംരക്ഷണത്തിന് വേണ്ടിയായിരുന്നു. മണ്ണിനായുള്ള ആ പോരാട്ടത്തിന്റെ കഥ ഇന്നും തുടരുകയാണ്. സാഹചര്യങ്ങളും വികാര വിചാരങ്ങളും കഥാപാത്രങ്ങളും മാറിയെങ്കിലും കഥയുടെ ആശയ ഗതിക്കു യാതൊരു വ്യതിയാനവും സംഭവിച്ചിട്ടില്ല എന്ന് മാത്രം. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ആധുനിക കേരളത്തിന്റെ ഏറ്റവും വലിയ ദുഃഖം ഭൂമിയാണ്‌. ഭൂമിക്കു വേണ്ടിയുള്ള സംഘര്‍ഷങ്ങളാല്‍ കേരളീയ സാമൂഹ്യ ജീവിതം കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു. ചെങ്ങറയിലും മൂലംപള്ളിയിലും വയനാട്ടിലും മൂന്നാറിലും കിനാലൂരിലും എല്ലാം കൊടുമ്പിരി കൊള്ളുന്നത്‌ ഭൂമിയുടെ അവകാശങ്ങളെ ചൊല്ലിയുള്ള ആക്രോശങ്ങള്‍ മാത്രം. ഒരു വശത്ത് സര്‍ക്കാരും , സര്‍കാരിന്റെ പിന്തുണയുള്ള ഭൂമാഫിയകളും ,മറുവശത്ത് ഏതൊരു വികസന പ്രവര്‍ത്തനങ്ങളുടെയും ഇരകളാക്കപ്പെടുന്ന പ്രദേശവാസികളും. കിനാലൂരിന്റെ കണ്ണീരാണ് ഇപ്പോള്‍ കേരളത്തില്‍ ഒഴുകുന്നത്‌. പ്രദേശത്ത് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യവസായ പദ്ധതികളുടെ ഭാഗമായി റോഡ്‌ വികസനം സാധ്യമാക്കുന്നതിന് വേണ്ടി ഏക്കര് കണക്കിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉയരുന്നത്. റോഡിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനു എതിരെ തദ്ദേശ വാസികള്‍ ചെറുത്തു നില്‍പ്പ് തുടങ്ങിയിട്ട് കാലമേറെ ആയി. ആ ചെറുത്തു നില്‍പ്പ് ഒടുക്കം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. നിരവധി പേര്‍ക്ക് പരിക്ക് പറ്റി. അതോടെ കിനാലൂരിലെ ഭൂസമരം കേരളം മുഴുവന്‍ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു.കോണ്ഗ്രസ്സും ലീഗും ബി.ജെ.പി.യും പോലുള്ള രാഷ്ട്രീയ കക്ഷികള്‍ മാത്രമല്ല, ജമാത്തെ ഇസ്ലാമിയെ പോലുള്ള സാമുദായിക സംഘടനകളും ഭൂസമരത്തില്‍ നാട്ടുകാരോടൊപ്പം ഉണ്ട്. ഏതെങ്കിലും ഒരു കാലത്ത് നടപ്പിലാകും എന്നാ പ്രതീക്ഷ മാത്രമുള്ള ഒരു വ്യവസായ സംരഭത്തിനു വേണ്ടി അനേകായിരം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു റോഡ്‌ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതിന്‌ എതിരെ ഉയര്‍ന്നു വന്ന പ്രതിഷേധ കൊടുംകാറ്റ് വികസന പ്രണയേതാക്കളും വികസന വിരുദ്ധരും തമ്മിലുള്ള സംഘട്ടനമായി ചിത്രീകരിക്കപ്പെടുകയാണ്. കിനാലൂരില്‍ എന്ത് വ്യവസായമാണ്‌ സര്‍ക്കാര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്?പലതിനെക്കുറിച്ചും പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് സ്ഥാപിക്കാന്‍ പോകുന്നത്?കിനാലൂരിലും പരിസര പ്രദേശങ്ങളിലും ഉള്ള ഭൂമി വന്‍തുക മുടക്കി വാങ്ങിക്കൂട്ടിയ വ്യക്തികളുടെ ലക്‌ഷ്യം എന്താണ്? അവര്‍ക്ക് സര്‍ക്കാരിന്റെയും സര്‍ക്കാരിനെ നയിക്കുന്ന മന്ത്രിസഭയിലെ ചില അംഗങ്ങളുടെയും , മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുക്കുന്ന സി.പി.എം എന്ന പാര്‍ട്ടിയുടെ ഉന്നതരായ ചില നേതാക്കളുടെയും സഹകരണവും ഒത്താശയും ലഭ്യമാകുന്നുണ്ടെന്ന ഊഹാപോഹങ്ങളും കിനാലൂരില്‍ മാത്രമല്ല കേരളം മുഴുവന്‍ പ്രചരിക്കുന്നതിന്റെ വാസ്തവം എന്താണ്? ഈ ആരോപണം വസ്തുതകള്‍ക്ക് നിറക്കുന്നതാണ് എങ്കില്‍ സി.പി.എമ്മും ഭൂ മാഫിയയും തമ്മിലുള്ള അകമഴിഞ്ഞ രഹസ്യ സഹകരണത്തിന്റെ പിന്നിലുള്ള ചേതോവികാരം എന്താണ്? ഒന്നുറപ്പ്. ആ ബന്ധം ഒരു കാരണവശാലും രാഷ്ട്രീയ പരമായിരിക്കില്ല. കിനാലൂര്‍ ഉയര്‍ത്തി വിടുന്ന സംശയങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും വിരുദ്ധ ദിശകളില്‍ ആണ് നിലയുറപ്പിക്കുന്നത് എന്ന് അവരുടെ പ്രസ്താവനകള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഈ വൈരുധ്യവും ജനങ്ങളില്‍ അത്ര നല്ലതല്ലാത്ത ഒരു പ്രതിച്ചായ സര്‍ക്കാരിനെതിരായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. നാടിന്റെ വികസനത്തിന്‌ ഇടുങ്ങിയ നമ്മുടെ പാതകള്‍ വന്‍ തടസ്സമാണ് സൃഷ്ടിക്കുന്നത്. ദേശീയപാതകള്‍ പോലും വികസനത്തിന്റെ കാലൊച്ച കാതോര്‍ത്തു കിടക്കുകയാണ്. ഇടുങ്ങിയ റോഡുകളിലൂടെ എന്തായാലും പുരോഗതിയുടെ ഭാരവണ്ടി കടന്നു പോവുകയില്ല. അത് വാസ്തവം. പക്ഷെ വികസനം എന്ന ലക്ഷ്യത്തിനു വേണ്ടി , ഒരു പറ്റം ജനങ്ങളുടെ ആവാസ വ്യവസ്ഥയിലേക്കു പെട്ടെന്നൊരു സുപ്രഭാതത്തില്‍ ആക്രമിച്ചു കയറുന്നത് നീതീകരിക്കാവുന്നതാണോ? ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്നും നിനച്ചിരിക്കാതെ ഒരു ദിനം ആട്ടിയിറക്കപ്പെടുമ്പോള്‍ അത് പകരുന്ന വേദന എത്രമാത്രം തീവ്രമായിരിക്കും? സ്വപ്‌നങ്ങള്‍ സ്വരുക്കൂട്ടി വെച്ച, ആഗ്രഹങ്ങളുടെ വിത്ത് പാകി മുളപ്പിച്ച , സുരക്ഷിതത്വ ബോധത്തിന്റെ ആത്മഹര്‍ഷം കിളച്ച്‌ എടുത്ത ആ ഒരു പിടി മണ്ണില്‍ നിന്നും പറിച്ചു നടപ്പെടെണ്ടിവരുന്ന അവസ്ഥ ഭീകരമാണ്. മനുഷ്യത്വം മരവിച്ചു പോകതവര്‍ക്ക് മാത്രമേ ആ വേദനയും ദൈന്യതയും ഉള്‍ക്കൊള്ളാന്‍ ആവൂ. മരവിപ്പ് ബാധിക്കാത്ത കുറച്ചെങ്കിലും പേര്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തില്‍ ഇരിക്കുന്നത് കൊണ്ടാണ് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സംസ്ഥാനമാകെ നാല്പത്തിയഞ്ച് മീറ്റര്‍ വീഥിയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച നാലുവരിപ്പാത , മുപ്പതു മീറ്റര്‍ ആക്കി ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ആ തീരുമാനത്തിന് വമ്പിച്ച ജന പിന്തുണ ആര്‍ജ്ജിക്കാന്‍ സാധിച്ചത്. [എന്നാല്‍ എന്റെ ഈ നിഗമനം തിരുത്താന്‍ കാലമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാലുവരിപ്പാതയുടെ കാര്യത്തില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളില്‍ ഒരു വീണ്ടു വിചാരം നടന്നു കൊണ്ടിരിക്കുകയാണ്. പേടി തോന്നുന്നു, ശരിക്കും. ജനങ്ങള്‍ക്ക്‌ വേണ്ടി വാദിക്കാന്‍ ആരും ഇല്ലാതാവുകയാണോ? ഭരണപക്ഷ പ്രതിപക്ഷ ഭേദമെന്യേ റോഡ്‌ വികസനത്തില്‍ ഏവരും ഒറ്റക്കെട്ടാണ്. പണക്കാരന്‍ മാത്രം അസ്ത്ര വേഗത്തില്‍ സഞ്ചരിച്ചാല്‍ മതിയെന്നാണോ? വീടും കുടിയും നഷ്ടപ്പെട്ട്പാവപ്പെട്ടവന്‍ എവിടെയെങ്കിലും കിടന്നു അഴുകി ത്തീരുന്നത് ജനാധിപത്യത്തിന്റെ നിര്‍വ്വഹണത്തില്‍ ശരിയോ തെറ്റോ എന്ന് രാഷ്ട്രീയക്കാര്‍ പറയട്ടെ.]ഇവിടെയാണ്‌ കിനാലൂരിന്റെ വേദന പങ്കിട്ടെടുക്കാന്‍ നാം നിര്‍ബന്ധിതരാകുന്നത്.

കിനാലൂരില്‍ മത വര്‍ഗീയ ശക്തികളും ഇടതുപക്ഷ തീവ്രവാദത്തിന്റെ വക്താക്കളും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുമായി കൈകോര്‍ത്തു എന്നുള്ളത് വാസ്തവമാണ്. അതൊരിക്കലും വളര്‍ന്നു വരാന്‍ പാടില്ലാത്ത ബന്ധവുമാണ്. അതുകൊണ്ട് തന്നെ പുതിയൊരു നന്ദിഗ്രാമിന്റെ സാധ്യത സി.പി.എം. ചൂണ്ടിക്കാണിക്കുന്നത് നമുക്ക് തള്ളിക്കളയാന്‍ ആവില്ല. ഇവിടെ നാം ഒരു കാര്യം മനസ്സിലാക്കണം. അസഹ്യമായ അവഗണന അനുഭവിക്കുന്നവര്‍ , തങ്ങളെ സഹായിക്കാന്‍ സമീപിക്കുന്നവരുടെ ജാതിയോ മതമോ രാഷ്ട്രീയം ഒട്ടും പരിഗണിക്കില്ല. ആ കൈകളിലേക്ക് വീണ് ആശ്വാസം അനുഭവിക്കാന്‍ വെമ്പല്‍ പൂണ്ടിരിക്കുകയെ ഉള്ളു. സി.പി.എമ്മിനെപ്പോലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ചുടു നിശ്വാസത്തിന്റെ തീക്ഷ്ണത തൊട്ടറിഞ്ഞ ഒരു പ്രസ്ഥാനം തങ്ങളുടെ ദൌത്യ നിര്‍വ്വഹണത്തില്‍ നിന്നും വഴിമാറി സഞ്ചരിക്കുമ്പോള്‍ സാധാരണക്കാര്‍ പിന്നെ ആരെ ആശ്രയിക്കും? അവന്റെ സ്നേഹത്തിന്റെ അഗാധത അനുഭവിക്കാനുള്ള ഭാഗ്യം സി.പി.എമ്മിനെ കൈവിടുമ്പോള്‍ , അതിന്റെ പങ്കുപറ്റാന്‍ മത വര്‍ഗ്ഗീയ തീവ്രവാദ ശക്തികള്‍ നുഴഞ്ഞു കയറും. ഈ സന്ദര്‍ഭത്തില്‍ അവരെ പ്രതിരോധിക്കേണ്ടത് സി.പി.എമ്മിനെ പോലുള്ള കക്ഷികളുടെ ഉത്തരവാദിത്തമാണ്. ആ വാക്കുകള്‍ വെറും വാക്കുകള്‍ കൊണ്ടാവരുത്. നിസ്വപക്ഷത്തോട് ചേര്‍ന്ന് നിന്ന് അവന്റെ ഭീതിയകറ്റി, ആശ്വാസത്തിന്റെ തണല്‍ മരമായിക്കൊണ്ടാവണം. അവന്റെ സ്വപ്നങ്ങളെ ചവിട്ടിക്കുഴയ്ക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ ഉപേക്ഷിച്ചുകൊണ്ടാവണം. മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ പരാജയപ്പെട്ടിടത്താണ് ചിദ്രശക്തികള്‍ ഇടം കണ്ടെത്തി ആധിപത്യം സ്ഥാപിക്കുന്നത്. ബംഗാളിലെ സി.പി.എം വൈകിയാണെങ്കിലും ഈ സത്യം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

കിനാലൂരില്‍ ഇടപെട്ട ഓരോരുത്തര്‍ക്കും ഓരോ അജണ്ടയുണ്ട്. ഭരണപക്ഷത്തിനായാലും പ്രതിപക്ഷത്തിനായാലും വര്‍ഗീയശക്തികള്‍ക്കായാലും അവര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന അജണ്ട ഒരു സാമൂഹ്യ നിരീക്ഷകനെ സംബന്ധിച്ചിടത്തോളം പേടിപ്പെടുത്തുന്ന ഒന്നാണ്. അതിനാല്‍ ഇവിടെ ഒരു സമവായമാണ് ആവശ്യം. രക്തമൊഴുക്കാത്ത ഒരു ഗാന്ധിയന്‍ രീതി. അതിനു മാത്രമേ ഏതൊരു നാട്ടിലെയും ഭൂപ്രശ്നങ്ങളെ പരിഹരിക്കുവാന്‍ കഴിയുകയുള്ളൂ. സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കാന്‍ പോകുന്ന സര്‍വ്വകക്ഷി യോഗത്തില്‍ അഭിപ്രായ സമന്വയത്തിന്റെ പുതിയ ഒരു പാഠം നിര്‍മ്മിക്കാന്‍ കഴിയണം. ഇവിടെ മുഖ്യമന്ത്രിയുടെ ശൈലിയാണ് ശ്രദ്ധേയം. സമന്വയത്തിന്റെ ഭാഷ ആ അനുഭവ സമ്പന്നനായ രാഷ്ട്രീയ നേതാവിന് വശമുണ്ട്. അതുകൊണ്ട് തന്നെ വി.എസ്സില്‍ നമുക്ക് ഇനിയും പ്രതീക്ഷകള്‍ അര്‍പ്പിക്കാം.

Wednesday, May 5, 2010

മുട്ടുവിന്‍ തുറക്കപ്പെടും അല്ലെങ്കില്‍ എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ


അച്ചായന് ഒരു വീര്‍പ്പുമുട്ടല്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. പുറപ്പെട്ടിടത്തെക്ക് തിരിച്ചു ചെല്ലാനുള്ള തീവ്രമായ മോഹം. തറവാട്ടിലേക്കുള്ള മടക്കം ഭാരതത്തിന്‍റെ പൗരാണികമായ സങ്കല്‍പ്പങ്ങളില്‍ ഏറെ ശക്തമായ ഒന്നാണല്ലോ. അതുവരെ അനുഭവിച്ച അധികാരത്തിന്റെ കിരീടവും ചെങ്കോലും അഴിച്ചുവെച്ചു , പദവികളില്‍ നിന്നൊക്കെ മുക്തനായി തികച്ചു നിസ്വ ശരീരനായി ഒരു തിരിച്ചു പോക്ക്. പി. ജെ. ജൊസഫ് കൊതിക്കുകയാണ്.... പോരാത്തതിന് ഇപ്പോഴത്തെ തറവാട്ടു കാരണവരുടെ സ്നേഹ മസൃണമായ ക്ഷണവും കൂടിയാകുമ്പോള്‍ ഈ യാത്ര ഇനി പുറപ്പെടാതിരിക്കുന്നത് വലിയ ചതിയാകും. വാര്‍ധക്യത്തിലും യൌവ്വനം നശിക്കാത്ത മാണിച്ചായന്റെ ആ വിശുദ്ധ മനസ്സിനെ ഇനിയും വേദനിപ്പിക്കാന്‍ പറ്റില്ല. കാരുണ്യക്കടലാണ് അത്. മറക്കാനും പൊറുക്കാനും ശീലിച്ച ഒരു വലിയ പാരമ്പര്യത്തിന്റെ , ആര്‍ജിത സംസ്കാരത്തിന്റെ വിശാല ഭൂമികയാണ് അത്. അതിനെ നാം നമിച്ചേ തീരു. മധ്യതിരുവിതാംകൂറിന്റെ കര്‍ഷക മനസ്സ് ജോസഫിന്റെ ആഗ്രഹത്തെ വരവേറ്റത് , നിനച്ചിരിക്കാതെ ഒരു തിരുപ്പിറവി ദിനം സമാഗതമായതിന്റെ ആഹ്ലാദ ആരവങ്ങളോടെ ആണ്. കൂട്ടം തെറ്റിപ്പോയ ഒരു കുഞ്ഞാട് അതിന്റെ മാതൃ സ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെ എങ്ങനെ അവഗണിക്കാനാവും ? പള്ളിയും പട്ടക്കാരനും മതവും ദൈവങ്ങളും ഒന്നുമില്ലാത്ത ഒരു പറ്റം ചെകുത്താന്മാരുടെ ഇടയില്‍ , അടിച്ചമര്‍ത്തപ്പെട്ട ആര്‍ത്തനാദവുമായി വേഴ്ച തുടങ്ങിയിട്ട് കാലം രണ്ടു ദശകം പിന്നിട്ടുവല്ലോ. വിങ്ങുന്ന ആ ഹൃദയം മാണി സാര്‍ കാണാതിരുന്നിട്ടല്ല. അവസരം കിട്ടിയില്ല, ചെന്നൊന്നു വിളിക്കാന്‍. പലതവണ ശ്രമിച്ചെങ്കിലും അപ്പോഴൊക്കെയും മറുവശത്ത് അധികാരത്തിന്റെ ആഘോഷം ആയിരുന്നു. ആഘോഷത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ മാണി സാറിന്റെ വിളി ജൊസഫ് കേട്ടില്ല. കേട്ടെങ്കില്‍ തന്നെ ആ ഭാവം നടിച്ചില്ല. അതിന്റെ ആവശ്യം അങ്ങേര്ക്കുണ്ടായിരുന്നില്ല. പിന്നെ മാണി സാറിന്റെ ഒരു കൊടും ശത്രുവിനെ ജൊസഫ് തന്റെ പാര്‍ട്ടിപ്പുരയില്‍ കയറ്റി പാര്‍പ്പിച്ചതിന്റെ കെറുവ് വേറെയും. മാണിച്ചായന്റെ മനസ്സിടിഞ്ഞു വീഴാന്‍ കാരണം വേറെ വല്ലതും വേണോ?
അധികാരത്തിന്റെ അഹങ്കാരം കൊടുമ്പിരി കൊള്ളുന്നതിനിടയിലാണ് ജോസഫിന് ഒരു പറ്റു പറ്റിയത്. ആകാശച്ചുഴി ജോസഫിന്റെ സ്ഥാനമാനങ്ങള്‍ക്ക്‌ സൃഷ്ടിച്ച ഭ്രംശം ചില്ലറയൊന്നും ആയിരുന്നില്ല. ആ കലാകാരനായ രാഷ്ട്രീയക്കാരന്‍ പൊട്ടിത്തകര്‍ന്നു. പോലീസ്, കേസ്, കോടതി ഒരായുസ്സ് തന്നെ മാറ്റി വെക്കേണ്ടി വന്നു ആ നൂലാമാലകളില്‍ നിന്നുമൂരി പുറത്തേക്ക് ഒന്നെത്തിപ്പെട്ടു ശുദ്ധവായു ശ്വസിക്കാന്‍. അധികാരമൊക്കെ തിരിച്ചു കിട്ടിയെങ്കിലും പഴയ ശോഭ ഒട്ടുമുണ്ടായിരുന്നില്ല അതിന്. ഒരു മടുപ്പ്... ഒരു അലസത... ഒക്കെ മിഥ്യ ആണെന്ന ഒരു ചിന്ത... വിട്ടുപോയ തറവാടെ ശരണം എന്ന ഒരു നിലപാടിലേക്ക് എത്തിപ്പെടാന്‍ പിന്നെ ഏറെ സമയം വേണ്ടി വന്നില്ല. ജോസഫിന്റെ ഈ വീഴ്ച മാണിസാറിനു പെട്ടെന്ന് തന്നെ പിടികിട്ടി. ഇതാണ് സമയം. കൂട്ടം തെറ്റിപ്പോയവനെ തിരിച്ചു കൊണ്ടുവന്നു നേരിന്റെ വഴി കാട്ടി ആനയിച്ച്‌ ഇരുത്താന്‍ ഉചിതമായ സന്ദര്‍ഭം ഇതാണ്. ജൊസഫ് അസ്വസ്ഥനാണ്. ഇടതു മുന്നണിയില്‍ പുകഞ്ഞു വ്യാപിച്ചു കൊണ്ടിരിക്കുന്ന അതൃപ്തിയുടെ അഗ്നികുണ്ടത്തില്‍ നിന്നും പോറല്‍ ഒന്നും പറ്റാതെ ജോസഫിനെ ചാടിച്ചു എടുക്കേണ്ടതുണ്ട്‌. മൂപ്പരെ കൂടെ കൂട്ടിയാല്‍ കോട്ടയം മാത്രമല്ല ഇടുക്കിയും തന്റെ കൂടെപ്പോരും എന്ന് മാണി സാറിന്റെ കുശാഗ്ര ബുദ്ധിയില്‍ തെളിഞ്ഞു കത്തി. യു. ഡി. എഫിലേക്ക് വിളിച്ചു കയറ്റാന്‍ വിചാരിച്ചാല്‍ നടക്കില്ല. അപ്പോള്‍ ലയിക്കണം. ഒരു തരി പോലും അവശേഷിപ്പിക്കാതെ ലയിപ്പിക്കണം. ഇതാഗ്രഹിക്കുന്നത് മാണിസാര്‍ മാത്രമല്ല. മധ്യ തിരുവിതാംകൂറിലെ മഹാ ഇടവകകളിലെ നല്ലിടയന്മാരും ഇതേ മോഹവും പേറി കാത്തിരിപ്പ്‌ തുടങ്ങിയിട്ട് കാലം എത്രയായെന്നോ. ഭിന്നിച്ചു നില്‍ക്കുന്ന കുഞ്ഞാടുകളെല്ലാം ഒന്നാവണം. അവര്‍ക്കൊക്കെ ഒരേ ലക്ഷ്യമാണ്‌ ഇപ്പോള്‍ തന്നെ ഉള്ളത്. ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗവും ഒന്ന് മാത്രമായിരിക്കണം. പരസഹസ്രം വരുന്ന ക്രിസ്ത്യാനികളുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനം ലക്ഷ്യമിട്ട് അശ്രാന്ത പരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരോഹിതന്മാര്‍ക്കും രാഷ്ട്രീയോപജീവികള്‍ക്കും മാണി സാറും ജോസഫും കൂടി വിമോചനത്തിന്റെ പുതിയൊരു യുഗം കാട്ടിക്കൊടുക്കുകയാണ്.

അല്ലെങ്കിലും ഇടതു മുന്നണിയില്‍ ജൊസഫ് ഗ്രൂപ്പ്‌ ഒരധിക പറ്റായിരുന്നു. മതേതരത്വത്തിന്റെ പതാക വാഹകര്‍ക്ക് , സാമുദായിക ശക്തികളുടെ പിന്‍ബലത്തോടെ രാഷ്ട്രീയം കളിക്കുന്ന കേരള കൊണ്ഗ്രസ്സുകാര്‍ ഇത്രയും കാലം എങ്ങനെ സ്വീകാര്യര്‍ ആയി എന്നതാണ് അത്ഭുതം. വോട്ടിന്റെ ബലത്തില്‍ അല്ലെ? അതുപക്ഷേ എത്രത്തോളം. ക്രിസ്ത്യാനികള്‍ക്കും ഇടതുപക്ഷത്തിനും ഇടയിലെ ഒത്തുതീര്‍പ്പിന്റെ പാലമായിരുന്നു ജൊസഫ് ഗ്രൂപ് എന്ന് ചിലരൊക്കെ പറയാറുണ്ട്‌. അതില്‍ വലിയ യുക്തിയൊന്നും ഞാന്‍ കാണുന്നില്ല. ക്രിസ്ത്യാനികള്‍ ഇടതുപക്ഷത്തോട് പ്രത്യേകിച്ച് സി.പി.എമ്മിനോട് പുലര്‍ത്തിപ്പോന്ന മനോഭാവത്തിനു ജോസഫിന്റെ സാന്നിധ്യം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും കാര്യമായ വ്യത്യാസങ്ങളൊന്നും വരുത്താന്‍ കഴിഞ്ഞിട്ടില്ല. ക്രിസ്ത്യാനികളിലെ ഒരു ന്യുനപക്ഷം , കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ രൂപീകരണ വേളയില്‍ തന്നെ , ആ പ്രസ്ഥാനത്തോട് അടുപ്പം വച്ച് പുലര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അത് തികച്ചും വ്യക്തിപരമായ ആദര്‍ശങ്ങളുടെയും , ആ പ്രത്യശാസ്ത്രം മുന്നോട്ടു വെക്കുന്ന ആശയങ്ങളിലെ ആകര്‍ഷണീയത കൊണ്ടും മാത്രമാണ്. അവരാകട്ടെ അക്കാരണം കൊണ്ട് തന്നെ സംഘടിത മതത്തില്‍ നിന്നും പുറം തള്ളപ്പെട്ടവരും ആയിരുന്നു. എന്നാല്‍ അവരുടെ പിന്‍ഗാമികള്‍ തങ്ങളുടെ അച്ഛനോ, മുത്തച്ചനോ, അമ്മാവന്മാരോ ചെയ്ത പിഴവിന് വലിയ തോതില്‍ പ്രായശ്ചിത്തം ചെയ്തു മതത്തിന്റെ കര്‍ശനമായ നിയന്ത്രണങ്ങളില്‍ ഭയന്ന് വിറച്ചു വളര്ന്നവരും ആയിരുന്നു. ജൊസഫ് എന്നല്ല അതിലും വലിയ രാഷ്ട്രീയക്കാര്‍ ശ്രമിച്ചാലും ക്രിസ്തീയ ഭൂരിപക്ഷത്തെ ഇടതുപക്ഷത്തിന്റെ പാതയിലൂടെ നടത്താന്‍ സാധിക്കും എന്ന് പറയുന്നത് അര്‍ത്ഥശൂന്യമായ വാദമാണ്. പള്ളിയും മത പൌരോഹിത്യവും പറയുന്നതിനപ്പുറത്തു അവര്‍ക്കെന്തു രാഷ്ട്രീയം? പള്ളിയുടെയും പുരോഹിതന്മാരുടെയും കൂറ് വലതുപക്ഷത്തോട് ആയിരിക്കുന്നിടത്തോളം കാലം കേരളത്തിലെ തൊണ്ണൂറ്റി അഞ്ചു ശതമാനം ക്രിസ്ത്യാനികളും ആ പ്രത്യയശാസ്ത്രത്തില്‍ തന്നെ ഉണ്ടുറങ്ങി ജീവിക്കും. അതുകൊണ്ട് ജോസഫുമായുള്ള ഈ കണ്ണ്പൊത്തിക്കളി ഇനി മതിയാക്കാം എന്നത് ഇടതുപക്ഷത്തിന്റെ പുതിയ നിലപാടായിരിക്കാം.

അവിയല്‍ക്കറിയില്‍ അലിയാതെ കിടക്കുന്ന പയര്‍ക്കഷണം ആയിരുന്നു സത്യത്തില്‍ ഇടതു കൂട്ടായ്മയില്‍ ജോസഫും ഗ്രൂപ്പും. അവര്‍ പുറത്തു പോകുന്നതോട് കൂടി സെകുലര്‍ രാഷ്ട്രീയ മൂല്യത്തിന്റെ കുടികിടപ്പവകാശം ഇടതു മുന്നണിക്ക്‌ പൂര്‍ണ്ണമായും പതിച്ചു കിട്ടുകയാണ്. എന്തൊക്കെ മതേതരത്വം പറഞ്ഞാലും കേരള കൊണ്ഗ്രസ്സുകാര്‍ വര്‍ഗീയ പാര്‍ട്ടികള്‍ തന്നെയാണ്. മുസ്ലിം ലീഗ് ഇതു കാരണത്താല്‍ ആണോ സി.പി.എമ്മിന് തൊട്ടു കൂടാത്തവര്‍ ആകുന്നതു , അതെ കാരണങ്ങള്‍ കേരള കൊണ്ഗ്രസ്സുകളുടെ കാര്യത്തിലും നില നില്‍ക്കുന്നുണ്ട്. ക്രിസ്ത്യാനികളുടെ കാര്യം വരുമ്പോള്‍ വര്‍ഗീയത ആരോപിക്കപ്പെടാതെ പോകുന്നു എന്ന് മാത്രം. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച കാലം മുഴുവന്‍ പള്ളിക്കും പട്ടക്കാരനും അവരുടെ ആശയാദര്‍ശങ്ങള്‍ക്കും വേണ്ടി പരിപൂര്‍ണ്ണമായും ഉഴിഞ്ഞു വെക്കപ്പെട്ടതാണ് മാണിയുടെയും, ജോസഫിന്റെയും മറ്റും ജീവിതം. അതങ്ങനെ ആയി ചിത്രീകരിക്കപ്പെടാതെ പോകുന്നത് മാധ്യമങ്ങളില്‍ ഭൂരിപക്ഷവും അവര്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ സ്വാധീന വലയത്തില്‍ ആയതിനാലും, അല്ലാത്തവയെ വലതുപക്ഷ മൂല്യങ്ങള്‍ ഭരിക്കുന്നതിനാലും ആണ്. ജോസഫിന്റെ കൂറ് മാറ്റത്തിന് പിന്നിലും മതത്തിന്റെ ശക്തമായ ചരടുവലികള്‍ നടന്നതായി മനസ്സിലാക്കണം. മതം കൊണ്ട് കളിക്കുന്നവരെ വര്‍ഗീയ പാര്‍ട്ടിക്കാര്‍ എന്ന് വിളിക്കുന്നത്‌ ഒരിക്കലും തെറ്റാവില്ല. ഒരു പക്ഷെ മുസ്ലിം ലീഗിനേക്കാള്‍ കൂടുതല്‍ വര്‍ഗീയ നിറം പടര്‍ന്നു കിടക്കുന്നത് ഈ കുഞ്ഞാടുകളുടെ ദേഹത്ത് ആണെന്ന് നിസ്സംശയം പറയാം.

യു.ഡി.എഫിന് അകത്തും ജോസഫിന്റെ വരവ് പൊട്ടിത്തെറികള്‍ സൃഷ്ടിച്ചിട്ടുണ്ട്. മാണി അതിശക്തമായി അമരത്ത് നിന്ന് നിയന്ത്രിക്കുന്നുണ്ടെങ്കിലും വഞ്ചി ഒരു കരയ്ക്കടുപ്പിക്കാന്‍ സാധിച്ചിട്ടില്ല. കേരള കൊണ്ഗ്രസ്സുകളുടെ ഈ ഏകീകരണം മധ്യ തിരുവിതാംകൂറിലെ തങ്ങളുടെ പ്രസക്തി നഷ്ട്ടപ്പെടുത്തിക്കളയുമോ എന്ന ഭയം കൊണ്ഗ്രസ്സിനെ അലട്ടുന്നുണ്ട്. കൊണ്ഗ്രസ്സിനെ മാത്രമല്ല മുന്നണിയിലെ മറ്റു പലരെയും ഇത് ആശങ്കപ്പെടുതുന്നുണ്ട്. ഏതായാലും ജൊസഫ് ഇടതുമുന്നണി വിട്ടു കഴിഞ്ഞു. മാണിയുമായി ഏതു നിമിഷവും ലയിച്ചു കളയാം എന്ന് വിചാരിച്ചു ഒരുമ്പെട്ടിറങ്ങിയ ജൊസഫ് ഇപ്പോള്‍ ആകെ വിഷണ്ണന്‍ആണ്. ഒടുവില്‍ ഇല്ലത്ത് നിന്നും പുറപ്പെട്ടു അമ്മാത്ത് എത്താത്ത അവസ്ഥ തനിക്കു വന്നു പിണയുമോ ? കാത്തിരുന്നു കാണാം ജോസഫേ ..... അല്ലാതെന്തു പറയാന്‍?

Monday, April 19, 2010

തരൂര്‍ സായ്പ്പിന്റെ ഫിഫ്ടി ഫിഫ്ടി




ശശി തരൂരും ലളിത് മോഡിയും തമ്മില്‍ കൊച്ചി ഐ. പി. എല്‍. ടീമിന്‍റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട വിവാദം ഒരു കണക്കിന് നന്നായെന്നു പറയാം. ഐ.പി.എല്‍ എന്ന ആര്‍ഭാട ക്രിക്കറ്റിന്റെ ജീര്‍ണ്ണിച്ച മുഖം വെളിപ്പെടുവാന്‍ അതേറെ ഉപകരിച്ചിരിക്കുകയാണ്. പണത്തിന്റെയും പെണ്ണിന്റെയും ഒഴുക്കും കൊഴുപ്പും കൊണ്ട് അടിമുടി പൂതല്‍ ബാധിച്ച ഒരു കായികാഭ്യാസമായി ക്രിക്കറ്റിനെ മാറ്റി തീര്‍ത്തതിനു ബി. സി.സി.ഐ ക്ക് ഒരു പക്ഷെ കുറ്റബോധമൊന്നും തോന്നുന്നുണ്ടാവില്ല. കാരണം പണം കൊണ്ട് നാണം മറയ്ക്കാവുന്ന കാലമാണല്ലോ ഇത്. ക്രിക്കറ്റ്‌ എന്ന മാന്യന്മാരുടെ കളിയെ , ഏതാനും അമാത്യന്മാരുടെ അമാന്യമായ കളിയാക്കി അധപതിപ്പിച്ചതിനു ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡും അതിന്റെ മേലധികാരികളും കണ്ണീരൊഴുക്കി പിഴ ചൊല്ലേണ്ടത് , ക്രിക്കറ്റിനെ ആത്മാര്‍ഥമായി ജീവന് തുല്യം സ്നേഹിക്കുന്ന ഇന്ത്യക്കാരന്റെ ആവശ്യമാണ് എന്നത് ഇവിടെ ആരും ഓര്‍ക്കാന്‍ വഴിയില്ല. കാരണം എല്ലാവരും ഐ.പി.എല്ലിന്റെ പളപളപ്പില്‍ മൂടും കുത്തി വീണിരിക്കുകയാണല്ലോ. പൂവര്‍ ഇന്ത്യന്‍സ്! കൊച്ചിക്ക്‌ , അതുവഴി കേരളത്തിന്‌ എന്തിനു ഒരു ഐ. പി. എല്‍ ടീം എന്ന് ചോദിച്ചാല്‍ , ചോദിക്കുന്നവനെ രാജ്യദ്രോഹിയായി മുദ്ര കുത്തുന്ന കാലമാണിത്. ഭൂരിപക്ഷത്തിന്റെ സ്തുതി ഗീതങ്ങള്‍ക്ക് നേരെ ഉയരുന്ന എതിര്‍പ്പിന്റെ ചെറിയ സ്വരങ്ങള്‍ തീവ്രമായി നിരോധിക്കപെടുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യം കേരളത്തില്‍ രൂപം കൊണ്ടിട്ടു കാലം കുറച്ചായി. മുപ്പത്തിയഞ്ചു ശതമാനം ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ കിടന്നു ചക്രശ്വാസം വലിക്കുന്ന ഒരു നാട്ടിലാണ് കോടികളുടെ കണക്കുകള്‍ നിരത്തി സമ്പന്നര്‍ മതിമറക്കുന്ന ക്രിക്കറ്റിന്റെ പേരില്‍ രാജ്യ സ്നേഹം പ്രകടിപ്പിക്കേണ്ടി വരുന്നത് എന്നത് എന്തൊരു വിരോധാഭാസമാണ്. കേരളത്തില്‍ ഒരു ഐ. പി. എല്‍. ടീം സാക്ഷല്‍ക്കരിക്കപ്പെട്ടു കാണാന്‍ ആഗ്രഹിക്കുന്ന യഥാര്‍ത്ഥ മലയാളികള്‍ എത്ര പേരുണ്ട്? ചെറുപ്പത്തിന്റെ പുളപ്പില്‍, കൂട്ടം ചേരലിന്റെ വ്യര്‍ഥമായ സാഹസികതയില്‍ സ്വയം മറക്കുന്ന കുറച്ചു യുവാക്കള്‍. അവരുടെ ആഗ്രഹമാണോ കേരളത്തിന്റെ പൊതുവായ വികാരമായി പലരും ഉയര്‍ത്തിക്കാണിക്കുന്നത്. സാധാരണക്കാരനായ മലയാളിക്കറിയാം , ഐ.പി.എല്‍. വഴി ആരാണ് നേട്ടങ്ങള്‍ സമ്പാദിക്കുന്നത് എന്ന്. വ്യാപാര ലക്ഷ്യം മുന്‍നിര്‍ത്തി മാത്രമാണ് ഐ. പി. എല്‍ എന്ന കായികാഭാസം ആരംഭിച്ചത്. മറ്റു പല സ്പോര്‍ട്സ് ഇനങ്ങളും അതിജീവനത്തിനായി കൈകാലിട്ടടിക്കുന്ന ഇന്ത്യയില്‍ ക്രിക്കറ്റ്‌ മാത്രം തടസ്സമേതും ഇല്ലാതെ തഴച്ചു വളരുന്നതിന് പിന്നില്‍ പണത്തിന്റെ അനിയന്ത്രിതമായ കുത്തൊഴുക്ക് മാത്രമാണ് ഉള്ളത്. വ്യവസായ ഭീമന്മാരും, സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്ന ഇന്ത്യയിലെ പുതിയ അഭിജാത വര്‍ഗം ക്രിക്കറ്റിനെ ചുറ്റിപ്പറ്റി കെട്ടിപ്പടുത്ത സ്വപ്നമാളികയുടെ നിര്‍മ്മാണം ത്വരിത ഗതിയില്‍ പൂര്‍ത്തിയാക്കുന്നതിനായി ചുട്ടെടുത്ത സാമഗ്രിയാണ് ഐ.പി.എല്‍. ക്രിക്കറ്റിനെ സ്വന്തം ജീവനെക്കാളേറെ സ്നേഹിക്കുന്ന ഭാരതീയന്റെ വികാരങ്ങളെ മൃഗീയമായി ചൂഷണം ചെയ്തു കൊദീശ്വരന്മാരാവുക എന്ന ലക്‌ഷ്യം ഈ ഉന്നത വര്‍ഗ്ഗത്തെ ഐ.പി.എല്ലില്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ഉള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നു. അയ്യായിരം കോടിയില്‍ അധികം ആസ്തിയുള്ളവര്‍ക്ക് മാത്രമേ ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുക്കാനുള്ള അനുമതിയുള്ളൂ എന്ന വസ്തുത തന്നെ ഈ പുതിയ ക്രിക്കറ്റ്‌ പരിപ്രേഷ്യതിന്റെ ധനാര്‍ത്തി വ്യക്തമാക്കും. മലയാളിയും സ്വന്തമായി ഒരു ഐ.പി.എല്‍ ടീം മോഹിച്ചതില്‍ കുറ്റം പറയാനാവില്ല. കോടികളെടുത്ത്‌ അമ്മാനമാടാന്‍ പാങ്ങുള്ള വന്‍കിട കോര്‍പരെട്ട്‌ ശക്തികള്‍ മുറ്റി വളര്‍ന്നിട്ടില്ലാത്ത കേരളത്തിന്‌ ആ മോഹം സഫലമാകുമോ എന്ന സംശയമുണ്ടായിരുന്നു. മാത്രമല്ല, പണമിറക്കി കളിച്ചാല്‍ , ഇറക്കിയതിന്റെ പത്തിരട്ടി തിരിച്ചു പിടിക്കണം എന്ന് വാശിയുള്ള മലയാളിക്ക് ഐ.പി.എല്‍ കേട്ടറിവ് മാത്രമുള്ള സംഗതിയായത്‌കൊണ്ട് പെട്ടെന്ന് അതിലേക്കു എടുത്തു ചാടി കൈ പൊള്ളിക്കാനും മനസ്സില്ലായിരുന്നു. എന്നാല്‍ രണ്ടായിരത്തി പത്തില്‍ കേരളം ഐ. പി.എല്‍. മോഹം സാക്ഷാല്‍ക്കരിച്ചു. വന്‍കിട വ്യവസായ ഭീമന്മാരുടെ ഒരു സംഘം , മാര്‍ച്ചില്‍ നടന്ന ലേലത്തില്‍ തികച്ചും അപ്രതീക്ഷിതമായി കൊച്ചി കേന്ദ്രമാക്കി ഒരു ഐ.പി. എല്‍ ടീം വിളിചെടുക്കുകയായിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ നയതന്ത്ര പ്രവര്‍ത്തനങ്ങളാണ് കേരളത്തിന്‌ ഐ.പി.എല്‍. ടീം സ്വന്തമായത്തിനു പ്രധാന ഘടകമെന്ന് നേരത്തെ തന്നെ വാര്‍ത്തയുണ്ടായിരുന്നു. തരൂര്‍ ആ വാര്‍ത്ത ശരി വെക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് വിവാദങ്ങളുടെ ഘോഷയാത്ര ആരംഭിക്കുന്നത്. കൊച്ചിക്ക്‌ ഒരു ഐ.പി.എല്‍. ടീം ഉണ്ടായതിന്റെ കൊതിക്കെറുവ് തീര്‍ക്കാന്‍ എന്നോണം ഉത്തരേന്ത്യന്‍ ലോബിയുടെ തന്ത്രപരമായ നീക്കങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയും ഐ.പി.എല്‍. ടീം കമ്മീഷണര്‍ ആയ ലളിത് മോഡിയുടെ നേതൃത്വത്തില്‍ കൊച്ചി ടീമിനെതിരെയം , തരൂരിനെതിരെയും ആരോപണങ്ങള്‍ ശരം പോലെ തൊടുത്തു വിടുകയും ചെയ്തതോടെ അന്തരീക്ഷം മലീമസമായി. തരൂരിന്റെ പെണ്‍ സുഹൃത്തായ സുനന്ദ പുഷ്കര്‍ എന്ന സുന്ദരിക്ക് കൊച്ചി ടീമില്‍ സൌജന്യമായി ഓഹരി പങ്കാളിത്തം കൂടി ലഭിച്ചതോടെ മന്ത്രിയുടെ ക്രിക്കറ്റ്‌ താല്‍പര്യങ്ങളില്‍ പലരും സംശയാലുക്കള്‍ ആയി. ചുരുക്കിപ്പറഞ്ഞാല്‍ വിവാദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇരുകൂട്ടര്‍ക്കും വ്യക്തിപരമായ ചില താല്പര്യങ്ങള്‍ ഉണ്ടെന്നത് സ്പഷ്ടം. മാത്രമല്ല, മോഡിക്കും തരൂരിനും ചിലരെയൊക്കെ രക്ഷിക്കാനുണ്ട്; അതുപോലെ ചിലരെയൊക്കെ ശിക്ഷിക്കാനും. കൊച്ചി ഐ.പി.എല്‍. ടീമിനോട് തരൂരിനുള്ള അഭിനിവേശത്തിന്റെ കാരണം എന്താണ്? മോഡി ഉയര്‍ത്തി വിട്ട ചോദ്യം അങ്ങനെയങ്ങ് തള്ളിക്കളയാമോ? തരൂര്‍ ഒരു ക്രിക്കറ്റ്‌ പ്രേമി ആയിരിക്കാം. ഒരു പക്ഷെ നല്ലൊരു സംഘാടകനും ആയിരിക്കാം. അതിലുപരി അദ്ദേഹം ഒരു ജനപ്രതിനിധിയാണ്. മന്ത്രിയാണ്. അതും സുപ്രധാനമായ ഒരു വകുപ്പിന്റെ ചുമതലയുള്ള മന്ത്രി. അങ്ങനെയൊരാളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കണം. കേരളത്തിന്‌ ഒരു ഐ. പി. എല്‍ ടീം സ്വന്തമാക്കാന്‍ വേണ്ടി മലയാളിയായ ഒരു മന്ത്രി അഹോരാത്രം കഷ്ടപ്പെടുകയാണെങ്കില്‍ അതിനെ നാം അംഗീകരിക്കണം. പക്ഷെ ആ മന്ത്രി ഈ ഒരു കാര്യത്തില്‍ അമിതമായ താല്പര്യം കാണിക്കുകയാണെങ്കില്‍ അതിനെ നമ്മള്‍ സംശയിക്കേണ്ടതല്ലേ? ആ താല്പര്യം സ്വന്തം നാടിനു വേണ്ടിയാണോ, അതോ സ്വന്തം ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണോ? കേരളത്തിന്‌, പ്രത്യേകിച്ച് കൊച്ചിക്ക്‌ ഒരു ഐ.പി.എല്‍ ടീം ഉണ്ടാവുക എന്നത് തന്റെ സ്വപ്നമായിരുന്നെന്നും , അത് യാതാര്‍ത്ഥ്യം ആവാന്‍ ഒരു മന്ത്രിയെന്ന നിലയില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യുമെന്നും വിവാദം കത്തി നില്‍ക്കുന്നതിനിടയില്‍ തരൂര്‍ ഒരു ടി. വി. അഭിമുഖത്തില്‍ വ്യക്തമാക്കിക്കണ്ടു. അപ്പോള്‍ ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവരില്‍ ഒരു ചോദ്യമുയരുക സ്വാഭാവികം. ഐ. പി. എല്‍. ടീമിന് വേണ്ടിയാണോ തിരുവനന്തപുരത്തുകാര്‍ തരൂരിനെ ജയിപ്പിച്ചു പാര്‍ലമെന്റിലേക്കു അയച്ചത്? ഐ.പി.എല്‍ ടീമുണ്ടാക്കാന്‍ ഒരു രാഷ്ട്രീയ നേതാവോ മന്ത്രിയോ വേണമെന്നില്ല. കയ്യില്‍ കോടികള്‍ സമ്പാദ്യമുള്ള ഒരാള്‍ക്ക്‌ അത് നിഷ്പ്രയാസം സാധിക്കും. എന്നാല്‍ നാടിന്റെ വികസനത്തിന്‌ ഒരു മന്ത്രിയുടെ സക്രിയമായ നടപടികള്‍ അനിവാര്യമാണ്. തിരുവനന്തപുരത്തുകാര്‍ അതാഗ്രഹിക്കുന്നുണ്ട്.
നിറവേറപ്പെടാതെ കിടക്കുന്ന വികസന സ്വപ്നങ്ങളുടെ ശ്മശാന ഭൂമിയാണ്‌ തിരുവനന്തപുരം. ഹൈവേ വികസനം തൊട്ടു വിഴിഞ്ഞം തുറമുഖം വരെ തിരുവനന്തപുരത്തിന്റെ പ്രലോഭനങ്ങള്‍ ആണ്. തരൂര്‍ ലോകസഭയിലേക്ക് മത്സരിക്കാന്‍ സോണിയ ഗാന്ധിയുടെ നോമിനിയായി വന്നപ്പോള്‍ അന്നാട്ടുകാര്‍ ആഹ്ലാദിച്ചതും , ഒരു ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചതും ആ പ്രലോഭനങ്ങള്‍ തീര്‍ത്ത പ്രതീക്ഷയുടെ ആക്കം കൊണ്ടായിരുന്നു. ഹൈകമാണ്ടില്‍ നിര്‍ണ്ണായക സ്വാധീനമുള്ള , ബൌധിക രംഗത്ത് വ്യാപ്രിതന്‍ ആയ , തനി രാഷ്ട്രീയക്കാരുടെ അഴകൊഴമ്പന്‍ സ്വഭാവമില്ലാത്ത ഒരു വ്യക്തി ജനപ്രതിനിധിയായി വരുമ്പോള്‍ നാടിനുണ്ടായെക്കാവുന്ന സൌഭാഗ്യങ്ങള്‍ തിരുവനന്തപുരത്തുകാരെ ഒരു നിമിഷം മോഹിപ്പിച്ചു. എന്നാല്‍ മന്ത്രിയായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ തരൂര്‍ അനന്തപുരിയുടെ സ്വപ്നങ്ങള്‍ക്ക് കുഴിമാടം ഒരുക്കി . നാടിന്റെ ആവശ്യങ്ങള്‍ ഒന്നും തരൂരിന്റെ അജണ്ടയിലെങ്ങുമില്ല എന്ന സത്യം നാട്ടുകാര്‍ തിരിച്ചറിയുകയാണ്.
ഒരു ഐ.പി.എല്‍. ടീം കേരളത്തിന്‌ സ്വന്തമാക്കിക്കൊടുക്കണം എന്നത് തരൂരിന്റെ തീരാ മോഹമായിരുന്നെങ്കില്‍ അദ്ദേഹത്തിന് മറ്റൊരു കാര്യം ചെയ്യാമായിരുന്നു. പ്രശസ്ത നടന്‍ മോഹന്‍ലാലും , സംവിധായകന്‍ പ്രിയദര്‍ശനും ചേര്‍ന്ന് തിരുവനന്തപുരം കേന്ദ്രമാക്കി ഒരു ഐ.പി.എല്‍ ടീം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേരത്തെ തുടക്കം കുറിച്ചിരുന്നു. ഒരു ക്രിക്കറ്റ്‌ ക്ലബ്‌ രൂപീകരിച്ചു , ശശി തരൂരിനെ അതിന്റെ രക്ഷാധികാരിയാക്കി കാര്യമായ മുന്നേറ്റം തന്നെ അവര്‍ നടത്തിക്കഴിഞ്ഞിരുന്നു. ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി പ്രമോട്ടര്‍മാരെ സംഘടിപ്പിക്കാനുള്ള ആലോചനകളില്‍ ആയിരുന്നു അവര്‍. എന്നാല്‍ ലേലത്തിലെ ചില കടുത്ത വ്യവസ്ഥകള്‍ , സാമ്പത്തികമായി അത്ര സുരക്ഷിതര്‍ അല്ലാതിരുന്ന ലാലിന്റെ സംഘത്തെ പിന്നോട്ടടിപ്പിച്ചു. ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. തിരുവനന്തപുരത്തെ ക്രിക്കറ്റ്‌ ക്ലബ്ബിന്റെ രക്ഷാധികാരി ആയിരുന്ന തരൂര്‍ അവര്‍ക്ക് വേണ്ടി ഇടപെടാന്‍ എന്തുകൊണ്ട് വ്യഗ്രത കാണിച്ചില്ല? കൊച്ചി ടീമിനെ ലേലത്തില്‍ പിടിക്കാന്‍ കാണിച്ച നയതന്ത്ര വൈദഗ്ധ്യം തരൂര്‍ സ്വന്തം മണ്ഡലത്തിലെ പേരുകേട്ട ക്രിക്കറ്റ്‌ പ്രേമികളുടെ പരിശ്രമങ്ങള്‍ക്ക് സഹായകരമായിത്തീരും വിധം എന്തുകൊണ്ട് ഉപയോഗിച്ചില്ല? അപ്പോള്‍ കൊച്ചി ടീമിന്റെ ഉടമയായ കമ്പനിയുടെ ഓഹരിയില്‍ തരൂരിന് കാര്യമായ പങ്കാളിത്തം ഉണ്ടെന്നു ആരെങ്കിലും സംശയിച്ചാല്‍ അതങ്ങനെയങ്ങു നമുക്ക് തള്ളിക്കളയാന്‍ ആവുമോ? വ്യക്തിപരമായ നേട്ടങ്ങള്‍ക്ക്‌ വേണ്ടിയല്ലേ തരൂര്‍ ഇക്കണ്ട കളിയൊക്കെ കളിച്ചത്? സുനന്ദ പുഷ്കര്‍ എന്ന സുന്ദരി നിനച്ചിരിക്കാതെ കടന്നു വന്നു ചുളുവില്‍ പത്തൊന്‍പതു ശതമാനം ഓഹരികളുടെ ഉടമയായതിനു പിന്നിലെ രഹസ്യം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയല്ലേ? കൊച്ചിയിലെ നിര്‍ദിഷ്ട സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ നിര്‍മ്മാണ പങ്കാളിയായ ദുബായ് ടീകോം കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗം വഹിച്ചിരുന്നു ഒരു മാസം മുന്‍പ് വരെ , തരൂരിന്റെ കൂട്ടുകാരിയായ സുനന്ദ പുഷ്കര്‍. പന്ത്രണ്ടു ശതമാനം ഓഹരിയുടെ അവകാശങ്ങളില്‍ തട്ടി പദ്ധതിയുടെ നടത്തിപ്പില്‍ നിന്നും ടീകോം പിന്‍മാറാനും , സര്‍ക്കാര്‍ ടീക്കൊമിനെ ഒഴിവാക്കാനും ശ്രമിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ ഒരു മാസത്തിനിടയിലാണ് സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തില്‍ ഇങ്ങനെ ചില വ്യതിയാനങ്ങള്‍ സംഭവിക്കുന്നത്‌. കൊച്ചിയില്‍ ടീക്കൊമിനുള്ള വ്യാപാര താല്പര്യം നഷ്ടപ്പെടുകയാണ്. ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് സുനന്ദ കമ്പനിയില്‍ നിന്ന് രാജി വെക്കുന്നതും, കൊച്ചി ഐ.പി. എല്‍ ടീമില്‍ ഓഹരി പങ്കാളിത്തം നേടുന്നതും. ശക്തമായ ദുബായ് ബന്ധം ഉള്ള തരൂരിന് കൊച്ചിയിലും ചില താല്പര്യങ്ങള്‍ ഇല്ലേ എന്ന് സ്വാഭാവികമായും ഞങ്ങളില്‍ സംശയം ഉയരുകയാണ്.


ഇവിടെ ഐ.പി.എല്‍. എന്ന ക്രിക്കറ്റ്‌ സംരംഭത്തെയും നമുക്ക് വിട്ടുകളയാന്‍ ആവില്ല. ദുഷിച്ച സാമ്പത്തിക താല്പര്യങ്ങളുടെ പുതിയ ഇന്ത്യന്‍ ഇടനാഴിയാണ് ഐ.പി.എല്‍. കള്ളപ്പണം വെളുപ്പിക്കാനുള്ള ബിസിനെസ്സ് രാഷ്ട്രീയ കൂട്ടുകെട്ടിന്റെ സ്വപ്ന പദ്ധതി. ഇന്ത്യയിലെ ഐ.പി.എല്‍ ടീമുകള്‍ക്ക് പിന്നില്‍ വമ്പന്‍ ടീമുകളാണ് ഉള്ളത്. നികുതി വെട്ടിച്ചുണ്ടാക്കിയ പണമിറക്കി, വീണ്ടും കോടികള്‍ കൊയ്ത് , സര്‍ക്കാരിനെ കബളിപ്പിച്ചു തിമര്‍ക്കുന്ന സമ്പന്ന വര്‍ഗ്ഗം. സിനിമ താരങ്ങളെ മുന്നില്‍ നിര്‍ത്തി കോടികള്‍ എറിഞ്ഞു കളിക്കുന്ന വ്യവസായികള്‍ ക്രിക്കറ്റിന്റെ രൂപത്തിലും കടന്നു വന്നു സാധാരണക്കാരനെ ചൂഷണം ചെയ്യുകയാണ്. അവരെ വീണ്ടും വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയാണ്. കുടിവെള്ളം ഇല്ലാതെ, വെളിച്ചമില്ലാതെ, ഉടുതുണിക്ക് മറു തുണി ഇല്ലാതെ , എന്തിനു തല ചായ്ക്കാന്‍ ഒരു കൂര പോലും ഇല്ലാതെ ബീഭല്‍സ ജീവിതം നയിക്കുന്ന ഇന്ത്യന്‍ നഗരങ്ങളിലെയും , ഗ്രാമങ്ങളിലെയും ദരിദ്ര ലക്ഷങ്ങളെ മറന്നു കൊണ്ടാണ് , അല്ലെങ്കില്‍ അവരെ മയക്കിക്കിക്കിടത്തിക്കൊണ്ടാണ് ഐ.പി.എല്‍. പ്രയാണം നടത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യന്റെ, ജീവിക്കുക എന്ന ഏറ്റവും അടിസ്ഥാന ആവശ്യത്തെ നിഷേധിക്കുന്ന സമകാലിക ഇന്ത്യന്‍ യഥാര്ത്യങ്ങളെ നേരിടാനുള്ള , സാമ്പത്തികമായ കരുത്ത്പകരാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പിന്തുണ കൊടുക്കാന്‍ ഈ കൊടികള്‍ക്കും കോടീശ്വരന്മാര്‍ക്കും കഴിയേണ്ടതല്ലേ? ഇനിയിപ്പോള്‍ കഴിഞ്ഞാലും അത്തരം മാനുഷികമായ വികാരങ്ങള്‍ സൂക്ഷിക്കേണ്ട ബാധ്യത നമുക്കില്ലല്ലോ അല്ലെ? അലസതയുടെ ശാരീരിക വ്യായാമമായ ക്രിക്കറ്റിനു ദാരിദ്ര്യത്തെ മറക്കാന്‍ പ്രേരിപ്പിക്കുന്ന അപാരമായ കരുത്താണ് ഇപ്പോള്‍ ഉള്ളത്. ഐ.പി.എല്‍ ക്രിക്കറ്റ്‌ പുതിയ മതമാണ്‌. ആ മതത്തെ നാം തകര്‍ക്കുക തന്നെ വേണം. ഏറ്റവും ലളിതമായി പറഞ്ഞാല്‍ അതിനെ നിരോധിക്കണം. അതിന്റെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തി നശിപ്പിക്കണം. പണം, മദ്യം, പെണ്ണ് ---ആധുനിക കാലത്തെ ഈ മൂന്നു സംവര്‍ഗ്ഗങ്ങളെ വെച്ച് ആഘോഷിക്കുന്ന ഐ.പി. എല്‍. പുതു തലമുറയെയും സംസ്കാരത്തെയും തച്ചു തകര്‍ത്തു ആധിപത്യം സ്ഥാപിക്കുന്നതിന് മുന്‍പേ , നാം ഇടപെട്ടെ മതിയാകൂ

Friday, April 2, 2010

ദൈവത്തിന്റെ സ്വന്തം നാട്


അമിതാബ് ബച്ചന് ഒരാഗ്രഹം, കേരളാ ടൂറിസത്തിന്റെ ബ്രാന്‍ഡ്‌ അംബാസിദര്‍ ആകാന്‍. ജോണി ലൂക്കോസ് എന്ന മനോരമക്കാരന്‍ തന്റെ ടെലിവിഷന്‍ അഭിമുഖ പരിപാടിക്കിടയില്‍ ചോദ്യമെറിഞ്ഞു കുടുക്കിയതാണ് ബച്ചനെ. സര്‍ക്കാരിന് സമ്മതം ആണെങ്കില്‍ താനും റെഡി എന്ന ബച്ചന്റെ മറുപടി മനോരമ ആഘോഷിച്ചു. മനോരമയുടെ ആഘോഷം കണ്ട്കയ്യും കെട്ടി നോക്കിയിരിക്കാന്‍ കോടിയേരിക്ക് കഴിഞ്ഞില്ല. അങ്ങേര്‍ക്കു അല്ലെങ്കിലും സിനിമാക്കാരോട് പറ്റു ഇത്തിരി അധികമാണ്. ഒരു പക്ഷെ മകന്‍ ചില സിനിമകളില്‍ ഒക്കെ മുഖം കാണിച്ചതിന്റെ പുളിപ്പ് ആണോ എന്നറിഞ്ഞൂടാ. ബച്ചന്റെ ആഗ്രഹം കോടിയേരിയെ ആവേശഭരിതനാക്കി. ഉടന്‍ പോയി ടൂറിസം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ബച്ചനെ ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോഗിക ഇണ്ടാസ്. ഒരു കാര്യം ഇവിടെ ആലോചിക്കണം. ശുദ്ധ ജല ദൌര്‍ലഭ്യത്താലും , മാലിന്യത്താലും വിലക്കയറ്റത്താലും മറ്റും വലയുന്ന പൊതു ജനം സെക്രട്ടരിയെട്ടിന്ടെയും കലക്ട്രെട്ടിന്ടെയും പടിവാതില്‍ക്കല്‍ ചുട്ടു പൊള്ളുന്ന വെയിലത്ത്‌ തൊണ്ട കാറി വിളിച്ചാലും കനിയാത്ത സര്‍ക്കാര്‍ ദൈവം ബച്ചന്റെ ഉത്തരം കേട്ട പാതി കേള്‍ക്കാത്ത പാതി ചാടി വീണു കാര്യങ്ങള്‍ ഒറ്റയടിക്കങ്ങ് തീരുമാനിച്ചു കളഞ്ഞു. സര്‍ക്കാരിന്റെ കത്ത് ബച്ചന് കിട്ടി. മൂപ്പര്‍ക്ക് പൂര്‍ണ്ണ സമ്മതം. അനന്തര നടപടികള്‍ സംസാരിച്ചു അംബാസിദര്‍ പദവി ഏറ്റെടുത്തു ദൈവത്തിന്റെ സ്വന്തം നാടിനെ താരത്തിന്റെ സ്വന്തം നാടാക്കിക്കളയാം എന്ന് ബച്ചന്‍ മറു കുറിപ്പെഴുതി. സര്‍ക്കാര്‍ ആകട്ടെ ബച്ചന്റെ അനുകൂല സമീപനത്തില്‍ പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നം കണ്ടു. സംഭവം അതുവരെ ശാന്ത ഗംഭീരം ആയിരുന്നു. ഇതിനിടെ ഗുജറാത്ത് സംസ്ഥാനത്തിന്റെ അംബാസിദര്‍ പദവി ഏറ്റെടുത്തു കഴിഞ്ഞ ബച്ചനെ, ഒരു ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിന്റെ എന്നാല്‍ ഉള്ള ഒരാള്‍ ഒര്രലെങ്കിലും ഒരാള്‍ ഒരാള്‍ പുരോഗമന ചിന്താഗതിക്കാര്‍ നെറ്റി ചുളിച്ചത് ആരും കണ്ടില്ല. ബച്ചനെ കിട്ടുന്ന ആവേശത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംഘ പരിവാര്‍ വിരോധികള്‍ ആയ സി. പി. എം. മന്ത്രിമാര്‍ പോലും ഗുജറാത്തിനെയും നരേന്ദ്ര മോഡിയെയും ഒക്കെ വിസ്മരിച്ചു കളഞ്ഞു.
എന്നാല്‍ ഓര്‍മ്മകളുള്ള ഒരാളെങ്കിലും ഡല്‍ഹിയില്‍ ഉണ്ടായി. സീതാറാം യെച്ചൂരി. ബച്ചനെ കേരളത്തിന്റെ അംബാസിദര്‍ ആക്കുന്നതില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ എതിര്‍പ്പ് യെച്ചൂരി തുറന്നു പറഞ്ഞു. കൊടിയേരിക്കും സി.പി.എം. സംസ്ഥാന ഘടകത്തിനും അപ്പോഴാണ്‌ ബോധം വീണ്ടു കിട്ടിയത്. ബച്ചന് പുതിയ പദവി നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ച് സര്‍ക്കാര്‍ പ്രശ്നത്തില്‍ നിന്നും പതുക്കെ തലയൂരി. സംഗതി അറിഞ്ഞു പഴയ രോഷാകുലനായ ചെറുപ്പക്കാരന്‍ അറുപത്തിയഞ്ചിന്റെ വാര്‍ധക്യത്തില്‍ തന്റെ ബ്ലോഗിലൂടെ തീ തുപ്പി. പ്രതിപക്ഷം സര്‍ക്കാരിന്റെ നീതികേടിനെതിരെ പന്തം കൊളുത്തി നോക്കി. പക്ഷെ ബച്ചന്‍ കോണ്ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തന്നെ അപ്രീതിക്ക് പാത്രമായ ഏറ്റവും പുതിയ വാര്‍ത്തകള്‍ പുറത്തു വന്നതോടെ സംസ്ഥാന നേതൃത്വത്തിന് മിണ്ടാട്ടം അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ ബച്ചന്‍ പ്രശ്നം ആര്‍ക്കും ഒരു നീറുന്ന വിഷയമേ അല്ല. വിഷയമായിട്ടുള്ളതും, അതിന്റെ ചൂടാറാന്‍ വിടാതെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതും ഏതാനും ചില മാധ്യമങ്ങള്‍ മാത്രമാണ്; പിന്നെ സംഘ പരിവാര്‍ സംഘടനകളും.
അല്ലെങ്കിലും ബച്ചന്റെത് ഒരു അതിമോഹം ആയിരുന്നു. ഗുജറാത്ത് പോലുള്ള ഒരു സംസ്ഥാനത്തിന്റെ അംബാസിദര്‍ പദവി ഏറ്റെടുത്ത ഒരാള്‍ക്ക്‌ കേരളം ഒരിക്കലും കൈ എത്തി പിടിക്കാന്‍ ആവാത്ത അകലത്തില്‍ ആയിരിക്കും എന്ന് തിരിച്ചറിയേണ്ടതായിരുന്നു. ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നത്‌. ഇന്ത്യയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറെ സജീവമായി ഇടപെടുകയും കൃത്യമായ പ്രതികരണങ്ങളിലൂടെ തങ്ങളുടെ നിലപാട് സുവ്യക്തമാക്കുകയും ചെയ്യുന്ന സി.പി.എം. ആണ് ആ ഭരണത്തിന് നേതൃത്വം കൊടുക്കുന്നത്. ആ പാര്‍ട്ടിക്ക് ഒരിക്കലും ഉള്‍ക്കൊള്ളുവാന്‍ ആവാത്ത ഒരാശയ ഭൂമികയില്‍ നില്‍ക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ ഭരണ നേതൃത്വം വഹിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്‌. ഭരണാധിപന്‍ ആകട്ടെ നരേന്ദ്ര മോഡിയും. ഈ രാജ്യത്ത് ബീഭത്സമായ വിധത്തില്‍ വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കിയ ഒരു ഭരണാധികാരി. ഇന്ത്യയുടെ മതേതര പ്രതിച്ചായയ്ക്ക് സാരമായ പോറല്‍ ഏല്‍പ്പിച്ച വ്യക്തി. വാള്‍ തലപ്പില്‍ ഒരു പ്രത്യേക സമുദായത്തിന്റെ ചോരയും മാംസവും കൊരുത്തെടുത് കൊല വിളി നടത്തി നീങ്ങിയ സാമൂഹ്യ വിരുദ്ധരെ വഴിവിട്ടു പ്രോത്സാഹിപ്പിച്ചതിന് ഇന്നും നിയമത്തിന്റെ മുന്നില്‍ വിചാരണയ്ക്ക് വിധേയനാവാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്ന ഒരാള്‍. അങ്ങനെയുള്ള നരേന്ദ്ര മോഡി വാഴുന്ന ഒരു സംസ്ഥാനത്തിന്റെ പതാക വാഹകനായ അമിതാബ് ബച്ചനെ കേരളത്തിന്റെ ശാലീന സുന്ദരമായ പ്രകൃതിയും, മതേതരമായ മനസ്സും ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിക്കൊടുക്കാനുള്ള ചുമതല നല്‍കാന്‍ ആലോചിച്ചത് തന്നെ പൊറുക്കാനാവാത്ത തെറ്റ്. പുറമേക്ക് ശാന്തമെങ്കിലും ഉള്ളില്‍ അസഹിഷ്ണുതയുടെ വേരുകള്‍ ആഴത്തില്‍ പടര്‍ന്നു കിടക്കുന്ന ഗുജറാത്ത് ഇന്ത്യയുടെ വേദനയാണ്. എന്തോ ആയിക്കോട്ടെ സി.പി.എം. കുറച്ചു വൈകിയാണെങ്കിലും തെറ്റ് തിരുത്തി. ഇവിടെ സി.പി.എമ്മിനെ ആക്ഷേപിക്കുന്നവര്‍ ഒരു കാര്യം തിരിച്ചറിയണം. പാര്‍ട്ടിയുടെ പ്രഖ്യാപിത ശത്രുക്കള്‍ തന്നെയാണ് ഇന്നും ബി.ജെ.പി.ആ ശത്രുക്കള്‍ക്ക് സ്തുതി പാടുന്ന ഒരാളെ പാര്‍ട്ടിക്ക് എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും? പോരാത്തതിന് അവസരവാദപരമായ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് പലപ്പോഴും ആരാധകരെപ്പോലും അമ്പരപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്ത ബച്ചനെ.

മറ്റൊരു സത്യം കൂടി നാം തിരിച്ചറിയണം. കേരളത്തിന്റെ ടൂറിസത്തിന് വളരാന്‍ ബച്ചന്റെ സഹായം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഇവിടത്തെ പല ടൂറിസം സ്പോട്ടുകളും ലോകത്തിന്റെ കണ്ണില്‍ പ്രധാനപ്പെട്ട സ്ഥാനം അലങ്കരിക്കുന്നുണ്ട്. ലോകത്തിലെ വിഖ്യാതമായ പല മാസികകളിലും , ഇന്റര്‍നെറ്റ്‌ സൈറ്റുകളിലും കുമരകം ഉള്‍പ്പെടെയുള്ള കേരളത്തിലെ സ്ഥലങ്ങള്‍ വിനോദ സഞ്ചാരികള്‍ ആവശ്യം യാത്ര ചെയ്തിരിക്കേണ്ട പ്രധാന ഇടങ്ങളായി എടുത്തു പറഞ്ഞിട്ടുമുണ്ട്. അമേരിക്കയിലെയും, ഫ്രാന്‍സിലെയും ബ്രസീലിലേയും മറ്റും സായ്പ്പന്മാര്‍ക്ക് ബച്ചന്‍ പറഞ്ഞിട്ട് വേണ്ട കേരളത്തിലേക്കുള്ള യാത്ര തീരുമാനിക്കാന്‍ എന്ന് ചുരുക്കം. മാത്രമല്ല പ്രതിഫലം ഒന്നും ഇച്ച്ചിക്കാതെ ആവില്ലല്ലോ ബച്ചന്‍ തന്റെ പുതിയ ദൌത്യവും പേറി കേരളത്തിലേക്ക് യാത്ര പുറപ്പെടാന്‍ ഒരുങ്ങിയിട്ടുണ്ടാവുക. വെറുതെ എന്തിനു ആ കോടികള്‍ പാഴാക്കണം. ആ പണം കൊണ്ട് അടിസ്ഥാന സൌകര്യ വികസനം ഏര്‍പ്പെടുത്തിയാല്‍ വരുന്ന സഞ്ചാരികള്‍ക്ക് അത്രയെങ്കിലും പ്രയോജനപ്പെടും. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഇന്ത്യക്കാര്‍ക്ക് ആവേശം ആണെന്ന് കരുതി , ടൂറിസം പോലുള്ള ഒരു രാജ്യാന്തര പദ്ധതിയുടെ ആവിഷ്കര്താവ് ആകാന്‍ ബച്ചന് എന്ത് യോഗ്യതയാണുള്ളത്?

ബച്ചനെ ഉപേക്ഷിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയമായ നീതികേടോ , സത്യസന്ധത ഇല്ലായ്മയോ ഒന്നുമല്ല. മറിച്ച്‌ വ്യക്തമായ നിലപാടുള്ള ഒരു പാര്‍ട്ടിയുടെ സുചിന്തിതവും അനുകരണാത്മകവുമായ രാഷ്ട്രീയ ധീരതയും, രാഷ്ട്ര ബോധവും ആണത്. മതേതരവും , ജനാധിപത്യപരവുമായ ജീവിതം നയിക്കുന്ന ഓരോ മലയാളിക്കും ഇടതുപക്ഷത്തോടുള്ള ആത്മ ബന്ധം ഈ സംഭവത്തോടെ ഒന്ന് കൂടി ശക്തിപ്പെട്ടിട്ടുണ്ടാവണം. തീര്‍ച്ച

Monday, March 22, 2010

റിയാലിറ്റിയുടെ റിയാലിറ്റി

റിയാലിറ്റി ഷോകള്‍ മലയാളിയുടെ കാഴ്ചാ സംസ്കാരത്തെ മാറ്റി മറിച്ച ഒരു കാലമാണിത്. ചെറിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്തിനു വൃദ്ധ ജനങ്ങള്‍ക്ക്‌ പോലും പേക്കൂത്ത് കാണിക്കാന്‍ തക്ക വിധത്തില്‍ റിയാലിറ്റിയുടെ ഭൂതങ്ങള്‍ മലയാളിയെ ആശ്ലെഷിചിരിക്കുന്നു. സംഗീതം ആണ് ഈ ഷോയുടെ ഏറ്റവും വലിയ തുരുപ്പു ചീട്ടു. പാട്ടിന്റെ ലോകത്തെ ഏകാന്ത പധികന്മാരെ അസ്തപ്രജ്ഞര്‍ ആക്കിക്കൊണ്ട് , ഒരു മൊബൈല്‍ ഫോണും സിം കാര്‍ഡും ഉണ്ടെങ്കില്‍ ആര്‍ക്കും എങ്ങനെയും പാടി ജയിക്കാവുന്നതാണ് സംഗീത മത്സരങ്ങള്‍ എന്ന മിഥ്യാ ധാരണയെ സജീവമാക്കിക്കൊണ്ടിരിക്കുകയാണ് റിയാലിറ്റി ഷോകള്‍. ഇവിടെ പാട്ട് മത്സരങ്ങള്‍ ഉറഞ്ഞാട്ടത്തിന്റെ വേദികള്‍ ആകുന്നു. പാടാനുള്ള ദൈവികമായ കഴിവിനെ ലക്ഷങ്ങളുടെ വീടും സ്വര്‍ണ്ണാഭരണങ്ങളും കാര്‍ പോലുള്ള വാഹനങ്ങളും സ്വന്തം ആക്കാനുള്ള തികച്ചും വാണിജ്യധിഷ്ടിതമായ പ്രകടനങ്ങള്‍ ആക്കി തരംതാഴ്ത്തിയിരിക്കുന്നു. പഴയ കാലങ്ങളില്‍ , പാടി തെളിഞ്ഞു വരുന്ന ഒരാളുടെ ഏറ്റവും വലിയ മോഹം ഒരു സിനിമയില്‍ പാടുക എന്നതായിരുന്നു. അതുമല്ലെങ്കില്‍ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ അല്ലെങ്കില്‍ ഏതെങ്കിലും ഒരു സംഗീത പണ്ഡിത സദസ്സിനു മുന്നില്‍ തങ്ങളുടെ ഒരു മികവു പ്രകടിപ്പിക്കാന്‍ ഉള്ള ഒരവസരം നേടിയെടുക്കുക എന്നത് മാത്രം ആയിരുന്നു. എന്നാല്‍ ഇന്ന് ആ മോഹങ്ങള്‍ ഒക്കെ റിയാലിറ്റി ഷോകള്‍ കൊത്തിക്കൊണ്ടു പോയിരിക്കുകയാണ്. പാടാനുള്ള കഴിവ് അല്പമെങ്കിലും ഉള്ളവര്‍ ഇക്കാലത്ത് ഇക്കാലത്ത് ചിന്തിക്കുന്നത് ഇന്ന ചാനലിലെ ഇന്ന റിയാലിറ്റി ഷോയില്‍ എങ്ങനെ കയറി പറ്റാം എന്ന് മാത്രമാണ്. അതുവഴി പ്രശസ്തിയും പണവും എങ്ങനെ സ്വന്തമാക്കാം എന്നാണു. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഈ അഴുക്കു ചാലില്‍ വീണു കിടക്കുകയാണ്. റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുക വഴി കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ആണ് മത്സരാര്ത്തികള്‍ പ്രശസ്തരാകുന്നത്. പേര് കേട്ട ഗായകരും സംഗീത സംവിധായകരും ഏതെങ്കിലും ഒരു സിനിമ സെലെബ്രിടിയും ഉള്‍പ്പെടുന്ന ജഡ്ജിംഗ് പാനലിന്റെ വിടുവായത്തങ്ങള്‍ക്ക് മുന്നില്‍ നാട്യ ശാസ്ത്രത്തിലെ അഭിനയ വിധികള്‍ എടുത്തണിഞ്ഞു നില്‍ക്കുന്ന ഗായകനോ ഗായികയോ കാണികളുടെ ഓമനയായി മാറുന്നു. ഏതൊരു ചാനലിനും സ്പോന്സര്‍ക്കും തങ്ങളുടെ പരിപാടിയെ സംബന്ധിച്ച് കൃത്യമായ ചില കണക്കു കൂട്ടലുകള്‍ ഉണ്ട്. അത് എങ്ങനെ നടത്തണമെന്നും , യേത് വിധത്തില്‍ പര്യവസാനിപ്പിക്കണം എന്നും, ജേതാക്കാള്‍ എങ്ങനെ ഉള്ളവര്‍ ആയിരിക്കണം എന്നും അവര്‍ മുന്‍കൂട്ടി നിശ്ചയിച്ചു കഴിഞ്ഞിരിക്കും. അതിനു അനുസരിച്ചായിരിക്കും ജഡ്ജിംഗ് പാനലിനെ തിരഞ്ഞെടുക്കുന്നതും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതും. ചാനലുകളില്‍ നിന്നും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി വിധി കര്‍ത്താവിന്റെ പദവി എത്റെടുക്കുന്നവര്‍ ആ ചാനലിന്റെ നിലപാടുകള്‍ അംഗീകരിക്കാന്‍ ബാധ്യസ്തര്‍ ആണ്. ശാരീരികമായ വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും ദരിദ്രമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും മത്സരത്തിന്റെ ആദ്യ റൌണ്ടുകളില്‍ കൊടുക്കുന്ന അമിതമായ പ്രാധാന്യത്തിനു പോലും ചാനലിന്റെ കച്ചവട കണ്ണ് ആണ് ഉള്ളത്. കാണികളുടെ പരമാവധി അനുകമ്പ പിടിച്ചു വാങ്ങിക്കൊടുത്തു പരിപാടിയുടെ റേറ്റിംഗ് കൂട്ടിയെടുക്കുകയും അത് വഴി പരസ്യ വരുമാനം വര്‍ധിപ്പിച്ചു കഴിയുന്നത്ര ലാഭമുണ്ടാക്കുക എന്ന തന്ത്രം . ആ ലക്‌ഷ്യം ഏകദേശം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ അത്തരം ആള്‍ക്കാരെ നിഷ്കരുണം ഉപേക്ഷിച്ചു കടന്നു കളയുകയും ചെയ്യും. സംഗീതത്തോടുള്ള അടങ്ങാത്ത ദാഹമോ മോഹമോ ഒന്നുമല്ല പുതിയ കാലത്തെ മത്സരാര്തികളെ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രശസ്തി തന്നെ ആണ്. ഒപ്പം പണവും. കേരളത്തിലെ റിയാലിറ്റി ഷോകളില്‍ പങ്കെടുത്തു വിജയികള്‍ ആവുന്നവര്‍ ആരും തന്നെ പില്‍ക്കാലത്ത് സംഗീത ചരിത്രത്തില്‍ തങ്ങളുടെ പേരിന്റെ ആദ്യാക്ഷരം പോലും രേഖപ്പെടുത്താന്‍ ആകാതെ മറവിയിലേക്ക് മറഞ്ഞു പോവുകയാണ്. എന്തുകൊണ്ടാനത്? ഒരുത്തരം മാത്രം. ഒരു പ്രത്യേക കാലത്ത് ഒരു പ്രത്യേക മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി കൃത്രിമമായി സൃഷ്ടിച്ച പ്രകടന മികവാണ് അവരെ കുറച്ചെങ്കിലും കാലം ഇവിടെ നില നിര്‍ത്തുന്നത്. ജന്മ സിദ്ധമായ ജ്ഞാനത്തിന്റെ പിന്‍ബലം ഇല്ലെങ്കില്‍ പ്രതിഭയുടെ ഹിമാലയം കീഴടക്കാന്‍ ആര്‍ക്കുംകഴിയില്ല. സംഗീത കച്ചവടത്തിന്റെ താല്‍കാലിക ലാഭാങ്ങളില്‍ വിരിഞ്ഞു കൊഴിയുന്ന , നിറമോ ഗന്ധമോ ഇല്ലാത്ത പുഷപങ്ങള്‍ മാത്രമാണ് അവര്‍. മറ്റൊരു അണിയറ രഹസ്യം കൂടി ചാനല്‍ പിന്നാംപുറങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. റിയാലിറ്റി ഷോകളില്‍ പങ്കെടുത്തു കൊണ്ടിരിക്കെ , മല്സരാര്ത്തികള്‍ പ്രശസ്തര്‍ ആയി , പൊതു പരിപാടികളില്‍ തങ്ങളുടെ സാന്നിധ്യം തെളിയിക്കണം എന്ന് ആഗ്രഹിക്കുകയാണെങ്കില്‍ ചാനലിന്റെ ചില കടുത്ത നിബന്ധനകള്‍ക്ക് അവര്‍ വഴങ്ങേണ്ടതുണ്ട്. കേരളത്തിലെ ഒരു പ്രശസ്ത ചാനല്‍ തികച്ചും കൌതുകകരമായ ഒരു നിയമം ആണ് അവലംബിക്കുന്നത്. ചാനല്‍ ബാഹ്യമായ പരിപാടികളില്‍ പങ്കെടുത്തു പ്രതിഫലം പറ്റുകയാണെങ്കില്‍ , ആ വരുമാനത്തിന്റെ പകുതിയില്‍ അധികം ചാനലിനും റിയാലിറ്റി ഷോയുടെ സ്പോന്സര്‍ക്കും നല്‍കാന്‍ മല്സരാര്‍ത്തി ബാധ്യസ്തന്‍/ സ്ഥ ആണ്.ചാനല്‍ അങ്ങനെയും വരുമാനം ഉണ്ടാക്കുന്നുണ്ടെന്ന് ചുരുക്കം.

ഇപ്പോള്‍ കുട്ടിപ്പാട്ടുകാരുടെ കാലമാണ്. കേരളത്തിലെ ഉത്സവ പറമ്പുകളിലും , ഗാനമേള വേദികളിലും കുട്ടികള്‍ ആണ് താരങ്ങള്‍. ബുദ്ധിമാന്മാരായ രക്ഷിതാക്കള്‍ പാടാന്‍ കഴിവുള്ള മക്കളെ വിട്ടു ലക്ഷങ്ങള്‍ സമ്പാദിക്കുന്നു. വേദികളില്‍ നിന്നും വേദികളിലേക്ക് ഊണും ഉറക്കവും ഇല്ലാത്ത നെട്ടോട്ടം. പാടിപ്പാടി തളര്‍ന്നു കുട്ടികള്‍ സംഗീതത്തെ പോലും വെറുക്കുന്ന അവസ്ഥയിലേക്ക് റിയാലിറ്റി ഭ്രാന്ത് അവരെ കൊണ്ട് എത്തിച്ചിരിക്കുന്നു. പൂര്‍ണ്ണ ശ്രീയും , ആതിര മുരളിയും ഒക്കെ ഉള്‍പ്പെടുന്ന 'കുട്ടി ഗായകര്‍' ഭീകരമായ വാഹനാപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വാര്‍ത്ത പത്രങ്ങളിലൂടെ അറിയുമ്പോള്‍ വായനക്കാരുടെ ഉള്ളകം കത്തുകയാണ്. ഇവിടെ എനിക്ക് ഒന്നേ പറയാനുള്ളൂ; ദയവു ചെയ്തു ആ നിര്‍ദോഷ ബാല്യങ്ങളെ കുരുതി കൊടുക്കരുത്.

കുട്ടികളുടെ സിദ്ധിയെ പ്രോത്സാഹിപ്പിക്കുക എന്നതിലുപരി തങ്ങള്‍ക്കു പണം പറ്റാനുള്ള സാഹചര്യം വളര്‍ത്തി എടുക്കുക എന്നാ തികച്ചും മനുഷ്യത്ത വിരുദ്ധമായ പ്രവര്‍ത്തനമാണ് രക്ഷിതാക്കള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം കുട്ടി ഗാനമേള പരിപാടികളും ഒരു ബാലവേല ആയി കണ്ടു നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ സാംസ്കാരികമായ പ്രശ്നങ്ങളില്‍ ഒന്നും തന്നെ ഇടപെടാതെ ഒഴിഞ്ഞു നില്‍ക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത് .ഈ നിഷ്ക്രിയതയില്‍ നിന്നും വിടുതല്‍ നേടി ചില അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാവുകയാണെങ്കില്‍ അത് പ്രതിഭ ധനരായ കുട്ടികളുടെ മഹത്തായ ഭാവിക്ക് ശോഭാനമാകും. നമ്മുടെ മൂല്യ ചിന്തയില്‍ പണത്തിനു പ്രഥമ സ്ഥാനം കൈവന്നതോടെ മാനുഷികമായ പരിഗണനകള്‍ മറന്ന മട്ടാണ്. സര്കാരും ആ വഴിക്ക് നീങ്ങരുത്.

കുട്ടികള്‍ സംഗീതം പഠിക്കട്ടെ.... ഇനിയും നന്നായി നന്നായി പഠിക്കട്ടെ.... സംഗീതത്തില്‍ നല്ലൊരു അടിസ്ഥാനം ഉറപ്പിച്ച ശേഷം മാത്രം അവസരങ്ങളുടെ ഹരിത ഭൂമികള്‍ തേടി പിടിക്കട്ടെ.അല്ലാതെ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത്‌ പോലെ ചെറിയ കുട്ടികളില്‍ താങ്ങാവുന്നതില്‍ അധികം കലാഭാരം അടിച്ചേല്‍പ്പിച്ചു , സംഗീതത്തോടും രക്ഷിതാക്കളോടും , ഒടുക്കം അവനവനോട് തന്നെയും വിരക്തിയുണ്ടാക്കുന്ന തരത്തില്‍ സാംസ്കാരിക പ്രവര്‍ത്തനം നടത്താന്‍ ആരെയും അനുവദിക്കാതിരിക്കുക.

രക്ഷിതാക്കളെ , നിങ്ങള്‍ ചൂഷണം അവസാനിപ്പിക്കുക.....