അച്ചായന് ഒരു വീര്‍പ്പുമുട്ടല്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. പുറപ്പെട്ടിടത്തെക്ക് തിരിച്ചു ചെല്ലാനുള്ള തീവ്രമായ മോഹം. തറവാട്ടിലേക്കുള്ള മടക്കം ഭാരതത്തിന്‍റെ പൗരാണികമായ സങ്കല്‍പ്പങ്ങളില്‍ ഏറെ ശക്തമായ ഒന്നാണല്ലോ. അതുവരെ അനുഭവിച്ച അധികാരത്തിന്റെ കിരീടവും ചെങ്കോലും അഴിച്ചുവെച്ചു , പദവികളില്‍ നിന്നൊക്കെ മുക്തനായി തികച്ചു നിസ്വ ശരീരനായി ഒരു തിരിച്ചു പോക്ക്. പി. ജെ. ജൊസഫ് കൊതിക്കുകയാണ്.... പോരാത്തതിന് ഇപ്പോഴത്തെ തറവാട്ടു കാരണവരുടെ സ്നേഹ മസൃണമായ ക്ഷണവും കൂടിയാകുമ്പോള്‍ ഈ യാത്ര ഇനി പുറപ്പെടാതിരിക്കുന്നത് വലിയ ചതിയാകും. വാര്‍ധക്യത്തിലും യൌവ്വനം നശിക്കാത്ത മാണിച്ചായന്റെ ആ വിശുദ്ധ മനസ്സിനെ ഇനിയും വേദനിപ്പിക്കാന്‍ പറ്റില്ല. കാരുണ്യക്കടലാണ് അത്. മറക്കാനും പൊറുക്കാനും ശീലിച്ച ഒരു വലിയ പാരമ്പര്യത്തിന്റെ , ആര്‍ജിത സംസ്കാരത്തിന്റെ വിശാല ഭൂമികയാണ് അത്. അതിനെ നാം നമിച്ചേ തീരു. മധ്യതിരുവിതാംകൂറിന്റെ കര്‍ഷക മനസ്സ് ജോസഫിന്റെ ആഗ്രഹത്തെ വരവേറ്റത് , നിനച്ചിരിക്കാതെ ഒരു തിരുപ്പിറവി ദിനം സമാഗതമായതിന്റെ ആഹ്ലാദ ആരവങ്ങളോടെ ആണ്. കൂട്ടം തെറ്റിപ്പോയ ഒരു കുഞ്ഞാട് അതിന്റെ മാതൃ സ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെ എങ്ങനെ അവഗണിക്കാനാവും ? പള്ളിയും പട്ടക്കാരനും മതവും ദൈവങ്ങളും ഒന്നുമില്ലാത്ത ഒരു പറ്റം ചെകുത്താന്മാരുടെ ഇടയില്‍ , അടിച്ചമര്‍ത്തപ്പെട്ട ആര്‍ത്തനാദവുമായി വേഴ്ച തുടങ്ങിയിട്ട് കാലം രണ്ടു ദശകം പിന്നിട്ടുവല്ലോ. വിങ്ങുന്ന ആ ഹൃദയം മാണി സാര്‍ കാണാതിരുന്നിട്ടല്ല. അവസരം കിട്ടിയില്ല, ചെന്നൊന്നു വിളിക്കാന്‍. പലതവണ ശ്രമിച്ചെങ്കിലും അപ്പോഴൊക്കെയും മറുവശത്ത് അധികാരത്തിന്റെ ആഘോഷം ആയിരുന്നു. ആഘോഷത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ മാണി സാറിന്റെ വിളി ജൊസഫ് കേട്ടില്ല. കേട്ടെങ്കില്‍ തന്നെ ആ ഭാവം നടിച്ചില്ല. അതിന്റെ ആവശ്യം അങ്ങേര്ക്കുണ്ടായിരുന്നില്ല. പിന്നെ മാണി സാറിന്റെ ഒരു കൊടും ശത്രുവിനെ ജൊസഫ് തന്റെ പാര്‍ട്ടിപ്പുരയില്‍ കയറ്റി പാര്‍പ്പിച്ചതിന്റെ കെറുവ് വേറെയും. മാണിച്ചായന്റെ മനസ്സിടിഞ്ഞു വീഴാന്‍ കാരണം വേറെ വല്ലതും വേണോ?
അധികാരത്തിന്റെ അഹങ്കാരം കൊടുമ്പിരി കൊള്ളുന്നതിനിടയിലാണ് ജോസഫിന് ഒരു പറ്റു പറ്റിയത്. ആകാശച്ചുഴി ജോസഫിന്റെ സ്ഥാനമാനങ്ങള്‍ക്ക് സൃഷ്ടിച്ച ഭ്രംശം ചില്ലറയൊന്നും ആയിരുന്നില്ല. ആ കലാകാരനായ രാഷ്ട്രീയക്കാരന്‍ പൊട്ടിത്തകര്‍ന്നു. പോലീസ്, കേസ്, കോടതി ഒരായുസ്സ് തന്നെ മാറ്റി വെക്കേണ്ടി വന്നു ആ നൂലാമാലകളില്‍ നിന്നുമൂരി പുറത്തേക്ക് ഒന്നെത്തിപ്പെട്ടു ശുദ്ധവായു ശ്വസിക്കാന്‍. അധികാരമൊക്കെ തിരിച്ചു കിട്ടിയെങ്കിലും പഴയ ശോഭ ഒട്ടുമുണ്ടായിരുന്നില്ല അതിന്. ഒരു മടുപ്പ്... ഒരു അലസത... ഒക്കെ മിഥ്യ ആണെന്ന ഒരു ചിന്ത... വിട്ടുപോയ തറവാടെ ശരണം എന്ന ഒരു നിലപാടിലേക്ക് എത്തിപ്പെടാന്‍ പിന്നെ ഏറെ സമയം വേണ്ടി വന്നില്ല. ജോസഫിന്റെ ഈ വീഴ്ച മാണിസാറിനു പെട്ടെന്ന് തന്നെ പിടികിട്ടി. ഇതാണ് സമയം. കൂട്ടം തെറ്റിപ്പോയവനെ തിരിച്ചു കൊണ്ടുവന്നു നേരിന്റെ വഴി കാട്ടി ആനയിച്ച് ഇരുത്താന്‍ ഉചിതമായ സന്ദര്‍ഭം ഇതാണ്. ജൊസഫ് അസ്വസ്ഥനാണ്. ഇടതു മുന്നണിയില്‍ പുകഞ്ഞു വ്യാപിച്ചു കൊണ്ടിരിക്കുന്ന അതൃപ്തിയുടെ അഗ്നികുണ്ടത്തില്‍ നിന്നും പോറല്‍ ഒന്നും പറ്റാതെ ജോസഫിനെ ചാടിച്ചു എടുക്കേണ്ടതുണ്ട്. മൂപ്പരെ കൂടെ കൂട്ടിയാല്‍ കോട്ടയം മാത്രമല്ല ഇടുക്കിയും തന്റെ കൂടെപ്പോരും എന്ന് മാണി സാറിന്റെ കുശാഗ്ര ബുദ്ധിയില്‍ തെളിഞ്ഞു കത്തി. യു. ഡി. എഫിലേക്ക് വിളിച്ചു കയറ്റാന്‍ വിചാരിച്ചാല്‍ നടക്കില്ല. അപ്പോള്‍ ലയിക്കണം. ഒരു തരി പോലും അവശേഷിപ്പിക്കാതെ ലയിപ്പിക്കണം. ഇതാഗ്രഹിക്കുന്നത് മാണിസാര്‍ മാത്രമല്ല. മധ്യ തിരുവിതാംകൂറിലെ മഹാ ഇടവകകളിലെ നല്ലിടയന്മാരും ഇതേ മോഹവും പേറി കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം എത്രയായെന്നോ. ഭിന്നിച്ചു നില്‍ക്കുന്ന കുഞ്ഞാടുകളെല്ലാം ഒന്നാവണം. അവര്‍ക്കൊക്കെ ഒരേ ലക്ഷ്യമാണ് ഇപ്പോള്‍ തന്നെ ഉള്ളത്. ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗവും ഒന്ന് മാത്രമായിരിക്കണം. പരസഹസ്രം വരുന്ന ക്രിസ്ത്യാനികളുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനം ലക്ഷ്യമിട്ട് അശ്രാന്ത പരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരോഹിതന്മാര്‍ക്കും രാഷ്ട്രീയോപജീവികള്‍ക്കും മാണി സാറും ജോസഫും കൂടി വിമോചനത്തിന്റെ പുതിയൊരു യുഗം കാട്ടിക്കൊടുക്കുകയാണ്.
അല്ലെങ്കിലും ഇടതു മുന്നണിയില്‍ ജൊസഫ് ഗ്രൂപ്പ് ഒരധിക പറ്റായിരുന്നു. മതേതരത്വത്തിന്റെ പതാക വാഹകര്‍ക്ക് , സാമുദായിക ശക്തികളുടെ പിന്‍ബലത്തോടെ രാഷ്ട്രീയം കളിക്കുന്ന കേരള കൊണ്ഗ്രസ്സുകാര്‍ ഇത്രയും കാലം എങ്ങനെ സ്വീകാര്യര്‍ ആയി എന്നതാണ് അത്ഭുതം. വോട്ടിന്റെ ബലത്തില്‍ അല്ലെ? അതുപക്ഷേ എത്രത്തോളം. ക്രിസ്ത്യാനികള്‍ക്കും ഇടതുപക്ഷത്തിനും ഇടയിലെ ഒത്തുതീര്‍പ്പിന്റെ പാലമായിരുന്നു ജൊസഫ് ഗ്രൂപ് എന്ന് ചിലരൊക്കെ പറയാറുണ്ട്. അതില്‍ വലിയ യുക്തിയൊന്നും ഞാന്‍ കാണുന്നില്ല. ക്രിസ്ത്യാനികള്‍ ഇടതുപക്ഷത്തോട് പ്രത്യേകിച്ച് സി.പി.എമ്മിനോട് പുലര്‍ത്തിപ്പോന്ന മനോഭാവത്തിനു ജോസഫിന്റെ സാന്നിധ്യം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും കാര്യമായ വ്യത്യാസങ്ങളൊന്നും വരുത്താന്‍ കഴിഞ്ഞിട്ടില്ല. ക്രിസ്ത്യാനികളിലെ ഒരു ന്യുനപക്ഷം , കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ രൂപീകരണ വേളയില്‍ തന്നെ , ആ പ്രസ്ഥാനത്തോട് അടുപ്പം വച്ച് പുലര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അത് തികച്ചും വ്യക്തിപരമായ ആദര്‍ശങ്ങളുടെയും , ആ പ്രത്യശാസ്ത്രം മുന്നോട്ടു വെക്കുന്ന ആശയങ്ങളിലെ ആകര്‍ഷണീയത കൊണ്ടും മാത്രമാണ്. അവരാകട്ടെ അക്കാരണം കൊണ്ട് തന്നെ സംഘടിത മതത്തില്‍ നിന്നും പുറം തള്ളപ്പെട്ടവരും ആയിരുന്നു. എന്നാല്‍ അവരുടെ പിന്‍ഗാമികള്‍ തങ്ങളുടെ അച്ഛനോ, മുത്തച്ചനോ, അമ്മാവന്മാരോ ചെയ്ത പിഴവിന് വലിയ തോതില്‍ പ്രായശ്ചിത്തം ചെയ്തു മതത്തിന്റെ കര്‍ശനമായ നിയന്ത്രണങ്ങളില്‍ ഭയന്ന് വിറച്ചു വളര്ന്നവരും ആയിരുന്നു. ജൊസഫ് എന്നല്ല അതിലും വലിയ രാഷ്ട്രീയക്കാര്‍ ശ്രമിച്ചാലും ക്രിസ്തീയ ഭൂരിപക്ഷത്തെ ഇടതുപക്ഷത്തിന്റെ പാതയിലൂടെ നടത്താന്‍ സാധിക്കും എന്ന് പറയുന്നത് അര്‍ത്ഥശൂന്യമായ വാദമാണ്. പള്ളിയും മത പൌരോഹിത്യവും പറയുന്നതിനപ്പുറത്തു അവര്‍ക്കെന്തു രാഷ്ട്രീയം? പള്ളിയുടെയും പുരോഹിതന്മാരുടെയും കൂറ് വലതുപക്ഷത്തോട് ആയിരിക്കുന്നിടത്തോളം കാലം കേരളത്തിലെ തൊണ്ണൂറ്റി അഞ്ചു ശതമാനം ക്രിസ്ത്യാനികളും ആ പ്രത്യയശാസ്ത്രത്തില്‍ തന്നെ ഉണ്ടുറങ്ങി ജീവിക്കും. അതുകൊണ്ട് ജോസഫുമായുള്ള ഈ കണ്ണ്പൊത്തിക്കളി ഇനി മതിയാക്കാം എന്നത് ഇടതുപക്ഷത്തിന്റെ പുതിയ നിലപാടായിരിക്കാം.
അവിയല്‍ക്കറിയില്‍ അലിയാതെ കിടക്കുന്ന പയര്‍ക്കഷണം ആയിരുന്നു സത്യത്തില്‍ ഇടതു കൂട്ടായ്മയില്‍ ജോസഫും ഗ്രൂപ്പും. അവര്‍ പുറത്തു പോകുന്നതോട് കൂടി സെകുലര്‍ രാഷ്ട്രീയ മൂല്യത്തിന്റെ കുടികിടപ്പവകാശം ഇടതു മുന്നണിക്ക് പൂര്‍ണ്ണമായും പതിച്ചു കിട്ടുകയാണ്. എന്തൊക്കെ മതേതരത്വം പറഞ്ഞാലും കേരള കൊണ്ഗ്രസ്സുകാര്‍ വര്‍ഗീയ പാര്‍ട്ടികള്‍ തന്നെയാണ്. മുസ്ലിം ലീഗ് ഇതു കാരണത്താല്‍ ആണോ സി.പി.എമ്മിന് തൊട്ടു കൂടാത്തവര്‍ ആകുന്നതു , അതെ കാരണങ്ങള്‍ കേരള കൊണ്ഗ്രസ്സുകളുടെ കാര്യത്തിലും നില നില്‍ക്കുന്നുണ്ട്. ക്രിസ്ത്യാനികളുടെ കാര്യം വരുമ്പോള്‍ വര്‍ഗീയത ആരോപിക്കപ്പെടാതെ പോകുന്നു എന്ന് മാത്രം. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച കാലം മുഴുവന്‍ പള്ളിക്കും പട്ടക്കാരനും അവരുടെ ആശയാദര്‍ശങ്ങള്‍ക്കും വേണ്ടി പരിപൂര്‍ണ്ണമായും ഉഴിഞ്ഞു വെക്കപ്പെട്ടതാണ് മാണിയുടെയും, ജോസഫിന്റെയും മറ്റും ജീവിതം. അതങ്ങനെ ആയി ചിത്രീകരിക്കപ്പെടാതെ പോകുന്നത് മാധ്യമങ്ങളില്‍ ഭൂരിപക്ഷവും അവര്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ സ്വാധീന വലയത്തില്‍ ആയതിനാലും, അല്ലാത്തവയെ വലതുപക്ഷ മൂല്യങ്ങള്‍ ഭരിക്കുന്നതിനാലും ആണ്. ജോസഫിന്റെ കൂറ് മാറ്റത്തിന് പിന്നിലും മതത്തിന്റെ ശക്തമായ ചരടുവലികള്‍ നടന്നതായി മനസ്സിലാക്കണം. മതം കൊണ്ട് കളിക്കുന്നവരെ വര്‍ഗീയ പാര്‍ട്ടിക്കാര്‍ എന്ന് വിളിക്കുന്നത് ഒരിക്കലും തെറ്റാവില്ല. ഒരു പക്ഷെ മുസ്ലിം ലീഗിനേക്കാള്‍ കൂടുതല്‍ വര്‍ഗീയ നിറം പടര്‍ന്നു കിടക്കുന്നത് ഈ കുഞ്ഞാടുകളുടെ ദേഹത്ത് ആണെന്ന് നിസ്സംശയം പറയാം.
യു.ഡി.എഫിന് അകത്തും ജോസഫിന്റെ വരവ് പൊട്ടിത്തെറികള്‍ സൃഷ്ടിച്ചിട്ടുണ്ട്. മാണി അതിശക്തമായി അമരത്ത് നിന്ന് നിയന്ത്രിക്കുന്നുണ്ടെങ്കിലും വഞ്ചി ഒരു കരയ്ക്കടുപ്പിക്കാന്‍ സാധിച്ചിട്ടില്ല. കേരള കൊണ്ഗ്രസ്സുകളുടെ ഈ ഏകീകരണം മധ്യ തിരുവിതാംകൂറിലെ തങ്ങളുടെ പ്രസക്തി നഷ്ട്ടപ്പെടുത്തിക്കളയുമോ എന്ന ഭയം കൊണ്ഗ്രസ്സിനെ അലട്ടുന്നുണ്ട്. കൊണ്ഗ്രസ്സിനെ മാത്രമല്ല മുന്നണിയിലെ മറ്റു പലരെയും ഇത് ആശങ്കപ്പെടുതുന്നുണ്ട്. ഏതായാലും ജൊസഫ് ഇടതുമുന്നണി വിട്ടു കഴിഞ്ഞു. മാണിയുമായി ഏതു നിമിഷവും ലയിച്ചു കളയാം എന്ന് വിചാരിച്ചു ഒരുമ്പെട്ടിറങ്ങിയ ജൊസഫ് ഇപ്പോള്‍ ആകെ വിഷണ്ണന്‍ആണ്. ഒടുവില്‍ ഇല്ലത്ത് നിന്നും പുറപ്പെട്ടു അമ്മാത്ത് എത്താത്ത അവസ്ഥ തനിക്കു വന്നു പിണയുമോ ? കാത്തിരുന്നു കാണാം ജോസഫേ ..... അല്ലാതെന്തു പറയാന്‍?
No comments:
Post a Comment