Monday, May 31, 2010

പൊള്ളുന്ന ഭൂമി

മണ്ണിനോടുള്ള മനുഷ്യന്‍റെ ആര്‍ത്തിക്കു അനാദികാലം തൊട്ടുള്ള പഴക്കമുണ്ട്.മനുഷ്യ വംശത്തിന്റെ നിലനില്‍പ്പിനും അതിജീവനത്തിനും മണ്ണിന്റെ പിന്‍ബലം അനിവാര്യമായിരുന്നു, ഏതു കാലഘട്ടത്തിലും. മഹാസംസ്കാരങ്ങള്‍ പിറവിയെടുത്തു വിരാജിച്ചതും ,അസ്തമിച്ചു ഒടുങ്ങിയതും മണ്ണിന്റെ നിറവിലേക്ക് ആയിരുന്നു. മനുഷ്യന്‍റെ മോഹങ്ങളെയും, ഇഷ്ടങ്ങളെയും, വാസനകളെയും കോപ താപങ്ങളെയും കണ്ണീരിനെയും ഒളിപ്പിച്ചു വെച്ചിരിക്കുന്നത് മണ്ണില്‍ ആണ്. മണ്ണിന്റെ ആന്തര സത്യമായ ഭൂമിയിലാണ്. ഭൂമിക്കു വേണ്ടിയുള്ള കലാപങ്ങള്‍ മനുഷ്യ ചരിത്രത്തിന്റെ മഹാകാലങ്ങളില്‍ എന്നും രക്ത ചൊരിച്ചലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ചക്രവര്‍ത്തിമാരും രാജാക്കന്മാരും പടയോട്ടം നടത്തിയതും തളര്‍ന്നു വീണതും അധികാരത്തിന്റെ ചെങ്കോല്‍ വീശിയതും മണ്ണിനു വേണ്ടിയായിരുന്നു. അതിന്റെ നിതാന്തമായ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അത്തരം പടയോട്ടങ്ങളെ ജീവന്‍ കൊടുത്തും , ശത്രു രാജ്യത്തിന്റെ സാധാരണക്കാരായ പൌരന്മാര്‍ തകര്‍ക്കാന്‍ ശ്രമിച്ചതും തങ്ങളുടെ നിലനില്‍പ്പിനു ആധാരമായ മണ്ണിന്റെ സംരക്ഷണത്തിന് വേണ്ടിയായിരുന്നു. മണ്ണിനായുള്ള ആ പോരാട്ടത്തിന്റെ കഥ ഇന്നും തുടരുകയാണ്. സാഹചര്യങ്ങളും വികാര വിചാരങ്ങളും കഥാപാത്രങ്ങളും മാറിയെങ്കിലും കഥയുടെ ആശയ ഗതിക്കു യാതൊരു വ്യതിയാനവും സംഭവിച്ചിട്ടില്ല എന്ന് മാത്രം. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ആധുനിക കേരളത്തിന്റെ ഏറ്റവും വലിയ ദുഃഖം ഭൂമിയാണ്‌. ഭൂമിക്കു വേണ്ടിയുള്ള സംഘര്‍ഷങ്ങളാല്‍ കേരളീയ സാമൂഹ്യ ജീവിതം കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു. ചെങ്ങറയിലും മൂലംപള്ളിയിലും വയനാട്ടിലും മൂന്നാറിലും കിനാലൂരിലും എല്ലാം കൊടുമ്പിരി കൊള്ളുന്നത്‌ ഭൂമിയുടെ അവകാശങ്ങളെ ചൊല്ലിയുള്ള ആക്രോശങ്ങള്‍ മാത്രം. ഒരു വശത്ത് സര്‍ക്കാരും , സര്‍കാരിന്റെ പിന്തുണയുള്ള ഭൂമാഫിയകളും ,മറുവശത്ത് ഏതൊരു വികസന പ്രവര്‍ത്തനങ്ങളുടെയും ഇരകളാക്കപ്പെടുന്ന പ്രദേശവാസികളും. കിനാലൂരിന്റെ കണ്ണീരാണ് ഇപ്പോള്‍ കേരളത്തില്‍ ഒഴുകുന്നത്‌. പ്രദേശത്ത് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യവസായ പദ്ധതികളുടെ ഭാഗമായി റോഡ്‌ വികസനം സാധ്യമാക്കുന്നതിന് വേണ്ടി ഏക്കര് കണക്കിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉയരുന്നത്. റോഡിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനു എതിരെ തദ്ദേശ വാസികള്‍ ചെറുത്തു നില്‍പ്പ് തുടങ്ങിയിട്ട് കാലമേറെ ആയി. ആ ചെറുത്തു നില്‍പ്പ് ഒടുക്കം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. നിരവധി പേര്‍ക്ക് പരിക്ക് പറ്റി. അതോടെ കിനാലൂരിലെ ഭൂസമരം കേരളം മുഴുവന്‍ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു.കോണ്ഗ്രസ്സും ലീഗും ബി.ജെ.പി.യും പോലുള്ള രാഷ്ട്രീയ കക്ഷികള്‍ മാത്രമല്ല, ജമാത്തെ ഇസ്ലാമിയെ പോലുള്ള സാമുദായിക സംഘടനകളും ഭൂസമരത്തില്‍ നാട്ടുകാരോടൊപ്പം ഉണ്ട്. ഏതെങ്കിലും ഒരു കാലത്ത് നടപ്പിലാകും എന്നാ പ്രതീക്ഷ മാത്രമുള്ള ഒരു വ്യവസായ സംരഭത്തിനു വേണ്ടി അനേകായിരം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു റോഡ്‌ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതിന്‌ എതിരെ ഉയര്‍ന്നു വന്ന പ്രതിഷേധ കൊടുംകാറ്റ് വികസന പ്രണയേതാക്കളും വികസന വിരുദ്ധരും തമ്മിലുള്ള സംഘട്ടനമായി ചിത്രീകരിക്കപ്പെടുകയാണ്. കിനാലൂരില്‍ എന്ത് വ്യവസായമാണ്‌ സര്‍ക്കാര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്?പലതിനെക്കുറിച്ചും പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് സ്ഥാപിക്കാന്‍ പോകുന്നത്?കിനാലൂരിലും പരിസര പ്രദേശങ്ങളിലും ഉള്ള ഭൂമി വന്‍തുക മുടക്കി വാങ്ങിക്കൂട്ടിയ വ്യക്തികളുടെ ലക്‌ഷ്യം എന്താണ്? അവര്‍ക്ക് സര്‍ക്കാരിന്റെയും സര്‍ക്കാരിനെ നയിക്കുന്ന മന്ത്രിസഭയിലെ ചില അംഗങ്ങളുടെയും , മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുക്കുന്ന സി.പി.എം എന്ന പാര്‍ട്ടിയുടെ ഉന്നതരായ ചില നേതാക്കളുടെയും സഹകരണവും ഒത്താശയും ലഭ്യമാകുന്നുണ്ടെന്ന ഊഹാപോഹങ്ങളും കിനാലൂരില്‍ മാത്രമല്ല കേരളം മുഴുവന്‍ പ്രചരിക്കുന്നതിന്റെ വാസ്തവം എന്താണ്? ഈ ആരോപണം വസ്തുതകള്‍ക്ക് നിറക്കുന്നതാണ് എങ്കില്‍ സി.പി.എമ്മും ഭൂ മാഫിയയും തമ്മിലുള്ള അകമഴിഞ്ഞ രഹസ്യ സഹകരണത്തിന്റെ പിന്നിലുള്ള ചേതോവികാരം എന്താണ്? ഒന്നുറപ്പ്. ആ ബന്ധം ഒരു കാരണവശാലും രാഷ്ട്രീയ പരമായിരിക്കില്ല. കിനാലൂര്‍ ഉയര്‍ത്തി വിടുന്ന സംശയങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും വിരുദ്ധ ദിശകളില്‍ ആണ് നിലയുറപ്പിക്കുന്നത് എന്ന് അവരുടെ പ്രസ്താവനകള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഈ വൈരുധ്യവും ജനങ്ങളില്‍ അത്ര നല്ലതല്ലാത്ത ഒരു പ്രതിച്ചായ സര്‍ക്കാരിനെതിരായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. നാടിന്റെ വികസനത്തിന്‌ ഇടുങ്ങിയ നമ്മുടെ പാതകള്‍ വന്‍ തടസ്സമാണ് സൃഷ്ടിക്കുന്നത്. ദേശീയപാതകള്‍ പോലും വികസനത്തിന്റെ കാലൊച്ച കാതോര്‍ത്തു കിടക്കുകയാണ്. ഇടുങ്ങിയ റോഡുകളിലൂടെ എന്തായാലും പുരോഗതിയുടെ ഭാരവണ്ടി കടന്നു പോവുകയില്ല. അത് വാസ്തവം. പക്ഷെ വികസനം എന്ന ലക്ഷ്യത്തിനു വേണ്ടി , ഒരു പറ്റം ജനങ്ങളുടെ ആവാസ വ്യവസ്ഥയിലേക്കു പെട്ടെന്നൊരു സുപ്രഭാതത്തില്‍ ആക്രമിച്ചു കയറുന്നത് നീതീകരിക്കാവുന്നതാണോ? ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്നും നിനച്ചിരിക്കാതെ ഒരു ദിനം ആട്ടിയിറക്കപ്പെടുമ്പോള്‍ അത് പകരുന്ന വേദന എത്രമാത്രം തീവ്രമായിരിക്കും? സ്വപ്‌നങ്ങള്‍ സ്വരുക്കൂട്ടി വെച്ച, ആഗ്രഹങ്ങളുടെ വിത്ത് പാകി മുളപ്പിച്ച , സുരക്ഷിതത്വ ബോധത്തിന്റെ ആത്മഹര്‍ഷം കിളച്ച്‌ എടുത്ത ആ ഒരു പിടി മണ്ണില്‍ നിന്നും പറിച്ചു നടപ്പെടെണ്ടിവരുന്ന അവസ്ഥ ഭീകരമാണ്. മനുഷ്യത്വം മരവിച്ചു പോകതവര്‍ക്ക് മാത്രമേ ആ വേദനയും ദൈന്യതയും ഉള്‍ക്കൊള്ളാന്‍ ആവൂ. മരവിപ്പ് ബാധിക്കാത്ത കുറച്ചെങ്കിലും പേര്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തില്‍ ഇരിക്കുന്നത് കൊണ്ടാണ് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സംസ്ഥാനമാകെ നാല്പത്തിയഞ്ച് മീറ്റര്‍ വീഥിയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച നാലുവരിപ്പാത , മുപ്പതു മീറ്റര്‍ ആക്കി ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ആ തീരുമാനത്തിന് വമ്പിച്ച ജന പിന്തുണ ആര്‍ജ്ജിക്കാന്‍ സാധിച്ചത്. [എന്നാല്‍ എന്റെ ഈ നിഗമനം തിരുത്താന്‍ കാലമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാലുവരിപ്പാതയുടെ കാര്യത്തില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളില്‍ ഒരു വീണ്ടു വിചാരം നടന്നു കൊണ്ടിരിക്കുകയാണ്. പേടി തോന്നുന്നു, ശരിക്കും. ജനങ്ങള്‍ക്ക്‌ വേണ്ടി വാദിക്കാന്‍ ആരും ഇല്ലാതാവുകയാണോ? ഭരണപക്ഷ പ്രതിപക്ഷ ഭേദമെന്യേ റോഡ്‌ വികസനത്തില്‍ ഏവരും ഒറ്റക്കെട്ടാണ്. പണക്കാരന്‍ മാത്രം അസ്ത്ര വേഗത്തില്‍ സഞ്ചരിച്ചാല്‍ മതിയെന്നാണോ? വീടും കുടിയും നഷ്ടപ്പെട്ട്പാവപ്പെട്ടവന്‍ എവിടെയെങ്കിലും കിടന്നു അഴുകി ത്തീരുന്നത് ജനാധിപത്യത്തിന്റെ നിര്‍വ്വഹണത്തില്‍ ശരിയോ തെറ്റോ എന്ന് രാഷ്ട്രീയക്കാര്‍ പറയട്ടെ.]ഇവിടെയാണ്‌ കിനാലൂരിന്റെ വേദന പങ്കിട്ടെടുക്കാന്‍ നാം നിര്‍ബന്ധിതരാകുന്നത്.

കിനാലൂരില്‍ മത വര്‍ഗീയ ശക്തികളും ഇടതുപക്ഷ തീവ്രവാദത്തിന്റെ വക്താക്കളും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുമായി കൈകോര്‍ത്തു എന്നുള്ളത് വാസ്തവമാണ്. അതൊരിക്കലും വളര്‍ന്നു വരാന്‍ പാടില്ലാത്ത ബന്ധവുമാണ്. അതുകൊണ്ട് തന്നെ പുതിയൊരു നന്ദിഗ്രാമിന്റെ സാധ്യത സി.പി.എം. ചൂണ്ടിക്കാണിക്കുന്നത് നമുക്ക് തള്ളിക്കളയാന്‍ ആവില്ല. ഇവിടെ നാം ഒരു കാര്യം മനസ്സിലാക്കണം. അസഹ്യമായ അവഗണന അനുഭവിക്കുന്നവര്‍ , തങ്ങളെ സഹായിക്കാന്‍ സമീപിക്കുന്നവരുടെ ജാതിയോ മതമോ രാഷ്ട്രീയം ഒട്ടും പരിഗണിക്കില്ല. ആ കൈകളിലേക്ക് വീണ് ആശ്വാസം അനുഭവിക്കാന്‍ വെമ്പല്‍ പൂണ്ടിരിക്കുകയെ ഉള്ളു. സി.പി.എമ്മിനെപ്പോലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ചുടു നിശ്വാസത്തിന്റെ തീക്ഷ്ണത തൊട്ടറിഞ്ഞ ഒരു പ്രസ്ഥാനം തങ്ങളുടെ ദൌത്യ നിര്‍വ്വഹണത്തില്‍ നിന്നും വഴിമാറി സഞ്ചരിക്കുമ്പോള്‍ സാധാരണക്കാര്‍ പിന്നെ ആരെ ആശ്രയിക്കും? അവന്റെ സ്നേഹത്തിന്റെ അഗാധത അനുഭവിക്കാനുള്ള ഭാഗ്യം സി.പി.എമ്മിനെ കൈവിടുമ്പോള്‍ , അതിന്റെ പങ്കുപറ്റാന്‍ മത വര്‍ഗ്ഗീയ തീവ്രവാദ ശക്തികള്‍ നുഴഞ്ഞു കയറും. ഈ സന്ദര്‍ഭത്തില്‍ അവരെ പ്രതിരോധിക്കേണ്ടത് സി.പി.എമ്മിനെ പോലുള്ള കക്ഷികളുടെ ഉത്തരവാദിത്തമാണ്. ആ വാക്കുകള്‍ വെറും വാക്കുകള്‍ കൊണ്ടാവരുത്. നിസ്വപക്ഷത്തോട് ചേര്‍ന്ന് നിന്ന് അവന്റെ ഭീതിയകറ്റി, ആശ്വാസത്തിന്റെ തണല്‍ മരമായിക്കൊണ്ടാവണം. അവന്റെ സ്വപ്നങ്ങളെ ചവിട്ടിക്കുഴയ്ക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ ഉപേക്ഷിച്ചുകൊണ്ടാവണം. മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ പരാജയപ്പെട്ടിടത്താണ് ചിദ്രശക്തികള്‍ ഇടം കണ്ടെത്തി ആധിപത്യം സ്ഥാപിക്കുന്നത്. ബംഗാളിലെ സി.പി.എം വൈകിയാണെങ്കിലും ഈ സത്യം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

കിനാലൂരില്‍ ഇടപെട്ട ഓരോരുത്തര്‍ക്കും ഓരോ അജണ്ടയുണ്ട്. ഭരണപക്ഷത്തിനായാലും പ്രതിപക്ഷത്തിനായാലും വര്‍ഗീയശക്തികള്‍ക്കായാലും അവര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന അജണ്ട ഒരു സാമൂഹ്യ നിരീക്ഷകനെ സംബന്ധിച്ചിടത്തോളം പേടിപ്പെടുത്തുന്ന ഒന്നാണ്. അതിനാല്‍ ഇവിടെ ഒരു സമവായമാണ് ആവശ്യം. രക്തമൊഴുക്കാത്ത ഒരു ഗാന്ധിയന്‍ രീതി. അതിനു മാത്രമേ ഏതൊരു നാട്ടിലെയും ഭൂപ്രശ്നങ്ങളെ പരിഹരിക്കുവാന്‍ കഴിയുകയുള്ളൂ. സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കാന്‍ പോകുന്ന സര്‍വ്വകക്ഷി യോഗത്തില്‍ അഭിപ്രായ സമന്വയത്തിന്റെ പുതിയ ഒരു പാഠം നിര്‍മ്മിക്കാന്‍ കഴിയണം. ഇവിടെ മുഖ്യമന്ത്രിയുടെ ശൈലിയാണ് ശ്രദ്ധേയം. സമന്വയത്തിന്റെ ഭാഷ ആ അനുഭവ സമ്പന്നനായ രാഷ്ട്രീയ നേതാവിന് വശമുണ്ട്. അതുകൊണ്ട് തന്നെ വി.എസ്സില്‍ നമുക്ക് ഇനിയും പ്രതീക്ഷകള്‍ അര്‍പ്പിക്കാം.

No comments:

Post a Comment