അമിതാബ് ബച്ചന് ഒരാഗ്രഹം, കേരളാ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിദര്‍ ആകാന്‍. ജോണി ലൂക്കോസ് എന്ന മനോരമക്കാരന്‍ തന്റെ ടെലിവിഷന്‍ അഭിമുഖ പരിപാടിക്കിടയില്‍ ചോദ്യമെറിഞ്ഞു കുടുക്കിയതാണ് ബച്ചനെ. സര്‍ക്കാരിന് സമ്മതം ആണെങ്കില്‍ താനും റെഡി എന്ന ബച്ചന്റെ മറുപടി മനോരമ ആഘോഷിച്ചു. മനോരമയുടെ ആഘോഷം കണ്ട്കയ്യും കെട്ടി നോക്കിയിരിക്കാന്‍ കോടിയേരിക്ക് കഴിഞ്ഞില്ല. അങ്ങേര്‍ക്കു അല്ലെങ്കിലും സിനിമാക്കാരോട് പറ്റു ഇത്തിരി അധികമാണ്. ഒരു പക്ഷെ മകന്‍ ചില സിനിമകളില്‍ ഒക്കെ മുഖം കാണിച്ചതിന്റെ പുളിപ്പ് ആണോ എന്നറിഞ്ഞൂടാ. ബച്ചന്റെ ആഗ്രഹം കോടിയേരിയെ ആവേശഭരിതനാക്കി. ഉടന്‍ പോയി ടൂറിസം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ബച്ചനെ ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോഗിക ഇണ്ടാസ്. ഒരു കാര്യം ഇവിടെ ആലോചിക്കണം. ശുദ്ധ ജല ദൌര്‍ലഭ്യത്താലും , മാലിന്യത്താലും വിലക്കയറ്റത്താലും മറ്റും വലയുന്ന പൊതു ജനം സെക്രട്ടരിയെട്ടിന്ടെയും കലക്ട്രെട്ടിന്ടെയും പടിവാതില്‍ക്കല്‍ ചുട്ടു പൊള്ളുന്ന വെയിലത്ത് തൊണ്ട കാറി വിളിച്ചാലും കനിയാത്ത സര്‍ക്കാര്‍ ദൈവം ബച്ചന്റെ ഉത്തരം കേട്ട പാതി കേള്‍ക്കാത്ത പാതി ചാടി വീണു കാര്യങ്ങള്‍ ഒറ്റയടിക്കങ്ങ് തീരുമാനിച്ചു കളഞ്ഞു. സര്‍ക്കാരിന്റെ കത്ത് ബച്ചന് കിട്ടി. മൂപ്പര്‍ക്ക് പൂര്‍ണ്ണ സമ്മതം. അനന്തര നടപടികള്‍ സംസാരിച്ചു അംബാസിദര്‍ പദവി ഏറ്റെടുത്തു ദൈവത്തിന്റെ സ്വന്തം നാടിനെ താരത്തിന്റെ സ്വന്തം നാടാക്കിക്കളയാം എന്ന് ബച്ചന്‍ മറു കുറിപ്പെഴുതി. സര്‍ക്കാര്‍ ആകട്ടെ ബച്ചന്റെ അനുകൂല സമീപനത്തില്‍ പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നം കണ്ടു. സംഭവം അതുവരെ ശാന്ത ഗംഭീരം ആയിരുന്നു. ഇതിനിടെ ഗുജറാത്ത് സംസ്ഥാനത്തിന്റെ അംബാസിദര്‍ പദവി ഏറ്റെടുത്തു കഴിഞ്ഞ ബച്ചനെ, ഒരു ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിന്റെ എന്നാല്‍ ഉള്ള ഒരാള്‍ ഒര്രലെങ്കിലും ഒരാള്‍ ഒരാള്‍ പുരോഗമന ചിന്താഗതിക്കാര്‍ നെറ്റി ചുളിച്ചത് ആരും കണ്ടില്ല. ബച്ചനെ കിട്ടുന്ന ആവേശത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംഘ പരിവാര്‍ വിരോധികള്‍ ആയ സി. പി. എം. മന്ത്രിമാര്‍ പോലും ഗുജറാത്തിനെയും നരേന്ദ്ര മോഡിയെയും ഒക്കെ വിസ്മരിച്ചു കളഞ്ഞു.
എന്നാല്‍ ഓര്‍മ്മകളുള്ള ഒരാളെങ്കിലും ഡല്‍ഹിയില്‍ ഉണ്ടായി. സീതാറാം യെച്ചൂരി. ബച്ചനെ കേരളത്തിന്റെ അംബാസിദര്‍ ആക്കുന്നതില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ എതിര്‍പ്പ് യെച്ചൂരി തുറന്നു പറഞ്ഞു. കൊടിയേരിക്കും സി.പി.എം. സംസ്ഥാന ഘടകത്തിനും അപ്പോഴാണ് ബോധം വീണ്ടു കിട്ടിയത്. ബച്ചന് പുതിയ പദവി നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ച് സര്‍ക്കാര്‍ പ്രശ്നത്തില്‍ നിന്നും പതുക്കെ തലയൂരി. സംഗതി അറിഞ്ഞു പഴയ രോഷാകുലനായ ചെറുപ്പക്കാരന്‍ അറുപത്തിയഞ്ചിന്റെ വാര്‍ധക്യത്തില്‍ തന്റെ ബ്ലോഗിലൂടെ തീ തുപ്പി. പ്രതിപക്ഷം സര്‍ക്കാരിന്റെ നീതികേടിനെതിരെ പന്തം കൊളുത്തി നോക്കി. പക്ഷെ ബച്ചന്‍ കോണ്ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തന്നെ അപ്രീതിക്ക് പാത്രമായ ഏറ്റവും പുതിയ വാര്‍ത്തകള്‍ പുറത്തു വന്നതോടെ സംസ്ഥാന നേതൃത്വത്തിന് മിണ്ടാട്ടം അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ ബച്ചന്‍ പ്രശ്നം ആര്‍ക്കും ഒരു നീറുന്ന വിഷയമേ അല്ല. വിഷയമായിട്ടുള്ളതും, അതിന്റെ ചൂടാറാന്‍ വിടാതെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതും ഏതാനും ചില മാധ്യമങ്ങള്‍ മാത്രമാണ്; പിന്നെ സംഘ പരിവാര്‍ സംഘടനകളും.
അല്ലെങ്കിലും ബച്ചന്റെത് ഒരു അതിമോഹം ആയിരുന്നു. ഗുജറാത്ത് പോലുള്ള ഒരു സംസ്ഥാനത്തിന്റെ അംബാസിദര്‍ പദവി ഏറ്റെടുത്ത ഒരാള്‍ക്ക് കേരളം ഒരിക്കലും കൈ എത്തി പിടിക്കാന്‍ ആവാത്ത അകലത്തില്‍ ആയിരിക്കും എന്ന് തിരിച്ചറിയേണ്ടതായിരുന്നു. ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നത്. ഇന്ത്യയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറെ സജീവമായി ഇടപെടുകയും കൃത്യമായ പ്രതികരണങ്ങളിലൂടെ തങ്ങളുടെ നിലപാട് സുവ്യക്തമാക്കുകയും ചെയ്യുന്ന സി.പി.എം. ആണ് ആ ഭരണത്തിന് നേതൃത്വം കൊടുക്കുന്നത്. ആ പാര്‍ട്ടിക്ക് ഒരിക്കലും ഉള്‍ക്കൊള്ളുവാന്‍ ആവാത്ത ഒരാശയ ഭൂമികയില്‍ നില്‍ക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ ഭരണ നേതൃത്വം വഹിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഭരണാധിപന്‍ ആകട്ടെ നരേന്ദ്ര മോഡിയും. ഈ രാജ്യത്ത് ബീഭത്സമായ വിധത്തില്‍ വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കിയ ഒരു ഭരണാധികാരി. ഇന്ത്യയുടെ മതേതര പ്രതിച്ചായയ്ക്ക് സാരമായ പോറല്‍ ഏല്‍പ്പിച്ച വ്യക്തി. വാള്‍ തലപ്പില്‍ ഒരു പ്രത്യേക സമുദായത്തിന്റെ ചോരയും മാംസവും കൊരുത്തെടുത് കൊല വിളി നടത്തി നീങ്ങിയ സാമൂഹ്യ വിരുദ്ധരെ വഴിവിട്ടു പ്രോത്സാഹിപ്പിച്ചതിന് ഇന്നും നിയമത്തിന്റെ മുന്നില്‍ വിചാരണയ്ക്ക് വിധേയനാവാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്ന ഒരാള്‍. അങ്ങനെയുള്ള നരേന്ദ്ര മോഡി വാഴുന്ന ഒരു സംസ്ഥാനത്തിന്റെ പതാക വാഹകനായ അമിതാബ് ബച്ചനെ കേരളത്തിന്റെ ശാലീന സുന്ദരമായ പ്രകൃതിയും, മതേതരമായ മനസ്സും ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിക്കൊടുക്കാനുള്ള ചുമതല നല്‍കാന്‍ ആലോചിച്ചത് തന്നെ പൊറുക്കാനാവാത്ത തെറ്റ്. പുറമേക്ക് ശാന്തമെങ്കിലും ഉള്ളില്‍ അസഹിഷ്ണുതയുടെ വേരുകള്‍ ആഴത്തില്‍ പടര്‍ന്നു കിടക്കുന്ന ഗുജറാത്ത് ഇന്ത്യയുടെ വേദനയാണ്. എന്തോ ആയിക്കോട്ടെ സി.പി.എം. കുറച്ചു വൈകിയാണെങ്കിലും തെറ്റ് തിരുത്തി. ഇവിടെ സി.പി.എമ്മിനെ ആക്ഷേപിക്കുന്നവര്‍ ഒരു കാര്യം തിരിച്ചറിയണം. പാര്‍ട്ടിയുടെ പ്രഖ്യാപിത ശത്രുക്കള്‍ തന്നെയാണ് ഇന്നും ബി.ജെ.പി.ആ ശത്രുക്കള്‍ക്ക് സ്തുതി പാടുന്ന ഒരാളെ പാര്‍ട്ടിക്ക് എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും? പോരാത്തതിന് അവസരവാദപരമായ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് പലപ്പോഴും ആരാധകരെപ്പോലും അമ്പരപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്ത ബച്ചനെ.
മറ്റൊരു സത്യം കൂടി നാം തിരിച്ചറിയണം. കേരളത്തിന്റെ ടൂറിസത്തിന് വളരാന്‍ ബച്ചന്റെ സഹായം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഇവിടത്തെ പല ടൂറിസം സ്പോട്ടുകളും ലോകത്തിന്റെ കണ്ണില്‍ പ്രധാനപ്പെട്ട സ്ഥാനം അലങ്കരിക്കുന്നുണ്ട്. ലോകത്തിലെ വിഖ്യാതമായ പല മാസികകളിലും , ഇന്റര്‍നെറ്റ് സൈറ്റുകളിലും കുമരകം ഉള്‍പ്പെടെയുള്ള കേരളത്തിലെ സ്ഥലങ്ങള്‍ വിനോദ സഞ്ചാരികള്‍ ആവശ്യം യാത്ര ചെയ്തിരിക്കേണ്ട പ്രധാന ഇടങ്ങളായി എടുത്തു പറഞ്ഞിട്ടുമുണ്ട്. അമേരിക്കയിലെയും, ഫ്രാന്‍സിലെയും ബ്രസീലിലേയും മറ്റും സായ്പ്പന്മാര്‍ക്ക് ബച്ചന്‍ പറഞ്ഞിട്ട് വേണ്ട കേരളത്തിലേക്കുള്ള യാത്ര തീരുമാനിക്കാന്‍ എന്ന് ചുരുക്കം. മാത്രമല്ല പ്രതിഫലം ഒന്നും ഇച്ച്ചിക്കാതെ ആവില്ലല്ലോ ബച്ചന്‍ തന്റെ പുതിയ ദൌത്യവും പേറി കേരളത്തിലേക്ക് യാത്ര പുറപ്പെടാന്‍ ഒരുങ്ങിയിട്ടുണ്ടാവുക. വെറുതെ എന്തിനു ആ കോടികള്‍ പാഴാക്കണം. ആ പണം കൊണ്ട് അടിസ്ഥാന സൌകര്യ വികസനം ഏര്‍പ്പെടുത്തിയാല്‍ വരുന്ന സഞ്ചാരികള്‍ക്ക് അത്രയെങ്കിലും പ്രയോജനപ്പെടും. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഇന്ത്യക്കാര്‍ക്ക് ആവേശം ആണെന്ന് കരുതി , ടൂറിസം പോലുള്ള ഒരു രാജ്യാന്തര പദ്ധതിയുടെ ആവിഷ്കര്താവ് ആകാന്‍ ബച്ചന് എന്ത് യോഗ്യതയാണുള്ളത്?
ബച്ചനെ ഉപേക്ഷിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയമായ നീതികേടോ , സത്യസന്ധത ഇല്ലായ്മയോ ഒന്നുമല്ല. മറിച്ച് വ്യക്തമായ നിലപാടുള്ള ഒരു പാര്‍ട്ടിയുടെ സുചിന്തിതവും അനുകരണാത്മകവുമായ രാഷ്ട്രീയ ധീരതയും, രാഷ്ട്ര ബോധവും ആണത്. മതേതരവും , ജനാധിപത്യപരവുമായ ജീവിതം നയിക്കുന്ന ഓരോ മലയാളിക്കും ഇടതുപക്ഷത്തോടുള്ള ആത്മ ബന്ധം ഈ സംഭവത്തോടെ ഒന്ന് കൂടി ശക്തിപ്പെട്ടിട്ടുണ്ടാവണം. തീര്‍ച്ച
No comments:
Post a Comment