Monday, April 19, 2010

തരൂര്‍ സായ്പ്പിന്റെ ഫിഫ്ടി ഫിഫ്ടി




ശശി തരൂരും ലളിത് മോഡിയും തമ്മില്‍ കൊച്ചി ഐ. പി. എല്‍. ടീമിന്‍റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട വിവാദം ഒരു കണക്കിന് നന്നായെന്നു പറയാം. ഐ.പി.എല്‍ എന്ന ആര്‍ഭാട ക്രിക്കറ്റിന്റെ ജീര്‍ണ്ണിച്ച മുഖം വെളിപ്പെടുവാന്‍ അതേറെ ഉപകരിച്ചിരിക്കുകയാണ്. പണത്തിന്റെയും പെണ്ണിന്റെയും ഒഴുക്കും കൊഴുപ്പും കൊണ്ട് അടിമുടി പൂതല്‍ ബാധിച്ച ഒരു കായികാഭ്യാസമായി ക്രിക്കറ്റിനെ മാറ്റി തീര്‍ത്തതിനു ബി. സി.സി.ഐ ക്ക് ഒരു പക്ഷെ കുറ്റബോധമൊന്നും തോന്നുന്നുണ്ടാവില്ല. കാരണം പണം കൊണ്ട് നാണം മറയ്ക്കാവുന്ന കാലമാണല്ലോ ഇത്. ക്രിക്കറ്റ്‌ എന്ന മാന്യന്മാരുടെ കളിയെ , ഏതാനും അമാത്യന്മാരുടെ അമാന്യമായ കളിയാക്കി അധപതിപ്പിച്ചതിനു ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡും അതിന്റെ മേലധികാരികളും കണ്ണീരൊഴുക്കി പിഴ ചൊല്ലേണ്ടത് , ക്രിക്കറ്റിനെ ആത്മാര്‍ഥമായി ജീവന് തുല്യം സ്നേഹിക്കുന്ന ഇന്ത്യക്കാരന്റെ ആവശ്യമാണ് എന്നത് ഇവിടെ ആരും ഓര്‍ക്കാന്‍ വഴിയില്ല. കാരണം എല്ലാവരും ഐ.പി.എല്ലിന്റെ പളപളപ്പില്‍ മൂടും കുത്തി വീണിരിക്കുകയാണല്ലോ. പൂവര്‍ ഇന്ത്യന്‍സ്! കൊച്ചിക്ക്‌ , അതുവഴി കേരളത്തിന്‌ എന്തിനു ഒരു ഐ. പി. എല്‍ ടീം എന്ന് ചോദിച്ചാല്‍ , ചോദിക്കുന്നവനെ രാജ്യദ്രോഹിയായി മുദ്ര കുത്തുന്ന കാലമാണിത്. ഭൂരിപക്ഷത്തിന്റെ സ്തുതി ഗീതങ്ങള്‍ക്ക് നേരെ ഉയരുന്ന എതിര്‍പ്പിന്റെ ചെറിയ സ്വരങ്ങള്‍ തീവ്രമായി നിരോധിക്കപെടുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യം കേരളത്തില്‍ രൂപം കൊണ്ടിട്ടു കാലം കുറച്ചായി. മുപ്പത്തിയഞ്ചു ശതമാനം ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ കിടന്നു ചക്രശ്വാസം വലിക്കുന്ന ഒരു നാട്ടിലാണ് കോടികളുടെ കണക്കുകള്‍ നിരത്തി സമ്പന്നര്‍ മതിമറക്കുന്ന ക്രിക്കറ്റിന്റെ പേരില്‍ രാജ്യ സ്നേഹം പ്രകടിപ്പിക്കേണ്ടി വരുന്നത് എന്നത് എന്തൊരു വിരോധാഭാസമാണ്. കേരളത്തില്‍ ഒരു ഐ. പി. എല്‍. ടീം സാക്ഷല്‍ക്കരിക്കപ്പെട്ടു കാണാന്‍ ആഗ്രഹിക്കുന്ന യഥാര്‍ത്ഥ മലയാളികള്‍ എത്ര പേരുണ്ട്? ചെറുപ്പത്തിന്റെ പുളപ്പില്‍, കൂട്ടം ചേരലിന്റെ വ്യര്‍ഥമായ സാഹസികതയില്‍ സ്വയം മറക്കുന്ന കുറച്ചു യുവാക്കള്‍. അവരുടെ ആഗ്രഹമാണോ കേരളത്തിന്റെ പൊതുവായ വികാരമായി പലരും ഉയര്‍ത്തിക്കാണിക്കുന്നത്. സാധാരണക്കാരനായ മലയാളിക്കറിയാം , ഐ.പി.എല്‍. വഴി ആരാണ് നേട്ടങ്ങള്‍ സമ്പാദിക്കുന്നത് എന്ന്. വ്യാപാര ലക്ഷ്യം മുന്‍നിര്‍ത്തി മാത്രമാണ് ഐ. പി. എല്‍ എന്ന കായികാഭാസം ആരംഭിച്ചത്. മറ്റു പല സ്പോര്‍ട്സ് ഇനങ്ങളും അതിജീവനത്തിനായി കൈകാലിട്ടടിക്കുന്ന ഇന്ത്യയില്‍ ക്രിക്കറ്റ്‌ മാത്രം തടസ്സമേതും ഇല്ലാതെ തഴച്ചു വളരുന്നതിന് പിന്നില്‍ പണത്തിന്റെ അനിയന്ത്രിതമായ കുത്തൊഴുക്ക് മാത്രമാണ് ഉള്ളത്. വ്യവസായ ഭീമന്മാരും, സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്ന ഇന്ത്യയിലെ പുതിയ അഭിജാത വര്‍ഗം ക്രിക്കറ്റിനെ ചുറ്റിപ്പറ്റി കെട്ടിപ്പടുത്ത സ്വപ്നമാളികയുടെ നിര്‍മ്മാണം ത്വരിത ഗതിയില്‍ പൂര്‍ത്തിയാക്കുന്നതിനായി ചുട്ടെടുത്ത സാമഗ്രിയാണ് ഐ.പി.എല്‍. ക്രിക്കറ്റിനെ സ്വന്തം ജീവനെക്കാളേറെ സ്നേഹിക്കുന്ന ഭാരതീയന്റെ വികാരങ്ങളെ മൃഗീയമായി ചൂഷണം ചെയ്തു കൊദീശ്വരന്മാരാവുക എന്ന ലക്‌ഷ്യം ഈ ഉന്നത വര്‍ഗ്ഗത്തെ ഐ.പി.എല്ലില്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ഉള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നു. അയ്യായിരം കോടിയില്‍ അധികം ആസ്തിയുള്ളവര്‍ക്ക് മാത്രമേ ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുക്കാനുള്ള അനുമതിയുള്ളൂ എന്ന വസ്തുത തന്നെ ഈ പുതിയ ക്രിക്കറ്റ്‌ പരിപ്രേഷ്യതിന്റെ ധനാര്‍ത്തി വ്യക്തമാക്കും. മലയാളിയും സ്വന്തമായി ഒരു ഐ.പി.എല്‍ ടീം മോഹിച്ചതില്‍ കുറ്റം പറയാനാവില്ല. കോടികളെടുത്ത്‌ അമ്മാനമാടാന്‍ പാങ്ങുള്ള വന്‍കിട കോര്‍പരെട്ട്‌ ശക്തികള്‍ മുറ്റി വളര്‍ന്നിട്ടില്ലാത്ത കേരളത്തിന്‌ ആ മോഹം സഫലമാകുമോ എന്ന സംശയമുണ്ടായിരുന്നു. മാത്രമല്ല, പണമിറക്കി കളിച്ചാല്‍ , ഇറക്കിയതിന്റെ പത്തിരട്ടി തിരിച്ചു പിടിക്കണം എന്ന് വാശിയുള്ള മലയാളിക്ക് ഐ.പി.എല്‍ കേട്ടറിവ് മാത്രമുള്ള സംഗതിയായത്‌കൊണ്ട് പെട്ടെന്ന് അതിലേക്കു എടുത്തു ചാടി കൈ പൊള്ളിക്കാനും മനസ്സില്ലായിരുന്നു. എന്നാല്‍ രണ്ടായിരത്തി പത്തില്‍ കേരളം ഐ. പി.എല്‍. മോഹം സാക്ഷാല്‍ക്കരിച്ചു. വന്‍കിട വ്യവസായ ഭീമന്മാരുടെ ഒരു സംഘം , മാര്‍ച്ചില്‍ നടന്ന ലേലത്തില്‍ തികച്ചും അപ്രതീക്ഷിതമായി കൊച്ചി കേന്ദ്രമാക്കി ഒരു ഐ.പി. എല്‍ ടീം വിളിചെടുക്കുകയായിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ നയതന്ത്ര പ്രവര്‍ത്തനങ്ങളാണ് കേരളത്തിന്‌ ഐ.പി.എല്‍. ടീം സ്വന്തമായത്തിനു പ്രധാന ഘടകമെന്ന് നേരത്തെ തന്നെ വാര്‍ത്തയുണ്ടായിരുന്നു. തരൂര്‍ ആ വാര്‍ത്ത ശരി വെക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് വിവാദങ്ങളുടെ ഘോഷയാത്ര ആരംഭിക്കുന്നത്. കൊച്ചിക്ക്‌ ഒരു ഐ.പി.എല്‍. ടീം ഉണ്ടായതിന്റെ കൊതിക്കെറുവ് തീര്‍ക്കാന്‍ എന്നോണം ഉത്തരേന്ത്യന്‍ ലോബിയുടെ തന്ത്രപരമായ നീക്കങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയും ഐ.പി.എല്‍. ടീം കമ്മീഷണര്‍ ആയ ലളിത് മോഡിയുടെ നേതൃത്വത്തില്‍ കൊച്ചി ടീമിനെതിരെയം , തരൂരിനെതിരെയും ആരോപണങ്ങള്‍ ശരം പോലെ തൊടുത്തു വിടുകയും ചെയ്തതോടെ അന്തരീക്ഷം മലീമസമായി. തരൂരിന്റെ പെണ്‍ സുഹൃത്തായ സുനന്ദ പുഷ്കര്‍ എന്ന സുന്ദരിക്ക് കൊച്ചി ടീമില്‍ സൌജന്യമായി ഓഹരി പങ്കാളിത്തം കൂടി ലഭിച്ചതോടെ മന്ത്രിയുടെ ക്രിക്കറ്റ്‌ താല്‍പര്യങ്ങളില്‍ പലരും സംശയാലുക്കള്‍ ആയി. ചുരുക്കിപ്പറഞ്ഞാല്‍ വിവാദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇരുകൂട്ടര്‍ക്കും വ്യക്തിപരമായ ചില താല്പര്യങ്ങള്‍ ഉണ്ടെന്നത് സ്പഷ്ടം. മാത്രമല്ല, മോഡിക്കും തരൂരിനും ചിലരെയൊക്കെ രക്ഷിക്കാനുണ്ട്; അതുപോലെ ചിലരെയൊക്കെ ശിക്ഷിക്കാനും. കൊച്ചി ഐ.പി.എല്‍. ടീമിനോട് തരൂരിനുള്ള അഭിനിവേശത്തിന്റെ കാരണം എന്താണ്? മോഡി ഉയര്‍ത്തി വിട്ട ചോദ്യം അങ്ങനെയങ്ങ് തള്ളിക്കളയാമോ? തരൂര്‍ ഒരു ക്രിക്കറ്റ്‌ പ്രേമി ആയിരിക്കാം. ഒരു പക്ഷെ നല്ലൊരു സംഘാടകനും ആയിരിക്കാം. അതിലുപരി അദ്ദേഹം ഒരു ജനപ്രതിനിധിയാണ്. മന്ത്രിയാണ്. അതും സുപ്രധാനമായ ഒരു വകുപ്പിന്റെ ചുമതലയുള്ള മന്ത്രി. അങ്ങനെയൊരാളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കണം. കേരളത്തിന്‌ ഒരു ഐ. പി. എല്‍ ടീം സ്വന്തമാക്കാന്‍ വേണ്ടി മലയാളിയായ ഒരു മന്ത്രി അഹോരാത്രം കഷ്ടപ്പെടുകയാണെങ്കില്‍ അതിനെ നാം അംഗീകരിക്കണം. പക്ഷെ ആ മന്ത്രി ഈ ഒരു കാര്യത്തില്‍ അമിതമായ താല്പര്യം കാണിക്കുകയാണെങ്കില്‍ അതിനെ നമ്മള്‍ സംശയിക്കേണ്ടതല്ലേ? ആ താല്പര്യം സ്വന്തം നാടിനു വേണ്ടിയാണോ, അതോ സ്വന്തം ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണോ? കേരളത്തിന്‌, പ്രത്യേകിച്ച് കൊച്ചിക്ക്‌ ഒരു ഐ.പി.എല്‍ ടീം ഉണ്ടാവുക എന്നത് തന്റെ സ്വപ്നമായിരുന്നെന്നും , അത് യാതാര്‍ത്ഥ്യം ആവാന്‍ ഒരു മന്ത്രിയെന്ന നിലയില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യുമെന്നും വിവാദം കത്തി നില്‍ക്കുന്നതിനിടയില്‍ തരൂര്‍ ഒരു ടി. വി. അഭിമുഖത്തില്‍ വ്യക്തമാക്കിക്കണ്ടു. അപ്പോള്‍ ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവരില്‍ ഒരു ചോദ്യമുയരുക സ്വാഭാവികം. ഐ. പി. എല്‍. ടീമിന് വേണ്ടിയാണോ തിരുവനന്തപുരത്തുകാര്‍ തരൂരിനെ ജയിപ്പിച്ചു പാര്‍ലമെന്റിലേക്കു അയച്ചത്? ഐ.പി.എല്‍ ടീമുണ്ടാക്കാന്‍ ഒരു രാഷ്ട്രീയ നേതാവോ മന്ത്രിയോ വേണമെന്നില്ല. കയ്യില്‍ കോടികള്‍ സമ്പാദ്യമുള്ള ഒരാള്‍ക്ക്‌ അത് നിഷ്പ്രയാസം സാധിക്കും. എന്നാല്‍ നാടിന്റെ വികസനത്തിന്‌ ഒരു മന്ത്രിയുടെ സക്രിയമായ നടപടികള്‍ അനിവാര്യമാണ്. തിരുവനന്തപുരത്തുകാര്‍ അതാഗ്രഹിക്കുന്നുണ്ട്.
നിറവേറപ്പെടാതെ കിടക്കുന്ന വികസന സ്വപ്നങ്ങളുടെ ശ്മശാന ഭൂമിയാണ്‌ തിരുവനന്തപുരം. ഹൈവേ വികസനം തൊട്ടു വിഴിഞ്ഞം തുറമുഖം വരെ തിരുവനന്തപുരത്തിന്റെ പ്രലോഭനങ്ങള്‍ ആണ്. തരൂര്‍ ലോകസഭയിലേക്ക് മത്സരിക്കാന്‍ സോണിയ ഗാന്ധിയുടെ നോമിനിയായി വന്നപ്പോള്‍ അന്നാട്ടുകാര്‍ ആഹ്ലാദിച്ചതും , ഒരു ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചതും ആ പ്രലോഭനങ്ങള്‍ തീര്‍ത്ത പ്രതീക്ഷയുടെ ആക്കം കൊണ്ടായിരുന്നു. ഹൈകമാണ്ടില്‍ നിര്‍ണ്ണായക സ്വാധീനമുള്ള , ബൌധിക രംഗത്ത് വ്യാപ്രിതന്‍ ആയ , തനി രാഷ്ട്രീയക്കാരുടെ അഴകൊഴമ്പന്‍ സ്വഭാവമില്ലാത്ത ഒരു വ്യക്തി ജനപ്രതിനിധിയായി വരുമ്പോള്‍ നാടിനുണ്ടായെക്കാവുന്ന സൌഭാഗ്യങ്ങള്‍ തിരുവനന്തപുരത്തുകാരെ ഒരു നിമിഷം മോഹിപ്പിച്ചു. എന്നാല്‍ മന്ത്രിയായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ തരൂര്‍ അനന്തപുരിയുടെ സ്വപ്നങ്ങള്‍ക്ക് കുഴിമാടം ഒരുക്കി . നാടിന്റെ ആവശ്യങ്ങള്‍ ഒന്നും തരൂരിന്റെ അജണ്ടയിലെങ്ങുമില്ല എന്ന സത്യം നാട്ടുകാര്‍ തിരിച്ചറിയുകയാണ്.
ഒരു ഐ.പി.എല്‍. ടീം കേരളത്തിന്‌ സ്വന്തമാക്കിക്കൊടുക്കണം എന്നത് തരൂരിന്റെ തീരാ മോഹമായിരുന്നെങ്കില്‍ അദ്ദേഹത്തിന് മറ്റൊരു കാര്യം ചെയ്യാമായിരുന്നു. പ്രശസ്ത നടന്‍ മോഹന്‍ലാലും , സംവിധായകന്‍ പ്രിയദര്‍ശനും ചേര്‍ന്ന് തിരുവനന്തപുരം കേന്ദ്രമാക്കി ഒരു ഐ.പി.എല്‍ ടീം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേരത്തെ തുടക്കം കുറിച്ചിരുന്നു. ഒരു ക്രിക്കറ്റ്‌ ക്ലബ്‌ രൂപീകരിച്ചു , ശശി തരൂരിനെ അതിന്റെ രക്ഷാധികാരിയാക്കി കാര്യമായ മുന്നേറ്റം തന്നെ അവര്‍ നടത്തിക്കഴിഞ്ഞിരുന്നു. ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി പ്രമോട്ടര്‍മാരെ സംഘടിപ്പിക്കാനുള്ള ആലോചനകളില്‍ ആയിരുന്നു അവര്‍. എന്നാല്‍ ലേലത്തിലെ ചില കടുത്ത വ്യവസ്ഥകള്‍ , സാമ്പത്തികമായി അത്ര സുരക്ഷിതര്‍ അല്ലാതിരുന്ന ലാലിന്റെ സംഘത്തെ പിന്നോട്ടടിപ്പിച്ചു. ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. തിരുവനന്തപുരത്തെ ക്രിക്കറ്റ്‌ ക്ലബ്ബിന്റെ രക്ഷാധികാരി ആയിരുന്ന തരൂര്‍ അവര്‍ക്ക് വേണ്ടി ഇടപെടാന്‍ എന്തുകൊണ്ട് വ്യഗ്രത കാണിച്ചില്ല? കൊച്ചി ടീമിനെ ലേലത്തില്‍ പിടിക്കാന്‍ കാണിച്ച നയതന്ത്ര വൈദഗ്ധ്യം തരൂര്‍ സ്വന്തം മണ്ഡലത്തിലെ പേരുകേട്ട ക്രിക്കറ്റ്‌ പ്രേമികളുടെ പരിശ്രമങ്ങള്‍ക്ക് സഹായകരമായിത്തീരും വിധം എന്തുകൊണ്ട് ഉപയോഗിച്ചില്ല? അപ്പോള്‍ കൊച്ചി ടീമിന്റെ ഉടമയായ കമ്പനിയുടെ ഓഹരിയില്‍ തരൂരിന് കാര്യമായ പങ്കാളിത്തം ഉണ്ടെന്നു ആരെങ്കിലും സംശയിച്ചാല്‍ അതങ്ങനെയങ്ങു നമുക്ക് തള്ളിക്കളയാന്‍ ആവുമോ? വ്യക്തിപരമായ നേട്ടങ്ങള്‍ക്ക്‌ വേണ്ടിയല്ലേ തരൂര്‍ ഇക്കണ്ട കളിയൊക്കെ കളിച്ചത്? സുനന്ദ പുഷ്കര്‍ എന്ന സുന്ദരി നിനച്ചിരിക്കാതെ കടന്നു വന്നു ചുളുവില്‍ പത്തൊന്‍പതു ശതമാനം ഓഹരികളുടെ ഉടമയായതിനു പിന്നിലെ രഹസ്യം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയല്ലേ? കൊച്ചിയിലെ നിര്‍ദിഷ്ട സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ നിര്‍മ്മാണ പങ്കാളിയായ ദുബായ് ടീകോം കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗം വഹിച്ചിരുന്നു ഒരു മാസം മുന്‍പ് വരെ , തരൂരിന്റെ കൂട്ടുകാരിയായ സുനന്ദ പുഷ്കര്‍. പന്ത്രണ്ടു ശതമാനം ഓഹരിയുടെ അവകാശങ്ങളില്‍ തട്ടി പദ്ധതിയുടെ നടത്തിപ്പില്‍ നിന്നും ടീകോം പിന്‍മാറാനും , സര്‍ക്കാര്‍ ടീക്കൊമിനെ ഒഴിവാക്കാനും ശ്രമിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ ഒരു മാസത്തിനിടയിലാണ് സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തില്‍ ഇങ്ങനെ ചില വ്യതിയാനങ്ങള്‍ സംഭവിക്കുന്നത്‌. കൊച്ചിയില്‍ ടീക്കൊമിനുള്ള വ്യാപാര താല്പര്യം നഷ്ടപ്പെടുകയാണ്. ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് സുനന്ദ കമ്പനിയില്‍ നിന്ന് രാജി വെക്കുന്നതും, കൊച്ചി ഐ.പി. എല്‍ ടീമില്‍ ഓഹരി പങ്കാളിത്തം നേടുന്നതും. ശക്തമായ ദുബായ് ബന്ധം ഉള്ള തരൂരിന് കൊച്ചിയിലും ചില താല്പര്യങ്ങള്‍ ഇല്ലേ എന്ന് സ്വാഭാവികമായും ഞങ്ങളില്‍ സംശയം ഉയരുകയാണ്.


ഇവിടെ ഐ.പി.എല്‍. എന്ന ക്രിക്കറ്റ്‌ സംരംഭത്തെയും നമുക്ക് വിട്ടുകളയാന്‍ ആവില്ല. ദുഷിച്ച സാമ്പത്തിക താല്പര്യങ്ങളുടെ പുതിയ ഇന്ത്യന്‍ ഇടനാഴിയാണ് ഐ.പി.എല്‍. കള്ളപ്പണം വെളുപ്പിക്കാനുള്ള ബിസിനെസ്സ് രാഷ്ട്രീയ കൂട്ടുകെട്ടിന്റെ സ്വപ്ന പദ്ധതി. ഇന്ത്യയിലെ ഐ.പി.എല്‍ ടീമുകള്‍ക്ക് പിന്നില്‍ വമ്പന്‍ ടീമുകളാണ് ഉള്ളത്. നികുതി വെട്ടിച്ചുണ്ടാക്കിയ പണമിറക്കി, വീണ്ടും കോടികള്‍ കൊയ്ത് , സര്‍ക്കാരിനെ കബളിപ്പിച്ചു തിമര്‍ക്കുന്ന സമ്പന്ന വര്‍ഗ്ഗം. സിനിമ താരങ്ങളെ മുന്നില്‍ നിര്‍ത്തി കോടികള്‍ എറിഞ്ഞു കളിക്കുന്ന വ്യവസായികള്‍ ക്രിക്കറ്റിന്റെ രൂപത്തിലും കടന്നു വന്നു സാധാരണക്കാരനെ ചൂഷണം ചെയ്യുകയാണ്. അവരെ വീണ്ടും വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയാണ്. കുടിവെള്ളം ഇല്ലാതെ, വെളിച്ചമില്ലാതെ, ഉടുതുണിക്ക് മറു തുണി ഇല്ലാതെ , എന്തിനു തല ചായ്ക്കാന്‍ ഒരു കൂര പോലും ഇല്ലാതെ ബീഭല്‍സ ജീവിതം നയിക്കുന്ന ഇന്ത്യന്‍ നഗരങ്ങളിലെയും , ഗ്രാമങ്ങളിലെയും ദരിദ്ര ലക്ഷങ്ങളെ മറന്നു കൊണ്ടാണ് , അല്ലെങ്കില്‍ അവരെ മയക്കിക്കിക്കിടത്തിക്കൊണ്ടാണ് ഐ.പി.എല്‍. പ്രയാണം നടത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യന്റെ, ജീവിക്കുക എന്ന ഏറ്റവും അടിസ്ഥാന ആവശ്യത്തെ നിഷേധിക്കുന്ന സമകാലിക ഇന്ത്യന്‍ യഥാര്ത്യങ്ങളെ നേരിടാനുള്ള , സാമ്പത്തികമായ കരുത്ത്പകരാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പിന്തുണ കൊടുക്കാന്‍ ഈ കൊടികള്‍ക്കും കോടീശ്വരന്മാര്‍ക്കും കഴിയേണ്ടതല്ലേ? ഇനിയിപ്പോള്‍ കഴിഞ്ഞാലും അത്തരം മാനുഷികമായ വികാരങ്ങള്‍ സൂക്ഷിക്കേണ്ട ബാധ്യത നമുക്കില്ലല്ലോ അല്ലെ? അലസതയുടെ ശാരീരിക വ്യായാമമായ ക്രിക്കറ്റിനു ദാരിദ്ര്യത്തെ മറക്കാന്‍ പ്രേരിപ്പിക്കുന്ന അപാരമായ കരുത്താണ് ഇപ്പോള്‍ ഉള്ളത്. ഐ.പി.എല്‍ ക്രിക്കറ്റ്‌ പുതിയ മതമാണ്‌. ആ മതത്തെ നാം തകര്‍ക്കുക തന്നെ വേണം. ഏറ്റവും ലളിതമായി പറഞ്ഞാല്‍ അതിനെ നിരോധിക്കണം. അതിന്റെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തി നശിപ്പിക്കണം. പണം, മദ്യം, പെണ്ണ് ---ആധുനിക കാലത്തെ ഈ മൂന്നു സംവര്‍ഗ്ഗങ്ങളെ വെച്ച് ആഘോഷിക്കുന്ന ഐ.പി. എല്‍. പുതു തലമുറയെയും സംസ്കാരത്തെയും തച്ചു തകര്‍ത്തു ആധിപത്യം സ്ഥാപിക്കുന്നതിന് മുന്‍പേ , നാം ഇടപെട്ടെ മതിയാകൂ

Friday, April 2, 2010

ദൈവത്തിന്റെ സ്വന്തം നാട്


അമിതാബ് ബച്ചന് ഒരാഗ്രഹം, കേരളാ ടൂറിസത്തിന്റെ ബ്രാന്‍ഡ്‌ അംബാസിദര്‍ ആകാന്‍. ജോണി ലൂക്കോസ് എന്ന മനോരമക്കാരന്‍ തന്റെ ടെലിവിഷന്‍ അഭിമുഖ പരിപാടിക്കിടയില്‍ ചോദ്യമെറിഞ്ഞു കുടുക്കിയതാണ് ബച്ചനെ. സര്‍ക്കാരിന് സമ്മതം ആണെങ്കില്‍ താനും റെഡി എന്ന ബച്ചന്റെ മറുപടി മനോരമ ആഘോഷിച്ചു. മനോരമയുടെ ആഘോഷം കണ്ട്കയ്യും കെട്ടി നോക്കിയിരിക്കാന്‍ കോടിയേരിക്ക് കഴിഞ്ഞില്ല. അങ്ങേര്‍ക്കു അല്ലെങ്കിലും സിനിമാക്കാരോട് പറ്റു ഇത്തിരി അധികമാണ്. ഒരു പക്ഷെ മകന്‍ ചില സിനിമകളില്‍ ഒക്കെ മുഖം കാണിച്ചതിന്റെ പുളിപ്പ് ആണോ എന്നറിഞ്ഞൂടാ. ബച്ചന്റെ ആഗ്രഹം കോടിയേരിയെ ആവേശഭരിതനാക്കി. ഉടന്‍ പോയി ടൂറിസം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ബച്ചനെ ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോഗിക ഇണ്ടാസ്. ഒരു കാര്യം ഇവിടെ ആലോചിക്കണം. ശുദ്ധ ജല ദൌര്‍ലഭ്യത്താലും , മാലിന്യത്താലും വിലക്കയറ്റത്താലും മറ്റും വലയുന്ന പൊതു ജനം സെക്രട്ടരിയെട്ടിന്ടെയും കലക്ട്രെട്ടിന്ടെയും പടിവാതില്‍ക്കല്‍ ചുട്ടു പൊള്ളുന്ന വെയിലത്ത്‌ തൊണ്ട കാറി വിളിച്ചാലും കനിയാത്ത സര്‍ക്കാര്‍ ദൈവം ബച്ചന്റെ ഉത്തരം കേട്ട പാതി കേള്‍ക്കാത്ത പാതി ചാടി വീണു കാര്യങ്ങള്‍ ഒറ്റയടിക്കങ്ങ് തീരുമാനിച്ചു കളഞ്ഞു. സര്‍ക്കാരിന്റെ കത്ത് ബച്ചന് കിട്ടി. മൂപ്പര്‍ക്ക് പൂര്‍ണ്ണ സമ്മതം. അനന്തര നടപടികള്‍ സംസാരിച്ചു അംബാസിദര്‍ പദവി ഏറ്റെടുത്തു ദൈവത്തിന്റെ സ്വന്തം നാടിനെ താരത്തിന്റെ സ്വന്തം നാടാക്കിക്കളയാം എന്ന് ബച്ചന്‍ മറു കുറിപ്പെഴുതി. സര്‍ക്കാര്‍ ആകട്ടെ ബച്ചന്റെ അനുകൂല സമീപനത്തില്‍ പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നം കണ്ടു. സംഭവം അതുവരെ ശാന്ത ഗംഭീരം ആയിരുന്നു. ഇതിനിടെ ഗുജറാത്ത് സംസ്ഥാനത്തിന്റെ അംബാസിദര്‍ പദവി ഏറ്റെടുത്തു കഴിഞ്ഞ ബച്ചനെ, ഒരു ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിന്റെ എന്നാല്‍ ഉള്ള ഒരാള്‍ ഒര്രലെങ്കിലും ഒരാള്‍ ഒരാള്‍ പുരോഗമന ചിന്താഗതിക്കാര്‍ നെറ്റി ചുളിച്ചത് ആരും കണ്ടില്ല. ബച്ചനെ കിട്ടുന്ന ആവേശത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംഘ പരിവാര്‍ വിരോധികള്‍ ആയ സി. പി. എം. മന്ത്രിമാര്‍ പോലും ഗുജറാത്തിനെയും നരേന്ദ്ര മോഡിയെയും ഒക്കെ വിസ്മരിച്ചു കളഞ്ഞു.
എന്നാല്‍ ഓര്‍മ്മകളുള്ള ഒരാളെങ്കിലും ഡല്‍ഹിയില്‍ ഉണ്ടായി. സീതാറാം യെച്ചൂരി. ബച്ചനെ കേരളത്തിന്റെ അംബാസിദര്‍ ആക്കുന്നതില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ എതിര്‍പ്പ് യെച്ചൂരി തുറന്നു പറഞ്ഞു. കൊടിയേരിക്കും സി.പി.എം. സംസ്ഥാന ഘടകത്തിനും അപ്പോഴാണ്‌ ബോധം വീണ്ടു കിട്ടിയത്. ബച്ചന് പുതിയ പദവി നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ച് സര്‍ക്കാര്‍ പ്രശ്നത്തില്‍ നിന്നും പതുക്കെ തലയൂരി. സംഗതി അറിഞ്ഞു പഴയ രോഷാകുലനായ ചെറുപ്പക്കാരന്‍ അറുപത്തിയഞ്ചിന്റെ വാര്‍ധക്യത്തില്‍ തന്റെ ബ്ലോഗിലൂടെ തീ തുപ്പി. പ്രതിപക്ഷം സര്‍ക്കാരിന്റെ നീതികേടിനെതിരെ പന്തം കൊളുത്തി നോക്കി. പക്ഷെ ബച്ചന്‍ കോണ്ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തന്നെ അപ്രീതിക്ക് പാത്രമായ ഏറ്റവും പുതിയ വാര്‍ത്തകള്‍ പുറത്തു വന്നതോടെ സംസ്ഥാന നേതൃത്വത്തിന് മിണ്ടാട്ടം അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ ബച്ചന്‍ പ്രശ്നം ആര്‍ക്കും ഒരു നീറുന്ന വിഷയമേ അല്ല. വിഷയമായിട്ടുള്ളതും, അതിന്റെ ചൂടാറാന്‍ വിടാതെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതും ഏതാനും ചില മാധ്യമങ്ങള്‍ മാത്രമാണ്; പിന്നെ സംഘ പരിവാര്‍ സംഘടനകളും.
അല്ലെങ്കിലും ബച്ചന്റെത് ഒരു അതിമോഹം ആയിരുന്നു. ഗുജറാത്ത് പോലുള്ള ഒരു സംസ്ഥാനത്തിന്റെ അംബാസിദര്‍ പദവി ഏറ്റെടുത്ത ഒരാള്‍ക്ക്‌ കേരളം ഒരിക്കലും കൈ എത്തി പിടിക്കാന്‍ ആവാത്ത അകലത്തില്‍ ആയിരിക്കും എന്ന് തിരിച്ചറിയേണ്ടതായിരുന്നു. ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നത്‌. ഇന്ത്യയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറെ സജീവമായി ഇടപെടുകയും കൃത്യമായ പ്രതികരണങ്ങളിലൂടെ തങ്ങളുടെ നിലപാട് സുവ്യക്തമാക്കുകയും ചെയ്യുന്ന സി.പി.എം. ആണ് ആ ഭരണത്തിന് നേതൃത്വം കൊടുക്കുന്നത്. ആ പാര്‍ട്ടിക്ക് ഒരിക്കലും ഉള്‍ക്കൊള്ളുവാന്‍ ആവാത്ത ഒരാശയ ഭൂമികയില്‍ നില്‍ക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ ഭരണ നേതൃത്വം വഹിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്‌. ഭരണാധിപന്‍ ആകട്ടെ നരേന്ദ്ര മോഡിയും. ഈ രാജ്യത്ത് ബീഭത്സമായ വിധത്തില്‍ വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കിയ ഒരു ഭരണാധികാരി. ഇന്ത്യയുടെ മതേതര പ്രതിച്ചായയ്ക്ക് സാരമായ പോറല്‍ ഏല്‍പ്പിച്ച വ്യക്തി. വാള്‍ തലപ്പില്‍ ഒരു പ്രത്യേക സമുദായത്തിന്റെ ചോരയും മാംസവും കൊരുത്തെടുത് കൊല വിളി നടത്തി നീങ്ങിയ സാമൂഹ്യ വിരുദ്ധരെ വഴിവിട്ടു പ്രോത്സാഹിപ്പിച്ചതിന് ഇന്നും നിയമത്തിന്റെ മുന്നില്‍ വിചാരണയ്ക്ക് വിധേയനാവാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്ന ഒരാള്‍. അങ്ങനെയുള്ള നരേന്ദ്ര മോഡി വാഴുന്ന ഒരു സംസ്ഥാനത്തിന്റെ പതാക വാഹകനായ അമിതാബ് ബച്ചനെ കേരളത്തിന്റെ ശാലീന സുന്ദരമായ പ്രകൃതിയും, മതേതരമായ മനസ്സും ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിക്കൊടുക്കാനുള്ള ചുമതല നല്‍കാന്‍ ആലോചിച്ചത് തന്നെ പൊറുക്കാനാവാത്ത തെറ്റ്. പുറമേക്ക് ശാന്തമെങ്കിലും ഉള്ളില്‍ അസഹിഷ്ണുതയുടെ വേരുകള്‍ ആഴത്തില്‍ പടര്‍ന്നു കിടക്കുന്ന ഗുജറാത്ത് ഇന്ത്യയുടെ വേദനയാണ്. എന്തോ ആയിക്കോട്ടെ സി.പി.എം. കുറച്ചു വൈകിയാണെങ്കിലും തെറ്റ് തിരുത്തി. ഇവിടെ സി.പി.എമ്മിനെ ആക്ഷേപിക്കുന്നവര്‍ ഒരു കാര്യം തിരിച്ചറിയണം. പാര്‍ട്ടിയുടെ പ്രഖ്യാപിത ശത്രുക്കള്‍ തന്നെയാണ് ഇന്നും ബി.ജെ.പി.ആ ശത്രുക്കള്‍ക്ക് സ്തുതി പാടുന്ന ഒരാളെ പാര്‍ട്ടിക്ക് എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും? പോരാത്തതിന് അവസരവാദപരമായ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് പലപ്പോഴും ആരാധകരെപ്പോലും അമ്പരപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്ത ബച്ചനെ.

മറ്റൊരു സത്യം കൂടി നാം തിരിച്ചറിയണം. കേരളത്തിന്റെ ടൂറിസത്തിന് വളരാന്‍ ബച്ചന്റെ സഹായം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഇവിടത്തെ പല ടൂറിസം സ്പോട്ടുകളും ലോകത്തിന്റെ കണ്ണില്‍ പ്രധാനപ്പെട്ട സ്ഥാനം അലങ്കരിക്കുന്നുണ്ട്. ലോകത്തിലെ വിഖ്യാതമായ പല മാസികകളിലും , ഇന്റര്‍നെറ്റ്‌ സൈറ്റുകളിലും കുമരകം ഉള്‍പ്പെടെയുള്ള കേരളത്തിലെ സ്ഥലങ്ങള്‍ വിനോദ സഞ്ചാരികള്‍ ആവശ്യം യാത്ര ചെയ്തിരിക്കേണ്ട പ്രധാന ഇടങ്ങളായി എടുത്തു പറഞ്ഞിട്ടുമുണ്ട്. അമേരിക്കയിലെയും, ഫ്രാന്‍സിലെയും ബ്രസീലിലേയും മറ്റും സായ്പ്പന്മാര്‍ക്ക് ബച്ചന്‍ പറഞ്ഞിട്ട് വേണ്ട കേരളത്തിലേക്കുള്ള യാത്ര തീരുമാനിക്കാന്‍ എന്ന് ചുരുക്കം. മാത്രമല്ല പ്രതിഫലം ഒന്നും ഇച്ച്ചിക്കാതെ ആവില്ലല്ലോ ബച്ചന്‍ തന്റെ പുതിയ ദൌത്യവും പേറി കേരളത്തിലേക്ക് യാത്ര പുറപ്പെടാന്‍ ഒരുങ്ങിയിട്ടുണ്ടാവുക. വെറുതെ എന്തിനു ആ കോടികള്‍ പാഴാക്കണം. ആ പണം കൊണ്ട് അടിസ്ഥാന സൌകര്യ വികസനം ഏര്‍പ്പെടുത്തിയാല്‍ വരുന്ന സഞ്ചാരികള്‍ക്ക് അത്രയെങ്കിലും പ്രയോജനപ്പെടും. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഇന്ത്യക്കാര്‍ക്ക് ആവേശം ആണെന്ന് കരുതി , ടൂറിസം പോലുള്ള ഒരു രാജ്യാന്തര പദ്ധതിയുടെ ആവിഷ്കര്താവ് ആകാന്‍ ബച്ചന് എന്ത് യോഗ്യതയാണുള്ളത്?

ബച്ചനെ ഉപേക്ഷിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയമായ നീതികേടോ , സത്യസന്ധത ഇല്ലായ്മയോ ഒന്നുമല്ല. മറിച്ച്‌ വ്യക്തമായ നിലപാടുള്ള ഒരു പാര്‍ട്ടിയുടെ സുചിന്തിതവും അനുകരണാത്മകവുമായ രാഷ്ട്രീയ ധീരതയും, രാഷ്ട്ര ബോധവും ആണത്. മതേതരവും , ജനാധിപത്യപരവുമായ ജീവിതം നയിക്കുന്ന ഓരോ മലയാളിക്കും ഇടതുപക്ഷത്തോടുള്ള ആത്മ ബന്ധം ഈ സംഭവത്തോടെ ഒന്ന് കൂടി ശക്തിപ്പെട്ടിട്ടുണ്ടാവണം. തീര്‍ച്ച

Monday, March 22, 2010

റിയാലിറ്റിയുടെ റിയാലിറ്റി

റിയാലിറ്റി ഷോകള്‍ മലയാളിയുടെ കാഴ്ചാ സംസ്കാരത്തെ മാറ്റി മറിച്ച ഒരു കാലമാണിത്. ചെറിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്തിനു വൃദ്ധ ജനങ്ങള്‍ക്ക്‌ പോലും പേക്കൂത്ത് കാണിക്കാന്‍ തക്ക വിധത്തില്‍ റിയാലിറ്റിയുടെ ഭൂതങ്ങള്‍ മലയാളിയെ ആശ്ലെഷിചിരിക്കുന്നു. സംഗീതം ആണ് ഈ ഷോയുടെ ഏറ്റവും വലിയ തുരുപ്പു ചീട്ടു. പാട്ടിന്റെ ലോകത്തെ ഏകാന്ത പധികന്മാരെ അസ്തപ്രജ്ഞര്‍ ആക്കിക്കൊണ്ട് , ഒരു മൊബൈല്‍ ഫോണും സിം കാര്‍ഡും ഉണ്ടെങ്കില്‍ ആര്‍ക്കും എങ്ങനെയും പാടി ജയിക്കാവുന്നതാണ് സംഗീത മത്സരങ്ങള്‍ എന്ന മിഥ്യാ ധാരണയെ സജീവമാക്കിക്കൊണ്ടിരിക്കുകയാണ് റിയാലിറ്റി ഷോകള്‍. ഇവിടെ പാട്ട് മത്സരങ്ങള്‍ ഉറഞ്ഞാട്ടത്തിന്റെ വേദികള്‍ ആകുന്നു. പാടാനുള്ള ദൈവികമായ കഴിവിനെ ലക്ഷങ്ങളുടെ വീടും സ്വര്‍ണ്ണാഭരണങ്ങളും കാര്‍ പോലുള്ള വാഹനങ്ങളും സ്വന്തം ആക്കാനുള്ള തികച്ചും വാണിജ്യധിഷ്ടിതമായ പ്രകടനങ്ങള്‍ ആക്കി തരംതാഴ്ത്തിയിരിക്കുന്നു. പഴയ കാലങ്ങളില്‍ , പാടി തെളിഞ്ഞു വരുന്ന ഒരാളുടെ ഏറ്റവും വലിയ മോഹം ഒരു സിനിമയില്‍ പാടുക എന്നതായിരുന്നു. അതുമല്ലെങ്കില്‍ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ അല്ലെങ്കില്‍ ഏതെങ്കിലും ഒരു സംഗീത പണ്ഡിത സദസ്സിനു മുന്നില്‍ തങ്ങളുടെ ഒരു മികവു പ്രകടിപ്പിക്കാന്‍ ഉള്ള ഒരവസരം നേടിയെടുക്കുക എന്നത് മാത്രം ആയിരുന്നു. എന്നാല്‍ ഇന്ന് ആ മോഹങ്ങള്‍ ഒക്കെ റിയാലിറ്റി ഷോകള്‍ കൊത്തിക്കൊണ്ടു പോയിരിക്കുകയാണ്. പാടാനുള്ള കഴിവ് അല്പമെങ്കിലും ഉള്ളവര്‍ ഇക്കാലത്ത് ഇക്കാലത്ത് ചിന്തിക്കുന്നത് ഇന്ന ചാനലിലെ ഇന്ന റിയാലിറ്റി ഷോയില്‍ എങ്ങനെ കയറി പറ്റാം എന്ന് മാത്രമാണ്. അതുവഴി പ്രശസ്തിയും പണവും എങ്ങനെ സ്വന്തമാക്കാം എന്നാണു. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഈ അഴുക്കു ചാലില്‍ വീണു കിടക്കുകയാണ്. റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുക വഴി കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ആണ് മത്സരാര്ത്തികള്‍ പ്രശസ്തരാകുന്നത്. പേര് കേട്ട ഗായകരും സംഗീത സംവിധായകരും ഏതെങ്കിലും ഒരു സിനിമ സെലെബ്രിടിയും ഉള്‍പ്പെടുന്ന ജഡ്ജിംഗ് പാനലിന്റെ വിടുവായത്തങ്ങള്‍ക്ക് മുന്നില്‍ നാട്യ ശാസ്ത്രത്തിലെ അഭിനയ വിധികള്‍ എടുത്തണിഞ്ഞു നില്‍ക്കുന്ന ഗായകനോ ഗായികയോ കാണികളുടെ ഓമനയായി മാറുന്നു. ഏതൊരു ചാനലിനും സ്പോന്സര്‍ക്കും തങ്ങളുടെ പരിപാടിയെ സംബന്ധിച്ച് കൃത്യമായ ചില കണക്കു കൂട്ടലുകള്‍ ഉണ്ട്. അത് എങ്ങനെ നടത്തണമെന്നും , യേത് വിധത്തില്‍ പര്യവസാനിപ്പിക്കണം എന്നും, ജേതാക്കാള്‍ എങ്ങനെ ഉള്ളവര്‍ ആയിരിക്കണം എന്നും അവര്‍ മുന്‍കൂട്ടി നിശ്ചയിച്ചു കഴിഞ്ഞിരിക്കും. അതിനു അനുസരിച്ചായിരിക്കും ജഡ്ജിംഗ് പാനലിനെ തിരഞ്ഞെടുക്കുന്നതും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതും. ചാനലുകളില്‍ നിന്നും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി വിധി കര്‍ത്താവിന്റെ പദവി എത്റെടുക്കുന്നവര്‍ ആ ചാനലിന്റെ നിലപാടുകള്‍ അംഗീകരിക്കാന്‍ ബാധ്യസ്തര്‍ ആണ്. ശാരീരികമായ വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും ദരിദ്രമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും മത്സരത്തിന്റെ ആദ്യ റൌണ്ടുകളില്‍ കൊടുക്കുന്ന അമിതമായ പ്രാധാന്യത്തിനു പോലും ചാനലിന്റെ കച്ചവട കണ്ണ് ആണ് ഉള്ളത്. കാണികളുടെ പരമാവധി അനുകമ്പ പിടിച്ചു വാങ്ങിക്കൊടുത്തു പരിപാടിയുടെ റേറ്റിംഗ് കൂട്ടിയെടുക്കുകയും അത് വഴി പരസ്യ വരുമാനം വര്‍ധിപ്പിച്ചു കഴിയുന്നത്ര ലാഭമുണ്ടാക്കുക എന്ന തന്ത്രം . ആ ലക്‌ഷ്യം ഏകദേശം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ അത്തരം ആള്‍ക്കാരെ നിഷ്കരുണം ഉപേക്ഷിച്ചു കടന്നു കളയുകയും ചെയ്യും. സംഗീതത്തോടുള്ള അടങ്ങാത്ത ദാഹമോ മോഹമോ ഒന്നുമല്ല പുതിയ കാലത്തെ മത്സരാര്തികളെ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രശസ്തി തന്നെ ആണ്. ഒപ്പം പണവും. കേരളത്തിലെ റിയാലിറ്റി ഷോകളില്‍ പങ്കെടുത്തു വിജയികള്‍ ആവുന്നവര്‍ ആരും തന്നെ പില്‍ക്കാലത്ത് സംഗീത ചരിത്രത്തില്‍ തങ്ങളുടെ പേരിന്റെ ആദ്യാക്ഷരം പോലും രേഖപ്പെടുത്താന്‍ ആകാതെ മറവിയിലേക്ക് മറഞ്ഞു പോവുകയാണ്. എന്തുകൊണ്ടാനത്? ഒരുത്തരം മാത്രം. ഒരു പ്രത്യേക കാലത്ത് ഒരു പ്രത്യേക മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി കൃത്രിമമായി സൃഷ്ടിച്ച പ്രകടന മികവാണ് അവരെ കുറച്ചെങ്കിലും കാലം ഇവിടെ നില നിര്‍ത്തുന്നത്. ജന്മ സിദ്ധമായ ജ്ഞാനത്തിന്റെ പിന്‍ബലം ഇല്ലെങ്കില്‍ പ്രതിഭയുടെ ഹിമാലയം കീഴടക്കാന്‍ ആര്‍ക്കുംകഴിയില്ല. സംഗീത കച്ചവടത്തിന്റെ താല്‍കാലിക ലാഭാങ്ങളില്‍ വിരിഞ്ഞു കൊഴിയുന്ന , നിറമോ ഗന്ധമോ ഇല്ലാത്ത പുഷപങ്ങള്‍ മാത്രമാണ് അവര്‍. മറ്റൊരു അണിയറ രഹസ്യം കൂടി ചാനല്‍ പിന്നാംപുറങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. റിയാലിറ്റി ഷോകളില്‍ പങ്കെടുത്തു കൊണ്ടിരിക്കെ , മല്സരാര്ത്തികള്‍ പ്രശസ്തര്‍ ആയി , പൊതു പരിപാടികളില്‍ തങ്ങളുടെ സാന്നിധ്യം തെളിയിക്കണം എന്ന് ആഗ്രഹിക്കുകയാണെങ്കില്‍ ചാനലിന്റെ ചില കടുത്ത നിബന്ധനകള്‍ക്ക് അവര്‍ വഴങ്ങേണ്ടതുണ്ട്. കേരളത്തിലെ ഒരു പ്രശസ്ത ചാനല്‍ തികച്ചും കൌതുകകരമായ ഒരു നിയമം ആണ് അവലംബിക്കുന്നത്. ചാനല്‍ ബാഹ്യമായ പരിപാടികളില്‍ പങ്കെടുത്തു പ്രതിഫലം പറ്റുകയാണെങ്കില്‍ , ആ വരുമാനത്തിന്റെ പകുതിയില്‍ അധികം ചാനലിനും റിയാലിറ്റി ഷോയുടെ സ്പോന്സര്‍ക്കും നല്‍കാന്‍ മല്സരാര്‍ത്തി ബാധ്യസ്തന്‍/ സ്ഥ ആണ്.ചാനല്‍ അങ്ങനെയും വരുമാനം ഉണ്ടാക്കുന്നുണ്ടെന്ന് ചുരുക്കം.

ഇപ്പോള്‍ കുട്ടിപ്പാട്ടുകാരുടെ കാലമാണ്. കേരളത്തിലെ ഉത്സവ പറമ്പുകളിലും , ഗാനമേള വേദികളിലും കുട്ടികള്‍ ആണ് താരങ്ങള്‍. ബുദ്ധിമാന്മാരായ രക്ഷിതാക്കള്‍ പാടാന്‍ കഴിവുള്ള മക്കളെ വിട്ടു ലക്ഷങ്ങള്‍ സമ്പാദിക്കുന്നു. വേദികളില്‍ നിന്നും വേദികളിലേക്ക് ഊണും ഉറക്കവും ഇല്ലാത്ത നെട്ടോട്ടം. പാടിപ്പാടി തളര്‍ന്നു കുട്ടികള്‍ സംഗീതത്തെ പോലും വെറുക്കുന്ന അവസ്ഥയിലേക്ക് റിയാലിറ്റി ഭ്രാന്ത് അവരെ കൊണ്ട് എത്തിച്ചിരിക്കുന്നു. പൂര്‍ണ്ണ ശ്രീയും , ആതിര മുരളിയും ഒക്കെ ഉള്‍പ്പെടുന്ന 'കുട്ടി ഗായകര്‍' ഭീകരമായ വാഹനാപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വാര്‍ത്ത പത്രങ്ങളിലൂടെ അറിയുമ്പോള്‍ വായനക്കാരുടെ ഉള്ളകം കത്തുകയാണ്. ഇവിടെ എനിക്ക് ഒന്നേ പറയാനുള്ളൂ; ദയവു ചെയ്തു ആ നിര്‍ദോഷ ബാല്യങ്ങളെ കുരുതി കൊടുക്കരുത്.

കുട്ടികളുടെ സിദ്ധിയെ പ്രോത്സാഹിപ്പിക്കുക എന്നതിലുപരി തങ്ങള്‍ക്കു പണം പറ്റാനുള്ള സാഹചര്യം വളര്‍ത്തി എടുക്കുക എന്നാ തികച്ചും മനുഷ്യത്ത വിരുദ്ധമായ പ്രവര്‍ത്തനമാണ് രക്ഷിതാക്കള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം കുട്ടി ഗാനമേള പരിപാടികളും ഒരു ബാലവേല ആയി കണ്ടു നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ സാംസ്കാരികമായ പ്രശ്നങ്ങളില്‍ ഒന്നും തന്നെ ഇടപെടാതെ ഒഴിഞ്ഞു നില്‍ക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത് .ഈ നിഷ്ക്രിയതയില്‍ നിന്നും വിടുതല്‍ നേടി ചില അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാവുകയാണെങ്കില്‍ അത് പ്രതിഭ ധനരായ കുട്ടികളുടെ മഹത്തായ ഭാവിക്ക് ശോഭാനമാകും. നമ്മുടെ മൂല്യ ചിന്തയില്‍ പണത്തിനു പ്രഥമ സ്ഥാനം കൈവന്നതോടെ മാനുഷികമായ പരിഗണനകള്‍ മറന്ന മട്ടാണ്. സര്കാരും ആ വഴിക്ക് നീങ്ങരുത്.

കുട്ടികള്‍ സംഗീതം പഠിക്കട്ടെ.... ഇനിയും നന്നായി നന്നായി പഠിക്കട്ടെ.... സംഗീതത്തില്‍ നല്ലൊരു അടിസ്ഥാനം ഉറപ്പിച്ച ശേഷം മാത്രം അവസരങ്ങളുടെ ഹരിത ഭൂമികള്‍ തേടി പിടിക്കട്ടെ.അല്ലാതെ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത്‌ പോലെ ചെറിയ കുട്ടികളില്‍ താങ്ങാവുന്നതില്‍ അധികം കലാഭാരം അടിച്ചേല്‍പ്പിച്ചു , സംഗീതത്തോടും രക്ഷിതാക്കളോടും , ഒടുക്കം അവനവനോട് തന്നെയും വിരക്തിയുണ്ടാക്കുന്ന തരത്തില്‍ സാംസ്കാരിക പ്രവര്‍ത്തനം നടത്താന്‍ ആരെയും അനുവദിക്കാതിരിക്കുക.

രക്ഷിതാക്കളെ , നിങ്ങള്‍ ചൂഷണം അവസാനിപ്പിക്കുക.....

Monday, March 1, 2010

ലീഗിന്റെ വ്യാമോഹം

മുസ്ലിം ലീഗ് ദുരാഗ്രഹങ്ങളുടെ തടവറയിലേക്ക് വീണ്ടും താമസം മാറ്റുകയാണോ? രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള അവരുടെ അവകാശവാദം കേട്ടപ്പോള്‍ എനിക്ക് അങ്ങനെ തോന്നി. തികച്ചും യുക്തി രഹിതമായി അങ്ങനെ ഒരു ആവശ്യം ഉന്നയിക്കാന്‍ ലീഗ് നേതാക്കന്മാര്‍ കാണിച്ച തന്റെടത്തെ അഹങ്കാരം എന്നും വിശേഷിപ്പിക്കാം എന്ന് തോന്നുന്നു. ഒരു മുന്നണി സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ വില പെശലുകള്‍ക്ക് രാഷ്ട്രീയ പ്രസക്തിയുണ്ട് . അത് നിഷേധിക്കുന്നില്ല. പക്ഷെ അങ്ങനെ പേശല്‍ നടത്തുമ്പോള്‍ പോലും അത് കൊണ്ട് നേട്ടം ഉണ്ടാകുമോ, അതിനു എത്രത്തോളം രാഷ്ട്രീയ മൂല്യം ഉണ്ട് തുടങ്ങിയ സംഗതികളെ കുറിച്ചൊക്കെ അവധാന പൂര്‍വ്വം ചിന്തിക്കുന്നത് നന്നായിരിക്കും.
രാജ്യസഭയിലേക്ക് ഒഴിവു വരാന്‍ പോകുന്ന മൂന്നു സീറ്റുകളില്‍, യു. ഡി. എഫിന് അവകാശപ്പെട്ട ഒരേ ഒരു സീറ്റിനെ ചൊല്ലിയാണ് കേരള രാഷ്ട്രീയ കടലില്‍ സുമിയുടെ കോള്‍ രൂപം കൊള്ളാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കാലാവധി തീരുന്ന മൂന്നു അംഗങ്ങളില്‍ രണ്ടു പേര്‍ യു.ഡി.എഫ് പ്രതിനിധികള്‍ ആണ്. ഒന്ന്, കോണ്ഗ്രസ്സിന്റെ കേന്ദ്ര മന്ത്രി എ. കെ. ആന്റണിയും , മറ്റൊന്ന് ലീഗിന്റെ കോടീശ്വരന്‍ അബ്ദുല്‍ വഹാബും. രാഷ്ടീയ പരമായും അധികാര പരമായും ഇവിടെ പ്രസക്തന്‍ ആരാണെന്ന് നമുക്ക് വ്യക്തമാണ്. എ. കെ. ആന്റണി അല്ലാതെ മറ്റൊരു പേര് കൊണ്ഗ്രസ്സിണോ, സാധാരണ ജനങ്ങള്‍ക്കോ സങ്കല്‍പ്പിക്കാന്‍ അസാധ്യം. ഈ സത്യം ലീഗിനും അറിയാം . പിന്നെന്തിനു പോയ്‌ വെടി വെച്ച് അന്തരീക്ഷം മലീമസമാക്കുന്നു? നേതാക്കന്മാരുടെ മുഖത്ത് നോക്കി ചോദിക്കാന്‍ മടിക്കരുത് കൊണ്ഗ്രസ്സുകാര്‍ .

ആയിരത്തി തൊള്ളായിരത്തി അറുപതുകള്‍ തൊട്ടു ഒരു രാജ്യസഭാ മെമ്പര്‍ സ്ഥാനം തങ്ങള്‍ കൈവശം വെച്ച് പോരുന്നതാനെന്നു ലീഗ് അവകാശപ്പെടുന്നു. എന്നാല്‍ വഹാബ് സ്ഥാനം ഒഴിയുന്നതിന് പകരം ഒരു സീറ്റ് ലഭിച്ചില്ലെങ്കില്‍ , രാജ്യസഭയിലെ തങ്ങളുടെ പ്രസക്തി തന്നെ നഷ്ട്ടപ്പെടും എന്നാണു ലീഗിന്റെ വാദം. എന്താണ് ഈ വാദത്തിന്റെ പ്രസക്തി? രാജ്യസഭയിലെ മെംബെര്‍ഷിപ്‌ ആണോ ലീഗിന്റെ രാഷ്ട്രീയ അസ്ഥിത്വം നിര്‍ണ്ണയിക്കുന്നത്? പാര്‍ട്ടിക്കും നേതാക്കന്മാര്‍ക്കും വേണ്ടപ്പെട്ട ഒരു കോടീശ്വരനെ അധികാരത്തിന്റെ മര്‍മ്മ സ്ഥാനത്ത് കൊണ്ടിരുത്താനുള്ള ലീഗിന്റെ തന്ത്രം മാത്രമാണ് ഈ അവകാശ വാദം. വഹാബിന്റെ ഇത്രയും കാലത്തെ രാജ്യസഭാ സ്ഥാനം കൊണ്ട് പാര്‍ട്ടിക്കും, വഹാബിന് തന്നെയും നേട്ടം ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കോ? ഏതെങ്കിലും ഒരു തരത്തിലുള്ള വികസന പ്രവര്‍ത്തനം , അല്ലെങ്കില്‍ ജനങ്ങള്‍ക്ക്‌ ആശ്വാസമാകുന്ന ഒരു ഭരണ നടപടി , അങ്ങനെ എന്തെങ്കിലും ഒന്ന് വഹാബിന്റെ ഇടപെടല്‍ കൊണ്ട് കേരളത്തിന്‌ ലഭിച്ചിട്ടുണ്ടോ എന്ന് നാം ചിന്തിക്കണം. പ്രവര്‍ത്തന പാരമ്പര്യമുള്ള നിരവധി നേതാക്കന്മാരെ തഴഞ്ഞിട്ടാണ് വഹാബിന് എം. പി. സ്ഥാനം നല്‍കാന്‍ പാര്‍ട്ടി തയ്യാറായത്. ആ സ്ഥാനം നിലനിര്‍ത്തേണ്ടത് ഒരു പക്ഷെ ആ പാര്‍ട്ടിയുടെയോ, അല്ലെങ്കില്‍ വഹാബിന്റെ തന്നെയോ ആവശ്യമായിരിക്കാം. എന്നാല്‍ സാധാരണ ജനത്തിന് ആ വിഴുപ്പു ഭാണ്ഡം പെരേണ്ട ബാധ്യത ഇല്ല. അവര്‍ക്ക് പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ, തങ്ങളെ മാനിക്കുന്ന ഒരു ജന നായകനെ , തങ്ങളുടെ ദൈനംനിന ജീവിതത്തിനു ക്ഷേമ ഐശ്വര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു നല്ല ഭരണാധികാരിയെ ആണ് ആവശ്യം. എ. കെ ആന്റണി ഈ പറഞ്ഞ പ്രത്യേകതകള്‍ ഉള്ള , ചുരുക്കി പറഞ്ഞാല്‍ മനുഷ്യത്വം ഉള്ള ഒരു നേതാവാണെന്ന് തെളിയിച്ചിട്ടുള്ള ആള്‍ ആണ്. പിന്നെ എന്തിനു നാം ഇതേക്കുറിച്ച് കൂലംകഷമായി ചര്‍ച്ച ചെയ്യണം. രാജ്യസഭാ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പൊതു ജനത്തിന് കാര്യമായ റോള് ഇല്ല എന്നതുകൊണ്ട്‌ എങ്ങനെയും ആ പല്ലവി പാടി തീര്‍ക്കാം എന്ന് യു. ഡി. എഫ് ചിന്തിച്ചു കളയരുത്. ലീഗിനോട് തീര്‍ത്തു പറഞ്ഞേക്ക് കൊണ്ഗ്രസ്സെ , ഈ സീറ്റ് ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന്. വരാന്‍ പോകുന്ന പഞ്ചായത്ത്- നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള വില പേശല്‍ തന്ത്രങ്ങള്‍ മാത്രമാണിത്. രാജ്യസഭാ സീറ്റ് നിഷേടിക്കപ്പെട്ട കാരണം പറഞ്ഞു കൂടുതല്‍ ആനുകൂല്യങ്ങള്‍ മുന്നണി നേതൃത്വത്തില്‍ നിന്നും കൈപ്പിടിയില്‍ ഒതുക്കാനുള്ള രാഷ്ട്രീയ തന്ത്രം. പക്ഷെ ആന്റണിയെ പ്രതിരോധിച്ചു കൊണ്ട് വേണ്ടിയിരുന്നില്ല തന്ത്രങ്ങളുടെ വേട്ട. ഒരു മുന്നണിയിലെ രണ്ടു കക്ഷികള്‍ക്കും ഒരു പോലെ നഷ്ടം സംഭവിക്കുന്ന സമയത്ത്, അവശേഷിക്കുന്ന ഒരേ ഒരു സീറ്റിനു മുന്നണിയിലെ പ്രബല കക്ഷി തന്നെ അവകാശി. പ്രത്യേകിച്ച് ആ കക്ഷിയിലെ ഏറ്റവും ശക്തനും, ജന സംമതനും ആയുള്ള ഒരു നേതാവ് കൈവശം വെച്ച് കൊണ്ടിരിക്കുന്ന ഒരു സീറ്റ് കൂടി ആകുമ്പോള്‍. ലീഗ് തങ്ങളുടെ അവകാശ വാദത്തിലൂടെ സത്യത്തില്‍ അപമാനിചിരിക്കുന്നത് കൊണ്ഗ്രസ്സിനെ മാത്രം അല്ല; കേരളത്തിലെ ജനങ്ങളെ ഒന്നാകെയാണ്.

Wednesday, February 24, 2010

ലാലും മാഷും

തിലകന്‍ ഉയര്‍ത്തിവിട്ട ചില ചോദ്യങ്ങളും പ്രശ്നങ്ങളും കേരളത്തിന്റെ സാംസ്കാരിക ചിന്തയ്ക്ക് സംവാദത്തിന്റെ പുതിയ ആകാശങ്ങള്‍ നല്‍കിക്കൊണ്ട് അനുദിനം ശക്തിയാര്‍ജ്ജിക്കുകയാണ്. അത് കേരളത്തിന്റെ ഒരു സാംസ്കാരിക പ്രശ്നമായി പരിണമിച്ചിരിക്കുന്നു. കേരളം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വലിയ വ്യക്തിത്വങ്ങള്‍ പോരിന്റെ മൂര്‍ച്ചയില്‍ തങ്ങളുടെ സവിശേഷമായ സ്ഥാന മാനങ്ങള്‍ മറക്കുന്നു. ചളി വാരി എറിയുന്നു. തിലകന്‍ എന്ന മഹാനായ അഭിനേതാവ് ഉയര്‍ത്തിയ തൊഴില്‍ നിഷേധത്തിന്റെ മൌലിക പ്രശ്നങ്ങള്‍ പിന്നാക്കം പോവുകയും പകരം മറ്റു പലതും ഉയര്‍ന്നു വരികയും ചെയ്തിരിക്കുന്നു.

സുകുമാര്‍ അഴീക്കോട് എന്ന മഹാനായ സാഹിത്യകാരനും പ്രഭാഷകനും, മോഹന്‍ ലാല്‍ എന്ന അതുല്യനായ നടനും തമ്മിലാണ് പോരിന്റെ പുതിയ മുഖങ്ങള്‍ തുറന്നിരിക്കുന്നത്. സത്യത്തില്‍ ഞാന്‍ ഇപ്പോള്‍ കണ്‍ഫ്യുഷനില്‍ ആണ്. രണ്ടു പേരും എനിക്ക് ഇഷ്ടപ്പെട്ടവര്‍. ഇവിടെ എനിക്ക് പ്രത്യേകിച്ച് ഒരാളുടെ പക്ഷം പിടിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എങ്കിലും ഗുരു നിന്ദ പാടില്ല. അത് ചെറിയവരും വലിയവരും ഒരു പോലെ പാലിക്കേണ്ട തത്വം. പക്ഷെ മോഹന്‍ ലാല്‍ അത് ഇവിടെ തെറ്റിച്ചു. അത്ര പെട്ടെന്നൊന്നും പ്രകൊപിതന്‍ ആവാത്ത ലാല്‍ ഇത്തവണ ശരിക്കും പൊട്ടിത്തെറിച്ചു. അഴീക്കോടിനെ അയാള്‍ എന്ന് വിളിച്ചു. അയാള്‍ തികച്ചും ഒരു ആക്ഷേപ ധ്വനി തന്നെ. മതിഭ്രമം എന്ന് അധിക്ഷേപിച്ചു. തിലകനും ആയി ഒരു മേശയ്ക്കു ചുറ്റും ഇരുന്നു സംസാരിക്കാന്‍ താന്‍ തയ്യാറാണ് എന്ന് ലാല്‍ തന്നെ വിളിച്ചപ്പോള്‍ സമ്മതിച്ചതായി മാഷ്‌ പറഞ്ഞാതാണ് ഈ പ്രകോപനം മുഴുവന്‍ സൃഷ്ടിച്ചത്. ലാല്‍ മാഷെ നിഷേധിക്കുകയും തീക്ഷണമായി പ്രതികരിക്കുകയും ചെയ്തു. ആ പ്രതികരണം പക്ഷെ ഗുരു നിന്ദയായി എന്ന് മാത്രം. സത്യത്തില്‍ ലാല്‍ ഗുരുവര്യരെ മാനിക്കുകയും , പ്രായം കൂടിയവരോടു വളരെ ബഹുമാനം നിറഞ്ഞ സമീപനം പുലര്‍ത്തുകയും ചെയ്യുന്ന ഒരാള്‍ ആണ്. അദ്ധേഹത്തിന്റെ അഭിമുഖങ്ങളും, ചില ബ്ലോഗ്‌ രചനകളും അത് വിളിച്ചു പറയുകയും ചെയ്യുന്നു. എന്നാല്‍ ആ ലാല്‍ ഇവിടെ തികച്ചും വ്യത്യസ്തനായ ഒരാള്‍ ആയി. ആ പുതിയ ലാല്‍ വേഷം എന്നെ കുറച്ചു വിഷമിപ്പിച്ചു .

ലാലിന് പിന്നണി പാടാന്‍ സിനിമയിലെയും സാഹിത്യത്തിലേയും കുലപതികള്‍ ഓടിപ്പിടഞ്ഞെത്തി. തിലകന് കൊടുക്കാത്ത പിന്തുണ ലാലിന് പ്രഖ്യാപിക്കാന്‍ മത്സരമായിരുന്നു. സിനിമാ പ്രശ്നത്തില്‍ ഇടപെടാന്‍ അഴീക്കോടിന് എന്തവകാശം എന്നായി ചോദ്യം. ഈ ചോദ്യം വിവരമില്ലായ്മയുടെതാണ്. ഓരോ മേഖലയിലെയും പ്രശ്നങ്ങളില്‍ ഇടപെടാന്‍ അതാതു മേഖലയില്‍ ഉള്ളവര്‍ക്ക് മാത്രമേ അവകാശം ഉള്ളു എന്ന്നു പറഞ്ഞാല്‍ അത് എന്ത് ന്യായം? ജനാധിപത്യത്തിന്റെ തിരസ്കാരം ആണത്. ഈ നയം നടപ്പിലായാല്‍ വിഷമിക്കുക സിനിമ പ്രവര്‍ത്തകര്‍ തന്നെ ആയിരിക്കും. രാഷ്ട്രീയം, മാധ്യമം, സാഹിത്യം തുടങ്ങിയ ബഹുവിധ കാര്യങ്ങള്‍ കഥ തന്തുക്കള്‍ ആയി സ്വീകരിച്ചു സിനിമ കഥ മെനയാന്‍ ഉള്ള സ്വാതന്ത്ര്യം ഒറ്റ അടിക്കങ്ങു പോയിപ്പോവും. ഈ ജനാധിപത്യ രാജ്യത്തില്‍ ആര്‍ക്കും ഇതു പ്രശ്നത്തില്‍ ഇടപെടാനും അഭിപ്രായം പറയാനും ഉള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. പ്രത്യേകിച്ച് അഴീക്കൊടിനുണ്ട്. കേരളം വായ തുറക്കാന്‍ മടിച്ചു നിന്ന സന്ദര്‍ഭങ്ങളില്‍ ഒക്കെയും തീക്ഷ്ണ പ്രതികരണങ്ങളിലൂടെ മലയാളിയുടെ മാനം രക്ഷിച്ച മഹാന്‍ ആണ് അദേഹം. തളരാത്ത ധീരതയുടെ പ്രതീകം. ഈ അവകാശം കേരളം അദേഹത്തിന് പതിച്ചു നല്‍കിയതാണ്. ആ അഭിപ്രായങ്ങളോട് നിങ്ങള്ക്ക് വിസമ്മതം ആണ് എങ്കില്‍ അത് സ്വീകരിക്കേണ്ടതില്ല. പക്ഷെ അതിനെ അവമാതിക്കരുത്. പൊട്ട ചോദ്യങ്ങള്‍ ചോദിച്ചു സ്വയം അപഹാസ്യര്‍ ആവരുത്.

അഴീക്കോട് ഇഷ്ടപ്പെടുന്ന നടന്‍ മോഹന്‍ ലാല്‍ ആണ്. ചില സ്വകാര്യ സംഭാഷണ വേളകളില്‍ അദേഹം അത് വ്യക്തമാക്കിയിട്ടുണ്ട്. ലാലിന്റെ അഭിനയത്തിന്റെ പ്രത്യേകതകളെ കുറിച്ച് തികച്ചും താത്വികമായ ചില നിരീക്ഷണങ്ങള്‍ അദേഹം നടത്തിയതും ഞാന്‍ ഓര്‍ക്കുന്നു. പിന്നെ ഇവിടെ പെട്ടന്നുള്ള ഒരു പ്രകോപന ഹേതു ലാലിന്റെ പരസ്യങ്ങളിലെ അഭിനയത്തെ മാഷ്‌ വിമര്‍ശിച്ച്ചതാവാം. പണത്തില്‍ തൊട്ടു കളിച്ചപ്പോള്‍ ലാല്‍ പിണങ്ങി. ഭൌതിക സൌകര്യന്ളില്‍ നിന്നും വിടുതല്‍ നേടി ജീവിക്കുന്ന അഴീക്കോടും, അതില്‍ ആണ്ടു മുങ്ങി ജീവിക്കുന്ന ലാലും തമ്മിലുള്ള വ്യത്യാസം സ്പഷ്ടം. അഴീക്കോട് കളിച്ചു ജയിച്ചു വന്ന വഴി വേറെ. ലാല്‍ വന്ന വഴി വേറെ. പൊള്ളും ചില അസ്വസ്ഥമായ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍, ലാലിന് ആയാലും, മമ്മൂട്ടിക്ക് ആയാലും. അതുകൊണ്ട് വിട്ടുകള... പൊറുക്കാന്‍ ലാലും അഴീക്കോടും തയ്യാറാവണം. അഴീക്കൊടിനോട് എതിര്‍ത്തവര്‍ ആരായാലും, അവര്‍ പിന്നീട് ആ മനുഷ്യന്റെ കാല്‍ക്കല്‍ അടിയറവു പറഞ്ഞിട്ടുണ്ട്. സൗഹൃദം കൂടിയിട്ടുണ്ട്. പ്രായത്തെ ബഹുമാനിക്കാന്‍ മറക്കരുത് ലാല്‍.

Monday, February 8, 2010

അഭിനയിക്കാന്‍ തിലകന് അവകാശമുണ്ട്‌


വിലക്കിന്റെ ഭീഷണിയിലാണ് നടന്‍ തിലകന്‍. മലയാള സിനിമാ കുടുംബത്തില്‍ നിന്നും പുറപ്പെട്ടു പോയ വിനയന്റെ പുതിയ പടത്തില്‍മുഖം കാണിച്ചതാണ് തിലകന് ഇപ്പോള്‍ വിനയായിരിക്കുന്നത്. ജോഷിയുടെ പുതിയ മള്‍ടിസ്റ്റാര്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രതെര്സില്‍നിന്നും തിലകന്‍ പുറത്തായതാണ് മലയാള സിനിമയിലെ ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സത്യത്തില്‍ ആ സിനിമയില്‍ നിന്നുമുള്ള തിലകന്റെ പുറത്താകല്‍ നിമിത്തം നഷ്ടം സംഭവിച്ചിരിക്കുന്നത് മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ ആണ്. ലാല്‍- തിലകന്‍ കൂട്ട് കെട്ടിന്റെ അതുല്യമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാണാനുള്ള ഭാഗ്യം നമുക്ക് ഇല്ലാതായിരിക്കുന്നു.

തന്റെ വിലക്കിന് പിന്നില്‍ മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ വൃത്തികെട്ട കളികള്‍ ആണെന്ന് തിലകന്‍ തുറന്നു പറഞ്ഞിരിക്കുന്നു. ആ താരം ആരാണ് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പത്ര പ്രവര്‍ത്തകരുടെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്‍ നാലുപാടു നിന്നും ഉതിര്‍ന്നു വീണിട്ടും തിലകന്‍ പിടി കൊടുത്തിട്ടില്ല. പക്ഷെ വരികള്‍ക്കിടയില്‍ ആ സൂപ്പര്‍ താരത്തിന്റെ പേര് ഒളിപ്പിച്ചു വെച്ച് ചില പൊട്ടിത്തെറികള്‍ തിലകന്‍ നടത്തിയത് ശ്രദ്ധേയം ആയിരുന്നു. മമ്മൂട്ടി ആണ് ആ നടന്‍ എന്ന് മലയാള സിനിമ പ്രേമികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. എന്താണ് തിലകനും മമ്മൂട്ടിക്കും ഇടയില്‍ നടന്നത്? തിലകന്റെ പരോക്ഷമായ ആരോപണങ്ങള്‍ ലക്‌ഷ്യം വെക്കുന്നത് മമ്മൂട്ടി എന്ന നടനെ തന്നെ ആണെങ്കില്‍ , ഏതു സാഹചര്യത്തിന്റെ പുറത്തായിരിക്കും തിലകന്‍ മമ്മൂട്ടിക്കെതിരെ ഇങ്ങനെ ഒരു നിലപാട് കൈക്കൊണ്ടത്? മമ്മൂട്ടിയെ അല്ലെങ്കില്‍ തിലകനെ പരസ്പരം ആരാണ് തെറ്റിദ്ധരിപ്പിച്ചത്? ഉത്തരം കിട്ടാന്‍ കുറച്ചു പ്രയാസം തന്നെ. മമ്മൂട്ടിയുടെ മൌനം സംഗതി കൂടുതല്‍ സങ്കീര്‍ണ്ണം ആക്കുന്നു.

ഒരു നടനെ വിലക്കാന്‍ ഏതെങ്കിലും സംഘടനയ്ക്ക്, അല്ലെങ്കില്‍ ഏതെങ്കിലും ഒരു വ്യക്തിക്ക് അവകാശം ഉണ്ടോ? പ്രത്യേകിച്ച് ജനങ്ങള്‍ ഇപ്പോഴും കാണാന്‍ ഇഷ്ടപ്പെടുന്ന , അസൂയാവഹമായ അഭിനയ പാടവം ഉള്ള ഒരു നടനെ? കൃത്യമായി പറഞ്ഞാല്‍ ഏകദേശം പത്ത് വര്‍ഷത്തോളം ആയി , വിവിധ കാലഘട്ടങ്ങളില്‍ തിലകന്‍ താര സംഘടന ആയ അമ്മയ്ക്കെതിരെ ഇത്തരം ആരോപണങ്ങളും ആയി വരാന്‍ തുടങ്ങിയിട്ട്. പല തവണ സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നേരിട്ട ഒരാള്‍ ആണ് താന്‍ എന്ന് തിലകന്‍ വ്യത്യസ്ത കാലങ്ങളില്‍ പരാതിപ്പെട്ടിട്ടുണ്ട്. ആ പരാതി ഏറെക്കുറെ സത്യമാണെന്ന് പ്രേക്ഷകര്‍ക്ക്‌ ബോധ്യപ്പെട്ടതും ആണ്. ചില പ്രത്യേക കാലങ്ങളില്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകളില്‍ നിന്നും തിലകന്‍ എന്ന നടന്‍ പൂര്‍ണ്ണമായും അപ്രത്യക്ഷനായിരുന്നു. തിലകന്റെ അഭിനയം കാണാന്‍ കൊതിച്ചു പോയ ചില സന്ദര്‍ഭങ്ങള്‍ പോലും എനിക്ക് ഉണ്ടായിട്ടുണ്ട്. ചില നടന്മാരുടെ ഒപ്പം തിലകന്‍ സ്ക്രീനില്‍ തിളച്ചു മറിയുന്നത് കാണാന്‍ ആശ പൂണ്ടു നടന്നപ്പോള്‍, സമാശ്വാസം നല്‍കിയത് ആ നടന്മാരുടെ ഒപ്പം തിലകന്‍ നേരത്തെ അഭിനയിച്ച ചിത്രങ്ങളുടെ ടി. വി. സംപ്രേഷണം ആയിരുന്നു. ഇടക്കാലത്തിനു ശേഷം കുറച്ചു സിനിമകളിലൂടെ തിലകന്‍ സജീവമായപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഞാന്‍ ഇഷ്ടപ്പെടുന്ന മോഹന്‍ ലാലിനേക്കാള്‍ കൂടുതല്‍ , തിലകനെ ഞാന്‍ ഇഷ്ടപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്‌.

അഭിനയം അത് എന്താണെന്ന് മലയാളിയെ പടിപ്പിച്ചവരുടെ കൂട്ടത്തില്‍ തിലകന് ഒന്നാം സ്ഥാനം കൊടുക്കണം. നോട്ടത്തില്‍, മൂളലില്‍ , ചിരിയില്‍ തുടിക്കുന്ന ഭാവ പ്രകാശത്തിന്റെ ഊഷ്മളത ഏതു മലയാളിയെ ആണ് രോമാഞ്ചം കൊള്ളിക്കാത്തത്? വില്ലന്‍ , തമാശക്കാരന്‍, ശ്രുന്കാര ലോലുപനായ കാമുകന്‍ , സ്നേഹധനനായ അച്ഛന്‍ , കര്‍ക്കശക്കാരന്‍ ആയ കാരണവര്‍ തുടങ്ങി മനുഷ്യ ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ ഭാവ വിശേഷങ്ങളെ അവതരിപ്പിക്കാന്‍ തിലകന് ഉള്ള മിടുക്ക് വേറെ ആര്‍ക്കുണ്ട്? ജീവിക്കുകയാണ് സ്ക്രീനില്‍ ആ നടന്‍. സിനിമ കാണുന്നവന്റെ ഹൃദയത്തിലേക്ക് അധികാര പൂര്‍വ്വം , സ്ക്രീനില്‍ നിന്നും നടന്നു കയറി വരികയാണ് . ഹൃദയത്തിന്റെ വാതിലില്‍ ചെറുതായി പോലും ഒന്ന് മുട്ടി അനുവാദം ചോദിക്കാതെ കടന്നു വരാനുള്ള അവകാശം നമ്മള്‍ തിലകന് കൊടുത്തിട്ടുണ്ട്‌. അത് അദ്ദേഹം പിടിച്ചു വാങ്ങിയത് അഭിനയിക്കാന്‍ ഉള്ള തന്റെ കഴിവ് ഉപയോഗിച്ചു മാത്രമാണ്. അതുകൊണ്ട് തന്നെ ആര് വിചാരിച്ചാലും തിലകനെ മലയാള സിനിമയില്‍ നിന്നും പര്‍ജു ചെയ്തു കളയാന്‍ ആവില്ല.

ഒരു നടനെ വിലക്കാന്‍ ഒരു സംഘടനയ്ക്കും അധികാരം ഇല്ല. ആ അധികാരം സിനിമ കാണുന്ന പ്രേക്ഷകന് മാത്രമാണ്. ഒരു നടന്റെ അഭിനയം മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ആ നടന്‍ പിന്നെ സിനിമയില്‍ ഇല്ല തന്നെ. പ്രേക്ഷകരുടെ അനിഷ്ടം അനുഭവിച്ചു സിനിമയുടെ ആകാശത്ത് നിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷരായ നടന്മാര്‍ എത്രയെങ്കിലും ഉണ്ട് മലയാളത്തില്‍. പക്ഷെ തിലകന്‍ ആ കൂട്ടത്തില്‍ ഒരിക്കലും പെടില്ല. മലയാള സിനിമയെ താങ്ങി നിര്‍ത്തുന്ന പ്രേക്ഷകര്‍ തിലകന് ഒപ്പം എന്നുമുണ്ട്. ആ കലാകാരന് അതറിയാം. ആ അറിവ് തന്നെ ആണ് തിലകന്‍ നടത്തുന്ന പോരാട്ടത്തിനു ശക്തി പകരുന്നതും. ഒരു കലാകാരന്റെ അവകാശങ്ങളെ നിഷേധിച്ചു, ആ കലാകാരനെ തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല.

Friday, January 1, 2010

കാലത്തിന്റെ കലണ്ടര്‍ ഒരു വര്‍ഷം കൂടി മറിഞ്ഞു. ഒരു ദശപ്പിറവിയുടെ ശുഭ മുഹൂര്‍ത്തം കടന്നു കഴിഞ്ഞിരിക്കുന്നു. പോയ ആണ്ടിന്റെ നേട്ടങ്ങളെയും കോട്ടങ്ങളെയും വിലയിരുത്തുന്ന പതിവ് ചടങ്ങുകളും സമാപിച്ചിരിക്കുന്നു. ഇനി വിധി നിര്‍ണയത്തിന്റെ കൌതുകങ്ങളും, ആകാംക്ഷകളും നിറയുന്ന വേള
രണ്ടായിരത്തി ഒന്‍പതിലെ മലയാള ചലച്ചിത്രങ്ങളിലെ ഏറ്റവും മികവുറ്റ ചില കാഴ്ചകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. തികച്ചും വ്യക്തിപരമായ ഒരു നിരീക്ഷണം. എന്നുവെച്ചു എന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ തനി നിറം പൂണ്ടു പ്രകടമാവുകയല്ല. മികച്ചതിനെ തിരഞ്ഞെടുക്കല്‍ ദുഷ്കരമല്ല. എന്റെ ചലച്ചിത്ര ബോധങ്ങളെ തൃപ്തിപ്പെടുത്തിയ , ആവേശം കൊള്ളിച്ച സൃഷ്ടികളേയും , അവയ്ക്ക് പിന്നില്‍ അണിനിരന്ന കലാകാരന്മാരെയും ചൂണ്ടി കാട്ടാനുള്ള ഒരു ശ്രമം. ഒരു അവാര്‍ഡ്‌ നിര്‍ണയം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നതാണ്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡില്‍ ഉള്‍പ്പെടുന്ന ചലച്ചിത്ര വിഭാഗങ്ങളെ ആണ് ഇവിടെ ഞാനും അവലംബിച്ചിരിക്കുന്നത്.

ചായാഗ്രഹണം---- അജയന്‍ വിന്‍സെന്റ് [ഭ്രമരം]
കലാസംവിധാനം--- മുത്തുരാജ് [ പഴശ്ശി രാജാ ]
സംഗീത സംവിധായകന്‍ ----ഇളയരാജ- [ആദിയുഷ സന്ധ്യ ---- പഴശ്ശി രാജാ
സ്വപ്‌നങ്ങള്‍ --- ഭാഗ്യദേവത ]
ഗാനരചന----- ഓ.എന്‍.വി.[ കുന്നത്തെ--- പഴശ്ശി രാജാ]
ഗായകന്‍---ശങ്കര്‍ മഹാദേവന്‍-[ പിച്ചവെച്ച --പുതിയമുഖം]
ഗായിക--- ചിത്ര [ കുന്നത്തെ --- പഴശ്ശി രാജാ]
കഥാകൃത്ത്‌ --ടെന്നിസ് ജോസഫ്‌ [ പത്താം നിലയിലെ തീവണ്ടി]
തിരക്കഥ---സത്യന്‍ അന്തിക്കാട്‌- [ഭാഗ്യദേവത]
ഹാസ്യനടന്‍- സലിം കുമാര്‍[ വിവിധ ചിത്രങ്ങള്‍]
സഹ നടന്‍-- ജഗതി ശ്രീകുമാര്‍[ രാമാനം, പാസഞ്ചര്‍ ]
സഹനടി-- ശാന്താദേവി [ കേരള കഫെ]
നടി- പദ്മപ്രിയ [ പഴശ്ശി രാജാ]
നടന്‍-മോഹന്‍ലാല്‍[ ഭ്രമരം]
നവാഗത സംവിധായകന്‍- രഞ്ജിത്ത് ശങ്കര്‍[ പാസഞ്ചര്‍]
സംവിധായകന്‍-ഹരിഹരന്‍ [ പഴശ്ശി രാജാ]
ജനപ്രീതി നേടിയ ചിത്രം- ഭാഗ്യദേവത
രണ്ടാമത്തെ ചിത്രം--പത്താം നിലയിലെ തീവണ്ടി
ചിത്രം--- പഴശ്ശി രാജാ