Monday, November 23, 2009

പഴശ്ശി രാജാ -വിവാദങ്ങള്‍ തുടരുമ്പോള്‍











വിവാദങ്ങളുടെ തോഴന്‍ ആയിരുന്നു നാടു ഭരിച്ച പഴശ്ശിരാജാ. ബ്രിട്ടീഷ് ഭരണത്തിന്‍റെ അന്തസാര ശൂന്യതയെ നഖ ശിഖാന്തം എതിര്‍ത്ത ധീരന്‍. ബ്രിട്ടീഷ് അധികാരികള്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ സാമാന്യ ജനതയുടെ സ്വാതന്ത്ര്യത്തിനു ഹാനികരം ആണെന്ന് കണ്ടപ്പോള്‍ അവയെ ആമൂലാഗ്രം എതിര്‍ക്കാനുള്ള ആര്‍ജ്ജവം കാണിച്ച സ്വഭിമാനി. ആ എതിര്‍പ്പുകള്‍ തന്നെയാണ് അക്കാലത്തു വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയത്. ഇപ്പോള്‍, ആ ധീര ദേശാഭിമാനിയുടെ അക്ഷീണ പോരാട്ടങ്ങള്‍ അഭ്ര പാളികളിലേക്ക് പകര്‍ത്തിയപ്പോള്‍ വീണ്ടും വിവാദങ്ങളുടെ പടഹ ധ്വനികള്‍ ഉയര്‍ന്നിരിക്കുന്നു. നിര്‍മ്മാണത്തിന്റെ തുടക്കം തൊട്ടേ വിവാദങ്ങള്‍ പഴശ്ശി രാജയുടെ കൂടപ്പിറപ്പ് ആയിരുന്നു. ഏകദേശം മൂന്നു വര്‍ഷത്തെ യുദ്ധ സമാനമായ സാഹചര്യങ്ങള്‍ തരണം ചെയ്തു ഹരിഹരനും ഗോകുലം ഗോപാലനും കൂടി സിനിമ യാഥാര്‍ത്ഥ്യം ആക്കി. അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷകളെ കവച്ചു വെച്ചു സിനിമ അപൂര്‍വമായ നേട്ടങ്ങള്‍ കൈവരിച്ചു. മലയാള സിനിമ അടുത്ത കാലത്തു എന്നല്ല ചരിത്രത്തില്‍ തന്നെ നേടാത്ത വിജയം സ്വന്തമാക്കി. സിനിമ ശാലകളെ ഉപേക്ഷിച്ചു ടി.വി. കള്‍ക്ക് മുന്‍പില്‍ ഇരിപ്പ് ഉറപ്പിച്ചവരെ പോലും ടാക്കീസുകളിലേക്ക് നടക്കാന്‍ പ്രേരിപ്പിച്ചു . അങ്ങനെ അതിശയങ്ങളുടെ വിളയാട്ട്‌ കേന്ദ്രമായി പഴശ്ശി രാജാ. പടം പുറത്തു വന്നപ്പോള്‍ , പഴശ്ശിയുടെ അന്ത്യ രംഗം ആവിഷ്കരിച്ചതിനെ ചൊല്ലി ആയിരുന്നു വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. പഴശ്ശിയെ ബ്രിട്ടീഷുകാര്‍ വെടി വെച്ചു കൊല്ലുകയായിരുന്നു എ ന്ന ചലച്ചിത്ര ഭാഷ്യം ഇവിടത്തെ പേരു കേട്ട ചരിത്രകാരന്മാര്‍ ഇതു വരെയും വകവെച്ചു കൊടുത്തിട്ടില്ല. എങ്കിലും എം. ടി.യും , ഹരിഹരനും എത്രയോ വര്‍ഷത്തെ ഗവേഷണങ്ങളിലൂടെ നേടിയ അറിവിന്റെ പിന്‍ ബലത്തിലാണ് ഇങ്ങനെയൊരു ക്ലൈമാക്സ്‌ അവതരിപ്പിച്ചത് എന്ന് പറയുമ്പോള്‍ ലഭിക്കുന്ന ആധികാരികതയെ ചോദ്യം ചെയ്യാന്‍ ആര്ക്കും കഴിഞ്ഞിട്ടില്ല. ആ വിവാദം പുകഞ്ഞും പുകയാതെയും കേരളത്തിന്റെ സാംസ്കാരിക അന്തരീക്ഷത്തെ ചൂടു പിടിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് മറ്റൊരു ചര്‍ച്ചയിലേക്ക് പഴശ്ശി വഴി മാറുന്നത്. ഇത്തവണ അത് ആ ചിത്രത്തിലെ പാട്ടുകളുമായി ബന്ധപ്പെട്ടാണ്. തുടങ്ങി വെച്ചതാവട്ടെ ചിത്രത്തിന്റെ സംഗീത സംവിധായകനായ ഇളയരാജയും. ചിത്രത്തില്‍ രണ്ടു പാട്ടുകള്‍ എഴുതിയ ഓ. എന്‍. വി. യുടെ പ്രതിഭയെ , ഈ ചിത്രത്തിലെ അദേഹത്തിന്റെ രചനകളുമായി തട്ടിച്ചു ഇളയരാജ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു , നിഷ്കരുണം ആക്രമിച്ചതാണ് പുതിയ വിവാദങ്ങളുടെ ഉത്ഭവ കാരണം. മലയാളികള്‍ മുഴുവന്‍ ഇതോടെ ഓ.എന്‍.വി. യുടെ പിന്നില്‍ അണിനിരന്നു കഴിഞ്ഞിട്ടുണ്ട്. തമിഴനായ ഇളയരാജയുടെ കാവ്യാ ബോധത്തെ പോലും ആക്ഷേപിച്ചു കൊണ്ടു ഭാഷാവിവേചനം പോലും കാണിച്ചു ഓ.എന്‍.വി.യോടുള്ള സാംസ്കാരിക കേരളത്തിന്റെ വിധേയത്വം പ്രകടിപ്പിക്കാന്‍ സന്നദ്ധരായി സാംസ്കാരിക നായകരും രാഷ്ട്രീയക്കാരും രംഗത്ത് വന്നു കഴിഞ്ഞു . അപ്പോഴും ഒരു കാര്യം മാത്രം നാം ആലോചിക്കുന്നില്ല. എന്തുകൊണ്ട് ഇളയരാജ കവിക്കെതിരെ ഇത്തരം ഒരു ആരോപണവുമായി മുന്നോട്ടു വന്നു? ഓ.എന്‍.വി.യുമായി ചേര്ന്നു മറക്കാന്‍ ആവാത്ത നിരവധി ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകന് ഈ ഒരു ചിത്രത്തോടെ കവിയുമായി സൌന്ദര്യപ്പിണക്കം ഉടലെടുക്കാന്‍ എന്താണ് കാരണം?മറ്റു പല സന്ദര്‍ഭങ്ങളിലും ഓ.എന്‍.വി.യെ വാഴ്ത്താന്‍ ഒരു വൈമനസ്യവും കാണിക്കാതിരുന്ന ഇളയരാജ രൂക്ഷ വിമര്‍ശനങ്ങളും ആയി ഇപ്പോള്‍ രംഗ പ്രവേശം ചെയ്തതിന്റെ പിന്നിലുള്ള രഹസ്യം എന്ത്? ഒരു കാര്യം നാം ഇവിടെ ഓര്‍ക്കണം. ഇളയരാജയുടെ ആദ്യ മലയാള സംഗീതത്തിനു കവിതയുടെ ചിറകുകള്‍ നല്കിയത് ഓ.എന്‍. വി. ആയിരുന്നു. വ്യാമോഹം എന്ന ആ ചിത്രത്തിലെ ' പൂവാടികളില്‍..' എന്ന് തുടങ്ങുന്ന ഗാനം ചലച്ചിത്ര സംഗീത ആസ്വാദകരെ ഇന്നും ആഹ്ലാദിപ്പിക്കുന്ന നല്ലൊരു സൃഷ്ടി ആണ്.




പഴശ്ശി രാജയിലെ ആദിയുഷ സന്ധ്യ എന്ന് തുടങ്ങുന്ന ഗാനത്തെ കുറിച്ചു ആണ് ഇളയരാജ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. താന്‍ ചില ഈണങ്ങള്‍ ഇട്ടു കൊടുത്തപ്പോള്‍ അതിനനുസരിച്ച് ഓ.എന്‍.വി.ക്ക് വരികള്‍ ചമയ്ക്കാന്‍ കഴിഞ്ഞില്ലെന്നും, പഴശ്ശിയുടെ മനോ നൊമ്പരങ്ങള്‍ മേല്‍പ്പറഞ്ഞ പാട്ടില്‍ ആവിഷ്കരിക്കാന്‍ കവിക്ക്‌ കഴിഞ്ഞില്ലെന്നും ഇളയരാജ പറയുന്നു. പിന്നെ എങ്ങനെയാണ് ഹരിഹരന്‍ ആ പാട്ടിനു ഓ.കെ പറഞ്ഞതു ? സംവിധായകന്‍ ഹരിഹരന്റെ കാര്‍ക്കശ്യങ്ങളെ കുറിച്ചു അറിയാവുന്ന ഒരു സാധാരണക്കാരനായ മലയാളി ഇങ്ങനെ ചോദിച്ചു പോയാല്‍ അതിശയിക്കാന്‍ ഇല്ല. ഇതിനിടയില്‍ അണിയറയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേതന്നെ കേട്ട ഒരു കഥ ഇവിടെ ഞാന്‍ ഓര്ത്തു പോകുന്നു. പഴശ്ശി രാജാ എന്ന ചിത്രത്തിന്റെ തുടക്കത്തില്‍ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് ഇളയരാജയും , ഓ.എന്‍.വി. യും കൂടിയാണെന്ന് കേട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്റെ കമ്പോസിംഗ് നടന്നു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഓ.എന്‍.വി.ക്ക് പുറമെ ഗിരീഷ്‌ പുത്തഞ്ചേരിയുടെ പേരും അവിചാരിതമായി കടന്നു വന്നു. പിന്നാലെ കാനേഷ് പൂനൂരും. എന്ത് കൊണ്ടു ഇങ്ങനെ ഒരു മറിമായം? ഓ.എന്‍.വി. എന്ന ഒറ്റയാനില്‍ നിന്നും മറ്റു രണ്ടു നാമങ്ങളിലേക്ക് ഹരിഹരന് മാറി ചിന്തിക്കേണ്ടി വന്നത് എന്ത് കൊണ്ടു? കേട്ടിരുന്നു, എം.ടി.യുടെ ശുപാര്‍ശയില്‍ ആണ് പുത്തഞ്ചേരി കയറിക്കൂടിയത് എന്ന്. അങ്ങനെ ഒരു ശുപാര്ശ നല്കാന്‍ എം. ടി യെ പ്രേരിപ്പിച്ച ഘടകവും, എം. ടി.യോട് ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കാന്‍ ഹരിഹരനെ പ്രകോപിപ്പിച്ച സംഭവവും എന്തായിരുന്നു? പറഞ്ഞു കേള്ക്കുന്ന ഒന്നു രണ്ടു കാരണങ്ങള്‍ ഇതൊക്കെ ആണ്. പരിവാര സമേതനായി , തികച്ചും ദൈവികമായ ഒരു പരിവേഷത്തോടെ കമ്പോസിംഗ് കര്‍മ്മത്തിലേക്കു കടന്നു വന്ന ഇളയരാജയുടെ പക്കാ തമിഴ് മാനറിസങ്ങള്‍ സഹിക്കാന്‍ ആവാതെ ഓ.എന്‍. വി. പ്രതിഷേധത്തിന്റെ അഗ്നി മനസ്സില്‍ സൂക്ഷിച്ചത്രേ. ഇളയരാജയുടെ 'രാജ പാര്‍ട്ട്‌' വേഷംമലയാളത്തിന്റെ ലാളിത്യത്തെ ചൊടിപ്പിച്ചു. അവര്‍ പല സന്ദര്‍ഭങ്ങളിലും പൊരുത്തപ്പെടാന്‍ ആവാത്ത മട്ടില്‍ എടുത്തടിച്ചു നിന്നു. ഇങ്ങനെ പോയാല്‍ പഴശ്ശി നടക്കില്ലെന്നു തോന്നിയ ഹരിഹരന്‍ മറ്റൊരു ഗാന രചയിതാവിനെ ആശ്രയിക്കുകയാണ് ഉണ്ടായത്. പിന്നെ മറ്റൊരു കഥ ഓ.എന്‍.വി.ക്ക് ഈണത്തിന് അനുസരിച്ച് പാട്ടെഴുതാന്‍ കഴിഞ്ഞില്ലത്രേ. അതില്‍ എത്ര വാസ്തവം ഉണ്ട് എന്നറിയില്ല. നേരത്തെ സലില്‍ ചൌധരിക്കും , ശ്യാമിനും, എന്തിനേറെ ഇളയരാജക്ക് തന്നെയും ഓ.എന്‍.വി. പാട്ടു എഴുതിക്കൊടുത്തത് ഈണത്തിന് അനുസരിച്ച് ആയിരുന്നില്ലേ. അപ്പോള്‍ പറഞ്ഞു കേട്ട സൌന്ദര്യ പിണക്ക കഥകളില്‍ ആദ്യത്തേത് തന്നെ ഏറെ വിശ്വസനീയം.




ഇനി വിവാദ വിഷയമായി തീര്‍ന്ന പാട്ടിനെ കുറിച്ചു. ഇളയരാജ പറഞ്ഞതില്‍ ഞാന്‍ കുറച്ചൊക്കെ വസ്തുത കാണുന്നു. ഓഎന്‍.വി. എഴുതിയ വരികള്‍ ഒരു കാരണ വശാലും മോശമല്ല. അത്യുജ്ജ്വലമായ കല്പന കൊണ്ടും , തീക്ഷ്ണമായ ഭാവ ഗരിമ കൊണ്ടും, ഉചിതമായ പദ വിന്യാസം കൊണ്ടും ആദിയുഷസന്ധ്യ തീവ്രമായ ദേശാഭിമാന ബോധം കേള്‍വിക്കാരില്‍ അന്ഗുരിപ്പിക്കാന്‍ പ്രേരകമാണ്.എന്നാല്‍ പഴശ്ശിയുടെ വികാരം തൊട്ടറിയാനുള്ള ഒരവസരം ശ്രോതാക്കള്‍ക്ക് കവി നല്‍കുന്നില്ല. പഴശ്ശിയുടെ പടയൊരുക്കം കവിയല്ല ചിത്രത്തില്‍ ആവിഷ്ക്കരിക്കുന്നത്. സിനിമയുടെ സംവിധായകനാണ്. അത് തിരക്കഥയില്‍ ഉള്ളതാണോ , അതോ ഹരിഹരന്‍ പാട്ടു കേട്ട ശേഷം മാറ്റി ചെയ്തതാണോ എന്നറിയില്ല. തിരക്കഥയില്‍ ഉള്ളതാണ് എങ്കില്‍ പഴശ്ശിയുടെ ആത്മ നൊമ്പരവും , വീര്യവും, പട നയിക്കാനുള്ള ഒരുക്കങ്ങളും എല്ലാം സമന്വയിപ്പിച്ച് കൊണ്ടുള്ള ഒരു ആവിഷ്കാരത്തിനു ആയിരുന്നു കവി തൂലിക എടുക്കേണ്ടിയിരുന്നത്. കവിത ആര്‍ഷ ഭാരതത്തിന്റെ പൈതൃകങ്ങളെ നെഞ്ചില്‍ എന്തുകയാണ്. ആ സംസ്കാരത്തിന്റെ പ്രോജ്വലമായ ഭാവങ്ങളെ തൊട്ടു തലോടുകയാണ്. യോദ്ധാക്കളുടെ സിരകളിലേക്ക് സമര വീര്യം കടത്തി വിടാന്‍ ഈ ഓര്‍മ്മപ്പെടുത്തല്‍ സഹായകരമായി തീരുമോ? എന്നാല്‍ പ്രത്യക്ഷത്തില്‍ അത്തരം ഒരു ആഹ്വാനം കവിതയില്‍ കാണാനും കഴിയുന്നില്ല. ഇതൊക്കെ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആണ്.




ഹരിഹരന്‍ ഇപ്പോഴും ഈ വിവാദത്തെ പ്രതി മൌനം പാലിക്കുകയാണ്. സംവിധായകന്റെ കല ആണ് സിനിമ. തന്റെ സിനിമയ്ക്ക്‌ എന്ത് വേണം എന്ത് വേണ്ട എന്ന് തീരുമാനിക്കേണ്ടത് സംവിധായകന്‍ ആണ്. അയാളുടെ തീരുമാനങ്ങള്‍ ആണ് ആത്യന്തികമായ ശരി. ഓ.എന്‍.വി.യുടെ പാട്ടു തനിക്ക് തൃപ്തികരം ആയിരുന്നോ അല്ലയോ എന്ന് വിധി കല്‍പ്പിക്കേണ്ടത് ഹരിഹരന്‍ ആണ്. അദേഹം മൌനം വെടിഞ്ഞു പ്രതികരിച്ചാല്‍ ഈ പ്രശ്നം അതോടെ തീരും. അത് വരെ സാംസ്കാരിക കേരളത്തിന് നേരം പോക്കാന്‍ ഈ കാര്യം ഇങ്ങനെ ചര്ച്ച ചെയ്തു കൊണ്ടിരിക്കാം

Wednesday, November 11, 2009

വിനയവാനായ ഈ ഞാന്‍ പറയുന്നതു എന്തെന്നാല്‍....

വിനയം കൊണ്ടു ഞാന്‍എന്‍റെ പേരു പറയുന്നില്ല. പക്ഷെ കാര്യം പറഞ്ഞു വരുമ്പോള്‍ നിങ്ങള്‍ക്കെന്നെ മനസ്സിലാവും.
ഈയുള്ളവന്‍ സിനിമ രംഗത്ത് അല്ലറ ചില്ലറ കച്ചവടങ്ങള്‍ ഒക്കെയായി പിഴച്ചു പോരുന്നവനാണ്. സിനിമയില്‍ വരുന്നതിനു മുന്പ് ചില തട്ടിക്കൂട്ട് നാടകങ്ങള്‍ ഒക്കെയായി കലയെ ഉദ്ധരിക്കാന്‍ വേണ്ടി ഒരു പാടു കഷ്ട്ടപ്പെട്ടിട്ടുണ്ട്. വഴി ചെലവു നടന്നു പോവാന്‍ ചെറിയൊരു സര്‍ക്കാര്‍ ജോലി തരപ്പെട്ടത് കൊണ്ടു വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. സിനിമയോടുള്ള അസ്ക്യത കലശലായപ്പോള്‍ നാടകത്തില്‍ നിന്നും ഒരു ചാട്ടം. അന്നേ പൊട്ടന്മാര്‍ ആയിട്ടുള്ള പണക്കാര്‍ ഈ കേരള രാജ്യത്ത് സിനിമ പിടിക്കുക എന്ന ലക്ഷ്യത്തോടെ തെക്കു വടക്കു നടന്നു വെള്ളം ഒലിപ്പിക്കാന്‍ ഉണ്ടായിരുന്നത് കൊണ്ടു ഈയുള്ളവന് ചില സിനിമകളൊക്കെ തരപ്പെടുത്താനായി.
സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരെ സിനിമയുടെ മുഖ്യധാരയിലേക്ക് വലിച്ചിഴച്ചു കൊണ്ടു വന്നു , അവര്ക്കും ഒരു ജീവിതം ഉണ്ടെന്നു പൊതു മനസാക്ഷിയെ ബോധിപ്പിച്ചു കൊടുത്തത് ഈയുള്ളവന്‍ ആണ്. സിനിമയിലെ കേശവദേവ്‌ എന്ന് വിശേഷിപ്പിചാലും വിരോധമില്ല. എത്രയോ കൊടി കെട്ടിയ സംവിധാനികള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. അവരൊക്കെ കുബേര ജന്മങ്ങളുടെ കഥ പറഞ്ഞു പണം തട്ടാനാണ് താത്പര്യം കാണിച്ചത്. പക്ഷെ ഈ വിനയവാന്‍ അങ്ങനെ ചുളുവില്‍ പണം അടിച്ച് മാറ്റിയവന്‍ അല്ല. ഒരുപാടു കണ്ണീര്‍ ഒഴുക്കി തന്നെയാണ് മലയാള സിനിമയിലെ സ്ഥാനം ഉറപ്പിച്ചത്. ഈ നികൃഷ്ട ജന്മങ്ങളെ സ്ക്രീനില്‍ കൊണ്ടു വന്നാല്‍ ഒരു മനുഷ്യ ജീവി കൂടി തിയേറ്റര്‍ പരിസരത്തേക്കു പോലും വരില്ലെന്ന് കട്ടായം പറഞ്ഞവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് സകലമാന ജനങ്ങളെയും ആട്ടി തെളിച്ചു കൊണ്ടു വരാന്‍ ഇവന് കഴിഞ്ഞു . ആ പരിപ്പ് പക്ഷെ അധിക കാലം വെന്തില്ല എന്ന് മാത്രം.
സിനിമയിലൂടെ കാണിച്ച സാമൂഹ്യ പ്രതിബദ്ധത തന്നെയാണ് അതിന് പുറത്തും ഇവന്‍ കാണിക്കാന്‍ ഒരുമ്പെട്ടത്. സിനിമാ രംഗത്ത് പുറം പോക്കിലേക്ക് വലിച്ചെറിയപ്പെട്ട കുറച്ചു തൊഴിലാളികള്‍ക്ക്‌ മാന്യമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക . ഇതു മാത്രം ആയിരുന്നു ചെറിയൊരു ലക്ഷ്യം. അതിന് മഹത്തായ ഒരു സംഘടനയെ പൂര്‍ണ്ണമായും കൈപ്പിടിയില്‍ ഒതുക്കി. അധികാരം ഉണ്ടെങ്കിലേ എന്തും ഈ ലോകത്ത് നടക്കൂ. ഈ പച്ച മനുഷ്യരെ ഉയര്‍ത്തി കൊണ്ടു വരുന്നതു ചില്ലറ പണിയൊന്നും അല്ല. ആരോടൊക്കെ പട വെട്ടി വേണമെന്നോ ആ സാഹസം. ഈ ലോകത്തെ എത്ര വലിയവന്‍ പോലും തിരുവായിക്ക് എതിര്‍ വായില്ലാതെ നില്ക്കുന്ന സൂപ്പര്‍ താരങ്ങള്‍ ആയിരുന്നു ആദ്യ ലക്ഷ്യം. അവര്‍ വീഴണം. അവരുടെ അപ്രമാദിത്വം തകരണം. എങ്കിലേ ഞാനടക്കമുള്ളവര്‍ രക്ഷപ്പെടൂ.
ശ്രമിച്ചു.. അഹോരാത്രം തെറി പറഞ്ഞു... ഒടുവില്‍ അവരുടെ വെറുപ്പ്‌ സമ്പാദിച്ചു. മഹാ ഭാഗ്യം...
പക്ഷെ അധിക കാലം ഒന്നും നീണ്ടു പോയില്ല. സംഘടന പിളര്‍ന്നു. സൂപ്പര്‍ താരങ്ങള്‍ പിളര്‍ത്തി. ഒപ്പം അവരുടെ ഓശാരം പറ്റി പിഴച്ചു പോരുന്ന ചില സംവിധാനികളും. ഇന്നലത്തെ മഴയ്ക്ക്‌ പൊടിച്ച ചില ഉണ്ണിക്കണ്ണന്‍മാരും
സിദ്ധി കൂടിയ ചില വന്കന്മാരും മറ്റും. നടക്കുമോ നമ്മുടെ അടുത്ത് പണി. കാരണം ഒരു പണിയും ഇല്ലാത്തവന്മാര്‍ നമ്മുടെ കൂടെ ഉണ്ടല്ലോ. അവസാനം ഇതാ അവന്മാരും നമ്മളെ വിട്ടു പോയിരിക്കുന്നു. എന്നിട്ടും ഈയുള്ളവന്‍ തളര്‍ന്നിട്ടില്ല
കുറേകാലം വീട്ടില്‍ ഇരുന്നു. സംവിധാനിക്കാന്‍ ആരും വിളിച്ചില്ല. പട്ടിണി കിടന്നു ചത്തു പോകും എന്നായിരിക്കും ശത്രുക്കള്‍ കരുതിയത്‌. എവിടെ? കോടികള്‍ , കോടികള്‍ ഉണ്ടാക്കി വെച്ചിരുന്നല്ലോ ആയ കാലത്തു . ഇപ്പോള്‍ ഇതാ ഈ ശനി ദശ പിടിച്ച നേരത്ത് ഒരു സിനിമ ഒത്തു കിട്ടിയിട്ടുണ്ട്. ഇവിടെ നിലവില്‍ ഉള്ളവര്‍ ഒന്നും സിനിമയുമായി സഹകരിക്കില്ല എന്ന് വാശി പിടിക്കുന്നുണ്ട്. അതുകൊണ്ട് എനിക്ക് എന്താ? നഷ്ടം അവര്ക്കു തന്നെ. ഇവന്‍ പുതിയവരെ ഇറക്കും. അഭിനയിക്കാനും അതെ , പടം പിടിക്കാനും അതെ.
പുതിയവരെ വെച്ചു കളിക്കുമ്പോള്‍ പേടിയുണ്ടോ എന്ന് ചിലരൊക്കെ ചോദിക്കുന്നുണ്ട്. ആര്‍ക്കു പേടി? എന്തെങ്കിലും ഒക്കെ നഷ്ടപ്പെടാന്‍ ഉള്ളവര്‍ക്കല്ലേ പേടി വേണ്ടൂ. ഇനിയിപ്പോ നിര്‍മ്മാതാവിന് പേടി ഉണ്ടോ എന്ന് തിരക്കിയെക്ക്. കാരണം മൂപ്പരുടെയല്ലേ കാശിട്ടു ഈയുള്ളവന്‍ അടിച്ച് പൊളിക്കാന്‍ പോകുന്നത്. പക്ഷെ അങ്ങോര്‍ക്ക് ലക്ഷ്യം വേറെ ആയതു കൊണ്ടു പേടിയൊന്നും തിരിച്ചറിയാന്‍ പറ്റി എന്ന് വരില്ല. ഭാഗ്യം.... വേണ്ട അധികം പറഞ്ഞാല്‍ അയാള്‍ കേള്‍ക്കും. പെട്ടിയും പൂട്ടി മൂപ്പര്‍ സ്ഥലം വിട്ടാല്‍ ഇവന്‍ വീണ്ടും വീട്ടില്‍ വാതില്‍ അടച്ചു ഇരിക്കേണ്ടി വരും. ഇനി അതിന് പറ്റില്ല. ഉള്ള പണമൊക്കെ തീര്ന്നു തുടങ്ങി.... പാവം പിഴച്ചു പൊയ്ക്കോട്ടേ...
പക്ഷെ തൊഴിലാളികളെ പറ്റി പറഞ്ഞാല്‍ ഉണ്ടല്ലോ ----ങാ...

Monday, November 9, 2009

പ്രഭോ, ഈയുള്ളവന്‍ എന്ത് പിഴച്ചു?



പാവം മുരളി. ഇങ്ങനെയൊരു വിധി ഒരു രാഷ്ട്രീയക്കാരനും കൊടുക്കരുത്‌. മാതൃ സംഘടനയിലേക്ക് തിരിച്ചു പോകാനുള്ള ആഗ്രഹവും കൊണ്ടു എത്ര കാലമായി അലയാന്‍ തുടങ്ങിയിട്ട്. കാലാ കാലങ്ങളില്‍ പറഞ്ഞു നടന്ന കോണ്‍ഗ്രസ്സ്‌ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എല്ലാം പിന്‍വലിച്ചു നല്ല കുട്ടിയായി ഹൈകമാണ്ടിന്റെ പടിവാതില്‍ തുറക്കുന്നതും കാത്തു അവന്‍ നില്‍ക്കുകയാണ്‌. ചാണ്ടി- രമേശ്‌ കശ്മലന്മാര്‍ കണ്ണും മിഴിച്ചു, മീശയും പിരിച്ചു നില്‍ക്കുന്നതാണ് മുരളിക്കുട്ടന്റെ ഏറ്റവും വലിയ തടസ്സം. അതുകൊണ്ടാണ് ഡല്‍ഹിയിലേക്ക്‌ കണ്ണും നാട്ടു ഇരിക്കുന്നത്. അവിടെ ഒരു കൈ സഹായത്തിനു എല്ലാം പൊറുക്കുന്നവനും, നന്മ നിറഞ്ഞവനുമായ അന്തോനീസ്‌ പുണ്യവാളനുണ്ട്. കൂടെ അദേഹത്തിന്റെ അരുമ ശിഷ്യനും ആഭ്യന്ദര വകുപ്പിന്റെ ഹൃദയ തുടിപ്പും മുല്ല പോലെ സുഗന്ധ വാഹിയുമായ രാമചന്ദ്രനും ഉണ്ട്. ഇവരൊക്കെ ആണ് ഇനി ഒരു ആശ്വാസം.


കേരളം കനിഞ്ഞില്ലെങ്കില്‍ ദല്‍ഹി. അതാണല്ലോ അച്ഛന്റെ പ്രതാപ കാലം തൊട്ടുള്ള പതിവ്. പക്ഷെ ഇപ്പോള്‍ പഴയ വീരസ്യം പറച്ചിലുകള്‍ക്കൊന്നും വലിയ വിലയില്ല. അച്ചന് അങ്ങ് ഡല്‍ഹിയില്‍ പറയത്തക്ക പ്രകടനങ്ങള്‍ നടത്താനുള്ള ശേഷിയൊന്നും ഇല്ല. ഈ മകന്‍ എന്ന് വളര്ച്ച മുറ്റിയോ അന്ന് തുടങ്ങി അച്ഛന്റെ ശനി ദശ. ഒരു കാലത്ത് ആരെയാണോ ഏറ്റവും തെറി പറഞ്ഞതു അയാളുടെ സഹായം ഇല്ലാതെ ഡല്‍ഹിയില്‍ ഇന്നു ഒരു പടി മുന്നോട്ടു വെക്കാന്‍ ആവില്ല. പാവം അച്ഛന്‍ , ഒരു ധൂര്‍ത്ത പുത്രനെക്കൊണ്ട് പെരുവഴി ശരണം ഗച്ചാമി എന്ന നിലയില്‍ ആയി.


അയിത്തം കല്‍പ്പിച്ചു മാറ്റി നിര്‍ത്താന്‍ ഈ മുരളിക്കെന്താ വല്ല മാറാ രോഗവും ഉണ്ടോ ? പറ. സകലമാന ഇഴ ജീവികളെയും അവരുടെ പൂര്‍വകാല മാഹാത്മ്യം നോക്കാതെ പ്രവേശിപ്പിക്കുന്ന കോണ്‍ഗ്രസ്സ്‌ എന്ന മഹാപ്രസ്ഥാനം എന്തിന് ഈ പാവത്തോട് മാത്രം ഇങ്ങനെ പക്ഷഭേദം കാണിക്കണം? കരുണാകരന്റെ പുത്രന്‍ ആയി പോയതാണോ അപരാധം. ഇല്ല. അച്ഛനോട് ആര്ക്കും ഒരു വിരോധവും ഇല്ല. പാര്‍ട്ടിയെ പിളര്‍ത്താന്‍ കച്ച കെട്ടി ഇറങ്ങിയിട്ടും അച്ഛനെ പാര്‍ട്ടിയില്‍ നിന്നും ആരും പുറത്തു ആക്കിയിട്ടില്ല. സ്നേഹമില്ലാതെ അങ്ങനെ ചെയ്യില്ലല്ലോ . അപ്പോള്‍ അതുമല്ല പ്രശ്നം. പിന്നെ എന്താണ്?


ഇങ്ങനെ ചുഴിഞ്ഞു നോക്കുമ്പോള്‍ വാസ്തവം ബോധ്യമാവും. മറ്റൊന്നും അല്ല. പാര്‍ട്ടി അണികള്‍ക്കിടയില്‍ തനിക്കുള്ള സ്വാധീനം. താന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വന്നാല്‍ ആ സ്വാധീനം കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതൃത്വത്തിന് മനസ്സിലാവും. അവര്‍ക്കത് പിടി കിട്ടിയാല്‍ പിന്നെ കേരളത്തിലെ പല സോപ്പ് കുട്ടപ്പന്മാരുടെയും കാര്യം കട്ടപ്പൊക. അവര്‍ ഇപ്പോള്‍ ഇരുന്നു അരുളുന്ന സാമ്രാജ്യ കോട്ടയില്‍ നിന്നും ഇറങ്ങി നടക്കേണ്ടി വരും. സ്ഥാന മാനങ്ങള്‍ ഇല്ലാത്ത അത്തരക്കാര്‍ക്കു പിന്നില്‍ അണികള്‍ എന്ന വിചിത്ര ജീവികള്‍ അദൃശ്യര്‍ ആയിരിക്കും. വീണ്ടും പഴയത് പോലെ ഈയുള്ളവന്റെ അധികാര പരിധിയിലേക്ക് ഒരു മഹാ പ്രസ്ഥാനത്തിന്റെ സംസ്ഥാന ഘടകം അപ്പടി വന്നു ചേരും. എം. എല്‍. എ., മന്ത്രി, മുഖ്യമന്ത്രി അങ്ങനെ ഒരു കാലത്തു ആശിച്ചു മോഹിച്ചു നടന്ന പദവികള്‍ എല്ലാം ഓരോന്നായി കൈപ്പിടിയില്‍ ഒതുക്കും. ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് ഇപ്പോഴത്തെ കേരള നേതൃത്വം തന്നെ അകറ്റി നിര്‍ത്തുന്നത്.


അപരാധങ്ങള്‍ എല്ലാം പൊറുക്കണം എന്ന് ഒരിക്കല്‍ അപേക്ഷിച്ച് കഴിഞ്ഞു . അത് നിഷ്കരുണം പുറം കാല് കൊണ്ടു തട്ടിക്കളഞ്ഞു. ഇനി ഒരിക്കല്‍ കൂടി അപേക്ഷ എഴുതി കൊടുക്കണം. ഇത്തവണ ഇവിടെ പരിഗണിച്ചില്ലെങ്കില്‍ , അങ്ങ് ഡല്‍ഹിയില്‍ ഒന്നു കൈ കൊണ്ടു തൊട്ടു നോക്കാന്‍ എങ്കിലും ഉള്ള സാധ്യത കാണുന്നുണ്ട്. ങാ. ഒരു കൈ നോക്കിക്കളയാം. സോണിയാജിയുടെ അടുത്തേക്ക് തന്റെ കടലാസ് കഷണം എത്തിക്കാന്‍ ആന്തോണി അദ്യേം കാത്തു നില്‍പ്പുണ്ട്‌. പഴയത് പോലെ മൂപ്പരോട് ആജ്ഞാപിക്കാന്‍ കഴിയില്ല. അങ്ങനെ എങ്ങാനും ചെയ്താല്‍ മൂപ്പര്‍ തോക്കെടുത്ത് കാച്ചിക്കളയും. മുന്തിയ ഇനം ഏതൊക്കെയോ ഗണ്ണുകള്‍ അങ്ങോരുടെ കൈയില്‍ ഉണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. അതൊന്നും മുരളി വിശ്വസിക്കുന്നില്ലെങ്കിലും , മൂപ്പരോട് ഇപ്പോഴത്തെ അവസ്ഥയില്‍ അപേക്ഷ, യാചന തുടങ്ങിയ മുറകള്‍ ഒക്കെ തന്നെ പയറ്റി നോക്കുന്നത് ആയിരിക്കും ഭംഗി.


ങാ... സമയമില്ല. അടുത്ത അപേക്ഷ എഴുതാന്‍ നേരമായി.

Wednesday, November 4, 2009

രാഹുല്‍ ഗാന്ധിയും, എന്റെ ചില ചിന്തകളും-ഭാഗം രണ്ടു

കഴിഞ്ഞ പോസ്റ്റിൽ രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തെക്കുറിച്ചു കുറച്ചു വിശദമായിത്തന്നെ പരാമർശിച്ചിരുന്നല്ലോ. ഭാരതം ഉറ്റ്‌ നോക്കുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ രാഹുലിന്റെ ഇടം സ്വയം അടയാളപ്പെടുത്താൻ അയാൾ നടത്തുന്ന ശ്രമങ്ങൾ ലക്ഷ്യം കാണുന്നുണ്ടു. അതിന്റെ സുചനകൾ ഇപ്പൊൾ തന്നെ വ്യക്തവുമാണു. മഹാരാഷ്ട്രയിൽ , ഹരിയാനയിൽ, അരുണാചലിൽ ഒക്കെ കോൺഗ്രസ്സ്‌ നേടിയ വിജയം രാഹുലിന്റെ സജീവമായ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പരിണിത ഫലമാണു എന്നു വരുത്തി തീർക്കാൻ ആസൂത്രിതമായ പ്രചാര വേലകൾ കോൺഗ്രസ്സ്‌ നേതാക്കന്മാരുടെ ഭാഗത്തു നിന്ന്‌ തന്നെ കണ്ടു വരുന്നുണ്ട്‌. കൃത്യമായ പി. ആർ. ഓ. പ്രവർത്തനങ്ങളിലൂടെ രാഹുലിന്റെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രസക്തി വിളിച്ച്‌ അറിയിക്കാൻ ഒരു വിശേഷപ്പെട്ട സംഘത്തെ കോൺഗ്രസ്സ്‌ നേതൃത്വം തയ്യാറാക്കി നിർത്തിയിട്ടുമുണ്ട്‌. അവർക്കറിയാം റാഹുലിനെ എങ്ങനെ ഇൻഡിയൻ യുവത്വത്തിന്റെ മുൻപിൽ ഒരു രക്ഷാ പുരുഷനായി അവതരിപ്പിക്കണമെന്ന്‌. അതിനുള്ള കൃത്യമായ പ്ലാറ്റ്‌ ഫോം ഒരുക്കിയ ശേഷമാണു സോണിയ ഗാന്ധി രാഹുലിനു കോൺഗ്രസ്സിന്റെ ബഹുമുഖമായ രാഷ്ട്രീയ വ്യവസായത്തിലേക്കു ഇറങ്ങാനുള്ള പച്ചക്കൊടി വീ ശിയത്‌. യുവാക്കൾക്ക്‌ ഒരു പ്രതീക്ഷയുണ്ട്‌. 1980 കളിൽ രാജീവ്‌ ഗാന്ധി ഉണർത്തി വിട്ട സുരഭില സ്വപ്നങ്ങൾക്ക്‌ തുല്യമാണത്‌. പ്രായത്തിന്റെ ആനുകൂല്യത്തിൽ നിന്നും ലഭിക്കുന്ന സുന്ദരമായ പ്രതിച്ഛായ കൂടിയാണത്‌.മറ്റ്‌ പാർട്ടികളിൽ ഒന്നും തന്നെ ഇത്തരം ആനുകൂല്യങ്ങൾ കൽപ്പിച്ചു കിട്ടിയ യുവ താരങ്ങൾ വിരളമാണു. പാർട്ടിയുടെ പതിവ്‌ രാഷ്ട്രീയ ചുറ്റുപാടുകളിൽ ബന്ധിതമാണു അവരുടെ പ്രവർത്തന പദ്ധതികൾ.കോൺഗ്രസ്സിലും കാര്യങ്ങൾ വ്യത്യസ്തമൊന്നുമല്ല. പക്ഷെ രാഹുലിനു ലഭിക്കുന്ന ഒരു പ്രഖ്യാത കുടുംബത്തിന്റെ പശ്ചാത്തലം മറ്റ്‌ യുവ നേതാക്കന്മാരിൽ നിന്നും വ്യത്യസ്തമായി സ്വതന്ത്രമായ ഒരു നിലപാട്‌ രൂപീകരിച്ചു പ്രവർത്തിക്കാനുള്ള അനുമതി പത്രം നൽകുന്നു. ഇവിടെയാണു രാഹുലിനു പ്രസക്തി വർദ്ധിക്കുന്നതും. രാഹുലിനെ ഉറ്റ്‌ നോക്കുന്നവർക്കു പ്രതീക്ഷയുടെ ഒരു തിളക്കം സമ്മാനിക്കുന്നത്‌ മേൽപ്പറഞ്ഞ ആ അനുമതിപത്രത്തെ കുറിച്ചുള്ള ബോധം തന്നെയാണു. രാഷ്ട്രീയ വാർദ്ധക്യങ്ങൾ കൈക്കൊള്ളുന്ന തീരുമാനങ്ങളെ തിരുത്താനുള്ള ഒരു അധികാര പത്രം കൂടിയാണു അത്‌. രാഹുലിന്റെ വാക്കുകൾ തള്ളിക്കളയാൻ മുൻ നിരനേതൃത്വം ഒരിക്കലും തയ്യാറാവില്ല. അതിനു അവർ ശ്രമിച്ചാൽ ഹൈക്കമാന്റിന്റെ കോപതാപങ്ങൾ തങ്ങൾക്ക്‌ മേൽ വർഷിക്കപ്പെടുമെന്ന നല്ല ബോധ്യം അവരെ ഭയപ്പെടുത്തുന്നുണ്ട്‌. ജനങ്ങൾക്കു ഉപകാരപ്രദമായേക്കാവുന്ന നിരവധി കാര്യങ്ങൾ ചെയ്യാനും അതു വഴി കോൺഗ്രസ്സിന്റെ സമകാലിക പ്രസക്തി വർദ്ധിപ്പിക്കാനും രാഹുലിനു കഴിയും. ആസിയാൻ പോലുള്ള പ്രശ്നങ്ങളിൽ പരമ്പരാഗത കോൺഗ്രസ്സ്‌ ഭാഷ മൊഴിയാതെ വേദനിക്കുന്നവരുടെ ഭാഗത്തു നിന്നു കൊണ്ട്‌ കാര്യങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ രാഹുൽ ശ്രമിക്കണം.എങ്കിൽ രാജീവിനേക്കാൾ പ്രസിദ്ധിയും , പ്രതീക്ഷയും ജ്വലിപ്പിക്കാൻ രാഹുലിനു കഴിയും.ഞങ്ങളെപ്പൊലു ള്ള സാധാരണക്കാർ ആഗ്രഹിക്കുന്നതും അതാണു.