Wednesday, July 8, 2009
പെണ്ണായ നിന്നെയിഹ- അവസാന ഭാഗം
മൊബൈലിന്റെ റിംഗ് ടോണ്‍ കേട്ടപ്പോള്‍ ടീച്ചര്‍ ഒന്നു നടുങ്ങി. അവന്‍ തന്നെ.
പ്രതീക്ഷിച്ചതാണ്. അറുത്തു മുറിച്ചിടാന്‍ തീരുമാനിച്ചതുമാണ്. പക്ഷെ അവിടെയെത്തുമ്പോള്‍ ഒരു വിറ ... മറവി... തളര്‍ച്ച... എന്ത് ചെയ്യും ?
പറയാന്‍ കരുതിയതൊക്കെ വിസ്മരിച്ചു ടീച്ചര്‍ ഫോണ്‍ എടുക്കാനായി അകത്തേക്ക് ചെന്നു. ഡിസ്പ്ലയില്‍ അവന്റെ നമ്പര്‍ തന്നെ. ടീച്ചര്‍ ഫോണിലേക്ക് ഉറ്റു നോക്കി കുറച്ചു നേരം നിന്നു. റിംഗ് ടോണിന്റെ ശബ്ദം അസഹ്യമായപ്പോള്‍ , അത് ഓണ്‍ ചെയ്തു കാതോട് ചേര്‍ത്തു.
ബെന്നിയുടെ തരളമായ സ്വരം ടീച്ചര്‍ കേട്ടു. ടീച്ചര്‍ എന്ത് മറുപടി പറയും ?
പുളിച്ച തെറി പറഞ്ഞു ഫോണ്‍ കട്ട് ചെയ്യുമോ? തന്റെ നിസ്സഹായാവസ്ഥ ബെന്നിയെ പറഞ്ഞു ബോധ്യപ്പെടുത്തി , അവനെ ഈ വഴി വിട്ട പ്രവര്‍ത്തിയില്‍ നിന്നും പിന്തിരിപ്പിക്കുമോ ? അന്യന്റെ ഭാര്യയെ മോഹിക്കുകയോ, കാമിക്കുകയോ ചെയ്യരുത് എന്‍ന സദാചാര വചനം തെര്യപ്പെടുത്തി അവനെ ഉദ്ബുധ്ധനാക്കുമോ ? വിവാഹിതന്‍ അല്ലെങ്കില്‍ , എത്രയുംപെട്ടെന്ന് ഒരു പെണ്ണിനെ കണ്ടുപിടിച്ചു ജീവിതത്തിന്റെ ഭാഗമാക്കുകയും , അങ്ങനെ അവളിലേക്ക് തന്റെ സ്നേഹവും , കാമവും ഒക്കെ വഴിതിരിച്ചു വിടുകയും ചെയ്യുക എന്ന് ബെന്നിയെ ഉപദേശിക്കുമോ ? തനിക്ക് നല്കാവുന്നതിലും വലിയ ജീവിത സൌഭാഗ്യങ്ങളുടെ നടുവിലാണ് തന്റെ ഇപ്പോഴത്തെ ജീവിതം എന്ന് വീമ്പു പറഞ്ഞു അവനെ നാണം കെടുത്തുകയും, അസ്തപ്രജ്ഞാനാക്കുകയും ചെയ്യുമോ ? എന്താണ് ടീച്ചറുടെ ഭാവം ?
ഞാന്‍ ഏതായാലും ടീച്ചറെ ഇവിടെ ഉപേക്ഷിക്കുന്നു. വല്ലാത്ത ഒരു പ്രതിസന്ധിയില്‍ മാളു ടീച്ചറെ അകപ്പെടുത്തി ഞാന്‍ തടിതപ്പുകയാണ് എന്ന് നിങ്ങളില്‍ പലരും കരുതുന്നുണ്ടാവും. അതെ , ഞാന്‍ അത് സമ്മതിക്കുന്നു.
പഠിപ്പും വിവരവുമുള്ള ഒരു സ്ത്രീയാണ് അവര്‍. ഏത് സന്നിഗ്ധാവസ്ഥയില്‍ നിന്നും രക്ഷപ്പെട്ടു വരാനുള്ള തന്റേടം കാണിക്കേണ്ടത് ഒരു ആധുനിക സ്ത്രീയുടെ ഉത്തരവാദിത്തമാണ്. ആണ്‍ പിറന്നവന്റെ രക്ഷ എല്ലാ കാലത്തും പ്രതീക്ഷിക്കുന്നത് ഏറ്റവും വലിയ തെറ്റ്. വില്ലനായും നായകനായും പുരുഷന്‍ തന്നെ നിറഞ്ഞു നില്‍ക്കുമ്പോള്‍ സ്ത്രീയുടെ രക്ഷ സ്ത്രീ തന്നെ നോക്കണം. പിന്നെ ഏത് കാര്യത്തിലും ആത്യന്തികമായി ഒരു തീരുമാനം അവകാശം , ആ കാര്യത്തിന്റെ ഗുണഭോക്താവ് ആരാണോ അവര്ക്കു തന്നെയാണ്, ഫലം പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും . ഗുഡ് ബൈ
Tuesday, July 7, 2009
പെണ്ണായ നിന്നെയിഹ- രണ്ടാം ഭാഗം
നമുക്കു കഥ തുടരാം.
മാളു ടീച്ചര്‍ വിഷമിച്ചത് വേറൊന്നും കൊണ്ടല്ല. ടീച്ചര്‍ക്ക് ആയിടെയായി ഒരു അജ്ഞാതന്റെ ഫോണ്‍കാള്‍ നിരന്തരമായി വന്നു കൊണ്ടിരിക്കുന്നു. അതും ടീച്ചറുടെ മൊബൈല് ഫോണിലേക്ക്.
വിളി വരാന്‍ തുടങ്ങിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. ഏറിയാല്‍ രണ്ടോ മൂന്നോ ആഴ്ച. പത്തോ പന്ത്രണ്ടോ കോളുകള്‍ ഇതിനകം വന്നു കാണും. ആദ്യം അയാള്‍ വിളിച്ചത് റോങ്ങ് നമ്പര്‍ ആയാണ്. ഏതോ ഒരു ജ്യോതിയെ അന്വേഷിച്ചു കൊണ്ട്. താന്‍ അന്വേഷിക്കുന്ന ആള്‍ അല്ലെന്നു അറിഞ്ഞപ്പോള്‍ സോറി പറഞ്ഞു അയാള്‍ ഫോണ്‍ കട്ട് ചെയ്തു. അന്നൊരു ഞായറാഴ്ച ആയിരുന്നു. അന്ന് രാത്രി തന്നെ വീണ്ടും അയാളുടെ കാള്‍ വന്നു. ജ്യോതിയാണോ എന്ന് ചോദിച്ചു കൊണ്ട് തന്നെ. കുറച്ചു കടുത്ത സ്വരത്തില്‍ അല്ലെന്നു അറിയിച്ചപ്പോള്‍ അയാള്‍ ഫോണ്‍ കട്ട് ചെയ്തു. പക്ഷെ അപ്പോഴും ക്ഷമ ചോദിക്കാന്‍ മറന്നില്ല.
പിന്നീട് അയാളുടെ വിളി വന്നത് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ , ഒരു ഉച്ച നേരത്തായിരുന്നു. ഊണ് കഴിഞ്ഞു സ്കൂള്‍ ലൈബ്രറിയില്‍ ഇരുന്ന് അന്നത്തെ പത്രങ്ങള്‍ മറിച്ചുനോക്കുമ്പോള്‍ ആയിരുന്നു അത്. അത്തവണ അയാള്‍ ജ്യോതിയെ ചോദിച്ചില്ല. ചോദിച്ചത് മാളു ടീച്ചര്‍ അല്ലെ എന്ന് തന്നെ ആയിരുന്നു. ടീച്ചര്‍ ശരിക്കും ഞെട്ടിപ്പോയി. മിണ്ടാന്‍ പോലും ആവാതെ ടീച്ചര്‍ പതറി. വളരെ സൌമ്യമായി , സ്നേഹപൂര്വ്വം അയാള്‍ സംസാരിച്ചു. ഏതാനും നിമിഷങ്ങള്‍ ആ സംസാരം നീണ്ടു നിന്നു. ഒരബോധാവസ്ഥയില്‍ എന്നോണം ടീച്ചര്‍ പ്രതികരിച്ചു. ഫോണ്‍ അയാള്‍ കട്ട് ചെയ്ത ശേഷവും അനങ്ങാനാവാതെ ടീച്ചര്‍ ഇരുന്നുപോയി. ആരാണ് അവന്‍ ? എന്താണവന്‍ പറഞ്ഞതു ? അവനോട് ഞാന്‍ എങ്ങനെയാണ് ഇത്ര നേരവും ക്ഷമാപൂര്‍വ്വം പെരുമാറിയത് ? അവന് എങ്ങനെയാണ് എന്റെ നമ്പര്‍ കിട്ടിയത് ? മാത്രമല്ല എന്റെ പേരു പോലും അവന്‍ അറിഞ്ഞിരിക്കുന്നു . എങ്ങനെ ഇതൊക്കെ ..... ടീച്ചര്‍ തല കറങ്ങി നിലത്തു വീണില്ല എന്നെ ഉള്ളു.
അന്ന് രാത്രി ടീച്ചര്‍ ഉറങ്ങിയില്ല. അവന്‍ വീണ്ടും വിളിക്കുമോ എന്ന ആശങ്കയായിരുന്നു അവര്ക്കു. പക്ഷെ ഭാഗ്യമെന്നു പറയട്ടെ അന്ന് അവന്റെ ഫോണ്‍ കാള്‍ പിന്നെ വന്നില്ല. എന്നാല്‍ ടീച്ചറുടെ ദയനീയാവസ്ഥ ഒന്നും അറിയാതെ ചന്ദ്രന്‍ മാഷ് സുഖമായി ഉറങ്ങി.
പിന്നീട് വീണ്ടുമൊരു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വിളി ആവര്‍ത്തിച്ചു. അത് ഇപ്പോഴും തുടരുന്നു. ഇതിനിടയില്‍ അവന്‍ തന്റെ പേരും സ്ഥലവും ജോലിയും ഒക്കെ വെളിപ്പെടുത്തിയിരുന്നു. പേരു ബെന്നി. സ്ഥലം ടീച്ചറുടെ വീടിനു കുറച്ചു അടുത്തുള്ള ഇടം തന്നെ. ജോലി കമ്പ്യൂട്ടര്‍ മെക്കാനിക്ക്. ടീച്ചറുടെ ഓര്‍മ്മകളില്‍ ഈ സംഭവം ഒരു തീമഴയായി പെയ്തിറങ്ങുന്നു.
തുടര്‍ന്നുള്ള അവന്റെ വിളികളില്‍ മുഴുവന്‍ ടീച്ചര്‍ നടുങ്ങി... വിളറി.. പ്രതികരണ ശേഷി അറ്റ് സ്വയം നഷ്ടപ്പെട്ടു നിന്നു.
ബെന്നിയുടെ കോളുകള്‍, ദിവസം ഓരോന്നും കഴിയുന്നതിനു അനുസരിച്ച് മാന്യമായ ഭാഷയില്‍ നിന്നും തീര്ത്തും അശ്ലീലത്തിന്റെ അഴുക്കിലെക്ക് വീഴാന്‍ തുടങ്ങിയിരുന്നു. ഇതിനിടയില്‍ എപ്പോഴോ ടീച്ചറുടെ മനസ്സു ബെന്നിയുടെ വാക്കുകളില്‍ നിന്നും രസനീയതയുടെ പുതിയ ഒരു മധുരം നുണയാന്‍ പരുവപ്പെട്ടു കഴിഞ്ഞിരുന്നു.
ഇന്നും ഒരു ഞായറാഴ്ചയാണ്. ടീച്ചര്‍ക്ക് അവധിയാണ്. അവര്‍ ബെന്നിയുടെ ഫോണ്‍ പ്രതീക്ഷിക്കുന്നുണ്ട്. ആരെയും മയക്കുന്ന അസാധാരണമായ വാക്ക് ചാതുരി ബെന്നിയുടെ സവിശേഷതയാണ്. ചന്ദ്രന്‍ മാഷില്‍ നിന്നും ഇതുവരെ ലഭിക്കാത്ത അനുഭൂതി അവര്ക്കു ബെന്നിയില്‍ നിന്നും ലഭിക്കുന്നു. എങ്കിലും ടീച്ചര്‍ ഭയ ചകിതയാണ്. തന്നിലുള്ള നിയന്ത്രണം തനിക്ക് നഷ്ടപ്പെടുന്നുണ്ടോ എന്ന് അവര്‍ ഭയക്കുന്നു.
[തുടരും]
പെണ്ണായ നിന്നെയിഹ - ഒന്നാം ഭാഗം.
മാളു അധ്യാപികയാണ്. പ്രായം ഒരു മുപ്പത്തിയഞ്ച്. വിവാഹിതയും , അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണ്. ഭര്‍ത്താവിനും ജോലി അധ്യാപനം തന്നെ. സന്തുഷ്ടവും , അസൂയാ വഹവുമായ ഒരു ജീവിതം നയിക്കുന്ന മാതൃക ദമ്പതികള്‍.
എന്നാല്‍ ഞാന്‍ ഈ കഥ പറയാന്‍ തുടങ്ങുന്ന സന്ദര്‍ഭത്തില്‍ തീര്‍ത്തും ഏകപക്ഷീയമായ ഒരു അസ്വസ്ഥത മാളു ടീച്ചറെ അലട്ടുന്നുണ്ട്. തന്റെ മനസ്സിന്റെ ആ സുഖമില്ലാത്ത അവസ്ഥയെ ഭര്‍ത്താവിനു മുന്നില്‍ തുറന്നു കാട്ടാന്‍ ടീച്ചര്‍ക്ക് ഇതു വരെയായും കഴിഞ്ഞിട്ടില്ല. ചന്ദ്രന്‍- അതാണ് ഭര്‍ത്താവിന്റെ പേര്. മാഷ് ആളൊരു പാവമാണ്. നടന്നു പോകുന്ന വഴി കാലിനടിയിലെങ്ങാനും ഒരു ഉറുമ്പ് ചവിട്ടി അരയ്ക്കപ്പെടാന്‍ സാധ്യത ഉണ്ട് എന്നറിഞ്ഞാല്‍ , അയാള്‍ ആ വഴിയുള്ള യാത്ര മാറ്റിവെക്കും. അത്രയ്ക്ക് പാവം. ഒരു പരോപകാരി. എന്നിട്ടും ടീച്ചര്‍ എന്തുകൊണ്ട് തന്റെ അസ്വസ്ഥത മാഷില്‍ നിന്നും മറച്ചു വെച്ചു എന്നതൊരു ചോദ്യമാണ്.
ഏതൊരു ഭാര്യയും പേടിക്കുന്നത് പോലെ ടീച്ചറും പേടിച്ചു. തന്റെ ഉള്ളിലുള്ള കാര്യമെങ്ങാനും മാഷ് അറിഞ്ഞാല്‍ കുടുംബ ജീവിതത്തിനു എന്തെങ്കിലും അപകടം സംഭവിച്ചാലോ ? മാഷ് പിണങ്ങിയാല്‍, ശുദ്ധ ഹൃദയനായ അദ്ദേഹം അരുതാത്തത് എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍, തന്റെ മകള്‍, താന്‍ ഒക്കെയും അനാഥര്‍ ആവില്ലേ ? സഹിക്കാനാവില്ല ആ അവസ്ഥ. സ്നേഹം കൊണ്ടു മൂടുന്ന മനുഷ്യന്‍. ഒരു ശകാരമോ, ഇഷ്ടമില്ലാത്ത ഒരു വാക്കോ ഒന്നും ഇതു വരെയും ആ നാവില്‍ നിന്നും ഞങ്ങളുടെ നേര്‍ക്ക് വന്നിട്ടില്ല. അങ്ങനെയുള്ള ഒരാളോട് തന്നെ അലട്ടുന്ന ഒരു വിഷമത്തിന്റെ നിജസ്ഥിതി പറയുന്നതു ഒരിക്കലും പ്രായോഗികമല്ല എന്നൊരു ചിന്തയാണ് സത്യം മറച്ചു വെക്കാന്‍ ടീച്ചറെ പ്രേരിപ്പിച്ചത്. ഇതു തനിക്ക് തന്നെ കൈകാര്യം ചെയ്യാവുതാണ്. ഒന്നുമില്ലെങ്കിലും ഒരു പോലീസ് ഇന്‍സ്പെക്ടറുടെ മകളല്ലേ താന്‍. പോരാത്തതിന് ചെറിയ തോതിലോക്കെ രാഷ്ട്രീയവും ഉണ്ടായിരുന്നു, മുന്പ് കോളേജ് കാലത്തു . ഇപ്പോഴും അധ്യാപക സംഘടനയുടെ വനിതാ യുനിട്ടിന്റെ ഭാരവാഹിയും ആണ്. അതുകൊണ്ട് ഈ സംഭവത്തിനു ഒരു അവസാനമുണ്ടാക്കാന്‍ താന്‍ തന്നെ മതി. മാളു ടീച്ചര്‍ അങ്ങനെ തീരുമാനിച്ചു.
എന്താണ് ആ സംഭവം ? ഞാന്‍ ഇതുവരെ പറഞ്ഞില്ല, അല്ലെ ? പറയാം .ഇപ്പോഴല്ല. അടുത്ത പോസ്റ്റില്‍.