
ശശി തരൂരും ലളിത് മോഡിയും തമ്മില്‍ കൊച്ചി ഐ. പി. എല്‍. ടീമിന്‍റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട വിവാദം ഒരു കണക്കിന് നന്നായെന്നു പറയാം. ഐ.പി.എല്‍ എന്ന ആര്‍ഭാട ക്രിക്കറ്റിന്റെ ജീര്‍ണ്ണിച്ച മുഖം വെളിപ്പെടുവാന്‍ അതേറെ ഉപകരിച്ചിരിക്കുകയാണ്. പണത്തിന്റെയും പെണ്ണിന്റെയും ഒഴുക്കും കൊഴുപ്പും കൊണ്ട് അടിമുടി പൂതല്‍ ബാധിച്ച ഒരു കായികാഭ്യാസമായി ക്രിക്കറ്റിനെ മാറ്റി തീര്‍ത്തതിനു ബി. സി.സി.ഐ ക്ക് ഒരു പക്ഷെ കുറ്റബോധമൊന്നും തോന്നുന്നുണ്ടാവില്ല. കാരണം പണം കൊണ്ട് നാണം മറയ്ക്കാവുന്ന കാലമാണല്ലോ ഇത്. ക്രിക്കറ്റ് എന്ന മാന്യന്മാരുടെ കളിയെ , ഏതാനും അമാത്യന്മാരുടെ അമാന്യമായ കളിയാക്കി അധപതിപ്പിച്ചതിനു ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും അതിന്റെ മേലധികാരികളും കണ്ണീരൊഴുക്കി പിഴ ചൊല്ലേണ്ടത് , ക്രിക്കറ്റിനെ ആത്മാര്‍ഥമായി ജീവന് തുല്യം സ്നേഹിക്കുന്ന ഇന്ത്യക്കാരന്റെ ആവശ്യമാണ് എന്നത് ഇവിടെ ആരും ഓര്‍ക്കാന്‍ വഴിയില്ല. കാരണം എല്ലാവരും ഐ.പി.എല്ലിന്റെ പളപളപ്പില്‍ മൂടും കുത്തി വീണിരിക്കുകയാണല്ലോ. പൂവര്‍ ഇന്ത്യന്‍സ്! കൊച്ചിക്ക് , അതുവഴി കേരളത്തിന് എന്തിനു ഒരു ഐ. പി. എല്‍ ടീം എന്ന് ചോദിച്ചാല്‍ , ചോദിക്കുന്നവനെ രാജ്യദ്രോഹിയായി മുദ്ര കുത്തുന്ന കാലമാണിത്. ഭൂരിപക്ഷത്തിന്റെ സ്തുതി ഗീതങ്ങള്‍ക്ക് നേരെ ഉയരുന്ന എതിര്‍പ്പിന്റെ ചെറിയ സ്വരങ്ങള്‍ തീവ്രമായി നിരോധിക്കപെടുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യം കേരളത്തില്‍ രൂപം കൊണ്ടിട്ടു കാലം കുറച്ചായി. മുപ്പത്തിയഞ്ചു ശതമാനം ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ കിടന്നു ചക്രശ്വാസം വലിക്കുന്ന ഒരു നാട്ടിലാണ് കോടികളുടെ കണക്കുകള്‍ നിരത്തി സമ്പന്നര്‍ മതിമറക്കുന്ന ക്രിക്കറ്റിന്റെ പേരില്‍ രാജ്യ സ്നേഹം പ്രകടിപ്പിക്കേണ്ടി വരുന്നത് എന്നത് എന്തൊരു വിരോധാഭാസമാണ്. കേരളത്തില്‍ ഒരു ഐ. പി. എല്‍. ടീം സാക്ഷല്‍ക്കരിക്കപ്പെട്ടു കാണാന്‍ ആഗ്രഹിക്കുന്ന യഥാര്‍ത്ഥ മലയാളികള്‍ എത്ര പേരുണ്ട്? ചെറുപ്പത്തിന്റെ പുളപ്പില്‍, കൂട്ടം ചേരലിന്റെ വ്യര്‍ഥമായ സാഹസികതയില്‍ സ്വയം മറക്കുന്ന കുറച്ചു യുവാക്കള്‍. അവരുടെ ആഗ്രഹമാണോ കേരളത്തിന്റെ പൊതുവായ വികാരമായി പലരും ഉയര്‍ത്തിക്കാണിക്കുന്നത്. സാധാരണക്കാരനായ മലയാളിക്കറിയാം , ഐ.പി.എല്‍. വഴി ആരാണ് നേട്ടങ്ങള്‍ സമ്പാദിക്കുന്നത് എന്ന്. വ്യാപാര ലക്ഷ്യം മുന്‍നിര്‍ത്തി മാത്രമാണ് ഐ. പി. എല്‍ എന്ന കായികാഭാസം ആരംഭിച്ചത്. മറ്റു പല സ്പോര്‍ട്സ് ഇനങ്ങളും അതിജീവനത്തിനായി കൈകാലിട്ടടിക്കുന്ന ഇന്ത്യയില്‍ ക്രിക്കറ്റ് മാത്രം തടസ്സമേതും ഇല്ലാതെ തഴച്ചു വളരുന്നതിന് പിന്നില്‍ പണത്തിന്റെ അനിയന്ത്രിതമായ കുത്തൊഴുക്ക് മാത്രമാണ് ഉള്ളത്. വ്യവസായ ഭീമന്മാരും, സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്ന ഇന്ത്യയിലെ പുതിയ അഭിജാത വര്‍ഗം ക്രിക്കറ്റിനെ ചുറ്റിപ്പറ്റി കെട്ടിപ്പടുത്ത സ്വപ്നമാളികയുടെ നിര്‍മ്മാണം ത്വരിത ഗതിയില്‍ പൂര്‍ത്തിയാക്കുന്നതിനായി ചുട്ടെടുത്ത സാമഗ്രിയാണ് ഐ.പി.എല്‍. ക്രിക്കറ്റിനെ സ്വന്തം ജീവനെക്കാളേറെ സ്നേഹിക്കുന്ന ഭാരതീയന്റെ വികാരങ്ങളെ മൃഗീയമായി ചൂഷണം ചെയ്തു കൊദീശ്വരന്മാരാവുക എന്ന ലക്‌ഷ്യം ഈ ഉന്നത വര്‍ഗ്ഗത്തെ ഐ.പി.എല്ലില്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ഉള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നു. അയ്യായിരം കോടിയില്‍ അധികം ആസ്തിയുള്ളവര്‍ക്ക് മാത്രമേ ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുക്കാനുള്ള അനുമതിയുള്ളൂ എന്ന വസ്തുത തന്നെ ഈ പുതിയ ക്രിക്കറ്റ് പരിപ്രേഷ്യതിന്റെ ധനാര്‍ത്തി വ്യക്തമാക്കും. മലയാളിയും സ്വന്തമായി ഒരു ഐ.പി.എല്‍ ടീം മോഹിച്ചതില്‍ കുറ്റം പറയാനാവില്ല. കോടികളെടുത്ത് അമ്മാനമാടാന്‍ പാങ്ങുള്ള വന്‍കിട കോര്‍പരെട്ട് ശക്തികള്‍ മുറ്റി വളര്‍ന്നിട്ടില്ലാത്ത കേരളത്തിന് ആ മോഹം സഫലമാകുമോ എന്ന സംശയമുണ്ടായിരുന്നു. മാത്രമല്ല, പണമിറക്കി കളിച്ചാല്‍ , ഇറക്കിയതിന്റെ പത്തിരട്ടി തിരിച്ചു പിടിക്കണം എന്ന് വാശിയുള്ള മലയാളിക്ക് ഐ.പി.എല്‍ കേട്ടറിവ് മാത്രമുള്ള സംഗതിയായത്‌കൊണ്ട് പെട്ടെന്ന് അതിലേക്കു എടുത്തു ചാടി കൈ പൊള്ളിക്കാനും മനസ്സില്ലായിരുന്നു. എന്നാല്‍ രണ്ടായിരത്തി പത്തില്‍ കേരളം ഐ. പി.എല്‍. മോഹം സാക്ഷാല്‍ക്കരിച്ചു. വന്‍കിട വ്യവസായ ഭീമന്മാരുടെ ഒരു സംഘം , മാര്‍ച്ചില്‍ നടന്ന ലേലത്തില്‍ തികച്ചും അപ്രതീക്ഷിതമായി കൊച്ചി കേന്ദ്രമാക്കി ഒരു ഐ.പി. എല്‍ ടീം വിളിചെടുക്കുകയായിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ നയതന്ത്ര പ്രവര്‍ത്തനങ്ങളാണ് കേരളത്തിന് ഐ.പി.എല്‍. ടീം സ്വന്തമായത്തിനു പ്രധാന ഘടകമെന്ന് നേരത്തെ തന്നെ വാര്‍ത്തയുണ്ടായിരുന്നു. തരൂര്‍ ആ വാര്‍ത്ത ശരി വെക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് വിവാദങ്ങളുടെ ഘോഷയാത്ര ആരംഭിക്കുന്നത്. കൊച്ചിക്ക് ഒരു ഐ.പി.എല്‍. ടീം ഉണ്ടായതിന്റെ കൊതിക്കെറുവ് തീര്‍ക്കാന്‍ എന്നോണം ഉത്തരേന്ത്യന്‍ ലോബിയുടെ തന്ത്രപരമായ നീക്കങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയും ഐ.പി.എല്‍. ടീം കമ്മീഷണര്‍ ആയ ലളിത് മോഡിയുടെ നേതൃത്വത്തില്‍ കൊച്ചി ടീമിനെതിരെയം , തരൂരിനെതിരെയും ആരോപണങ്ങള്‍ ശരം പോലെ തൊടുത്തു വിടുകയും ചെയ്തതോടെ അന്തരീക്ഷം മലീമസമായി. തരൂരിന്റെ പെണ്‍ സുഹൃത്തായ സുനന്ദ പുഷ്കര്‍ എന്ന സുന്ദരിക്ക് കൊച്ചി ടീമില്‍ സൌജന്യമായി ഓഹരി പങ്കാളിത്തം കൂടി ലഭിച്ചതോടെ മന്ത്രിയുടെ ക്രിക്കറ്റ് താല്‍പര്യങ്ങളില്‍ പലരും സംശയാലുക്കള്‍ ആയി. ചുരുക്കിപ്പറഞ്ഞാല്‍ വിവാദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇരുകൂട്ടര്‍ക്കും വ്യക്തിപരമായ ചില താല്പര്യങ്ങള്‍ ഉണ്ടെന്നത് സ്പഷ്ടം. മാത്രമല്ല, മോഡിക്കും തരൂരിനും ചിലരെയൊക്കെ രക്ഷിക്കാനുണ്ട്; അതുപോലെ ചിലരെയൊക്കെ ശിക്ഷിക്കാനും. കൊച്ചി ഐ.പി.എല്‍. ടീമിനോട് തരൂരിനുള്ള അഭിനിവേശത്തിന്റെ കാരണം എന്താണ്? മോഡി ഉയര്‍ത്തി വിട്ട ചോദ്യം അങ്ങനെയങ്ങ് തള്ളിക്കളയാമോ? തരൂര്‍ ഒരു ക്രിക്കറ്റ് പ്രേമി ആയിരിക്കാം. ഒരു പക്ഷെ നല്ലൊരു സംഘാടകനും ആയിരിക്കാം. അതിലുപരി അദ്ദേഹം ഒരു ജനപ്രതിനിധിയാണ്. മന്ത്രിയാണ്. അതും സുപ്രധാനമായ ഒരു വകുപ്പിന്റെ ചുമതലയുള്ള മന്ത്രി. അങ്ങനെയൊരാളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കണം. കേരളത്തിന് ഒരു ഐ. പി. എല്‍ ടീം സ്വന്തമാക്കാന്‍ വേണ്ടി മലയാളിയായ ഒരു മന്ത്രി അഹോരാത്രം കഷ്ടപ്പെടുകയാണെങ്കില്‍ അതിനെ നാം അംഗീകരിക്കണം. പക്ഷെ ആ മന്ത്രി ഈ ഒരു കാര്യത്തില്‍ അമിതമായ താല്പര്യം കാണിക്കുകയാണെങ്കില്‍ അതിനെ നമ്മള്‍ സംശയിക്കേണ്ടതല്ലേ? ആ താല്പര്യം സ്വന്തം നാടിനു വേണ്ടിയാണോ, അതോ സ്വന്തം ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണോ? കേരളത്തിന്, പ്രത്യേകിച്ച് കൊച്ചിക്ക് ഒരു ഐ.പി.എല്‍ ടീം ഉണ്ടാവുക എന്നത് തന്റെ സ്വപ്നമായിരുന്നെന്നും , അത് യാതാര്‍ത്ഥ്യം ആവാന്‍ ഒരു മന്ത്രിയെന്ന നിലയില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യുമെന്നും വിവാദം കത്തി നില്‍ക്കുന്നതിനിടയില്‍ തരൂര്‍ ഒരു ടി. വി. അഭിമുഖത്തില്‍ വ്യക്തമാക്കിക്കണ്ടു. അപ്പോള്‍ ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവരില്‍ ഒരു ചോദ്യമുയരുക സ്വാഭാവികം. ഐ. പി. എല്‍. ടീമിന് വേണ്ടിയാണോ തിരുവനന്തപുരത്തുകാര്‍ തരൂരിനെ ജയിപ്പിച്ചു പാര്‍ലമെന്റിലേക്കു അയച്ചത്? ഐ.പി.എല്‍ ടീമുണ്ടാക്കാന്‍ ഒരു രാഷ്ട്രീയ നേതാവോ മന്ത്രിയോ വേണമെന്നില്ല. കയ്യില്‍ കോടികള്‍ സമ്പാദ്യമുള്ള ഒരാള്‍ക്ക് അത് നിഷ്പ്രയാസം സാധിക്കും. എന്നാല്‍ നാടിന്റെ വികസനത്തിന് ഒരു മന്ത്രിയുടെ സക്രിയമായ നടപടികള്‍ അനിവാര്യമാണ്. തിരുവനന്തപുരത്തുകാര്‍ അതാഗ്രഹിക്കുന്നുണ്ട്.
നിറവേറപ്പെടാതെ കിടക്കുന്ന വികസന സ്വപ്നങ്ങളുടെ ശ്മശാന ഭൂമിയാണ് തിരുവനന്തപുരം. ഹൈവേ വികസനം തൊട്ടു വിഴിഞ്ഞം തുറമുഖം വരെ തിരുവനന്തപുരത്തിന്റെ പ്രലോഭനങ്ങള്‍ ആണ്. തരൂര്‍ ലോകസഭയിലേക്ക് മത്സരിക്കാന്‍ സോണിയ ഗാന്ധിയുടെ നോമിനിയായി വന്നപ്പോള്‍ അന്നാട്ടുകാര്‍ ആഹ്ലാദിച്ചതും , ഒരു ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചതും ആ പ്രലോഭനങ്ങള്‍ തീര്‍ത്ത പ്രതീക്ഷയുടെ ആക്കം കൊണ്ടായിരുന്നു. ഹൈകമാണ്ടില്‍ നിര്‍ണ്ണായക സ്വാധീനമുള്ള , ബൌധിക രംഗത്ത് വ്യാപ്രിതന്‍ ആയ , തനി രാഷ്ട്രീയക്കാരുടെ അഴകൊഴമ്പന്‍ സ്വഭാവമില്ലാത്ത ഒരു വ്യക്തി ജനപ്രതിനിധിയായി വരുമ്പോള്‍ നാടിനുണ്ടായെക്കാവുന്ന സൌഭാഗ്യങ്ങള്‍ തിരുവനന്തപുരത്തുകാരെ ഒരു നിമിഷം മോഹിപ്പിച്ചു. എന്നാല്‍ മന്ത്രിയായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ തരൂര്‍ അനന്തപുരിയുടെ സ്വപ്നങ്ങള്‍ക്ക് കുഴിമാടം ഒരുക്കി . നാടിന്റെ ആവശ്യങ്ങള്‍ ഒന്നും തരൂരിന്റെ അജണ്ടയിലെങ്ങുമില്ല എന്ന സത്യം നാട്ടുകാര്‍ തിരിച്ചറിയുകയാണ്.
ഒരു ഐ.പി.എല്‍. ടീം കേരളത്തിന് സ്വന്തമാക്കിക്കൊടുക്കണം എന്നത് തരൂരിന്റെ തീരാ മോഹമായിരുന്നെങ്കില്‍ അദ്ദേഹത്തിന് മറ്റൊരു കാര്യം ചെയ്യാമായിരുന്നു. പ്രശസ്ത നടന്‍ മോഹന്‍ലാലും , സംവിധായകന്‍ പ്രിയദര്‍ശനും ചേര്‍ന്ന് തിരുവനന്തപുരം കേന്ദ്രമാക്കി ഒരു ഐ.പി.എല്‍ ടീം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേരത്തെ തുടക്കം കുറിച്ചിരുന്നു. ഒരു ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു , ശശി തരൂരിനെ അതിന്റെ രക്ഷാധികാരിയാക്കി കാര്യമായ മുന്നേറ്റം തന്നെ അവര്‍ നടത്തിക്കഴിഞ്ഞിരുന്നു. ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി പ്രമോട്ടര്‍മാരെ സംഘടിപ്പിക്കാനുള്ള ആലോചനകളില്‍ ആയിരുന്നു അവര്‍. എന്നാല്‍ ലേലത്തിലെ ചില കടുത്ത വ്യവസ്ഥകള്‍ , സാമ്പത്തികമായി അത്ര സുരക്ഷിതര്‍ അല്ലാതിരുന്ന ലാലിന്റെ സംഘത്തെ പിന്നോട്ടടിപ്പിച്ചു. ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. തിരുവനന്തപുരത്തെ ക്രിക്കറ്റ് ക്ലബ്ബിന്റെ രക്ഷാധികാരി ആയിരുന്ന തരൂര്‍ അവര്‍ക്ക് വേണ്ടി ഇടപെടാന്‍ എന്തുകൊണ്ട് വ്യഗ്രത കാണിച്ചില്ല? കൊച്ചി ടീമിനെ ലേലത്തില്‍ പിടിക്കാന്‍ കാണിച്ച നയതന്ത്ര വൈദഗ്ധ്യം തരൂര്‍ സ്വന്തം മണ്ഡലത്തിലെ പേരുകേട്ട ക്രിക്കറ്റ് പ്രേമികളുടെ പരിശ്രമങ്ങള്‍ക്ക് സഹായകരമായിത്തീരും വിധം എന്തുകൊണ്ട് ഉപയോഗിച്ചില്ല? അപ്പോള്‍ കൊച്ചി ടീമിന്റെ ഉടമയായ കമ്പനിയുടെ ഓഹരിയില്‍ തരൂരിന് കാര്യമായ പങ്കാളിത്തം ഉണ്ടെന്നു ആരെങ്കിലും സംശയിച്ചാല്‍ അതങ്ങനെയങ്ങു നമുക്ക് തള്ളിക്കളയാന്‍ ആവുമോ? വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ലേ തരൂര്‍ ഇക്കണ്ട കളിയൊക്കെ കളിച്ചത്? സുനന്ദ പുഷ്കര്‍ എന്ന സുന്ദരി നിനച്ചിരിക്കാതെ കടന്നു വന്നു ചുളുവില്‍ പത്തൊന്‍പതു ശതമാനം ഓഹരികളുടെ ഉടമയായതിനു പിന്നിലെ രഹസ്യം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയല്ലേ? കൊച്ചിയിലെ നിര്‍ദിഷ്ട സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍മ്മാണ പങ്കാളിയായ ദുബായ് ടീകോം കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗം വഹിച്ചിരുന്നു ഒരു മാസം മുന്‍പ് വരെ , തരൂരിന്റെ കൂട്ടുകാരിയായ സുനന്ദ പുഷ്കര്‍. പന്ത്രണ്ടു ശതമാനം ഓഹരിയുടെ അവകാശങ്ങളില്‍ തട്ടി പദ്ധതിയുടെ നടത്തിപ്പില്‍ നിന്നും ടീകോം പിന്‍മാറാനും , സര്‍ക്കാര്‍ ടീക്കൊമിനെ ഒഴിവാക്കാനും ശ്രമിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ ഒരു മാസത്തിനിടയിലാണ് സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ ഇങ്ങനെ ചില വ്യതിയാനങ്ങള്‍ സംഭവിക്കുന്നത്. കൊച്ചിയില്‍ ടീക്കൊമിനുള്ള വ്യാപാര താല്പര്യം നഷ്ടപ്പെടുകയാണ്. ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് സുനന്ദ കമ്പനിയില്‍ നിന്ന് രാജി വെക്കുന്നതും, കൊച്ചി ഐ.പി. എല്‍ ടീമില്‍ ഓഹരി പങ്കാളിത്തം നേടുന്നതും. ശക്തമായ ദുബായ് ബന്ധം ഉള്ള തരൂരിന് കൊച്ചിയിലും ചില താല്പര്യങ്ങള്‍ ഇല്ലേ എന്ന് സ്വാഭാവികമായും ഞങ്ങളില്‍ സംശയം ഉയരുകയാണ്.
ഇവിടെ ഐ.പി.എല്‍. എന്ന ക്രിക്കറ്റ് സംരംഭത്തെയും നമുക്ക് വിട്ടുകളയാന്‍ ആവില്ല. ദുഷിച്ച സാമ്പത്തിക താല്പര്യങ്ങളുടെ പുതിയ ഇന്ത്യന്‍ ഇടനാഴിയാണ് ഐ.പി.എല്‍. കള്ളപ്പണം വെളുപ്പിക്കാനുള്ള ബിസിനെസ്സ് രാഷ്ട്രീയ കൂട്ടുകെട്ടിന്റെ സ്വപ്ന പദ്ധതി. ഇന്ത്യയിലെ ഐ.പി.എല്‍ ടീമുകള്‍ക്ക് പിന്നില്‍ വമ്പന്‍ ടീമുകളാണ് ഉള്ളത്. നികുതി വെട്ടിച്ചുണ്ടാക്കിയ പണമിറക്കി, വീണ്ടും കോടികള്‍ കൊയ്ത് , സര്‍ക്കാരിനെ കബളിപ്പിച്ചു തിമര്‍ക്കുന്ന സമ്പന്ന വര്‍ഗ്ഗം. സിനിമ താരങ്ങളെ മുന്നില്‍ നിര്‍ത്തി കോടികള്‍ എറിഞ്ഞു കളിക്കുന്ന വ്യവസായികള്‍ ക്രിക്കറ്റിന്റെ രൂപത്തിലും കടന്നു വന്നു സാധാരണക്കാരനെ ചൂഷണം ചെയ്യുകയാണ്. അവരെ വീണ്ടും വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയാണ്. കുടിവെള്ളം ഇല്ലാതെ, വെളിച്ചമില്ലാതെ, ഉടുതുണിക്ക് മറു തുണി ഇല്ലാതെ , എന്തിനു തല ചായ്ക്കാന്‍ ഒരു കൂര പോലും ഇല്ലാതെ ബീഭല്‍സ ജീവിതം നയിക്കുന്ന ഇന്ത്യന്‍ നഗരങ്ങളിലെയും , ഗ്രാമങ്ങളിലെയും ദരിദ്ര ലക്ഷങ്ങളെ മറന്നു കൊണ്ടാണ് , അല്ലെങ്കില്‍ അവരെ മയക്കിക്കിക്കിടത്തിക്കൊണ്ടാണ് ഐ.പി.എല്‍. പ്രയാണം നടത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യന്റെ, ജീവിക്കുക എന്ന ഏറ്റവും അടിസ്ഥാന ആവശ്യത്തെ നിഷേധിക്കുന്ന സമകാലിക ഇന്ത്യന്‍ യഥാര്ത്യങ്ങളെ നേരിടാനുള്ള , സാമ്പത്തികമായ കരുത്ത്പകരാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പിന്തുണ കൊടുക്കാന്‍ ഈ കൊടികള്‍ക്കും കോടീശ്വരന്മാര്‍ക്കും കഴിയേണ്ടതല്ലേ? ഇനിയിപ്പോള്‍ കഴിഞ്ഞാലും അത്തരം മാനുഷികമായ വികാരങ്ങള്‍ സൂക്ഷിക്കേണ്ട ബാധ്യത നമുക്കില്ലല്ലോ അല്ലെ? അലസതയുടെ ശാരീരിക വ്യായാമമായ ക്രിക്കറ്റിനു ദാരിദ്ര്യത്തെ മറക്കാന്‍ പ്രേരിപ്പിക്കുന്ന അപാരമായ കരുത്താണ് ഇപ്പോള്‍ ഉള്ളത്. ഐ.പി.എല്‍ ക്രിക്കറ്റ് പുതിയ മതമാണ്. ആ മതത്തെ നാം തകര്‍ക്കുക തന്നെ വേണം. ഏറ്റവും ലളിതമായി പറഞ്ഞാല്‍ അതിനെ നിരോധിക്കണം. അതിന്റെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തി നശിപ്പിക്കണം. പണം, മദ്യം, പെണ്ണ് ---ആധുനിക കാലത്തെ ഈ മൂന്നു സംവര്‍ഗ്ഗങ്ങളെ വെച്ച് ആഘോഷിക്കുന്ന ഐ.പി. എല്‍. പുതു തലമുറയെയും സംസ്കാരത്തെയും തച്ചു തകര്‍ത്തു ആധിപത്യം സ്ഥാപിക്കുന്നതിന് മുന്‍പേ , നാം ഇടപെട്ടെ മതിയാകൂ