റിയാലിറ്റി ഷോകള്‍ മലയാളിയുടെ കാഴ്ചാ സംസ്കാരത്തെ മാറ്റി മറിച്ച ഒരു കാലമാണിത്. ചെറിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്തിനു വൃദ്ധ ജനങ്ങള്‍ക്ക് പോലും പേക്കൂത്ത് കാണിക്കാന്‍ തക്ക വിധത്തില്‍ റിയാലിറ്റിയുടെ ഭൂതങ്ങള്‍ മലയാളിയെ ആശ്ലെഷിചിരിക്കുന്നു. സംഗീതം ആണ് ഈ ഷോയുടെ ഏറ്റവും വലിയ തുരുപ്പു ചീട്ടു. പാട്ടിന്റെ ലോകത്തെ ഏകാന്ത പധികന്മാരെ അസ്തപ്രജ്ഞര്‍ ആക്കിക്കൊണ്ട് , ഒരു മൊബൈല്‍ ഫോണും സിം കാര്‍ഡും ഉണ്ടെങ്കില്‍ ആര്‍ക്കും എങ്ങനെയും പാടി ജയിക്കാവുന്നതാണ് സംഗീത മത്സരങ്ങള്‍ എന്ന മിഥ്യാ ധാരണയെ സജീവമാക്കിക്കൊണ്ടിരിക്കുകയാണ് റിയാലിറ്റി ഷോകള്‍. ഇവിടെ പാട്ട് മത്സരങ്ങള്‍ ഉറഞ്ഞാട്ടത്തിന്റെ വേദികള്‍ ആകുന്നു. പാടാനുള്ള ദൈവികമായ കഴിവിനെ ലക്ഷങ്ങളുടെ വീടും സ്വര്‍ണ്ണാഭരണങ്ങളും കാര്‍ പോലുള്ള വാഹനങ്ങളും സ്വന്തം ആക്കാനുള്ള തികച്ചും വാണിജ്യധിഷ്ടിതമായ പ്രകടനങ്ങള്‍ ആക്കി തരംതാഴ്ത്തിയിരിക്കുന്നു. പഴയ കാലങ്ങളില്‍ , പാടി തെളിഞ്ഞു വരുന്ന ഒരാളുടെ ഏറ്റവും വലിയ മോഹം ഒരു സിനിമയില്‍ പാടുക എന്നതായിരുന്നു. അതുമല്ലെങ്കില്‍ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ അല്ലെങ്കില്‍ ഏതെങ്കിലും ഒരു സംഗീത പണ്ഡിത സദസ്സിനു മുന്നില്‍ തങ്ങളുടെ ഒരു മികവു പ്രകടിപ്പിക്കാന്‍ ഉള്ള ഒരവസരം നേടിയെടുക്കുക എന്നത് മാത്രം ആയിരുന്നു. എന്നാല്‍ ഇന്ന് ആ മോഹങ്ങള്‍ ഒക്കെ റിയാലിറ്റി ഷോകള്‍ കൊത്തിക്കൊണ്ടു പോയിരിക്കുകയാണ്. പാടാനുള്ള കഴിവ് അല്പമെങ്കിലും ഉള്ളവര്‍ ഇക്കാലത്ത് ഇക്കാലത്ത് ചിന്തിക്കുന്നത് ഇന്ന ചാനലിലെ ഇന്ന റിയാലിറ്റി ഷോയില്‍ എങ്ങനെ കയറി പറ്റാം എന്ന് മാത്രമാണ്. അതുവഴി പ്രശസ്തിയും പണവും എങ്ങനെ സ്വന്തമാക്കാം എന്നാണു. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഈ അഴുക്കു ചാലില്‍ വീണു കിടക്കുകയാണ്. റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുക വഴി കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ആണ് മത്സരാര്ത്തികള്‍ പ്രശസ്തരാകുന്നത്. പേര് കേട്ട ഗായകരും സംഗീത സംവിധായകരും ഏതെങ്കിലും ഒരു സിനിമ സെലെബ്രിടിയും ഉള്‍പ്പെടുന്ന ജഡ്ജിംഗ് പാനലിന്റെ വിടുവായത്തങ്ങള്‍ക്ക് മുന്നില്‍ നാട്യ ശാസ്ത്രത്തിലെ അഭിനയ വിധികള്‍ എടുത്തണിഞ്ഞു നില്‍ക്കുന്ന ഗായകനോ ഗായികയോ കാണികളുടെ ഓമനയായി മാറുന്നു. ഏതൊരു ചാനലിനും സ്പോന്സര്‍ക്കും തങ്ങളുടെ പരിപാടിയെ സംബന്ധിച്ച് കൃത്യമായ ചില കണക്കു കൂട്ടലുകള്‍ ഉണ്ട്. അത് എങ്ങനെ നടത്തണമെന്നും , യേത് വിധത്തില്‍ പര്യവസാനിപ്പിക്കണം എന്നും, ജേതാക്കാള്‍ എങ്ങനെ ഉള്ളവര്‍ ആയിരിക്കണം എന്നും അവര്‍ മുന്‍കൂട്ടി നിശ്ചയിച്ചു കഴിഞ്ഞിരിക്കും. അതിനു അനുസരിച്ചായിരിക്കും ജഡ്ജിംഗ് പാനലിനെ തിരഞ്ഞെടുക്കുന്നതും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതും. ചാനലുകളില്‍ നിന്നും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി വിധി കര്‍ത്താവിന്റെ പദവി എത്റെടുക്കുന്നവര്‍ ആ ചാനലിന്റെ നിലപാടുകള്‍ അംഗീകരിക്കാന്‍ ബാധ്യസ്തര്‍ ആണ്. ശാരീരികമായ വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും ദരിദ്രമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും മത്സരത്തിന്റെ ആദ്യ റൌണ്ടുകളില്‍ കൊടുക്കുന്ന അമിതമായ പ്രാധാന്യത്തിനു പോലും ചാനലിന്റെ കച്ചവട കണ്ണ് ആണ് ഉള്ളത്. കാണികളുടെ പരമാവധി അനുകമ്പ പിടിച്ചു വാങ്ങിക്കൊടുത്തു പരിപാടിയുടെ റേറ്റിംഗ് കൂട്ടിയെടുക്കുകയും അത് വഴി പരസ്യ വരുമാനം വര്‍ധിപ്പിച്ചു കഴിയുന്നത്ര ലാഭമുണ്ടാക്കുക എന്ന തന്ത്രം . ആ ലക്‌ഷ്യം ഏകദേശം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ അത്തരം ആള്‍ക്കാരെ നിഷ്കരുണം ഉപേക്ഷിച്ചു കടന്നു കളയുകയും ചെയ്യും. സംഗീതത്തോടുള്ള അടങ്ങാത്ത ദാഹമോ മോഹമോ ഒന്നുമല്ല പുതിയ കാലത്തെ മത്സരാര്തികളെ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രശസ്തി തന്നെ ആണ്. ഒപ്പം പണവും. കേരളത്തിലെ റിയാലിറ്റി ഷോകളില്‍ പങ്കെടുത്തു വിജയികള്‍ ആവുന്നവര്‍ ആരും തന്നെ പില്‍ക്കാലത്ത് സംഗീത ചരിത്രത്തില്‍ തങ്ങളുടെ പേരിന്റെ ആദ്യാക്ഷരം പോലും രേഖപ്പെടുത്താന്‍ ആകാതെ മറവിയിലേക്ക് മറഞ്ഞു പോവുകയാണ്. എന്തുകൊണ്ടാനത്? ഒരുത്തരം മാത്രം. ഒരു പ്രത്യേക കാലത്ത് ഒരു പ്രത്യേക മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി കൃത്രിമമായി സൃഷ്ടിച്ച പ്രകടന മികവാണ് അവരെ കുറച്ചെങ്കിലും കാലം ഇവിടെ നില നിര്‍ത്തുന്നത്. ജന്മ സിദ്ധമായ ജ്ഞാനത്തിന്റെ പിന്‍ബലം ഇല്ലെങ്കില്‍ പ്രതിഭയുടെ ഹിമാലയം കീഴടക്കാന്‍ ആര്‍ക്കുംകഴിയില്ല. സംഗീത കച്ചവടത്തിന്റെ താല്‍കാലിക ലാഭാങ്ങളില്‍ വിരിഞ്ഞു കൊഴിയുന്ന , നിറമോ ഗന്ധമോ ഇല്ലാത്ത പുഷപങ്ങള്‍ മാത്രമാണ് അവര്‍. മറ്റൊരു അണിയറ രഹസ്യം കൂടി ചാനല്‍ പിന്നാംപുറങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. റിയാലിറ്റി ഷോകളില്‍ പങ്കെടുത്തു കൊണ്ടിരിക്കെ , മല്സരാര്ത്തികള്‍ പ്രശസ്തര്‍ ആയി , പൊതു പരിപാടികളില്‍ തങ്ങളുടെ സാന്നിധ്യം തെളിയിക്കണം എന്ന് ആഗ്രഹിക്കുകയാണെങ്കില്‍ ചാനലിന്റെ ചില കടുത്ത നിബന്ധനകള്‍ക്ക് അവര്‍ വഴങ്ങേണ്ടതുണ്ട്. കേരളത്തിലെ ഒരു പ്രശസ്ത ചാനല്‍ തികച്ചും കൌതുകകരമായ ഒരു നിയമം ആണ് അവലംബിക്കുന്നത്. ചാനല്‍ ബാഹ്യമായ പരിപാടികളില്‍ പങ്കെടുത്തു പ്രതിഫലം പറ്റുകയാണെങ്കില്‍ , ആ വരുമാനത്തിന്റെ പകുതിയില്‍ അധികം ചാനലിനും റിയാലിറ്റി ഷോയുടെ സ്പോന്സര്‍ക്കും നല്‍കാന്‍ മല്സരാര്‍ത്തി ബാധ്യസ്തന്‍/ സ്ഥ ആണ്.ചാനല്‍ അങ്ങനെയും വരുമാനം ഉണ്ടാക്കുന്നുണ്ടെന്ന് ചുരുക്കം.
ഇപ്പോള്‍ കുട്ടിപ്പാട്ടുകാരുടെ കാലമാണ്. കേരളത്തിലെ ഉത്സവ പറമ്പുകളിലും , ഗാനമേള വേദികളിലും കുട്ടികള്‍ ആണ് താരങ്ങള്‍. ബുദ്ധിമാന്മാരായ രക്ഷിതാക്കള്‍ പാടാന്‍ കഴിവുള്ള മക്കളെ വിട്ടു ലക്ഷങ്ങള്‍ സമ്പാദിക്കുന്നു. വേദികളില്‍ നിന്നും വേദികളിലേക്ക് ഊണും ഉറക്കവും ഇല്ലാത്ത നെട്ടോട്ടം. പാടിപ്പാടി തളര്‍ന്നു കുട്ടികള്‍ സംഗീതത്തെ പോലും വെറുക്കുന്ന അവസ്ഥയിലേക്ക് റിയാലിറ്റി ഭ്രാന്ത് അവരെ കൊണ്ട് എത്തിച്ചിരിക്കുന്നു. പൂര്‍ണ്ണ ശ്രീയും , ആതിര മുരളിയും ഒക്കെ ഉള്‍പ്പെടുന്ന 'കുട്ടി ഗായകര്‍' ഭീകരമായ വാഹനാപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വാര്‍ത്ത പത്രങ്ങളിലൂടെ അറിയുമ്പോള്‍ വായനക്കാരുടെ ഉള്ളകം കത്തുകയാണ്. ഇവിടെ എനിക്ക് ഒന്നേ പറയാനുള്ളൂ; ദയവു ചെയ്തു ആ നിര്‍ദോഷ ബാല്യങ്ങളെ കുരുതി കൊടുക്കരുത്.
കുട്ടികളുടെ സിദ്ധിയെ പ്രോത്സാഹിപ്പിക്കുക എന്നതിലുപരി തങ്ങള്‍ക്കു പണം പറ്റാനുള്ള സാഹചര്യം വളര്‍ത്തി എടുക്കുക എന്നാ തികച്ചും മനുഷ്യത്ത വിരുദ്ധമായ പ്രവര്‍ത്തനമാണ് രക്ഷിതാക്കള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം കുട്ടി ഗാനമേള പരിപാടികളും ഒരു ബാലവേല ആയി കണ്ടു നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ സാംസ്കാരികമായ പ്രശ്നങ്ങളില്‍ ഒന്നും തന്നെ ഇടപെടാതെ ഒഴിഞ്ഞു നില്‍ക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത് .ഈ നിഷ്ക്രിയതയില്‍ നിന്നും വിടുതല്‍ നേടി ചില അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാവുകയാണെങ്കില്‍ അത് പ്രതിഭ ധനരായ കുട്ടികളുടെ മഹത്തായ ഭാവിക്ക് ശോഭാനമാകും. നമ്മുടെ മൂല്യ ചിന്തയില്‍ പണത്തിനു പ്രഥമ സ്ഥാനം കൈവന്നതോടെ മാനുഷികമായ പരിഗണനകള്‍ മറന്ന മട്ടാണ്. സര്കാരും ആ വഴിക്ക് നീങ്ങരുത്.
കുട്ടികള്‍ സംഗീതം പഠിക്കട്ടെ.... ഇനിയും നന്നായി നന്നായി പഠിക്കട്ടെ.... സംഗീതത്തില്‍ നല്ലൊരു അടിസ്ഥാനം ഉറപ്പിച്ച ശേഷം മാത്രം അവസരങ്ങളുടെ ഹരിത ഭൂമികള്‍ തേടി പിടിക്കട്ടെ.അല്ലാതെ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ ചെറിയ കുട്ടികളില്‍ താങ്ങാവുന്നതില്‍ അധികം കലാഭാരം അടിച്ചേല്‍പ്പിച്ചു , സംഗീതത്തോടും രക്ഷിതാക്കളോടും , ഒടുക്കം അവനവനോട് തന്നെയും വിരക്തിയുണ്ടാക്കുന്ന തരത്തില്‍ സാംസ്കാരിക പ്രവര്‍ത്തനം നടത്താന്‍ ആരെയും അനുവദിക്കാതിരിക്കുക.
രക്ഷിതാക്കളെ , നിങ്ങള്‍ ചൂഷണം അവസാനിപ്പിക്കുക.....