Wednesday, February 24, 2010

ലാലും മാഷും

തിലകന്‍ ഉയര്‍ത്തിവിട്ട ചില ചോദ്യങ്ങളും പ്രശ്നങ്ങളും കേരളത്തിന്റെ സാംസ്കാരിക ചിന്തയ്ക്ക് സംവാദത്തിന്റെ പുതിയ ആകാശങ്ങള്‍ നല്‍കിക്കൊണ്ട് അനുദിനം ശക്തിയാര്‍ജ്ജിക്കുകയാണ്. അത് കേരളത്തിന്റെ ഒരു സാംസ്കാരിക പ്രശ്നമായി പരിണമിച്ചിരിക്കുന്നു. കേരളം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വലിയ വ്യക്തിത്വങ്ങള്‍ പോരിന്റെ മൂര്‍ച്ചയില്‍ തങ്ങളുടെ സവിശേഷമായ സ്ഥാന മാനങ്ങള്‍ മറക്കുന്നു. ചളി വാരി എറിയുന്നു. തിലകന്‍ എന്ന മഹാനായ അഭിനേതാവ് ഉയര്‍ത്തിയ തൊഴില്‍ നിഷേധത്തിന്റെ മൌലിക പ്രശ്നങ്ങള്‍ പിന്നാക്കം പോവുകയും പകരം മറ്റു പലതും ഉയര്‍ന്നു വരികയും ചെയ്തിരിക്കുന്നു.

സുകുമാര്‍ അഴീക്കോട് എന്ന മഹാനായ സാഹിത്യകാരനും പ്രഭാഷകനും, മോഹന്‍ ലാല്‍ എന്ന അതുല്യനായ നടനും തമ്മിലാണ് പോരിന്റെ പുതിയ മുഖങ്ങള്‍ തുറന്നിരിക്കുന്നത്. സത്യത്തില്‍ ഞാന്‍ ഇപ്പോള്‍ കണ്‍ഫ്യുഷനില്‍ ആണ്. രണ്ടു പേരും എനിക്ക് ഇഷ്ടപ്പെട്ടവര്‍. ഇവിടെ എനിക്ക് പ്രത്യേകിച്ച് ഒരാളുടെ പക്ഷം പിടിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എങ്കിലും ഗുരു നിന്ദ പാടില്ല. അത് ചെറിയവരും വലിയവരും ഒരു പോലെ പാലിക്കേണ്ട തത്വം. പക്ഷെ മോഹന്‍ ലാല്‍ അത് ഇവിടെ തെറ്റിച്ചു. അത്ര പെട്ടെന്നൊന്നും പ്രകൊപിതന്‍ ആവാത്ത ലാല്‍ ഇത്തവണ ശരിക്കും പൊട്ടിത്തെറിച്ചു. അഴീക്കോടിനെ അയാള്‍ എന്ന് വിളിച്ചു. അയാള്‍ തികച്ചും ഒരു ആക്ഷേപ ധ്വനി തന്നെ. മതിഭ്രമം എന്ന് അധിക്ഷേപിച്ചു. തിലകനും ആയി ഒരു മേശയ്ക്കു ചുറ്റും ഇരുന്നു സംസാരിക്കാന്‍ താന്‍ തയ്യാറാണ് എന്ന് ലാല്‍ തന്നെ വിളിച്ചപ്പോള്‍ സമ്മതിച്ചതായി മാഷ്‌ പറഞ്ഞാതാണ് ഈ പ്രകോപനം മുഴുവന്‍ സൃഷ്ടിച്ചത്. ലാല്‍ മാഷെ നിഷേധിക്കുകയും തീക്ഷണമായി പ്രതികരിക്കുകയും ചെയ്തു. ആ പ്രതികരണം പക്ഷെ ഗുരു നിന്ദയായി എന്ന് മാത്രം. സത്യത്തില്‍ ലാല്‍ ഗുരുവര്യരെ മാനിക്കുകയും , പ്രായം കൂടിയവരോടു വളരെ ബഹുമാനം നിറഞ്ഞ സമീപനം പുലര്‍ത്തുകയും ചെയ്യുന്ന ഒരാള്‍ ആണ്. അദ്ധേഹത്തിന്റെ അഭിമുഖങ്ങളും, ചില ബ്ലോഗ്‌ രചനകളും അത് വിളിച്ചു പറയുകയും ചെയ്യുന്നു. എന്നാല്‍ ആ ലാല്‍ ഇവിടെ തികച്ചും വ്യത്യസ്തനായ ഒരാള്‍ ആയി. ആ പുതിയ ലാല്‍ വേഷം എന്നെ കുറച്ചു വിഷമിപ്പിച്ചു .

ലാലിന് പിന്നണി പാടാന്‍ സിനിമയിലെയും സാഹിത്യത്തിലേയും കുലപതികള്‍ ഓടിപ്പിടഞ്ഞെത്തി. തിലകന് കൊടുക്കാത്ത പിന്തുണ ലാലിന് പ്രഖ്യാപിക്കാന്‍ മത്സരമായിരുന്നു. സിനിമാ പ്രശ്നത്തില്‍ ഇടപെടാന്‍ അഴീക്കോടിന് എന്തവകാശം എന്നായി ചോദ്യം. ഈ ചോദ്യം വിവരമില്ലായ്മയുടെതാണ്. ഓരോ മേഖലയിലെയും പ്രശ്നങ്ങളില്‍ ഇടപെടാന്‍ അതാതു മേഖലയില്‍ ഉള്ളവര്‍ക്ക് മാത്രമേ അവകാശം ഉള്ളു എന്ന്നു പറഞ്ഞാല്‍ അത് എന്ത് ന്യായം? ജനാധിപത്യത്തിന്റെ തിരസ്കാരം ആണത്. ഈ നയം നടപ്പിലായാല്‍ വിഷമിക്കുക സിനിമ പ്രവര്‍ത്തകര്‍ തന്നെ ആയിരിക്കും. രാഷ്ട്രീയം, മാധ്യമം, സാഹിത്യം തുടങ്ങിയ ബഹുവിധ കാര്യങ്ങള്‍ കഥ തന്തുക്കള്‍ ആയി സ്വീകരിച്ചു സിനിമ കഥ മെനയാന്‍ ഉള്ള സ്വാതന്ത്ര്യം ഒറ്റ അടിക്കങ്ങു പോയിപ്പോവും. ഈ ജനാധിപത്യ രാജ്യത്തില്‍ ആര്‍ക്കും ഇതു പ്രശ്നത്തില്‍ ഇടപെടാനും അഭിപ്രായം പറയാനും ഉള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. പ്രത്യേകിച്ച് അഴീക്കൊടിനുണ്ട്. കേരളം വായ തുറക്കാന്‍ മടിച്ചു നിന്ന സന്ദര്‍ഭങ്ങളില്‍ ഒക്കെയും തീക്ഷ്ണ പ്രതികരണങ്ങളിലൂടെ മലയാളിയുടെ മാനം രക്ഷിച്ച മഹാന്‍ ആണ് അദേഹം. തളരാത്ത ധീരതയുടെ പ്രതീകം. ഈ അവകാശം കേരളം അദേഹത്തിന് പതിച്ചു നല്‍കിയതാണ്. ആ അഭിപ്രായങ്ങളോട് നിങ്ങള്ക്ക് വിസമ്മതം ആണ് എങ്കില്‍ അത് സ്വീകരിക്കേണ്ടതില്ല. പക്ഷെ അതിനെ അവമാതിക്കരുത്. പൊട്ട ചോദ്യങ്ങള്‍ ചോദിച്ചു സ്വയം അപഹാസ്യര്‍ ആവരുത്.

അഴീക്കോട് ഇഷ്ടപ്പെടുന്ന നടന്‍ മോഹന്‍ ലാല്‍ ആണ്. ചില സ്വകാര്യ സംഭാഷണ വേളകളില്‍ അദേഹം അത് വ്യക്തമാക്കിയിട്ടുണ്ട്. ലാലിന്റെ അഭിനയത്തിന്റെ പ്രത്യേകതകളെ കുറിച്ച് തികച്ചും താത്വികമായ ചില നിരീക്ഷണങ്ങള്‍ അദേഹം നടത്തിയതും ഞാന്‍ ഓര്‍ക്കുന്നു. പിന്നെ ഇവിടെ പെട്ടന്നുള്ള ഒരു പ്രകോപന ഹേതു ലാലിന്റെ പരസ്യങ്ങളിലെ അഭിനയത്തെ മാഷ്‌ വിമര്‍ശിച്ച്ചതാവാം. പണത്തില്‍ തൊട്ടു കളിച്ചപ്പോള്‍ ലാല്‍ പിണങ്ങി. ഭൌതിക സൌകര്യന്ളില്‍ നിന്നും വിടുതല്‍ നേടി ജീവിക്കുന്ന അഴീക്കോടും, അതില്‍ ആണ്ടു മുങ്ങി ജീവിക്കുന്ന ലാലും തമ്മിലുള്ള വ്യത്യാസം സ്പഷ്ടം. അഴീക്കോട് കളിച്ചു ജയിച്ചു വന്ന വഴി വേറെ. ലാല്‍ വന്ന വഴി വേറെ. പൊള്ളും ചില അസ്വസ്ഥമായ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍, ലാലിന് ആയാലും, മമ്മൂട്ടിക്ക് ആയാലും. അതുകൊണ്ട് വിട്ടുകള... പൊറുക്കാന്‍ ലാലും അഴീക്കോടും തയ്യാറാവണം. അഴീക്കൊടിനോട് എതിര്‍ത്തവര്‍ ആരായാലും, അവര്‍ പിന്നീട് ആ മനുഷ്യന്റെ കാല്‍ക്കല്‍ അടിയറവു പറഞ്ഞിട്ടുണ്ട്. സൗഹൃദം കൂടിയിട്ടുണ്ട്. പ്രായത്തെ ബഹുമാനിക്കാന്‍ മറക്കരുത് ലാല്‍.

Monday, February 8, 2010

അഭിനയിക്കാന്‍ തിലകന് അവകാശമുണ്ട്‌


വിലക്കിന്റെ ഭീഷണിയിലാണ് നടന്‍ തിലകന്‍. മലയാള സിനിമാ കുടുംബത്തില്‍ നിന്നും പുറപ്പെട്ടു പോയ വിനയന്റെ പുതിയ പടത്തില്‍മുഖം കാണിച്ചതാണ് തിലകന് ഇപ്പോള്‍ വിനയായിരിക്കുന്നത്. ജോഷിയുടെ പുതിയ മള്‍ടിസ്റ്റാര്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രതെര്സില്‍നിന്നും തിലകന്‍ പുറത്തായതാണ് മലയാള സിനിമയിലെ ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സത്യത്തില്‍ ആ സിനിമയില്‍ നിന്നുമുള്ള തിലകന്റെ പുറത്താകല്‍ നിമിത്തം നഷ്ടം സംഭവിച്ചിരിക്കുന്നത് മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ ആണ്. ലാല്‍- തിലകന്‍ കൂട്ട് കെട്ടിന്റെ അതുല്യമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാണാനുള്ള ഭാഗ്യം നമുക്ക് ഇല്ലാതായിരിക്കുന്നു.

തന്റെ വിലക്കിന് പിന്നില്‍ മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ വൃത്തികെട്ട കളികള്‍ ആണെന്ന് തിലകന്‍ തുറന്നു പറഞ്ഞിരിക്കുന്നു. ആ താരം ആരാണ് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പത്ര പ്രവര്‍ത്തകരുടെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്‍ നാലുപാടു നിന്നും ഉതിര്‍ന്നു വീണിട്ടും തിലകന്‍ പിടി കൊടുത്തിട്ടില്ല. പക്ഷെ വരികള്‍ക്കിടയില്‍ ആ സൂപ്പര്‍ താരത്തിന്റെ പേര് ഒളിപ്പിച്ചു വെച്ച് ചില പൊട്ടിത്തെറികള്‍ തിലകന്‍ നടത്തിയത് ശ്രദ്ധേയം ആയിരുന്നു. മമ്മൂട്ടി ആണ് ആ നടന്‍ എന്ന് മലയാള സിനിമ പ്രേമികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. എന്താണ് തിലകനും മമ്മൂട്ടിക്കും ഇടയില്‍ നടന്നത്? തിലകന്റെ പരോക്ഷമായ ആരോപണങ്ങള്‍ ലക്‌ഷ്യം വെക്കുന്നത് മമ്മൂട്ടി എന്ന നടനെ തന്നെ ആണെങ്കില്‍ , ഏതു സാഹചര്യത്തിന്റെ പുറത്തായിരിക്കും തിലകന്‍ മമ്മൂട്ടിക്കെതിരെ ഇങ്ങനെ ഒരു നിലപാട് കൈക്കൊണ്ടത്? മമ്മൂട്ടിയെ അല്ലെങ്കില്‍ തിലകനെ പരസ്പരം ആരാണ് തെറ്റിദ്ധരിപ്പിച്ചത്? ഉത്തരം കിട്ടാന്‍ കുറച്ചു പ്രയാസം തന്നെ. മമ്മൂട്ടിയുടെ മൌനം സംഗതി കൂടുതല്‍ സങ്കീര്‍ണ്ണം ആക്കുന്നു.

ഒരു നടനെ വിലക്കാന്‍ ഏതെങ്കിലും സംഘടനയ്ക്ക്, അല്ലെങ്കില്‍ ഏതെങ്കിലും ഒരു വ്യക്തിക്ക് അവകാശം ഉണ്ടോ? പ്രത്യേകിച്ച് ജനങ്ങള്‍ ഇപ്പോഴും കാണാന്‍ ഇഷ്ടപ്പെടുന്ന , അസൂയാവഹമായ അഭിനയ പാടവം ഉള്ള ഒരു നടനെ? കൃത്യമായി പറഞ്ഞാല്‍ ഏകദേശം പത്ത് വര്‍ഷത്തോളം ആയി , വിവിധ കാലഘട്ടങ്ങളില്‍ തിലകന്‍ താര സംഘടന ആയ അമ്മയ്ക്കെതിരെ ഇത്തരം ആരോപണങ്ങളും ആയി വരാന്‍ തുടങ്ങിയിട്ട്. പല തവണ സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നേരിട്ട ഒരാള്‍ ആണ് താന്‍ എന്ന് തിലകന്‍ വ്യത്യസ്ത കാലങ്ങളില്‍ പരാതിപ്പെട്ടിട്ടുണ്ട്. ആ പരാതി ഏറെക്കുറെ സത്യമാണെന്ന് പ്രേക്ഷകര്‍ക്ക്‌ ബോധ്യപ്പെട്ടതും ആണ്. ചില പ്രത്യേക കാലങ്ങളില്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകളില്‍ നിന്നും തിലകന്‍ എന്ന നടന്‍ പൂര്‍ണ്ണമായും അപ്രത്യക്ഷനായിരുന്നു. തിലകന്റെ അഭിനയം കാണാന്‍ കൊതിച്ചു പോയ ചില സന്ദര്‍ഭങ്ങള്‍ പോലും എനിക്ക് ഉണ്ടായിട്ടുണ്ട്. ചില നടന്മാരുടെ ഒപ്പം തിലകന്‍ സ്ക്രീനില്‍ തിളച്ചു മറിയുന്നത് കാണാന്‍ ആശ പൂണ്ടു നടന്നപ്പോള്‍, സമാശ്വാസം നല്‍കിയത് ആ നടന്മാരുടെ ഒപ്പം തിലകന്‍ നേരത്തെ അഭിനയിച്ച ചിത്രങ്ങളുടെ ടി. വി. സംപ്രേഷണം ആയിരുന്നു. ഇടക്കാലത്തിനു ശേഷം കുറച്ചു സിനിമകളിലൂടെ തിലകന്‍ സജീവമായപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഞാന്‍ ഇഷ്ടപ്പെടുന്ന മോഹന്‍ ലാലിനേക്കാള്‍ കൂടുതല്‍ , തിലകനെ ഞാന്‍ ഇഷ്ടപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്‌.

അഭിനയം അത് എന്താണെന്ന് മലയാളിയെ പടിപ്പിച്ചവരുടെ കൂട്ടത്തില്‍ തിലകന് ഒന്നാം സ്ഥാനം കൊടുക്കണം. നോട്ടത്തില്‍, മൂളലില്‍ , ചിരിയില്‍ തുടിക്കുന്ന ഭാവ പ്രകാശത്തിന്റെ ഊഷ്മളത ഏതു മലയാളിയെ ആണ് രോമാഞ്ചം കൊള്ളിക്കാത്തത്? വില്ലന്‍ , തമാശക്കാരന്‍, ശ്രുന്കാര ലോലുപനായ കാമുകന്‍ , സ്നേഹധനനായ അച്ഛന്‍ , കര്‍ക്കശക്കാരന്‍ ആയ കാരണവര്‍ തുടങ്ങി മനുഷ്യ ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ ഭാവ വിശേഷങ്ങളെ അവതരിപ്പിക്കാന്‍ തിലകന് ഉള്ള മിടുക്ക് വേറെ ആര്‍ക്കുണ്ട്? ജീവിക്കുകയാണ് സ്ക്രീനില്‍ ആ നടന്‍. സിനിമ കാണുന്നവന്റെ ഹൃദയത്തിലേക്ക് അധികാര പൂര്‍വ്വം , സ്ക്രീനില്‍ നിന്നും നടന്നു കയറി വരികയാണ് . ഹൃദയത്തിന്റെ വാതിലില്‍ ചെറുതായി പോലും ഒന്ന് മുട്ടി അനുവാദം ചോദിക്കാതെ കടന്നു വരാനുള്ള അവകാശം നമ്മള്‍ തിലകന് കൊടുത്തിട്ടുണ്ട്‌. അത് അദ്ദേഹം പിടിച്ചു വാങ്ങിയത് അഭിനയിക്കാന്‍ ഉള്ള തന്റെ കഴിവ് ഉപയോഗിച്ചു മാത്രമാണ്. അതുകൊണ്ട് തന്നെ ആര് വിചാരിച്ചാലും തിലകനെ മലയാള സിനിമയില്‍ നിന്നും പര്‍ജു ചെയ്തു കളയാന്‍ ആവില്ല.

ഒരു നടനെ വിലക്കാന്‍ ഒരു സംഘടനയ്ക്കും അധികാരം ഇല്ല. ആ അധികാരം സിനിമ കാണുന്ന പ്രേക്ഷകന് മാത്രമാണ്. ഒരു നടന്റെ അഭിനയം മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ആ നടന്‍ പിന്നെ സിനിമയില്‍ ഇല്ല തന്നെ. പ്രേക്ഷകരുടെ അനിഷ്ടം അനുഭവിച്ചു സിനിമയുടെ ആകാശത്ത് നിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷരായ നടന്മാര്‍ എത്രയെങ്കിലും ഉണ്ട് മലയാളത്തില്‍. പക്ഷെ തിലകന്‍ ആ കൂട്ടത്തില്‍ ഒരിക്കലും പെടില്ല. മലയാള സിനിമയെ താങ്ങി നിര്‍ത്തുന്ന പ്രേക്ഷകര്‍ തിലകന് ഒപ്പം എന്നുമുണ്ട്. ആ കലാകാരന് അതറിയാം. ആ അറിവ് തന്നെ ആണ് തിലകന്‍ നടത്തുന്ന പോരാട്ടത്തിനു ശക്തി പകരുന്നതും. ഒരു കലാകാരന്റെ അവകാശങ്ങളെ നിഷേധിച്ചു, ആ കലാകാരനെ തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല.