Wednesday, August 5, 2009

സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ



കേരളത്തിന്റെ സൌന്ദര്യ മത്സരം ഇന്നു നടക്കും. കൊച്ചിയാണ് വേദി. ഇതിനകം തന്നെ സംഭവം ഒരു വിവാദമായി കഴിഞ്ഞു . കൊച്ചിക്കാരന്‍ ഒരു വക്കീല്‍ അരസികന്‍ ഹൈക്കോടതിയില്‍ നല്കിയ ഒരു പൊതു താല്പര്യ ഹരജി പരിഗണിച്ചു, നീതി പീടവും മത്സരത്തില്‍ ഇടപെട്ട് കഴിഞ്ഞു . കോടതി നിയമിച്ച പ്രത്യേക സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കണം മത്സരം സംഘടിപ്പിക്കേണ്ടത്‌ എന്നാണു വിധി. കോടതി വിധിക്ക് പുറമെ, സദാചാര സംരക്ഷണത്തിന്റെ ആലഭാരം മുഴുവന്‍ ഏറ്റെടുത്തിരിക്കുന്ന ചില മത -സാമൂഹ്യ സംഘടനകളും സൌന്ദര്യ മത്സര വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും പോലീസിന് പണിയായി. സുന്ദരിമാര്‍ കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ ബുദ്ധിയും ശരീരവും കൊഴുപ്പിച്ചു സമ്മാനവും വാങ്ങി തടി തപ്പും. പാവം പോലീസുകാരും , സമരക്കാരും. കൊച്ചിയിലെ പൊടിയും നാറ്റവും സഹിച്ചു ഉന്തും തല്ലും നടത്തി വിയര്‍ത്തും പൊട്ടിയും വീട് പിടിക്കേണ്ടി വരും.


ലോക സൌന്ദര്യ മത്സരം സംവിധാനം ചെയ്തു ശ്രദ്ധ പിടിച്ചുപറ്റിയ നമ്മുടെ പ്രിയദര്‍ശന്‍ കൊച്ചിയില്‍ വിധി കര്‍ത്താവായി വരുന്നുണ്ട്. ബംഗലൂരുവില്‍ മുന്പ് അമിതാ ബച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തിയ ആ വിവാദ സൌന്ദര്യ മത്സരം നമുക്കു ഓര്‍മ്മയുണ്ടാവും. അത് ലോക സൌന്ദര്യ മത്സരമായിരുന്നു. അന്ന് ഉയര്ന്നു വന്ന ആരോപണങ്ങളും , സമരങ്ങളും , സംഘാടകരെ കൂടുതല്‍ ആവേശ ഭരിതരാക്കുകയാണ് ചെയ്തത്. അഞ്ചു പൈസ മുടക്കാതെ ചുളുവില്‍ പബ്ലിസിറ്റി കിട്ടാന്‍ വിവാദ വ്യവസായം കൊണ്ടു കഴിയും. പക്ഷെ മത്സരം അവസാനിച്ചു പൊടി അടങ്ങിയപ്പോള്‍ , അമിതാബ് എണ്ണ നടന്‍പാപ്പരായത് മാത്രമായിരുന്നു മിച്ചം. മത്സരത്തില്‍ പങ്കെടുത്തു സമ്മാനം വാങ്ങിയ തരുണീമണി പലവഴി കോടികള്‍ സമ്പാദിച്ചു ലോക ശ്രദ്ധയില്‍ നിന്നു തന്നെ തല്‍ക്ഷണം നിഷ്ക്രമിച്ചു. ആ സുന്ദരിയെ ലോകം പോയിട്ട്, ഇന്ത്യ പോയിട്ട്, ആസുര താളത്തില്‍ മിന്നി മറയുന്ന നഗരം പോലും ഓര്‍ക്കുന്നുണ്ടോ എന്ന് സംശയം. അതുവരെ ഇന്ത്യക്കാരായ കുറച്ചു സുന്ദരിമാര്‍ക്ക് സൌന്ദര്യ പട്ടം നല്കി , രാജ്യമാകമാനം സുന്ദരികളെ സൃഷ്ടിക്കാനുള്ള വ്യാമോഹങ്ങളുടെ ഒരു പ്ലാറ്റ് ഫോം ഒരുക്കി , നമ്മുടെ പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ അകപ്പെടുത്താനുള്ള ഒരു സാമ്രാജ്യത്വ അജണ്ട നടപ്പിലാകിയ ലോക വ്യവസായ ഭീമന്മാര്‍ , ബാംഗ്ലൂരില്‍ അതിന്റെ അവസാന ഘട്ട റിഹേഴ്സല്‍ ,നടത്തി തങ്ങളുടെ മോഹം സാധിക്കുകയായിരുന്നു. അതോടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും സൌന്ദര്യ മത്സരങ്ങളുടെ വിപണി കൊഴുത്തു പടര്ന്നു. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ബിസിനസ്സുകാര്‍ തങ്ങളുടെ ആസ്തി കോടികളില്‍ നിന്നും കോടികളിലേക്ക് വര്‍ധിപ്പിച്ചു. പാവം പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ നഷ്ട സ്വപ്നങ്ങളുടെ തീരത്ത് കുടില് കെട്ടി പാര്‍ത്തു. പണവും പോയി, മാനവും പോയി , ഉള്ളതെല്ലാം പഞ്ച നക്ഷത്ര ഹോട്ടലുകളുടെ പിന്നാം പുറത്തു ദുര്‍ഗന്ധം പടര്‍ത്തി അഴിഞ്ഞു വീണും പോയി. രക്ഷപ്പെട്ട ചുരുക്കം ചിലര്‍ വിട് വായത്തം മൂലധനമാക്കി എങ്ങനെയൊക്കെയോ പിടിച്ചു നിന്നു.


ഇവിടെ കേരളത്തിലെ പുതു തലമുറയും സൌന്ദര്യ മല്‍സരങ്ങളുടെ വര്‍ണ്ണ പകിട്ടില്‍ ആന്ധ്യം ബാധിച്ചു ദിക്കരിയാത്തവര്‍ ആയി പട്ടു പോയിരിക്കുന്നു. പെണ്‍കുട്ടികള്‍ രണ്ടും കല്‍പ്പിച്ചാണ്. തോട് പൊട്ടി പുറത്തു വരാനുള്ള കാലം പോലും ആയിട്ടില്ലാത്ത കുട്ടികള്‍ നഗ്നാരായും , പച്ച ചിരി ചിരിച്ചും ക്യാമറകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ കാലത്തിന്റെ അഗ്നി പ്രവാഹത്തില്‍ മനസ്സും നന്മയും ഉരുക്കി കലയാത്തവര്‍ നടുങ്ങി നില്‍ക്കുകയാണ്‌. തങ്ങളുടെ കുട്ടികളുടെ ശരീരത്തിന്റെ അഴക്‌ കാമപ്പനി പിടിച്ച പുരുഷ കേസരികളുടെ നയന ഭോഗത്തിന് വിധേയമായി അഴുകിക്കൊണ്ടിരിക്കുകയാനെന്ന സത്യം രക്ഷിതാക്കള്‍ തിരിച്ചറിയാതെ പോകുന്നു. അറിഞ്ഞാലും അവഗണിക്കുന്നു. കാരണം ഇത്തരം സംരംഭങ്ങള്‍ വഴി മക്കളെ പ്രദര്‍ശന വസ്തുക്കള്‍ ആക്കി , ലക്ഷങ്ങള്‍ സമ്പാദിച്ചു ശേഷിച്ച കാലം അല്ലാലോ അലട്ടോ ഇല്ലാതെ ജീവിക്കാം എന്നതാണല്ലോ ഒരു മലയാളിയുടെയും വ്യാമോഹം. ഇതു ഒരു കോടതിക്കും , സംഘടനയ്ക്കും തടയാനോ, തകര്‍ക്കാനോ കഴിയാത്ത വ്യാധി ആണ്. ഓരോ നിമിഷം കൂടും തോറും ഈ രോഗം വര്‍ദ്ധിച്ചു കൊണ്ടിരിക്കും. എന്നെങ്കിലും ഒരു തിരിച്ചു പോക്ക് സാധ്യമാകുകയാണ് എങ്കില്‍ , അന്ന് അവര്‍ മനസ്സിലാക്കും ഒരു പാടു വൈകിപ്പോയി എന്ന്.

Monday, August 3, 2009

ഋതു- ഗാനങ്ങള്‍ തെറ്റുമ്പോള്‍

ഋതു - ശ്യാമപ്രസാദിന്റെ പുതിയ സിനിമ .യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് , മാറുന്ന ലോകത്തിന്റെ ചില പ്രവണതകള്‍ വരച്ചുകാട്ടുകയാണ് തന്റെ ദൌത്യമെന്ന് ചിത്രത്തെ കുറിച്ചു ശ്യാം പറയുന്നു. അഭിനയിക്കുന്നവരില്‍ മിക്കതും പുതു മുഖങ്ങളാണ്. അണിയറയിലും നവാഗതര്‍ക്ക് തന്നെയാണ് പ്രാമുഖ്യം. പക്ഷെ സംഗീത സംവിധായകനും, ഗാന രചയിതാവും മാത്രം മലയാളത്തില്‍ ഇതിനകം പേരെടുത്തു കഴിഞ്ഞവരാണ് . രാഹുല്‍ രാജും, റഫീഖ് അഹമ്മദും.

ശ്യാമപ്രസാദിന്റെ സിനിമകളില്‍ സംഗീതത്തിനു സവിശേഷമായ പ്രാധാന്യം പൊതുവെ കൊടുത്തു കാണാറുണ്ട്‌. ആദ്യ ചിത്രമായ അഗ്നിസാക്ഷി തന്നെ കൈതപ്രത്തിന്റെ ആര്‍ദ്രവും , ഭാരതീയവുമായ ഈണങ്ങള്‍ കൊണ്ടു സമ്പന്നമായിരുന്നു. കല്ലുകൊണ്ടൊരു പെണ്ണ് എണ്ണ ചിത്രത്തിലും പാട്ടുകള്‍ ഉണടായിരുന്നെന്കിലും, അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നില്‍ ഇളയരാജ ആയിട്ട് പോലും. അല്ലെങ്കില്‍ തന്നെ ആ ചിത്രം ശ്യാമിന്റെ ഒരു രചനയാണ് എന്ന് പറയുന്നതു പോലും ക്രൂരതയാണ്. പിന്നീട് വന്ന അകലെ, ഒരേ കടല്‍ എന്നീ ചിത്രങ്ങളിലെ പാട്ടുകളെല്ലാം ഒന്നിനൊന്നു മികച്ചതും , ശ്രദ്ധേയവും ആയിരുന്നു. ഒരു പക്ഷെ സിനിമകളേക്കാള്‍ ആയുസ്സ് അതിലെ പാട്ടുകള്‍ക്ക് ആയിരിക്കും. മാത്രമല്ല അകലെ എന്ന ചിത്രത്തിലെ പാട്ടുകള്‍ വിവാദം സൃഷ്ടിച്ചതും മറക്കാന്‍ കഴിയില്ല. പാട്ടുകളുടെ ഈണം സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ മോഷ്ടിച്ചതാണെന്ന ആരോപണവും, പാട്ടുകള്‍ ചിത്രത്തില്‍ ഉള്പ്പെടുത്താതിരുന്നതും അക്കാലത്തെ മൂല്യമുള്ള ചൂടേറിയ വാര്‍ത്തയായിരുന്നു. സംവിധായകന്‍ , തന്റെ ചിത്രത്തിലെ മറ്റു കലാകാരന്മാര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കുന്നതിനു വിഘാതം സൃഷ്ടിച്ചത് ആ വര്ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പുറത്തു വന്നപ്പോള്‍ വലിയ ചര്‍ച്ചയ്ക്ക് വിധേയമായി. എന്ത് തന്നെ ആയാലും ശ്യാം ആ ചെയ്തത് മറ്റൊരു കലാകാരനോട്‌ കാണിക്കാവുന്ന ഏറ്റവും വലിയ അവഗണന തന്നെ ആയിരുന്നു.

ഇനി രിതുവിലേക്ക് വരാം. ആദ്യ കേള്‍വിയില്‍ തന്നെ ഗാനങ്ങള്‍ മടുപ്പിച്ചു എന്ന് പറഞ്ഞാല്‍ ശ്യാം മുഷിയരുതു. രാഹുല്‍ രാജാണ് ഗാനങ്ങള്‍ക്ക് പിന്നില്‍ എന്നറിഞ്ഞപ്പോള്‍ തന്നെ അത്ര പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. കേട്ടപ്പോള്‍ പ്രതീക്ഷ നല്‍കാതിരുന്നത് നന്നായെന്നു തോന്നി. യുവാക്കള്‍ക്ക് പ്രാധാന്യം നല്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരു യുവ സംഗീത സംവിധായകന്‍ തന്നെ വേണമെന്നത് ശ്യാമിന്റെ ആഗ്രഹമായിരുന്നിരിക്കാം. പക്ഷെ ഒരു സത്യം പറയട്ടെ. മലയാള സിനിമയുടെ ഗാന ലോകത്ത് രാഹുല്‍ ഒരു ശിശുവാണ്. പിച്ച വെക്കാന്‍ പോയിട്ട് കമിഴ്ന്നു വീഴാന്‍ പോലും പ്രായമായിട്ടില്ലാത്ത ശിശു. എന്തിന് ശ്യാം ഈ കുട്ടിയെ ഒരു മഹത്തായ കര്‍ത്തവ്യം ഏല്പിച്ചു ? ശ്യാമിന്റെ ഗുരുവിനു രാഹുല്‍ ശിഷ്യപ്പെട്ടത്തിന്റെ ഉപകാരമാണോ? ശൂന്യതയില്‍ നിന്നും എടുക്കാവുന്ന വെറും വിഭൂതിയല്ല സംഗീതം. അതിന് ജന്മസിദ്ധമായ പ്രതിഭയും , മനനം ചെയ്യാനുള്ള മനസ്സും, ആവശ്യമാണ്‌. ഈ പ്രത്യേകതകളൊന്നും രാഹുല്‍ എന്ന സംഗീത സംവിധായകന് ഇല്ലെന്നു ഖേദ പൂര്‍വ്വം പറയട്ടെ.

സംഗീതം ചെയ്തു മാത്രമല്ല പാടിയും കൊന്നിരിക്കുന്നു രാഹുല്‍. നേരത്തെ മലബാര്‍ കല്യാണത്തില്‍ രാഹുല്‍ പാടി നശിപ്പിച്ച ഒരു പാട്ടുണ്ട്. അതുപോലെ ഒരെണ്ണം ഇതാ ഋതുവിലും. വേനല്‍ കാറ്റില്‍ എന്നാണു തുടക്കം. വേനലില്‍ അല്ല തീ കാട്ടിലാണ് ആ പാട്ടു കേട്ടാല്‍ നാം എത്തുക. കുറച്ചു ഭേദപ്പെട്ട ഒരു ഗാനം ഈ ചിത്രത്തില്‍ ചൂണ്ടിക്കാട്ടാന്‍ ഉണ്ടെങ്കില്‍ അത് ഗായത്രിയും, സുചിത്‌ സുരേഷും ചേര്ന്നു പാടിയ പുലരുമോ എന്ന് തുടങ്ങുന്ന പാട്ടു മാത്രമാണ്.

ഒരു കാര്യം ഉറപ്പു. ഈ പാട്ടുകള്‍ ഒന്നും യുവാക്കള്‍ ഏറ്റെടുക്കും എന്ന് എനിക്ക് തീരെ പ്രതീക്ഷയില്ല. ശ്യാമിന്റെ പരീക്ഷണം പാട്ടുകളെ സംബന്ധിച്ച് ഒരു വന്‍ പരാജയം തന്നെയെന്ന്‌ പറയാം.