Wednesday, December 16, 2009

കെ. രാഘവന്‍ പദ്മ അര്‍ഹിക്കുന്നു

ബഹുമതികള്‍ക്ക് വിലയുണ്ടാവുന്നത് അത് അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ ചെന്നു ചേരുമ്പോഴാണ്. അത് സര്‍ക്കാര്‍ നല്കുന്ന അവാര്‍ഡ്‌ ആയാലും ശരി , ഏതെങ്കിലും സ്വകാര്യ സംഘടനകള്‍ നല്കുന്ന പുരസ്കാരങ്ങള്‍ ആയാലും ശരി. ജ്ഞാനപീഠം എം. ടി. ക്ക് ലഭിക്കുമ്പോഴും, ഫാല്‍കെ അവാര്‍ഡ്‌ അടൂരിനു നല്കാന്‍ തീരുമാനിക്കുമ്പോഴും ആ പുരസ്കാരങ്ങളുടെ മഹത്വം വര്‍ധിക്കുകയാണ്. അതെ സമയം ജ്ഞാനപീഠം ബഷീറിനു നിഷേധിക്കപ്പെടുംപോഴും , പദ്മരാജന് നല്‍കാതെ ഫാല്‍കെ അവാര്‍ഡ്‌ മറ്റൊരാളിലേക്ക് കൈ മാറുമ്പോഴും സംഭവിക്കുന്നത് അവാര്‍ഡുകളുടെ വിലയിടിച്ചലാണ്. സര്‍ക്കാറിന്റെ മഹത്തായ ഒരു പുരസ്കാരത്തിന് ഇക്കാലത്ത് സംഭവിക്കുന്ന മൂല്യ ച്യുതിയെ കുറിച്ചാണ് ഈ ബ്ലോഗ്. പദ്മ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ ഇനി ഒന്നര മാസം മാത്രം. അവാര്‍ഡ്‌ നിശ്ചയിക്കുന്നതിന്റെ അവസാന ഘട്ട ഒരുക്കങ്ങളില്‍ ആയിരിക്കും സര്‍ക്കാര്‍ പ്രതിനിധികള്‍.പതിവു പോലെ ഒരിക്കലും പ്രതീക്ഷിക്കാത്തവര്‍ക്ക് ഇത്തവണയും അംഗീകാരം ലഭിക്കും. രാജ്യത്തിന്റെ യശസ്സ് ആകാശത്തോളം ഉയര്‍ത്തിയ പ്രതിഭകളെ ആദരിക്കാന്‍ ഏര്‍പ്പെടുത്തപ്പെട്ട പദ്മ പുരസ്കാരങ്ങള്‍ ഈയിടെ ആയി അതിന്റെ ഉദ്ദേശ്യങ്ങളില്‍ നിന്നും അകലുന്ന കാഴ്ച വേദന ജനകമാണ്. പല തരത്തിലുള്ള കൈകടത്തലുകളും , സ്വാധീന ശ്രമങ്ങളും പദ്മ അവാര്‍ഡുകളുടെ വിശുദ്ധി കളങ്കപ്പെടുത്തിയിരിക്കുന്നു. അവാര്‍ഡിന് സര്‍വഥാ അര്‍ഹരായ എത്രയോ പ്രതിഭകള്‍ ഒരിക്കല്‍ പോലും പട്ടികയില്‍ കടന്നു കൂടാതെ പോകുന്നു. ഓരോ സംസ്ഥാന സര്‍ക്കാരും നല്കുന്ന ശുപാര്‍ശയില്‍ നിന്നാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ശുപാര്ശ തീര്ത്തും അനര്‍ഹാരായവര്‍ക്കുള്ള കുഴലൂത്തായി മാറുന്നു. കേരളത്തിന്റെ കാര്യം നോക്കാം. മലയാള ചലച്ചിത്ര സംഗീതത്തെ സൌന്ദര്യത്മകമായ ഒരു അനുഭൂതി തലത്തിലേക്ക് ഉയര്‍ത്തിയ കെ. രാഘവനും, വി. ദക്ഷിനാമൂര്തിക്കും പദ്മ പുരസ്കാരങ്ങളില്‍ ഒന്നു പോലും ലഭിച്ചില്ല എന്ന് അറിയുമ്പോഴാണ് , ഇതിന്റെ പിന്നിലെ ചരട് വലികളെ കുറിച്ചു നാം ചിന്തിച്ചു പോകുന്നത്. തൊണ്ണൂറു കഴിഞ്ഞ ഈ അഭിവന്ദ്യ പ്രതിഭകളെ കണ്ടില്ലെന്നു നടിക്കുന്ന അധികൃതര്‍ ഏത് തരം സാംസ്കാരിക ബോധത്താല്‍ ആണ് പിഴച്ചു പോകുന്നത്? നേരത്തെ ജി. ദേവരാജന്‍ എന്ന മഹാ പ്രതിഭയെ അവഗണിച്ചതും ഈ കേമന്മാര്‍ തന്നെയായിരുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? പ്രതിഭകളെ മാനിക്കാന്‍ നാം എന്നും മറന്നു പോകുന്നതിന്റെ മന ശാസ്ത്രം എന്താണ്?കെ. രാഘവനെ പോലെ ഒരാള്‍ , ഇങ്ങു തലശ്ശേരിയില്‍ നിശബ്ദമായി വിശ്രമ ജീവിതം നയിക്കുന്നത് അറിയാതെ പോയതാണോ ഈ അവഗണനയ്ക്ക് കാരണം? സദാ സമയവും ബഹളം കൂട്ടി നടക്കുന്ന മൂട് താങ്ങികളെ മാത്രമാണോ നമ്മുടെ ലോകം കലാകാരന്മാരായി കാണുന്നത്? എന്നാല്‍ ഒരു സത്യം അറിയുക. യഥാര്ത്ഥ കലാകാരന്മാര്‍ എന്നും നിശബ്ദര്‍ ആയിരിക്കും .അവരുടെ മനസ്സും മസ്തിഷ്കവും സദാപി നൂതനമായ ആശയങ്ങള്‍ തേടി അലയുകയും, അത് ആവിഷ്കരിക്കാന്‍ ഉള്ള പദ്ധതികളെ കുറിച്ച് ആലോചിച്ചു ഉരുകുകയും ചെയ്യും .

മലയാള ചലച്ചിത്ര സംഗീതത്തിന്റെ ദിശ മാറ്റി വരച്ച സംഗീത സംവിധായകന്‍ ആണ് കെ. രാഘവന്‍. ഒഴുക്കിനൊത്ത് നീന്തിപ്പോയ അക്കാലത്തെ മറ്റു സംഗീത സംവിധായകര്‍ തുറന്നിട്ട പാത മാറ്റി വെട്ടി കടന്നുപോയ പ്രതിഭാധനന്‍. അനുകരണം ആണ് സംഗീതം എന്ന വിശ്വാസത്തെ തിരുത്തി എഴുതിയ കലാകാരന്‍. നീലക്കുയില്‍ എന്ന സിനിമയ്ക്ക്‌ മലയാള ചലച്ചിത്ര ലോകത്തുള്ള സ്ഥാനം മുന്തിയ നിരയില്‍ രേഖപ്പെടുത്തുമ്പോള്‍ അതിനു പ്രേരകമാകുന്ന ഘടകങ്ങളില്‍ ആ ചിത്രത്തിലെ സംഗീതവും ഉണ്ടാവും. കേരള സമൂഹത്തിന്റെ നവീകരണം പ്രഥമ പരിഗണന ആയി സ്വീകരിച്ച ആ ചിത്രം മലയാള ചലച്ചിത്ര സംഗീതത്തിലും പുതിയ ഒരു ഉണര്‍വ് സൃഷ്ടിക്കുക ആയിരുന്നു. മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത പാട്ടുകള്‍ ആയിരുന്നു നീലക്കുയിലെത്. ഇന്നും ഒരു വിസ്മയമായി ആ ഗാനങ്ങള്‍ മലയാളിയെ സന്തോഷിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നവരെ നാം എന്നും മാനിക്കണം. സകല ആദരങ്ങള്‍ക്കും അവര്‍ അര്‍ഹരാണ്. എന്നാല്‍ ഇവിടെ ആ ദൌത്യം നമ്മള്‍ മറന്നു പോവുകയാണ്. കെ.രാഘവന്റെ കാരുണ്യ കടാക്ഷം കൊണ്ട് സിനിമയില്‍ രക്ഷപ്പെട്ട ഗായകര്‍ പോലും പദ്മ പുരസ്കാരങ്ങള്‍ നെഞ്ചോടു അടുക്കി പിടിക്കുമ്പോള്‍ അത് ഒരു സാധാരണ മനുഷ്യന് നടുക്കം ആണ് ഉണ്ടാക്കുന്നത്‌. ഇത്തവണ എങ്കിലും ആ തെറ്റ് തിരുത്താന്‍ നാം തയാറാവണം. കേരളത്തിന്റെ ആഭ്യന്തര മന്ത്രി ഒരു തലശേരിക്കാരന്‍ ആണ്. തലശ്ശേരി ഉള്‍പ്പെടുന്ന വടകര മണ്ഡലത്തിന്റെ പ്രതിനിധി ആണ് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ആയ മുല്ലപ്പള്ളി രാമചന്ദ്രന്‍. അധികാരത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ വിരാജിക്കുന്ന ഈ നാട്ടുകാര്‍ ഒന്ന് മനസ്സ് വെച്ചാല്‍ ഇത്തവണത്തെ പദ്മ പുരസ്കാരങ്ങളില്‍ ഒന്ന് തലശേരിയില്‍ എത്തും. പക്ഷെ ഇത് സര്‍കാരിന്റെ ഔദാര്യം അല്ല. കെ. രാഘവന്റെ അവകാശം ആണ്. അത് മനസ്സിലാക്കി സംസ്ഥാന സര്‍ക്കാര്‍ വേണ്ടത് ചെയ്യുക തന്നെ വേണം.