Tuesday, October 13, 2009

രാഹുല്‍ ഗാന്ധിയും , എന്റെ ചില ചിന്തകളും[ ഭാഗം-ഒന്നു]


രാഹുല്‍ ഗാന്ധി കഴിഞ്ഞ ആഴ്ച കേരളത്തില്‍ നടത്തിയ സന്ദര്‍ശനം സംസ്ഥാനം ഒട്ടാകെ ചര്‍ച്ച ആയതു പല വിധത്തിലാണ്. ചിലര്‍ ആ സന്ദര്‍ശനത്തെ ഒരു ആഘോഷമാക്കി മാറ്റിയപ്പോള്‍ , മറ്റു ചിലര്‍ അതിനെ ഒരു വിവാദത്തിനുള്ള അസംസ്കൃത വസ്തുവായി കണ്ടു. ഉറങ്ങിക്കിടക്കുന്ന കെ. എസ്. യു. എന്ന പ്രസ്ഥാനത്തിന് ഉണര്‍വിന്റെ പുതിയ ഊര്‍ജം നല്കാന്‍ രാഹുലിന്റെ സന്ദര്‍ശനം കാരണമായി തീര്‍ന്നു എന്ന നിഗമനത്തില്‍ രാഹുലിന്റെ പാര്‍ട്ടിക്കാര്‍ എത്തി ചേര്‍ന്നു. എന്നാല്‍ മറു പക്ഷമാകട്ടെ രാഹുല്‍ നടത്തിയത് വെറും ഒരു റോഡ്‌ ഷോ മാത്രം ആയിരുന്നെന്നും സര്ക്കാരിന്റെ കോടികള്‍ തുലയ്ക്കാന്‍ മാത്രമെ അതുകൊണ്ട് ഉപകരിച്ചുള്ളുവെന്നും ആക്ഷേപിക്കുന്നു. അഭിപ്രായങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും രാഹുലിന്റെ കേരള സന്ദര്‍ശനം ഒരു ഓളമുണ്ടാക്കി എന്നത് അന്ഗീകരിച്ചേ പറ്റൂ.

രാഹുല്‍ പ്രതീക്ഷ നല്കുന്ന ഒരു നേതാവാണ്‌. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരാള്‍. ഇന്നു കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിക്കു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതും അങ്ങനെയൊരു ജനകീയതയുടെ മുഖമാണ്. സോണിയ ഗാന്ധിയും, ഇപ്പോള്‍ രാഹുലും ഒഴിച്ച് നിര്‍ത്തിയാല്‍ ജനങ്ങളെ താല്കാലികമായിട്ടെങ്കിലും ഇളക്കി മറിക്കാന്‍ കഴിയുന്ന ഒരു നേതാവിന്റെ അഭാവം കോണ്‍ഗ്രസ്സിനെ വേട്ടയാടുന്നുണ്ട്‌. നെഹ്‌റു കുടുംബത്തിനെ ആശ്രയിച്ചല്ലാതെ കോണ്‍ഗ്രസ്സിനു മുന്നോട്ടുള്ള പ്രയാണം അസാധ്യമാണ് എന്ന് പറയുന്നതും ജനങ്ങളുടെ ഈയൊരു മനശാസ്ത്രത്തെ അടിസ്ഥാനമാക്കി തന്നെയാണ്. ഇതിനിടയില്‍ ഒരു കാര്യം. കേരളത്തിലും ഒരു നേതാവ് ഉണ്ടായിരുന്നു . ജനങ്ങളുടെ ശരീരത്തെയും , മനസ്സിനെയും ഒരു പോലെ ആവേശ കൊടുമുടിയില്‍ ഉയര്‍ത്താന്‍. മറ്റാരുമായിരുന്നില്ല അത്. നമ്മുടെ കെ. കരുണാകരന്‍ തന്നെ.

പുതിയ തലമുറയുടെ ഇടയില്‍ നിന്നും രാഷ്ട്രീയം വഴി മാറി പോകുന്ന ഒരു സാഹചര്യം ആണിന്നു ഉള്ളത്. വന്‍ നഗരങ്ങളിലെ വമ്പന്‍ ഓഫീസുകളില്‍ മികച്ച ശമ്പളത്തിന് ജോലിയെടുക്കുന്ന , ഉന്നത ജോലി മാത്രം ലക്ഷ്യമാക്കി ആധുനിക ശാസ്ത്ര സാന്‍കേതിക മേഖലയില്‍ വിദ്യാഭാസം നേടുന്ന യുവ തലമുറ യ്ക്കിടയില്‍ ഒരു രാഷ്ട്രീയ ശരീരം തേടുന്നത്‌ അനാവശ്യമാണ്. വളരെ ലളിതമായ മനസ്സും , അന്യവര്ഗ ചിന്ത ഗതികള്‍ക്ക് കൂടൊരുക്കാന്‍ ഇടമില്ലാത്ത തലച്ചോറും കൊണ്ടു അവര്‍ അങ്ങനെ പാറിപ്പറന്നു പോകുന്നു. രാഷ്ട്രീയം അവര്ക്കു നേരം പോക്കിനുള്ള ഉപാധിയാണ്. പത്രം വായിക്കുമ്പോള്‍ തമാശ പറഞ്ഞു ചിരിക്കാന്‍ വക നല്കുന്ന കോമാളികള്‍ ആണ് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാര്‍.

അഴിമതി, സ്വജന പക്ഷപാതം, വര്‍ഗീയത തുടങ്ങിയ സാമൂഹ്യ വിപത്തുകളെ പ്രോല്‍സാഹിപ്പിക്കുകയും , ഒരു തൊഴില്‍ ആക്കി സ്വീകരിക്കുകയും ചെയ്ത രാഷ്ട്രീയ നേതാക്കന്മാരെ പുതിയ തലമുറ കോമാളികള്‍ ആയി കാണുന്നുവെങ്കില്‍ അതില്‍ തെറ്റ് പറയാന്‍ ആര്ക്കും പറ്റില്ല. നമ്മുടെ മാധ്യമങ്ങള്‍ അത്തരം ഒരു ചിത്രം മാത്രമാണ് രാഷ്ട്രീയക്കാരെ കുറിച്ചു നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. മാധ്യമ സ്വാധീനത്തില്‍ അകപ്പെടുന്ന പുതിയ യുവത , മികച്ച പ്രതിച്ഛായ ഉള്ള നേതാക്കന്മാരെ പോലും അക്കാരണം കൊണ്ടു തന്നെ ശ്രദ്ധിക്കുകയോ, ബഹുമാനിക്കുകയോ ചെയ്യുന്നില്ല. പക്ഷെ അവിടെയും ഉണ്ട് ഒരു പ്രശ്നം.

മികച്ച പ്രതിച്ഛായ ഉള്ള നേതാക്കന്മാര്‍ക്ക് മിച്ചം പറയാന്‍ ഈ പ്രതിച്ഛായ മാത്രമെ ഉള്ളു. യുവാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പുതിയ ചിന്തകളോ, ആശയങ്ങളോ ഒന്നും ഇല്ലെന്നു പറയേണ്ടി വരും. നാടിന്റെ വികസനത്തെ കുറിച്ചു വാ തോരാതെ പറയുമെങ്കിലും അത് എങ്ങനെ , താമസം വിന സാധ്യമാക്കാം എന്നതിനെ കുറിച്ചു കൃത്യമായ നിര്‍ദേശങ്ങള്‍ ഒന്നും മുന്നോട്ടു വെക്കാന്‍ ഉണ്ടാവില്ല. പുതിയ കുട്ടികള്ക്ക് വേണ്ടത് ദ്രുത ഗതിയിലുള്ള നടപടികള്‍ ആണ്. പഴഞ്ചന്‍ രീതിയില്‍ ഉള്ള ചുവടു വെപ്പുകള്‍ക്ക് അവരില്‍ സൃഷ്ട്ടിക്കാന്‍ കഴിയുന്നത്‌ വിരസത മാത്രമാണ്. അവിടെയാണ് ചടുലമായ നീക്കങ്ങളുമായി രാഹുല്‍ ശ്രദ്ധേയനാകുന്നത്. പ്രസരിപ്പ് നിറഞ്ഞ മുഖവും , കൃത്യമായ ഉത്തരങ്ങളും രാഹുലിനെ ജനങ്ങള്ക്ക് സുസംമതന്‍ ആക്കുന്നു. ജനങ്ങളില്‍ ഒരാളായി തീരാനുള്ള തന്മയത്വമാര്‍ന്ന ചലനങ്ങള്‍ പ്രത്യേകം എടുത്തു പറയണം. പില്‍ക്കാലത്ത് അച്ഛന്‍ രാജീവ്‌ കൈവരിച്ച ശരീര ഭാഷ രാഹുല്‍ ഇപ്പോഴേ സ്വന്തമാകി കഴിഞ്ഞു . അത് തന്നെയാണ് ലോക സഭ ഇലക്ഷനില്‍ ഉത്തര പ്രദേശില്‍ കോണ്‍ഗ്രസ്സ്‌ തങ്ങളുടെ പ്രതാപ കാലത്തു തിരിച്ചു പോകുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച് തുടങ്ങിയതും. ഇതു തീര്ച്ചയായും ഒരു നല്ല ലക്ഷണമാണ്.

ബാക്കി അടുത്ത പോസ്റ്റില്‍.